ADVERTISEMENT

ഹൃദ്രോഗം മൂലമുള്ള 80 % മരണവും പ്രതിരോധിക്കാം. അതിനായി പാലിക്കാൻ ഇതാ ചിട്ടകൾ...

പ്രായം കൂടിയവരുടെ ആരോഗ്യ ആശങ്കയായി മാത്രം കരുതപ്പെട്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരുടെ കൂടി ഉറക്കം കെടുത്തുകയാണിന്ന്. 15- 50 വയസ്സു പ്രായമുള്ളവരുടെ ഹൃദയാരോഗ്യത്തിൽ പ്രയാസങ്ങൾ ഏറിവരുന്നതായി പഠനങ്ങൾ പറയുന്നു. ഹൃദ്രോഗവും ഹൃദയാഘാതവും നാൽപതുകളിൽ തന്നെ മരണകാരണമായേക്കാം എന്ന ആശങ്ക ഞെട്ടലുണ്ടാക്കുന്നതാണ്.

ADVERTISEMENT

പെട്ടെന്നു കുഴഞ്ഞുവീണു മരിച്ചു, വ്യായാമം കഴിഞ്ഞ പിറകേ ഹൃദയാഘാതം സംഭവിച്ചു എന്നൊക്കെയുള്ള വാർത്തകൾ കേൾക്കാറില്ലേ. തിരിച്ചറിയപ്പെടാതെ കിടക്കുന്ന രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളുമാണു ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. ഹൃദ്രോഗവും ഹൃദയാഘാതവും വരാതെ നോക്കാൻ പാലിക്കേണ്ട 10 പ്രതിരോധ ചിട്ടകൾ അറിയാം.

ഹൃദ്രോഗവും ഹൃദയാഘാതവും

ADVERTISEMENT

ഹൃദയപേശികൾക്കു രക്തമെത്തിക്കുന്ന രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടായി തടസ്സമുണ്ടാകുമ്പോഴാണു ഹൃദയാഘാതമുണ്ടാകുന്നത്. പ്രായം കൊണ്ടു ഹൃദയത്തിനുണ്ടാകുന്ന തകരാറുകളേക്കാൾ മാരകം അകാലത്തിലുണ്ടാകുന്ന ബ്ലോക്കാണ്. ഇതിന്റെ കാരണങ്ങളെ രണ്ടായി തിരിക്കാം– നിയന്ത്രിക്കാൻ പറ്റാത്തതും നിയന്ത്രിക്കാവുന്നതും. പ്രായം, പാരമ്പര്യ ഘടകങ്ങൾ എന്നിവ നിയന്ത്രിക്കാനാകാത്ത കാരണങ്ങളാണ്.

പക്ഷേ, പുകവലി, അമിത രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിവയെ ഫലപ്രദമായി നിയന്ത്രിക്കാനാകും. ലോകാരോഗ്യസംഘടനയുടെ പഠനങ്ങൾ പറയുന്നത് ഹൃദ്രോഗം മൂലമുള്ള 80 % മരണവും പ്രതിരോധിക്കാമെന്നാണ്. അതിനാൽ ഈ ചിട്ടകൾ പാലിക്കണേ.

ADVERTISEMENT

1. ഭാരം ഭാരമാകല്ലേ

ശരീരഭാരം കൂടുന്നത് കൊളസ്ട്രോൾ, ബിപി, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിച്ച് ഹൃദയത്തിന്മേലുള്ള സമ്മർദം കൂട്ടും. അമിതവണ്ണം, പ്രത്യേകിച്ചു വയറിനു ചുറ്റും കൊഴുപ്പ് അടിയുന്നതു ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുന്നു എന്നാണു പഠനങ്ങൾ പറയുന്നത്.

അമിതഭാരത്തിന്റെ 10 % കുറയ്ക്കുന്നതു ഹൃദയസംബന്ധമായ അപകടസാധ്യത 50 % വരെ കുറയ്ക്കുമെന്നാണു കണക്ക്. കൃത്യമായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ഭാരം നിയന്ത്രണത്തിലാക്കി ഉയരത്തിന് അനുസരിച്ചുള്ള ബോഡി മാസ് ഇൻഡക്സ് (BMI) നിലനിർത്തുക. 18.5 – 24.9 ആണ് ആരോഗ്യകരമായ BMI.

