ADVERTISEMENT

പ്രധാനഭക്ഷണത്തിനു പകരം സ്മൂത്തി, സാലഡ്, സൂപ്പ് എന്നിവ  ശീലമാക്കാമോ എന്ന സംശയത്തിനുള്ള വിദഗ്ധ മറുപടി അറിയാം...

സാലഡ്, സ്മൂത്തി, സൂപ്പ് ... ആരോഗ്യരംഗത്തു ട്രെൻഡിങ് ആണ് ഈ വിഭവങ്ങൾ.  പ്രധാനഭക്ഷണത്തിനു പകരം സാലഡും  സ്മൂത്തിയും  സൂപ്പും ശീലമാക്കുന്നവർ ഏറെയാണ്. പ്രഭാതഭക്ഷണമായും ഉച്ചഭക്ഷണമായും അത്താഴമായുമെല്ലാം ഈ വിഭവങ്ങൾ  ഉൾപ്പെടുത്തുന്ന രീതി  ആരോഗ്യകരമാണോയെന്നു പലർക്കും സംശയം തോന്നാറുണ്ട്. സൂപ്പും സ്മൂത്തിയും സാലഡും ആരോഗ്യകരമായി ഭക്ഷണത്തിലുൾപ്പെടുത്താൻ  ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

ADVERTISEMENT

ഊർജമേകും സ്മൂത്തി

പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉപയോഗിച്ചു തയാറാക്കുന്ന സ്മൂത്തിയിൽ പോഷകങ്ങൾ സമൃദ്ധമാണ്. ഊർജം വർധിപ്പിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും ഗുണകരമാണ്. നാരുകൾ സമൃദ്ധമായി അടങ്ങിയതിനാൽ ദഹനം മെച്ചപ്പെടാൻ ഉപകരിക്കും.  ഭാരം നിയന്ത്രിക്കാനും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സ്മൂത്തികൾ ഗുണകരമാണ്.

ADVERTISEMENT

∙ ദിവസവും ഒന്നോ രണ്ടോ കപ്പ് സ്മൂത്തി കുടിക്കുന്നതു രക്തസമ്മർദം നിയന്ത്രിക്കാനും, പ്രമേഹം ഹൃദയസംബന്ധമായ രോഗങ്ങൾ, പക്ഷാഘാത സാധ്യത എന്നിവ കുറയ്ക്കാനും സഹായകമാണ്.  ചില തരം സ്മൂത്തിയിലെ പോഷകങ്ങൾ  അർബുദം പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതായും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

∙ നാരുകൾ സമൃദ്ധമായടങ്ങിയ  റാസ്ബെറി, ബ്ലാക്ബെറി, സ്ട്രോബെറി, പിയർ, ആപ്പിൾ, വാഴപ്പഴം,  ഫ്ളാക്സ് സീഡ്സ്, സൂര്യകാന്തി വിത്തുകൾ, നിലക്കടല, ബദാം എന്നിവ കൊണ്ടു സ്മൂത്തി തയാറാക്കാം. ഇവ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂെട ദഹനത്തെ സഹായിക്കുന്ന ഘടകങ്ങൾ ലഭിക്കും.  

ADVERTISEMENT

∙ ഭാരം കുറയ്ക്കണമെന്നുള്ളവർ പതിവായി സ്മൂത്തി ഭ ക്ഷണത്തിലുൾപ്പെടുത്തുന്നതു ഗുണകരമാണ്. ആരോഗ്യകരമായ ചേരുവകൾ ഉപയോഗിച്ചു തയാറാക്കുന്ന സ്മൂത്തികൾ പ്രധാന ഭക്ഷണത്തിനു പകരം ശീലമാക്കാം. പലതരം പഴങ്ങളും തൈരും വിത്തുകളും ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കാനും കഴിയും.

∙ സ്മൂത്തി സമ്പൂർണ ഭക്ഷണമായി കണക്കാക്കാം. കൊഴുപ്പ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, പലതരം വൈറ്റമി ൻ, ധാതുക്കൾ എന്നിവയെല്ലാം സ്മൂത്തിയിൽ അടങ്ങിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും പ്രാഥമിക ചേരുവകളായി ഉപയോഗിക്കുന്നു. കൂടാതെ പലതരം വിത്തുകൾ ചേരുന്നതിനാൽ ആരോഗ്യകരമായ കൊഴുപ്പിന്റെ സാന്നിധ്യവും ഉണ്ടാകുന്നു.

