Q. 32 വയസ്സ്. ചെറുപ്പം മുതല്‍ ആർത്തവ സമയത്തു വയറുവേദന ഉണ്ടായിരുന്നു. ഒരു പ്രസവം കഴിയുമ്പോൾ വേദന കുറയും എന്നു പലരും പറഞ്ഞിരുന്നു. അതുപോലെതന്നെ സംഭവിച്ചു. 27ാം വയസ്സിൽ ആദ്യ ഡെലിവറിക്ക് ശേഷം വേദന മാറി. പ്രസവശേഷം വേദനകൾ മാറുന്നത് എന്തുകൊണ്ടാണ് എന്നതാണ് ഒരു സംശയം. മുപ്പതാം വയസ്സിലായിരുന്നു രണ്ടാമത്തെ പ്രസവം. ഇപ്പോൾ മെൻസസ് ആകുമ്പോൾ പഴയതുപോലെ വേദനയാണ്. ഇതെന്താണ് ഇങ്ങനെ?- ആനി, റാന്നി
A. ആർത്തവ സമയത്തുണ്ടാകുന്ന വേദനകളെയും അസ്വസ്ഥതകളേയും ഡിസ്മെനോറിയ (Dysmenorrhea) എന്നാണു പറയുന്നത്. 70 ശതമാനത്തിലധികം സ്ത്രീകൾക്കും ആർത്തവകാലത്ത് വേദനകൾ അനുഭവപ്പെടാറുണ്ട്. ഡിസ്മെനോറിയ പ്രധാനമായും രണ്ടു തരത്തിലാണ്.
പ്രൈമറി ഡിസ്മെനോറിയ : ഗർഭാശയത്തിനോ മറ്റു പ്രത്യുൽപാദന അവയവങ്ങൾക്കോ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതെ ഉണ്ടാകുന്ന ആർത്തവവേദനയാണിത്. ആർത്തവസമയത്ത് ശരീരത്തിലുണ്ടാകുന്ന പ്രോസ്റ്റാഗ്ലാൻഡ്സിന്റെ പ്രവർത്തനം മൂലം ഗർഭാശയം സങ്കോചിക്കുന്നതാണ് കാരണം.
സെക്കൻഡറി ഡിസ്മെനോറിയ : ഗർഭാശയത്തിലോ മറ്റ് അവയവങ്ങൾക്കോ ഉണ്ടാകുന്ന ചില രോഗങ്ങൾ മൂലം ഉണ്ടാകുന്ന വേദനയാണിത്. ഫൈബ്രോയിഡ്, എൻഡോമെട്രിയോസിസ്, അണുബാധ (PID), അഡിനോമയോസിസ് എന്നിവയൊക്കെ കാരണമാകാം.
വേദന അതികഠിനമാവുകയോ ദൈനംദിന കാര്യങ്ങളെ ബാധിക്കുകയോ ചെയ്യുകയാണെങ്കിൽ ഗൈനക്കോളജിസ്റ്റിനെ കണ്ടു പരിശോധനകൾ നടത്തണം.
പ്രസവം കഴിയുമ്പോൾ ആർത്തവ വേദന കുറയും എന്നു പറയുന്നതിന് ശാസ്ത്രീയമായ അടിസ്ഥാനമൊന്നുമില്ല. എന്നിരുന്നാലും നോർമൽ ഡെലിവറി കഴിഞ്ഞവര്‍ ആർത്തവസംബന്ധമായ വയറുവേദനയും മറ്റും കുറഞ്ഞതായി പറയാറുണ്ട്.
ഇടക്കാലത്ത് ഇല്ലാതായ ആർത്തവ വേദന വീണ്ടും വന്നതിനാൽ സെക്കൻഡറി ഡിസ്മെനോറിയ ആകാനാണ് സാധ്യത. ഡോക്ടറെ കണ്ട് മേൽപറഞ്ഞ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നു പരിശോധിക്കുക.