2. പുകവലിക്ക് ഗുഡ്ബൈ

പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാരിൽ ഹൃദയാഘാത സാധ്യത ഇരട്ടിയിലധികമാണ്. സിഗരറ്റിലെ രാസഘടകങ്ങൾ രക്തധമനിയുടെ ആവരണത്തെ ദ്രവിപ്പിച്ച് ബ്ലോക്കുണ്ടാകാനുള്ള സാധ്യത കൂട്ടും. സെക്കൻഡ് ഹാൻഡ് പുക ഏൽക്കുന്നതും ഒഴിവാക്കുക. ജീവിതശൈലീ രോഗങ്ങളുള്ളവർ പുകവലിച്ചാൽ ഹൃദയത്തിന്റെ അവസ്ഥ മോശമാകും.

3. രക്തസമ്മർദം നിരീക്ഷിക്കുക

പാരമ്പര്യമായി ഹൃദ്രോഗസാധ്യത ഉള്ളയാൾക്ക് ഹൈപ്പർ ടെൻഷനുമുണ്ടെങ്കിൽ ഹൃദ്രോഗ സാധ്യത അഞ്ചിരട്ടിയാണ്. ഉയർന്ന രക്തസമ്മർദം ധമനികൾക്കു കേടുപാടുകൾ വരുത്തി ഹൃദയത്തിന്റെ ജോലിഭാരം കൂട്ടും.  

18 വയസ്സു മുതൽ തന്നെ നിശ്ചിത ഇടവേളയിൽ രക്തസമ്മർദം പരിശോധിക്കണം. ഇതു ഹൃദ്രോഗസാധ്യത മുൻകൂട്ടി അറിയാൻ സഹായിക്കും. അഥവാ പ്രശ്നങ്ങൾ കണ്ടാൽ ഉപ്പിന്റെ ഉപയോഗം 2.3 ഗ്രാം/ ദിവസം എന്നതിൽ കൂടാതെ നോക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കുകയും വേണം.

4. നല്ല കൊളസ്ട്രോൾ ആണോ ?

രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ (LDL) അളവ് കൂടുന്നത് ബ്ലോക്കുണ്ടാകാൻ കാരണമാകും. 20 വയസ്സിനു ശേഷം വർഷത്തിലൊരിക്കൽ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് നടത്തി കൊളസ്ട്രോൾ നിയന്ത്രണത്തിലാണ് എന്നുറപ്പിക്കുക. കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെയും ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകളിലൂടെയും കൊളസ്ട്രോൾ നിയന്ത്രിച്ചു നിർത്തണം.

5. രക്തത്തിലെ പഞ്ചസാര

രക്തത്തിലെ ഷുഗർനില ഫാസ്റ്റിങ്ങിൽ 70– 100 ആയിരിക്കണം. ആഹാരം കഴിച്ചു കഴിഞ്ഞാൽ ഇതു 140ൽ താഴെയാകണം. മൂന്നുമാസത്തെ ആവറേജ് ഷുഗർ നില കണക്കാക്കിയാണു പ്രമേഹവും പ്രമേഹ സാധ്യതയും കണ്ടെത്തുന്നത്. പ്രമേഹമുള്ള രോഗിക്ക് ബ്ലോക്കുണ്ടാകാനുള്ള സാധ്യത ഇരട്ടിയോളമാണ്. അതിനാൽ 20 വയസ്സിനു ശേഷം വർഷത്തിലൊരിക്കലെങ്കിലും ഫാസ്റ്റിങ് ഷുഗർ പരിശോധിച്ച് പ്രമേഹമില്ലെന്ന് ഉറപ്പാക്കുക.

6. മരുന്നുപോലെ ഭക്ഷണം

ഭക്ഷണശീലം മെച്ചപ്പെടുത്തുന്നത് ഹൃദയത്തിനു നല്ലതാണ്. ആഹാരചിട്ടകൾ പാലിച്ച് ഹൃദയാരോഗ്യം കാക്കാൻ ഇതിനൊപ്പമുള്ള ‘ഹൃദയത്തിന്റെ മെനു’ എന്ന ലേഖനം കൂടി വായിക്കുമല്ലോ.

7. വ്യായാമം മുഖ്യം

ജീവിതശൈലീ രോഗങ്ങളെ അകറ്റി ഹൃദയം കാക്കാൻ വ്യായാമം അത്യാവശ്യമാണ്. ദിവസം 30 മിനിറ്റ് വച്ച് ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ശീലമാക്കണം. വേഗത്തിലുള്ള നടത്തം, ജോഗിങ്, സൈക്ലിങ്, നീന്തൽ എന്നിവ ഹൃദയമിടിപ്പ് ആരോഗ്യകരമായി നിലനിർത്താനും രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും.

