Q. ഏഴാം മാസം വരെ പ്രമേഹം ഉണ്ടായിരുന്നില്ല. ഇപ്പോൾ ഗ്ലൂക്കോസ് ടെസ്റ്റ് ചെയ്തപ്പോഴാണു പ്രമേഹം കണ്ടെത്തുന്നത്. എന്തിനാണ് ഈ ടെസ്റ്റ് ചെയ്യുന്നത് ? ആഴ്ചയിലൊരിക്കൽ ബ്ലഡ് ഷുഗർ പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്. തലേന്നു കഴിക്കുന്ന ഭക്ഷണം പിറ്റേദിവസത്തെ ഷുഗർ നിലയെ ബാധിക്കുമോ?- സിന്ധു പി.ജെ, വിയ്യൂർ
A. ഗർഭകാലത്ത് ഉണ്ടാകുന്ന പ്രമേഹമാണ് ജെസ്റ്റേഷനൽ ഡയബറ്റിസ്. ഗർഭധാരണത്തിനു മുൻപ് പ്രമേഹം ഇല്ലാതിരിക്കുകയും ഗർഭകാലത്ത്– പ്രത്യേകിച്ച് 24 ആഴ്ച മുതൽ– ഗ്ലൂക്കോസിന്റെ അളവ് കൂടുതലാകുന്ന അവസ്ഥയാണിത്. ഗർഭകാലത്ത് മറുപിള്ള ഉത്പാദിപ്പിക്കുന്ന ചില ഹോർമോണുകൾ ഇൻസുലിൻ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഇതിനെ പ്രതിരോധിക്കാൻ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ പാൻക്രിയാസ് ഗ്രന്ഥിക്ക് കഴിയാതെ വരികയും ചെയ്യുമ്പോളാണു ഗർഭകാല പ്രമേഹം ഉണ്ടാകുന്നത്. ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് (OGTT) എന്ന ഗർഭകാല രക്തപരിശോധനയിലൂടെ ഇതു കണ്ടുപിടിക്കാനാകും.
ജെസ്റ്റേഷനൽ ഡയബറ്റിസ് മൂലം അമിതഭാരം, ശ്വാസംമുട്ടൽ, മഞ്ഞപ്പിത്തം, പ്രസവസമയത്തു കുഞ്ഞിന്റെ തോൾഭാഗം ഇറങ്ങിപ്പോരാൻ പ്രയാസമനുഭവപ്പെടുക, ഷുഗർ നില താഴ്ന്ന പോകുക, മരണം എന്നിവ കുഞ്ഞുങ്ങൾക്കുണ്ടാകാവുന്ന ഗുരുതര സങ്കീർണതകളാണ്.
കുഞ്ഞ് കിടക്കുന്ന വെള്ളത്തിന്റെ അളവു കൂടുക, ബുദ്ധിമുട്ടേറിയ പ്രസവം, സിസേറിയനുള്ള അധിക സാധ്യത, ഗർഭാനന്തര രക്തസ്രാവം എന്നിവ അമ്മയ്ക്കുണ്ടാകാൻ സാധ്യതയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ്. ഭാവിയിൽ പ്രമേഹ സാധ്യതയുമുണ്ട്.
കൃത്യമായ ഭക്ഷണ ക്രമീകരണം, ലളിതമായ വ്യായാമം, ഇൻസുലിൻ, മരുന്നുകൾ എന്നിവ വഴി പ്രമേഹം നിയന്ത്രണവിധേയമാക്കാം. ഡോക്ടർ നിർദേശിക്കുന്ന ഇടവേളകളിൽ ബ്ലഡ് ഷുഗർ പരിശോധിക്കണം. ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറിനു ശേഷമാണ് പരിശോധിക്കേണ്ടത്.
തലേദിവസത്തെ ഭക്ഷണം പിറ്റേ ദിവസത്തെ ഷുഗർ നിലയെ ബാധിക്കാം, പ്രത്യേകിച്ച് ഫാസ്റ്റിങ് ബ്ലഡ് ഷുഗറിനെ. പരിശോധന നടത്തുന്നതിനോടുത്ത ദിവസങ്ങളിൽ മാത്രമുള്ള ഭക്ഷണ നിയന്ത്രണം അപകടമാണ്. മറ്റു ദിവസങ്ങളിൽ ഷുഗറിന്റെ അളവ് രക്തത്തിൽ ഉയരുകയും കുഞ്ഞിനും അമ്മയ്ക്കും സങ്കീർണതകൾ ഉണ്ടാകുകയും ചെയ്യാം. ഗർഭകാലം മുഴുവൻ ചിട്ടയായ ഭക്ഷണ നിയന്ത്രണവും വ്യായാമവും ബ്ലഡ് ഷുഗർ പരിശോധനയും വേണം. ആരോഗ്യമുള്ള അമ്മയ്ക്കും കുഞ്ഞിനും ഇതു വളരെ ആവശ്യമാണ്.