“ഒരു കണ്ണിന് ചുറ്റും… ജീവിതത്തിലെ ഏറ്റവും രൂക്ഷമായ വേദന!”
കണ്ണുനീർ വരുന്നു… മൂക്ക് അടയുന്നു… ശാന്തമായി ഇരിക്കാനും കഴിയുന്നില്ല!
ഇത് സാധാരണ തലവേദനയാണോ?
ഇതായിരിക്കാം ക്ലസ്റ്റർ ഹെഡേക്ക് (Cluster Headache).
എങ്ങനെ തിരിച്ചറിയാം?
• സാധാരണയായി തലയുടെ ഒരു വശത്ത്, പ്രത്യേകിച്ച് കണ്ണിന് ചുറ്റും അതിതീവ്രമായ വേദന
• കണ്ണുനീർ, കണ്ണ് ചുവക്കൽ
• മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്ക് അടയൽ
• കൺപോള താഴൽ പോലുള്ള ലക്ഷണങ്ങൾ
• വേദനയ്ക്കിടെ കിടക്കാൻ കഴിയാതെ അസ്വസ്ഥമായി നടക്കുക
• ദിവസത്തിൽ പലതവണ ആക്രമണം ഉണ്ടാകാം
• പലർക്കും ഒരേ സമയത്ത്, പ്രത്യേകിച്ച് രാത്രിയിൽ, ആക്രമണം ആവർത്തിക്കാം.
എന്തുകൊണ്ടാണ് ഒരു കണ്ണിന് ചുറ്റും മാത്രം ഇത്രയും വേദന… അതോടൊപ്പം കണ്ണുനീരും മൂക്കൊലിപ്പും?
ഇത് വെറും സാധാരണ തലവേദനയല്ല.
തലച്ചോറിലെ ഒരു പ്രത്യേക വേദനാ ശൃംഖല (Pain network) സജീവമാകുന്നതാണ് ഇതിന് പിന്നിൽ.
ആദ്യം ഹൈപ്പോതലാമസ് (Hypothalamus) ഉൾപ്പെടുന്ന തലച്ചോറിലെ ചില ഭാഗങ്ങൾ സജീവമാകുന്നു. തുടർന്ന് ട്രൈജെമിനൽ നാഡി (Trigeminal nerve) വഴി അതിശക്തമായ വേദനാസന്ദേശങ്ങൾ ഉണ്ടാകുന്നു.
പക്ഷേ കഥ അവിടെ അവസാനിക്കുന്നില്ല…
അതോടൊപ്പം ഓട്ടോണമിക് നാഡീവ്യൂഹം (Autonomic nervous system) കൂടി സജീവമാകുന്നു.
“വേദന ഒരുവശത്ത്… കണ്ണുനീരും മൂക്കൊലിപ്പും അതേ വശത്ത് — തലച്ചോറിലെ വേദനാ ശൃംഖലയും ഓട്ടോണമിക് നാഡീവ്യൂഹവും ഒരുമിച്ച് സജീവമാകുന്നതിന്റെ സൂചനയാണിത്
ഇതിലെ മറ്റൊരു കൗതുകം — കാൽസിറ്റോണിൻ ജീൻ-ബന്ധിത പെപ്റ്റൈഡ് (CGRP – Calcitonin Gene-Related Peptide) പോലുള്ള നാഡീപ്രേരക രാസപദാർത്ഥങ്ങൾ ഈ വേദനാ ശൃംഖലയിൽ പ്രധാന പങ്ക് വഹിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
അതിനാൽ ക്ലസ്റ്റർ ഹെഡേക്കിൽ വേദനിക്കുന്നത് തല മാത്രം അല്ല…തലച്ചോറിലെ ഒരു മുഴുവൻ വേദനാ ശൃംഖലയാണ് “അലാറം” മുഴക്കുന്നത്!
എങ്ങനെ രോഗനിർണയം നടത്തും?
ക്ലസ്റ്റർ ഹെഡേക്ക് (Cluster headache) സ്ഥിരീകരിക്കാൻ ഒറ്റയ്ക്ക് മതിയാകുന്ന രക്തപരിശോധനയോ സ്കാനിങ്ങോ ഇല്ല.
തലവേദനയുടെ സ്വഭാവം, വേദന നീണ്ടുനിൽക്കുന്ന സമയം, എത്ര ഇടവേളയിൽ ആവർത്തിക്കുന്നു, കൂടെ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്നിവ വിശദമായി വിലയിരുത്തിയാണ് പ്രധാനമായും രോഗനിർണയം നടത്തുന്നത്.