ശരീരത്തിലെ കൊഴുപ്പും മസിലും ഒരുപോലെ കുറയുമ്പോൾ മാത്രമേ ഭാരം കുറയൂ. അതിനായി എയ്റോബിക് എക്സർസൈസുകൾക്കൊപ്പം വെയ്റ്റ് ട്രെയ്നിങ്ങും ചെയ്യണം. യോഗയും മെഡിറ്റേഷനും ഒപ്പം ശീലമാക്കാം.

8. ആരോഗ്യകരമായ ഉറക്കം

ഓരോ ദിവസവും ശരീരത്തിനു സംഭവിക്കുന്ന കുഴപ്പങ്ങളെ പരിഹരിച്ചു പുതുജീവൻ നേടുന്നത് ഉറങ്ങുമ്പോഴാണ്. ആരോഗ്യമുള്ള ഒരാൾക്ക് ആറ്– എട്ടു മണിക്കൂർ ഉറക്കം വേണം. ഉറക്കക്കുറവ് ഉയർന്ന രക്തസമ്മർദത്തിനും സ്ട്രെസ്സിനും അമിതവണ്ണത്തിനും കാരണമാകും.

ജോലി ചെയ്യുന്ന പുരുഷന്മാർ വീട്ടിലെത്തിയ ശേഷം എടുക്കുന്ന റെസ്റ്റിങ് ടൈം അതേ അളവിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കു ലഭിക്കുന്നില്ല. സ്ട്രെസ്സും ഉറക്കക്കുറവും വ്യായാമക്കുറവും പുരുഷനോടു താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾക്കു കൂടുതലാണ്. ഇത് റിസ്ക് കൂട്ടും.  

9. സമ്മർദമെന്ന റിസ്ക്

പ്രയാസമുള്ള സാഹചര്യത്തെ (സ്ട്രെസ്) നേരിടാൻ ശരീരം ചില ഹോർമോണുകൾ പുറപ്പെടുവിക്കും. ഹൃദയമിടിപ്പ് കൂട്ടി, രക്തസമ്മർദം വർധിപ്പിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തിയൊക്കെ ഇവ ശരീരത്തെ ഉഷാറാക്കും. ഉറക്കമില്ലായ്മ, ജോലി സമ്മർദം, മാനസിക പ്രയാസങ്ങൾ എന്നിങ്ങനെ എല്ലാ ദിവസവും സ്ട്രെസ്സിൽ കൂടി പോകുന്ന ഒരാളുടെ രക്തത്തിലെ സ്ട്രെസ് ഹോർമോണുകളുടെ അളവ് വളരെ കൂടുതലായിരിക്കും. അതായത് അവരുടെ ഹൃദയം എല്ലാ ദിവസവും അത്യദ്ധ്വാനം ചെയ്യുന്നുണ്ട് എന്നർഥം. ഇത് അപകടമാണ്.

തിരിച്ചറിയപ്പെടാതെ കൊണ്ടു നടക്കുന്ന ഡിപ്രഷനുള്ളവർക്ക് ഡയബറ്റിസ് കൂടി ഉണ്ടെങ്കിൽ ഹൃദ്രോഗ സാധ്യത അഞ്ചിരട്ടിയാകും. ഡയബറ്റിസ് ഉള്ള, ഒട്ടും വ്യായാമമില്ലാത്തയാളും ഹൈ റിസ്ക് കാറ്റഗറിയിൽ പെടും. അതിനാൽ സമ്മർദമകറ്റാൻ ഡോക്ടറുടെ സഹായം തേടണം.

10. മദ്യം വേണ്ട

പെട്ടെന്നു കുഴഞ്ഞു വീണുള്ള മരണത്തിൽ പുരുഷന്മാർക്കു സ്ത്രീകളേക്കാൾ ഇരട്ടി സാധ്യത ഉണ്ടെന്നാണു പഠനങ്ങൾ പറയുന്നത്. പുകവലിയും മദ്യപാനവും പോലുള്ള കോംബിനേഷൻ ഘടകങ്ങളാണ് ഈ അപകട സാധ്യതയ്ക്കു പിന്നിൽ. നിങ്ങൾ മദ്യപിക്കുന്നില്ലെങ്കിൽ, അത് ആരംഭിക്കരുത്; നിങ്ങൾ മദ്യം കഴിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. ഇതാണു ഹൃദയാരോഗ്യത്തിലെ ‘ആൽക്കഹോൾ’ സീക്രട്.

