ADVERTISEMENT

“നടുവേദന ഒന്നാണ്… കാരണങ്ങൾ പലതാണ്! ശരിയായ പരിശോധനയും രോഗനിർണയവും കൂടാതെ നടുവേദനയ്ക്ക് ലക്ഷണങ്ങളെ മാത്രം അടിസ്ഥാനമാക്കി ചികിത്സ നൽകുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം...

“നടുവേദനയല്ലേ… കുഴമ്പ് പുരട്ടിയാൽ മാറും!”

ADVERTISEMENT

“കുറച്ച് ചൂടുവച്ചാൽ മതി!”

“ഒരു വേദനസംഹാരി (painkiller) കഴിച്ചാൽ ശരിയാകും!”

ADVERTISEMENT

പലരും നടുവേദനയെ ഇങ്ങനെയാണ് കാണുന്നത്. പക്ഷേ തുടർച്ചയായോ ആവർത്തിച്ചോ വരുന്ന നടുവേദനയ്ക്ക് പിന്നിൽ പല കാരണങ്ങളുണ്ടാകാം. അതുകൊണ്ട് വേദനയുടെ ലക്ഷണം മാത്രം നോക്കി ചികിത്സ തുടങ്ങുന്നത് എല്ലായ്പ്പോഴും ശരിയായ സമീപനമല്ല.

നടുവേദനയ്ക്ക് പിന്നിൽ എന്താണ്?

ADVERTISEMENT

സാധാരണ പേശിവലിവ് മുതൽ നട്ടെല്ലിലെ ഡിസ്ക് പ്രശ്നങ്ങൾ വരെ പല കാരണങ്ങളാകാം:

• തെറ്റായ ഇരിപ്പും ദീർഘനേരം ഇരിക്കലും

• ഭാരമുയർത്തൽ, അമിതമായ ശാരീരിക സമ്മർദ്ദം

• പേശികളിലോ ലിഗമെന്റുകളിലോ ഉണ്ടാകുന്ന പരിക്ക്

• ഡിസ്ക് ബൾജിംഗ് / ഹെർണിയേഷൻ

• നട്ടെല്ലിലെ സന്ധികളുടെ തേയ്മാനം

• ഓസ്റ്റിയോപൊറോസിസ് ( Osteoporosis) മൂലമുള്ള ഒടിവുകൾ

• അണുബാധകൾ

• അപൂർവമായി ട്യൂമറുകൾ

• ചിലപ്പോൾ നട്ടെല്ലിന് പുറത്തുള്ള അവയവങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങളും

അതിനാൽ “നടുവേദന = ഡിസ്ക് പ്രശ്നം” എന്ന് കരുതുന്നതും ശരിയല്ല.

വേദന കാലിലേക്ക് പടരുന്നുണ്ടോ?

നടുവിൽ നിന്ന് നിതംബത്തിലൂടെയും കാലിലേക്കും പടരുന്ന കുത്തിയിറങ്ങുന്ന വേദന, മരവിപ്പ്, തരിപ്പ്, ബലക്കുറവ് എന്നിവ ഉണ്ടെങ്കിൽ നാഡിക്ക് സമ്മർദ്ദമുണ്ടാകുന്നതിന്റെ സൂചനയായിരിക്കാം..

നാഡിവേരിന് ഉണ്ടാകുന്ന സമ്മർദ്ദമോ അസ്വസ്ഥതയോ മൂലം ഇത്തരത്തിലുള്ള വേദന ഉണ്ടാകുമ്പോൾ അതിനെ സയാറ്റിക്ക (Sciatica) എന്ന് വിളിക്കാറുണ്ട്.

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കാത്തിരിക്കരുത്!

