അമിതവണ്ണം നിയന്ത്രണത്തിലാക്കുന്ന മരുന്ന് ചികിത്സയെക്കുറിച്ചുള്ള ആശങ്കകൾക്കും സംശയങ്ങൾക്കും മറുപടി...
ഇലോൺ മസ്ക്, ഓപ്ര വിൻഫ്രീ, സെറീന വില്യംസ് എന്നിങ്ങനെയുള്ള സെലിബ്രീറ്റികൾ അമിതവണ്ണം കുറച്ചു മെലിഞ്ഞ സുന്ദരന്മാരും സുന്ദരികളുമായതെങ്ങനെ എന്നോർത്തു തല പുകച്ചിരിക്കുകയായിരുന്നു നമ്മൾ. അപ്പോഴാണ് അവരൊക്കെ മെലിയാനായി മെഡിക്കേഷൻസ് എടുത്തെന്നു വെളിപ്പെടുത്തിയത്.
അതോടെ അമിതവണ്ണം കുറയ്ക്കാൻ എളുപ്പവഴി തേടുന്നവർക്കിടയിൽ തരംഗമായി സ്ലിമ്മിങ് ഷോട്സ്. കൂട്ടത്തിലെ സെലിബ്രിറ്റി മൊഞ്ചാരോ എന്ന മരുന്നാണ്. ഏകദേശം 130 കോടി രൂപയുടെ മൊഞ്ചാരോയാണത്രേ ഒരു മാസം ഇന്ത്യയിൽ വിറ്റഴിയുന്നത്. പ്രീ വെഡ്ഡിങ് ഒരുക്കങ്ങളിൽ വധൂവരന്മാരുടെ ഇഷ്ട ബ്യൂട്ടി ട്രീറ്റ്മെന്റായും മൊഞ്ചാരോ മാറിയത്രേ. പക്ഷേ, വണ്ണം കുറയ്ക്കാനുള്ള ഇത്തരം മരുന്നുകളെ അങ്ങനെ കണ്ണടച്ചു വിശ്വാസിക്കാനാകുമോ എന്നും ചോദിക്കുന്നു ചിലർ. വിവാഹത്തിനോ മറ്റ് ആഘോഷങ്ങൾക്കോ വേണ്ടി പെട്ടെന്നു വണ്ണം കുറയ്ക്കാനുള്ള ‘കുറുക്കുവഴി’യായി ഇതിനെ കാണാമോ? ഈ മരുന്ന് ഉപയോഗിച്ചാൽ വ്യായാമവും ഡയറ്റും തീർത്തും വേണ്ടെന്നാണോ ? പാർശ്വഫലങ്ങളില്ലേ... എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ഇതാ.
എന്താണ് സ്ലിമ്മിങ് ഷോട്സ് ?
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന എളുപ്പവും സുരക്ഷിതവുമായ മാർഗമാണ് സ്ലിമ്മിങ് മെഡിക്കേഷൻസ്. നിലവിൽ രണ്ടു മരുന്നാണ് ഇതിനായി ഉപയോഗിക്കുന്നത്; ടിർസെപറ്റൈഡും സെമാഗ്ലൂട്ടൈഡും. ഇപ്പോൾ ട്രെൻഡിങ്ങാകുന്ന മൊഞ്ചാരോ, ടിർസെപറ്റൈഡ് മോളിക്യൂള്‍ എത്തുന്ന ബ്രാൻഡാണ്. യുർപീക് എന്ന ബ്രാൻഡിലും ടിർസെപറ്റൈഡ് ലഭിക്കും.
ഒസെംപിക്, വിഗോവി, എക്സ്റ്റൻസിയോർ, പൊവിസ്ട്ര എന്നീ ബ്രാൻഡുകളിലാണ് സെമാഗ്ലൂട്ടൈഡ് എ ത്തുന്നത്. ഇതെല്ലാം തന്നെ ഇംപോർടഡ് മരുന്നുകളാണ്. എന്നാലിപ്പോൾ ജനറിക് വേർഷൻസിലും സെമാഗ്ലൂട്ടൈഡ് ഇന്ത്യൻ വിപണിയിലുണ്ട്. സെമാഗ്ലൂട്ടൈഡ് ഗുളിക രൂപത്തിൽ ലഭ്യമാണെങ്കിലും പ്രമേഹചികിത്സയ്ക്കായാണ് ഉ പയോഗിക്കുന്നത്.