ആദ്യമായി ഉണ്ടാകുന്ന അതിശക്തമായ തലവേദന, അസാധാരണമായ ലക്ഷണങ്ങൾ, അല്ലെങ്കിൽ നാഡീസംബന്ധമായ മറ്റ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, തലച്ചോറിലെ മറ്റ് ഗുരുതര രോഗങ്ങൾ ഒഴിവാക്കുന്നതിനായി തലച്ചോറിന്റെ MRI, CT ആൻജിയോഗ്രാഫി (angiography) തുടങ്ങിയ പരിശോധനകൾ നടത്താം.
സ്കാനിങ്ങിന്റെ ഫലം സാധാരണയായാലും ക്ലസ്റ്റർ ഹെഡേക്ക് ഉണ്ടാകാം.
കാരണം, ഈ പരിശോധനകൾ പ്രധാനമായും മറ്റ് ഗുരുതര കാരണങ്ങളെ ഒഴിവാക്കാനാണ്.
ക്ലസ്റ്റർ ഹെഡേക്കിന്റെ ആക്രമണം വന്നാൽ?
“കുറച്ച് സമയം സഹിച്ചാൽ മാറും” എന്ന് കരുതി കാത്തിരിക്കരുത്.
ആക്രമണം തുടങ്ങിയാൽ സമയം കളയരുത്.
സാധാരണ വേദനസംഹാരികൾ പലപ്പോഴും മതിയായ ആശ്വാസം നൽകില്ല. വേഗത്തിൽ പ്രവർത്തിക്കുന്ന ചികിത്സയാണ് പ്രധാനം.
ഉയർന്ന സാന്ദ്രതയിലുള്ള ഓക്സിജൻ ചികിത്സയും മറ്റ് പ്രത്യേക അടിയന്തര ചികിത്സകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കാം.
ക്ലസ്റ്റർ ഹെഡേക്ക്-ൽ “വേദന സഹിക്കുക” എന്നതല്ല ലക്ഷ്യം — ആക്രമണം വേഗത്തിൽ നിയന്ത്രിക്കുകയാണ്.
വീണ്ടും വീണ്ടും വരുന്നത് എങ്ങനെ തടയാം?
ക്ലസ്റ്റർ ഹെഡേക്കിൽ വേദന വന്നതിനുശേഷം ചികിത്സിക്കുന്നത് മാത്രം പോരാ… വീണ്ടും വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങൾ തടയുന്നതും പ്രധാനമാണ്.
ആക്രമണങ്ങളുടെ എണ്ണവും തീവ്രതയും കുറയ്ക്കാൻ പ്രതിരോധ ചികിത്സ (Preventive treatment) ആവശ്യമായി വരാം. ചില പ്രതിരോധ മരുന്നുകൾക്ക് ഹൃദയമിടിപ്പിനെയും മറ്റ് ശരീരപ്രവർത്തനങ്ങളെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ, അവ ഡോക്ടറുടെ നിർദ്ദേശത്തിലും കൃത്യമായ പരിശോധനകളോടെയും മാത്രമേ ഉപയോഗിക്കാവൂ.
ക്ലസ്റ്റർ കാലയളവിൽ ചിലരിൽ മദ്യപാനം ആക്രമണത്തിന് കാരണമാകാം. ഓരോ വ്യക്തിയിലും ആക്രമണം ഉണർത്തുന്ന കാരണങ്ങൾ വ്യത്യസ്തമായിരിക്കാം. അതിനാൽ സ്വന്തം പ്രേരക കാരണങ്ങൾ (Triggers) തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നതും സഹായകരമാണ്.
ഒരു കാര്യം മറക്കരുത്!
പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന ജീവിതത്തിലെ ഏറ്റവും രൂക്ഷമായ തലവേദന ഒരിക്കലും അവഗണിക്കരുത്.
കാഴ്ച നഷ്ടം, ശരീരത്തിന്റെ ഒരു ഭാഗത്ത് ബലക്കുറവ്, ബോധമാറ്റം, പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തര വൈദ്യസഹായം തേടണം.
ക്ലസ്റ്റർ ഹെഡേക്ക് അപൂർവമായിരിക്കാം…
പക്ഷേ അത് അനുഭവിക്കുന്ന ഒരാൾക്ക് ആ വേദന മറക്കാനാവാത്തതാണ്.
തലവേദന സഹിക്കാനുള്ളതല്ല… കാരണം കണ്ടെത്തി പരിഹരിക്കേണ്ടതാണ്.
എഴുത്ത്: Dr Arun Oommen, Neurosurgeon