∙ പ്രഭാതഭക്ഷണമായി സ്മൂത്തി കുടിക്കുന്നത് ഊർജമേകും. സ്മൂത്തിയിലെ ഉയർന്ന പ്രോട്ടീൻ വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയാനിടയാക്കുകയും ചെയ്യുന്നുവെന്നു പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

​∙ കാലറി നിയന്ത്രിച്ചുള്ള  ഭക്ഷണക്രമത്തിൽ ശരീരഭാരം കുറയ്ക്കുമ്പോൾ പേശികളുടെ നഷ്ടം തടയാൻ പ്രോട്ടീൻ സഹായിക്കുന്നു, ഇത് ഉയർന്ന പ്രോട്ടീൻ സ്മൂത്തികളെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച ഭക്ഷണമാക്കുന്നു. ബദാം, മറ്റു നട്സ്, പീനട്ട് ബട്ടർ, ചിയ സീഡ്, സോയ മിൽക്, ടോഫു എന്നിവയിൽ പ്രോട്ടീൻ നല്ല അളവിൽ ഉണ്ട്. ഈ ചേരുവകൾ ചേർന്ന സ്മൂത്തി പ്രോട്ടീൻ സമ്പുഷ്ട വിഭവമാകുന്നു. ​ശരീരഭാരം കുറയ്ക്കാൻ സ്മൂത്തി കുടിക്കുകയാണെങ്കിൽ പഞ്ചസാര, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കുറഞ്ഞ ചേരുവകൾ തിരഞ്ഞെടുക്കുക.

∙ വീട്ടിൽ സ്മൂത്തി തയാറാക്കുമ്പോൾ മധുരമില്ലാത്ത സോയ മിൽക്,  ബദാം മിൽക് തുടങ്ങിയവ ഉപയോഗിക്കുന്നതാണു നല്ലത്. ആന്റിഓക്സിഡന്റ്സ് സമൃദ്ധമായടങ്ങിയ ഗ്രീൻ ടീയും ഉപയോഗിക്കാം. പ്രഭാതഭക്ഷണമായി സ്മൂത്തി തയാറാക്കുമ്പോൾ ഉയർന്ന നാരുകളും പ്രോട്ടീനും ഉ ള്ളതാണെന്ന് ഉറപ്പാക്കണം.

ഹൃദയത്തിനു സാലഡ്

സാലഡിൽ നാരുകൾ, പലതരം വൈറ്റമിൻ, ധാതുക്കൾ, ആന്റിഓക്സിഡന്റ്സ് എന്നിവ ധാരാളമായി ഉണ്ട്, ഇവയെല്ലാം ദഹനം, കുടലിന്റെ ആരോഗ്യം, ദഹന പ്രവർത്തനങ്ങൾ എന്നിവയെ സഹായിക്കുന്നു.

∙ പതിവായി സാലഡ് കഴിക്കുന്നതു ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഫലപ്രദമാണ്.

∙ നാരുകൾ ദഹനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം തടയുന്നതിനും സഹായകമാണ്. ഇലക്കറികളും അസംസ്കൃത പച്ചക്കറികളും നാരുകളുടെ സമ്പന്നമായ ഉറവിടങ്ങളാണ്. നാരുകൾ കൊളസ്ട്രോൾ അളവു നിയന്ത്രിക്കാനും എൽഡിഎൽ കുറയ്ക്കാനും സഹായിക്കും.

∙ സാലഡിലെ ​ഉയർന്ന നാരുകളും കുറഞ്ഞ കാലറിയും  വയറു നിറഞ്ഞതായി തോന്നിപ്പിക്കും. ഇതു കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.

∙ ഉച്ചഭക്ഷണത്തിനു മുൻപോ അത്താഴത്തിനൊപ്പമോ ചെറിയ അളവിൽ സാലഡ് കഴിക്കാം. പയറുവർഗങ്ങൾ, മുട്ട, തൈര്, മീൻ, പനീർ അല്ലെങ്കിൽ ടോഫു പോലുള്ള പ്രോട്ടീൻ സ്രോതസ്സുകൾ ചേർക്കുന്നതു സാലഡിന്റെ പോഷകമൂല്യം മെച്ചപ്പെടുത്തും.