ടൈപ് 2 പ്രമേഹത്തിനുള്ള മരുന്നായി വിപണിയിലെത്തിയവയാണ് ഈ മരുന്നുകൾ. ഇവ കഴിക്കുന്നവരിൽ ശരീരഭാരം നിയന്ത്രണത്തിലാകുന്നു എന്നു കണ്ടെത്തിയതിനാലാണ് അമിത വണ്ണത്തിനുള്ള ചികിത്സയായും ഉപയോഗിച്ചു തുടങ്ങിയത്.
സ്ലിമ്മിങ് ഇൻജക്‌ഷൻ എങ്ങനെയാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് ?
ശരീരത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന രണ്ടു പ്രധാന ഹോർമോണുകളായ GLP-1 (Glucagon-like peptide-1), GIP (Glucose-dependent insulinotropic polypeptide) എന്നിവയുടെ പ്രവർത്തനത്തെ അനുകരിക്കുകയാണ് ഈ മരുന്ന് ചെയ്യുന്നത്. ഭക്ഷണം കഴിക്കുമ്പോൾ വയർ നിറഞ്ഞെന്ന തോന്നൽ ഉണ്ടാക്കുന്നത് ഈ ഹോർമോണുകളാണ്.
വിശന്നാൽ മാത്രമല്ല പലരും ഭക്ഷണം കഴിക്കുന്നത്. സ ന്തോഷവും ടെൻഷനും വരുമ്പോഴും, തയാറാക്കിയ വിഭവം പാഴാകാതിരിക്കാനുമൊക്കെ നമ്മൾ ഭക്ഷണം കഴിക്കും. വയർ നിറഞ്ഞിരുന്നാൽ ഈ ശീലങ്ങളെല്ലാം മാറുമല്ലോ.
മരുന്ന് എടുത്തു തുടങ്ങുമ്പോൾ ആമാശയത്തിൽ നിന്ന് ഭക്ഷണം ദഹിച്ചു പുറത്തുപോകുന്ന പ്രക്രിയയെ ഇതു സാവധാനത്തിലാക്കും. വയർ നിറഞ്ഞതായി തോന്നുകയല്ല, വയർ നിറഞ്ഞുതന്നെയിരിക്കുമെന്നു സാരം.
ഇതിലൂടെ വീണ്ടും കഴിക്കാനുള്ള തോന്നൽ കുറയുകയും ആകെ കഴിക്കുന്ന ഭക്ഷണത്തിൽ 40 ശതമാനം വരെ കുറവു വരുകയും ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെട്ടു ശരീരത്തിൽ പല ഭാഗങ്ങളിലായി കൊഴുപ്പ് അടിയുന്നതും കുറയും.
പ്രമേഹത്തിനുള്ള മരുന്നല്ലേ, ഇൻസുലിൻ നില കൂട്ടി ഷുഗർ നില കുറയ്ക്കുമോ ?
ഡയബറ്റിസ് ഇല്ലാത്തവർക്കും ശരീരഭാരം നിയന്ത്രിക്കാനായി സ്ലിമ്മിങ് മെഡിക്കേഷൻസ് ഉപയോഗിക്കാം. ഷുഗർ നില ഉയർന്നിരുന്നാൽ മാത്രമേ ഇൻസുലിൻ ഉൽപാദനം ഉണ്ടാകൂ, ഷുഗർ കുറയൂ. അതല്ലയെങ്കിൽ ഇൻസുലിൻ നിലയെ ബാധിക്കില്ല.
ഈ മരുന്നുകളുടെ മറ്റു ഗുണങ്ങൾ എന്തെല്ലാമാണ് ?
അമിതഭാരം കോസ്മറ്റിക് പ്രശ്നമായല്ല ഇപ്പോൾ വിലയിരുത്തുന്നത്. അതിനെ രോഗമായി തന്നെ കണ്ടു ചികിത്സിക്കുകയാണിപ്പോൾ.
അതിനാൽ തന്നെ സ്ലിമ്മിങ് ഷോട്സ് എടുക്കുന്നതിലൂടെ അമിതഭാരം കുറയുന്നതു കൊണ്ടുള്ള ഗുണങ്ങളും ലഭിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടും. ഫാറ്റി ലിവറിനു പരിഹാരമാകും. കൂർക്കം വലിക്കുന്നതു കുറയുന്നതോടെ ഉറക്കം മെച്ചപ്പെടും. ഭാരം താങ്ങാൻ കഴിയാത്തതു കൊണ്ടുള്ള മുട്ടുവേദന മാറും. അമിതഭാരം ഉള്ള പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ കുറവായിരിക്കാം. സ്ത്രീകളിൽ അമിതവണ്ണം മൂലം പിസിഒഡി/ പിഎംഒഎസ് വരാം. ഇത്തരം പ്ര ശ്നങ്ങളും പ രിഹരിക്കപ്പെടും.