നടുവേദനയ്‌ക്കൊപ്പം:

• കാലിൽ പുതിയതായി ഉണ്ടാകുന്ന  ബലക്കുറവ്

• രണ്ട് കാലുകളിലും ഗുരുതരമായ മരവിപ്പ്/ബലക്കുറവ്

• മൂത്രമൊഴിക്കാനോ മലവിസർജനം നിയന്ത്രിക്കാനോ കഴിയാത്ത അവസ്ഥ

• ജനനേന്ദ്രിയ–മലദ്വാരത്തിന് ചുറ്റുമുള്ള ഭാഗത്ത് മരവിപ്പ്

• വലിയ പരിക്കിന് ശേഷം ആരംഭിച്ച ശക്തമായ വേദന

• പനിയോടൊപ്പമുള്ള ശക്തമായ നടുവേദന

• കാരണം വ്യക്തമല്ലാത്ത ശരീരഭാരം കുറയൽ അല്ലെങ്കിൽ രാത്രിയിലും തുടരുന്ന ശക്തമായ വേദന

എന്നിവ ഉണ്ടെങ്കിൽ അടിയന്തര വൈദ്യസഹായം തേടണം

വേദനയ്ക്ക് മുമ്പിൽ സ്കാൻ അല്ല… ആദ്യം രോഗനിർണയം!

നടുവേദനയുള്ള എല്ലാവർക്കും ഉടൻ MRI ആവശ്യമില്ല.

ആദ്യം രോഗിയുടെ ചരിത്രം, വേദനയുടെ സ്വഭാവം, നാഡികളുടെ പരിശോധന, പേശികളുടെ ശക്തി, അനുബന്ധ ലക്ഷണങ്ങൾ എന്നിവ വിലയിരുത്തുകയാണ് പ്രധാനം.

ആവശ്യമായ സാഹചര്യത്തിൽ മാത്രം

X-ray, MRI, CT, NCS, EMG, രക്തപരിശോധനകൾ തുടങ്ങിയവ ഉപയോഗിക്കാം.

ഒരു പ്രധാന കാര്യം:

MRI-യിൽ ഡിസ്ക് ബൾജിംഗ് കണ്ടതുകൊണ്ട് മാത്രം അതാണ് വേദനയുടെ കാരണം എന്ന് ഉറപ്പിക്കാനാവില്ല. സ്കാനിലെ കണ്ടെത്തലുകൾ രോഗിയുടെ ലക്ഷണങ്ങളുമായും ക്ലിനിക്കൽ

പരിശോധനയുമായും പൊരുത്തപ്പെടണം.

ചികിത്സ എല്ലാവർക്കും ഒരുപോലെയല്ല!

പല സാധാരണ നടുവേദനകളും ശസ്ത്രക്രിയ കൂടാതെ തന്നെ മെച്ചപ്പെടാം.

കാരണത്തിനനുസരിച്ച് ആവശ്യമായത്ര വിശ്രമത്തോടൊപ്പം സാധാരണ പ്രവർത്തനങ്ങളിലേക്ക് ക്രമേണ മടങ്ങിവരിക

• മരുന്നുകൾ

• ഫിസിയോതെറാപ്പി

• പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങൾ

• ശരീരഭാരം നിയന്ത്രിക്കൽ

• ശരിയായ ഇരിപ്പും ചലനശീലങ്ങളും

എന്നിവ സഹായകരമായേക്കാം.

മസാജ്, ബ്രേസ്, കോർസെറ്റ്, നാഡിബ്ലോക്ക് തുടങ്ങിയവയും രോഗകാരണം മനസ്സിലാക്കിയശേഷം വിദഗ്ധോപദേശത്തോടെ മാത്രം ഉപയോഗിക്കുന്നതാണ് ഉചിതം. കൃത്യമായ രോഗനിർണയം നടത്താതെ ശക്തമായ തിരുമ്മലോ വലിച്ചുനീട്ടലോ ചെയ്യുന്നത് ഒഴിവാക്കുക..

വേദനയെക്കാൾ അപകടകരം… തെറ്റായ ചികിത്സ!