∙ രാത്രി വൈകി വലിയ അളവിൽ വേവിക്കാത്ത ചേരുവകൾ അടങ്ങിയ സാലഡുകൾ കഴിക്കുന്നതു ​ദഹനക്കുറവ്, ​വയറുവേദന എന്നിവയ്ക്കു കാരണമാകാം.

∙ ​പ്രോട്ടീനോ കൊഴുപ്പോ ഇല്ലാതെ വേവിക്കാത്ത പച്ചക്കറികൾ മാത്രം അടങ്ങിയ സാലഡുകൾ കഴിക്കുന്നതു  പെട്ടെന്നു വിശക്കാനും  പോഷകങ്ങളുടെ അപര്യാപ്തതയ്ക്കും കാരണമാകും.

രുചിക്കാം സൂപ്പ്

സൂപ്പ് ലഘുവാണെങ്കിലും ശരീരത്തിനു വളരെ ഗുണമുള്ള വിഭവമാണ്. വയറിനു ഭാരം തോന്നാതെ എളുപ്പത്തിൽ  ദഹിക്കുമെന്നതാണു സൂപ്പിന്റെ പ്രത്യേകത. സൂപ്പിന്റെ പ്രധാന ആരോഗ്യഗുണങ്ങൾ ഇവയാണ് :

∙ ശരീരത്തിന് ആവശ്യമായ ജലാംശവും പോഷകങ്ങളും ഒരുമിച്ചു ലഭിക്കും.

∙ ദഹനം എളുപ്പമാക്കുന്നതോടൊപ്പം ഗ്യാസ്, അസിഡിറ്റി എന്നിവ കുറയ്ക്കും.

∙ വിശപ്പ് നിയന്ത്രിക്കാൻ ഗുണകരമാണ്. വൈകുന്നേരങ്ങളിലും രാത്രിയും കഴിക്കാവുന്ന ലഘുവായ ഭക്ഷണം.

∙ പനി, ക്ഷീണം, അസുഖങ്ങൾ എന്നിവയുള്ള സമയത്തു സൂപ്പ് കുടിക്കുന്നതു ശരീരത്തിന് ആശ്വാസമേകും.

∙ ​കുറഞ്ഞ കാലറി, ​വയർ പെട്ടെന്നു നിറഞ്ഞതായി തോന്നിക്കുന്നത്, രാത്രിയിൽ അമിത ഭക്ഷണം കഴിക്കുവാനുള്ള സാധ്യത കുറയ്ക്കുന്നത് എന്നിവ ശരീരഭാരം കുറയ്ക്കാൻ ഗുണകരമാണ്.

∙ക്രീം, ബട്ടർ, അധികം ഉപ്പ് തുടങ്ങിയവ ചേർത്ത സൂപ്പ് പതിവാക്കരുത്. ​സൂപ്പ് മാത്രം മുഴുവൻ ഭക്ഷണമായി എടുക്കുന്നതും ആരോഗ്യകരമല്ല.

വിവരങ്ങൾക്കു കടപ്പാട് : ടീന ജോൺ,  സീനിയർ ക്ലിനിക്കൽ ഡയറ്റിഷൻ & സൂപ്പർവൈറസർ, ആസ്റ്റർ മെഡ്സിറ്റി, എറണാകുളം

Can Smoothies and Salads Replace Your Main Meals Safely?:

Smoothies, salads, and soups have become popular trends in the health sector as potential replacements for main meals. These nutrient-rich foods offer numerous health benefits, including improved digestion, sustained energy, and effective weight management when prepared correctly. Incorporating fiber-packed fruits and vegetables into daily smoothies helps regulate blood pressure and reduces the risk of chronic diseases. Similarly, fiber-rich salads promote heart health, stabilize blood sugar levels, and keep you feeling full longer. Soups provide an easily digestible, low-calorie option that aids in hydration and curbs evening overeating. However, dietitians recommend ensuring these dishes contain adequate protein and healthy fats rather than relying solely on raw vegetables or sugary additives. Balancing these trending foods within a proper diet ensures your body receives essential vitamins, minerals, and overall nutritional completeness.

ADVERTISEMENT