പ്രമേഹം നിയന്ത്രണത്തിലാകും എന്നു മാത്രമല്ല, ഡയബറ്റിസിന്റെ തുടക്കസമയത്തേ ആരംഭിച്ചാൽ പ്രമേഹത്തിനു മരുന്നു കഴിക്കേണ്ടാത്ത സ്ഥിതിയിലേക്കും മാറാം. പ്രമേഹമുള്ളവരിൽ വൃക്ക സംബന്ധമായ പ്രശ്നം വരാതെ കാക്കുകയും ചെയ്യും.
എല്ലാവർക്കും കുത്തിവയ്പ്പു സ്വീകരിക്കാമോ?
18 വയസ്സിനു മേൽ പ്രായമുള്ള ബോഡി മാസ് ഇൻഡക്സ് 30ൽ കൂടുതലോ അല്ലെങ്കില്‍ ബിഎംഐ 27ൽ കൂടുതലുള്ളതിനൊപ്പം അമിതവണ്ണവുമായി ബന്ധപ്പെട്ടു പ്രമേഹം, രക്താതിമർദം, ഫാറ്റി ലിവർ എന്നിങ്ങനെ രോഗാവസ്ഥയുള്ളവവർക്കോ ഉപയോഗിക്കാം. സെമാഗ്ലൂട്ടൈഡ് പന്ത്രണ്ടു വയസ്സു കഴിഞ്ഞ 60 കിലോഗ്രാമിനു മുകളിൽ ഭാരമുള്ള കുട്ടികൾക്കും ഉപയോഗിക്കാം.
ചികിത്സ ആരംഭിക്കും മുൻപ് മെഡിക്കൽ പരിശോധനകൾ നടത്തേണ്ടതുണ്ടോ ?
അമിതവണ്ണം വരാനുള്ള കാരണവും അതുകൊണ്ടുണ്ടായ പ്രശ്നങ്ങളും പരിശോധനയിലൂടെ ഡോക്ടർ വിലയിരുത്തും. കൂടാതെ ലിവർ ഫങ്ഷൻ ടെസ്റ്റ്, റീനൽ ഫങ്ഷൻ ടെസ്റ്റ്, ലിപിഡ് പ്രൊഫൈൽ, ഡയബറ്റിസ്, തൈറോയ്ഡ് എന്നിങ്ങനെയുള്ള രക്തപരിശോധനകളും നടത്തും.
എത്രത്തോളം ശരീരഭാരം കുറയും?
ടിർസെപറ്റൈഡ് എടുക്കുന്നവരിൽ 72 ആഴ്ച കൊണ്ട് ശരാശരി 22 ശതമാനം വരെ ശരീരഭാരം കുറയും. അ തായത് 100 കിലോ ഭാരമുള്ളയാളുടെ ഭാരം 78 ആയി കുറയും. 88 ആഴ്ച കൊണ്ട് 26 ശതമാനം വരെ ശരീരഭാരം കുറയാം. സെമാഗ്ലൂട്ടൈഡ് ആണെങ്കിൽ 16 ശതമാനം വരെ വെയ്റ്റ്‌ലോസ് ഉണ്ടാകാം. പ്രമേഹരോഗികൾക്ക് ഇതിനേക്കാൾ അഞ്ച്– എട്ടു ശതമാനം കുറവായിരിക്കും ഫലം. പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതൽ ഫലപ്രദമായി കാണാറുണ്ട്. ചുരുക്കം പേരിലാണ് സ്ലിമ്മിങ് ഷോട്സ് ഗു ണകരമല്ലാത്തത്.
ഇൻജക്‌ഷൻ ഡോസ് നിശ്ചയിക്കുന്നതെങ്ങനെ?
ആഴ്ചയിൽ ഒരു ദിവസം എടുക്കുന്ന കുത്തിവയ്പ്പാണിത്. ഫ്രിജിൽ സൂക്ഷിക്കേണ്ട ഡിസ്പോസിബിൾ പെൻ ആയാണ് ഇവ ലഭിക്കുക. വയറിലോ തുടയിലോ ഇൻസുലിൻ കുത്തിവയ്ക്കുന്നതുപോലെ സിംപിളായി എടുക്കാം.
ഏറ്റവും ചെറിയ ഡോസിലാണ് കുത്തിവയ്പ്പു നൽകിത്തുടങ്ങുക. ഓരോ വ്യക്തികളും മരുന്നിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനനുസരിച്ചാണ് ഡോസ് കൂട്ടുന്നത്. ഡോസേജ് കൂടുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഡോസ് കുറയ്ക്കാവുന്നതേയുള്ളൂ.