ഹൃദയമിടിപ്പ് കേൾക്കാം

∙ പടികൾ കയറുമ്പോഴും മറ്റും ഹൃദയമിടിപ്പ് കൂടുന്നതു ശ്രദ്ധിച്ചിട്ടില്ലേ. നടക്കുമ്പോഴും സ്റ്റെപ് കയറുമ്പോഴും നെഞ്ചു വേദനിക്കുന്നതും അമിതമായി കിതപ്പുണ്ടാകുന്നതു ബ്ലോക്കിന്റെ സൂചനയാണ്. ചെറുപ്പക്കാരിലെ തിരിച്ചറിയപ്പെടാത്ത ഇത്തരം ബ്ലോക്കുകൾ അപകടമാകുന്നതു പെട്ടെന്നാകാം. ഹൃദയാഘാതത്തിന്റെ പ്രധാനലക്ഷണമായ നെഞ്ചുവേദന ആരംഭിച്ചു 30 മിനിറ്റിനു ശേഷമാണു ചികിത്സ തേടുന്നതെങ്കിൽ പോലും മരണസാധ്യത എട്ട് ശതമാനം കൂടുമെന്നാണു കണക്ക്.

∙ ഹൃദയമിടിപ്പിലെ വ്യത്യാസങ്ങൾ കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങളിൽ പ്രധാനം തലചുറ്റലാണ്. ഹൃദയമിടിപ്പ് അസ്വാഭാവികമായി കൂടുന്നതായോ കുറയുന്നതായോ തോന്നിയാൽ ഹൃദയത്തിന്റെ താളം തെറ്റുന്നുണ്ടെന്നു മനസ്സിലാക്കണം. നെഞ്ചിടിപ്പ് കൂടുക, തലചുറ്റുക, അല്ലെങ്കിൽ ബോധംകെട്ടു വീഴുക എന്നീ ലക്ഷണങ്ങൾ അവഗണിക്കരുത്.

∙ കുട്ടികളിലെ ശ്വാസതടസ്സം, കളിക്കുന്നതിനിടയിലും മറ്റും ശ്വാസമെടുക്കാനാകാത്ത അവസ്ഥ, വേഗം തളർന്നു പോകുക, വളർച്ചക്കുറവ്, വളർച്ച മുരടിച്ചതു പോലുള്ള അവസ്ഥ, ശക്തമായ ഹൃദയമിടിപ്പ് എന്നിവയൊക്കെ കരുതലെടുക്കേണ്ട ലക്ഷണങ്ങളാണ്.

പരിശോധനയും ചികിത്സയും

∙ 30 വയസ്സ് കഴിഞ്ഞവർ വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധനകൾ (Master Health Checkup) നടത്തുക, പ്രത്യേകിച്ച് കുടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗ പാരമ്പര്യമുണ്ടെങ്കിൽ. ഫസ്റ്റ് ഡിഗ്രി റിലേഷനിലുള്ള പുരുഷന് 55 വയസ്സിനു മുൻപും സ്ത്രീക്ക് 65 വയസ്സിനു മുൻപും ഹൃദ്രോഗം വന്നിട്ടുണ്ടെങ്കിൽ ഹൈ റിസ്ക് ഗ്രൂപ്പിൽ പെടുത്താം.

∙ രക്തക്കുഴലുകളിലെ കാൽസ്യത്തിന്റെ അളവ് കണ്ടുപിടിക്കുന്ന കാൽസ്യം സ്കോർ, സിടി ആൻജിയോഗ്രാം പോലുള്ളവ വഴി ഹൃദ്രോഗസാധ്യത കണ്ടെത്താം. ഒരു കുടുംബത്തിൽ തന്നെ പലർക്കു ഹൃദ്രോഗം ഉണ്ടായിട്ടുണ്ടെങ്കിൽ 20 വയസ്സിൽ തന്നെ പരിശോധന ചെയ്തു തുടങ്ങണം. തുടക്കത്തിൽ തന്നെ മരുന്നുകൾ കഴിച്ചാൽ ഭാവിയിലെ ഹൃദ്രോഗ സാധ്യത കുറയ്ക്കാം.

∙ രക്തധമനികളിലെ ബ്ലോക്കുകൾക്കും തുടക്കഘട്ടത്തിൽ മരുന്നുകൾ മതിയാകും. എന്നാൽ സങ്കീർണമായ ഘട്ടത്തിൽ ആൻജിയോപ്ലാസ്റ്റി വേണ്ടിവരും. പല രക്തക്കുഴലുകളിൽ ബ്ലോക് ഉണ്ടെങ്കിൽ ബൈപാസ് സർജറി വേണം. ആജീവനാന്തം മരുന്നും കഴിക്കണം.