നടുവേദന മാറുമോ എന്ന ഭയത്തിലും ശസ്ത്രക്രിയയെക്കുറിച്ചുള്ള ആശങ്കയിലും പലരും ശാസ്ത്രീയ തെളിവുകൾ പരിമിതമായ ചികിത്സാരീതികൾക്കും സ്വയംചികിത്സയ്ക്കും പിന്നാലെ പോകാറുണ്ട്. തെറ്റായ രീതിയിലുള്ള തിരുമ്മൽ, അമിതമായ വലിച്ചുനീട്ടൽ, ശാസ്ത്രീയ തെളിവുകളില്ലാത്തതോ പരിമിതമായതോ ആയ ചികിത്സാരീതികൾ, വൈദ്യപരിശോധന വൈകിപ്പിക്കൽ എന്നിവ ചിലപ്പോൾ നാഡിക്ക് ക്ഷതം, വേദന വഷളാകൽ, രോഗനിർണയം വൈകൽ തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകാം. ഭയം കൊണ്ടല്ല, കൃത്യമായ രോഗനിർണയത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ചികിത്സ തിരഞ്ഞെടുക്കേണ്ടത്.

എപ്പോൾ ശസ്ത്രക്രിയ വേണ്ടിവരും?

എല്ലാ ഡിസ്ക് പ്രശ്നങ്ങൾക്കും ശസ്ത്രക്രിയ ആവശ്യമില്ല.

എന്നാൽ നാഡിക്ക് ഗുരുതരമായ സമ്മർദ്ദം മൂലമുള്ള തുടർച്ചയായ വേദന, പുരോഗമിക്കുന്ന ബലക്കുറവ്, പ്രവർത്തനപരമായ ബുദ്ധിമുട്ടുകൾ, അല്ലെങ്കിൽ മറ്റ് പ്രത്യേക നട്ടെല്ല് രോഗങ്ങൾ എന്നിവയുള്ള ചില രോഗികളിൽ ശസ്ത്രക്രിയ പരിഗണിക്കേണ്ടിവരാം.

തിരഞ്ഞെടുത്ത രോഗികളിൽ കീഹോൾ (Keyhole) ശസ്ത്രക്രിയ പോലുള്ള കുറഞ്ഞ മുറിവുള്ള ശസ്ത്രക്രിയാ രീതികൾ പ്രയോജനകരമായേക്കാം.

നടുവേദനയെ നിസ്സാരമാക്കരുത്… ഭയപ്പെടുകയും വേണ്ട!

നടുവേദന ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങൾ പോലും ബുദ്ധിമുട്ടാക്കാം—

കുനിഞ്ഞ് ഷൂവിന്റെ ലേസ് കെട്ടുന്നത് മുതൽ കുട്ടിയെ എടുത്തുയർത്തുന്നതുവരെ. എന്നാൽ നടുവേദന വാർദ്ധക്യത്തിന്റെ അനിവാര്യമായ ഭാഗമല്ല.

വേദനയെ മാത്രം അടിച്ചമർത്തുന്നതിനുപകരം അതിന്റെ കാരണം കണ്ടെത്തുകയാണ് ശരിയായ ചികിത്സയുടെ ആദ്യപടി.

നടുവേദന ഒന്നാണ്… കാരണങ്ങൾ പലതാണ്.കാരണം വ്യത്യസ്തമാണെങ്കിൽ… ചികിത്സയും വ്യത്യസ്തമായിരിക്കണം.

വേദന നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാൻ തുടങ്ങുന്നതുവരെ കാത്തിരിക്കരുത്. ശരിയായ രോഗനിർണയം നേടുക. നട്ടെല്ലിനെ സംരക്ഷിക്കുക.

എഴുത്ത്: Dr. Arun Oommen, Neurosurgeon

Sciatica and Other Warning Signs of Serious Back Issues:

Back pain requires proper diagnosis and treatment, as symptom-based remedies can be dangerous. Numerous factors, from muscle strain and incorrect posture to disc issues, osteoporosis, and infections, can cause back pain, and it's not always a disc problem. If pain radiates down the leg with numbness or weakness, it could indicate nerve compression or sciatica, requiring prompt medical attention. Many back pains resolve without surgery through rest, medication, physiotherapy, exercises, weight management, and correct posture. Mismanagement and delayed diagnosis can lead to nerve damage and worsening pain. Surgery is considered for severe nerve compression, progressive weakness, or specific spinal conditions, with minimally invasive options available. Instead of self-treatment or fear-driven approaches, seek accurate diagnosis for effective care.

ADVERTISEMENT