വ്യായാമത്തിലും ഡയറ്റിലും എന്തെല്ലാം ശ്രദ്ധിക്കണം?
പലരുടെയും ധാരണ കുത്തിവയ്പ്പ് എടുത്താൽ പിന്നെ, ഭക്ഷണത്തിൽ ശ്രദ്ധ വേണ്ട എന്നാണ്. പതിവായി കഴിക്കുന്നതിലും 500 കാലറി കുറച്ചു ഭക്ഷണം കഴിക്കാനാണ് നിർദേശിക്കാറുള്ളത്. ഭക്ഷണത്തിന്റെ അളവു കുറയുമ്പോൾ ഗുണം കുറയാതെ നോക്കണം. ശരീരഭാരം കണക്കാക്കിയ ശേഷം 1.2 ഗ്രാം – 1.6 ഗ്രാം/ കിലോഗ്രാം എന്ന അളവിൽ പ്രോട്ടീൻ ആഹാരത്തിൽ ഉൾപ്പെടുത്തണം. മസിൽ നഷ്ടപ്പെടാതിരിക്കാൻ പ്രോട്ടീൻ ആവശ്യമാണ്.
ഭക്ഷണം ചെറിയ അളവിൽ ചെറിയ ഇടവേളകളിൽ ക ഴിക്കുന്നതാണ് നല്ലത്. ഏറെ സമയം കഴിക്കാതെ ഇരിക്കുകയുമരുത്. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പാലും പാലുൽപന്നങ്ങളും എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം. ദിവസവും രണ്ടു–മൂന്നു ലീറ്റർ വെള്ളം കുടിക്കണം. മധുരം, പ്രൊസസ്ഡ് മീറ്റ്, കാർബണേറ്റഡ് ഡ്രിങ്ക്സ്, സ്പൈസി ഫൂഡ് എന്നിവ ഒഴിവാക്കാനും ശ്രദ്ധിക്കുക.
ആഴ്ചയിൽ 150 മിനിറ്റ് കാർഡിയോ വ്യായാമവും മൂന്നു ദിവസം 30 മിനിറ്റ് വീതം റെസിസ്റ്റൻസ് വ്യായാമവും ചെ യ്യണം. പുഷ് അപ്, പുൾ അപ്, പ്ലാങ്ക് എന്നിവയും വെയ്റ്റ് ട്രെയ്‌നിങ്ങുമൊക്കെ റെസിസ്റ്റൻസ് വ്യായാമങ്ങളാണ്. പേശീനഷ്ടം (മസിൽ ലോസ്) തിരിക്കാൻ വെയ്റ്റ് ട്രെയ്നിങ് ആവശ്യമാണ്. പെട്ടെന്നു ഭാരം കുറയുമ്പോൾ സ്കിൻ സാഗിങ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ കുത്തിവയ്പ്പു തുടങ്ങിയ ആദ്യ മാസം തന്നെ ശരീരഭാരം അമിതമായി കുറഞ്ഞാൽ ഡോസ് നിയന്ത്രിക്കാറുണ്ട്.
കേരളത്തിൽ ഈ ചികിത്സയുടെ ശരാശരി ചെലവ് എ ത്രയാണ്?
മൊഞ്ചാരോയുടെ ഏറ്റവും ചെറിയ ഡോസിന് ഒരു മാസം ഏകദേശം 13000 രൂപയാകും. ആറു ഡോസാണ് ഉള്ളത്. 25000 രൂപയാണ് ഏറ്റവും ഉയർന്ന ഡോസിന്റെ തുക. ഒസംബിക്കിനും എക്സറ്റൻസിയോറിനും മൂന്ന് ഡോസ് ആണുള്ളത്. വിഗോവിക്ക് അഞ്ചു ഡോസ് ഉണ്ട്. 5500 – 16000 വരെ ചെലവു വരും. മരുന്നുകളുടെ ജനറിക് വേർഷൻസ് 1000 – 5000 രൂപ വരെയുള്ളവ ഇന്നു വിപണിയിൽ ഉണ്ട്. ജനറിക് വന്നിട്ട് അഞ്ചു മാസമേ ആയിട്ടുള്ളൂ.
ഈ മരുന്ന് എൻഡോക്രൈനോളജിസ്റ്റിന്റെയോ ഫിസിഷന്റെയോ മാർഗനിർദേശത്തോടെ ഉപയോഗിക്കുകയാണ് വേണ്ടത്. ഓവർ ദി കൗണ്ടർ ഉപയോഗം അഭികാമ്യമല്ല.