ജിമ്മും ഹൃദയവും

∙ ജിമ്മിൽ ചേരാൻ തീരുമാനിക്കുക, പെട്ടെന്നു ഭാരം കുറയ്ക്കാൻ ആലോചിക്കുക തുടങ്ങിയ ഘട്ടങ്ങളിൽ കുടുംബത്തിലെ ഹൃദ്രോഗ പാരമ്പര്യം മുതൽ നിലവിലെ ആരോഗ്യസ്ഥിതി വരെ ഡോക്ടറുടെ മേൽനോട്ടത്തിൽ വിലയിരുത്തി കുഴപ്പങ്ങളില്ലെന്ന് ഉറപ്പാക്കണം.

∙ പുകവലി, മദ്യപാനം, ലഹരി ഉപയോഗം എന്നിവ  ജിമ്മിനൊപ്പം നല്ലതല്ല. അവ ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും.

∙ ജിമ്മിനൊപ്പം ദിനചര്യകൾ ചിട്ടയാക്കുന്നതു വളരെ പ്രധാനമാണ്. ആറു മണിക്കൂറെങ്കിലും നന്നായി ഉറങ്ങാൻ പറ്റിയില്ലെങ്കിൽ പിറ്റേദിവസം നടപ്പ് പോലുള്ള ചെറു വ്യായാമങ്ങൾ മതി. രണ്ടോ മൂന്നോ ദിവസം യാത്രയും മറ്റുമായി ഉറക്കം ശരിയായില്ലെങ്കിലും അടുത്ത ദിവസം ജിം ഒഴിവാക്കാം.

∙ ഹൃദയമിടിപ്പിലെ ഏറ്റക്കുറച്ചിൽ വച്ചാണ് ഒരാൾക്കു ചെയ്യാനാകാവുന്ന വ്യായാമങ്ങൾ തീരുമാനിക്കുക. ഇതിനായി 220ൽ നിന്ന് നിങ്ങളുടെ വയസ്സ് കുറയ്ക്കാം. അതായത് 40 വയസ്സുള്ള ആൾക്ക് താങ്ങാനാകുന്ന പരമാവധി ഹൃദയമിടിപ്പ് മിനിറ്റിൽ 180 ആണ് (220– 40). അതിന്റെ 80 ശതമാനം വരെയേ (140) ഹെവി വർക്കൗട്ട് ചെയ്യുമ്പോൾ ആകാവൂ. അതിനു മുകളിലേക്കു കയറുന്നതു ഹൃദയത്തിന്റെ ആരോഗ്യത്തിനു ഭീഷണിയാകും.

∙ പെട്ടെന്ന് അമിതവ്യായാമം ചെയ്യുന്നവരിൽ ഹൃദയമിടിപ്പു വളരെ വേഗം കൂടുകയും രക്തസമ്മർദം വർധിച്ചു കുഴഞ്ഞുവീഴുകയോ ഹൃദയാഘാതമോ സ്ട്രോക്കോ വരുകയോ ചെയ്യാം. അതിനാൽ വ്യായാമത്തിനു മുൻപ് വാം അപ്പും വ്യായാമത്തിനു ശേഷം കൂൾ ഡൗണും ചെയ്യാൻ മടിക്കരുത്. 

Credits: ഡോ. ആർ. മനു,  സീനിയർ കൺസൽറ്റന്റ്, ഇന്റർവെൻഷനൽ കാർഡിയോളജി വിഭാഗം, മെഡിട്രീന ഹോസ്പിറ്റൽ, കൊല്ലം

Preventing Heart Disease in Young Adults:

Heart disease is increasingly affecting younger populations, but adopting proper lifestyle habits can prevent up to 80 percent of related deaths. Cardiovascular issues often stem from unmanaged risk factors like smoking, high blood pressure, and elevated cholesterol levels. Maintaining a healthy body weight through balanced nutrition and regular physical exercise significantly reduces cardiac stress. Individuals should monitor their blood sugar and blood pressure levels regularly starting from an early age. Managing psychological stress and ensuring adequate daily sleep are crucial for long-term heart protection. Finally, scheduling routine medical examinations helps detect early signs of arterial blockages and prevents fatal incidents.

ADVERTISEMENT