സ്ലിമ്മിങ് ഷോട്സ് എടുക്കാൻ പാടില്ലാത്തവരുണ്ടോ ?
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിർദേശിക്കാറില്ല. ഗർഭം ധരിക്കാനാനായി ഒരുങ്ങുന്നുവെങ്കിൽ രണ്ടു മാസം മുൻപേ തന്നെ കുത്തിവയ്പ്പ് എടുക്കുന്നത് നിർത്തണം.
വളരെ അപൂർവമായി തൈറോയിഡിനെ ബാധിക്കുന്ന മെഡുലറി തൈറോയ്ഡ് കാൻസർ ഉണ്ടായിട്ടുണ്ടെങ്കിലോ കുടുംബത്തിലാർക്കെങ്കിലും ഈ കാൻസർ ബാധിച്ചിട്ടുണ്ടെങ്കിലോ കുത്തിവയ്പ്പു കൊടുക്കാറില്ല.
ഗുരുതരമായ കിഡ്നി രോഗം, കരൾ രോഗം, മൾട്ടിപ്പിൾ എൻഡോക്രൈൻ ന്യൂപ്ലേസിയ എന്ന ജനിതക രോഗം എന്നിവയുള്ളവർക്കും ഈ മരുന്നുകൾ നൽകാറില്ല. പാൻക്രിയാറ്റൈസ് മുൻപ് വന്നിട്ടുള്ളവരും കുത്തിവയ്പ് ഒഴിവാക്കുന്നതാണു നല്ലത്. സിംറ്റോമാറ്റിക് ഗാൾ സ്റ്റോൺ ഉണ്ടെങ്കിൽ അവ നീക്കം ചെയ്തശേഷം മരുന്ന് ഉപയോഗിക്കാം. അഡ്വാൻസ്ഡ് ഡയബറ്റിക് റെറ്റിനോപതിയുള്ളവർക്ക് ഇൻജക്‌ഷൻ എടുക്കുന്ന കാലയളവിൽ കാഴ്ച മോശമാവാം. ഇതു നിയന്ത്രണത്തിലാക്കിയ ശേഷം കുത്തിവയ്പ്പു തുടങ്ങാം.
ഈ കുത്തിവയ്പ്പിന് പാർശ്വഫലങ്ങളുണ്ടോ?
ഓക്കാനം, ഛർദി, വയറിളക്കം, മലബന്ധം, ബ്ലോട്ടിങ് എന്നിവ കുത്തിവയ്പ്പ് എടുത്തുതുടങ്ങുന്ന സമയത്തു ചിലരിൽ ഉണ്ടാകാറുണ്ട്. ദിവസങ്ങൾ മുന്നോട്ടു പോകുമ്പോൾ ഇതു കുറയും. ഈ മരുന്നിനൊപ്പം ഡയബറ്റിസിന് ഇൻസുലിൻ/സൾഫോണിലൂറിയസ് എടുക്കുന്ന ചിലരിൽ ഹൈപ്പോഗ്ലൈസീമിയ വരാനിടയുണ്ട്. ഇതു മുന്നിൽകണ്ട് ഡോക്ടർമാർ ഇൻസുലിൻ/സൾഫോണിലൂറിയസ് ഡോസ് കുറയ്ക്കുകയോ നിർത്തുകയോ ചെയ്യും. അതല്ലാതെ മറ്റു മരുന്നുകൾ കഴിക്കുന്നതിനു നിയന്ത്രണമില്ല.
സെമാഗ്ലൂട്ടൈഡ് ഉപയോഗിച്ചു തുടങ്ങിയിട്ട് 10 വർഷം ആകുന്നേയുള്ളൂ. ടിർസെപ്‌റ്റൈഡ് വന്നത് 2022ലാണ്, ഇന്ത്യയിൽ എത്തിയിട്ട് ഒരു വർഷം ആകുന്നതേയുള്ളൂ താനും. അതിനാൽ ഇക്കാലയളവിലെ ഡേറ്റ അനുസരിച്ചേ വിലയിരുത്തൽ നടത്താനാകൂ.
Credits: ഡോ. ഗിരീഷ് പി., MD (JIPMER), DM (PGI), FRCP (London), കൺസൽറ്റന്റ് എൻഡോക്രൈനോളജിസ്റ്റ്, റിനൈ മെഡിസിറ്റി & ഡേ സ്പ്രിങ് മൾട്ടിസ്പെഷ്യാലിറ്റി ക്ലിനിക്, കൊച്ചി