ADVERTISEMENT

തലയുടെ പിൻഭാഗത്ത് വൈദ്യുതാഘാതം പോലെ വേദനയുണ്ടാകുന്നുണ്ടോ? തലമുടി ചീകുമ്പോൾ പോലും അസഹ്യമായ വേദനയാണോ? 

ഓക്സിപിറ്റൽ ന്യൂറാൽജിയ (Occipital Neuralgia) എന്ന നാഡീവേദന തിരിച്ചറിയൂ!

ADVERTISEMENT

തലയുടെ പിൻഭാഗത്ത് പെട്ടെന്ന് വൈദ്യുതാഘാതമേറ്റതുപോലെ ഒരു വേദന! കഴുത്തിൽനിന്ന് തലയിലേക്ക് മിന്നൽപോലെ പാഞ്ഞുകയറുന്ന അനുഭവം! ചിലപ്പോൾ തലമുടി ചീകുമ്പോഴോ തലയിണയിൽ തലവെക്കുമ്പോഴോ പോലും അസഹ്യമായ വേദന!

നിങ്ങൾക്കോ പരിചയത്തിലുള്ളവർക്കോ ഇത്തരമൊരു അനുഭവമുണ്ടായിട്ടുണ്ടോ?

ADVERTISEMENT

പലരും ഇതിനെ സാധാരണ തലവേദനയെന്നോ കഴുത്തിലെ പേശിവേദനയെന്നോ കരുതി അവഗണിക്കാറുണ്ട്. എന്നാൽ ചിലരിൽ ഇതിന് പിന്നിൽ ഓക്സിപിറ്റൽ ന്യൂറാൽജിയ എന്ന നാഡീവേദനയായിരിക്കാം.

എന്താണ് ഓക്സിപിറ്റൽ ന്യൂറാൽജിയ?

ADVERTISEMENT

കഴുത്തിന്റെ മുകൾഭാഗത്തു നിന്ന് തലയുടെ പിൻഭാഗത്തേക്കും ശിരോചർമത്തിലേക്കും സംവേദനങ്ങൾ എത്തിക്കുന്ന നാഡികളാണ് ഓക്സിപിറ്റൽ നാഡികൾ ( Occipital Nerve).

ഈ നാഡികൾക്ക് അമർച്ചയോ ക്ഷോഭമോ ഉണ്ടാകുമ്പോൾ തലയുടെ പിൻഭാഗത്ത് കുത്തുന്നതുപോലെയോ വൈദ്യുതാഘാതമേറ്റതു പോലെയോ ശക്തമായ വേദന അനുഭവപ്പെടാം.

പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം?

1. തലയുടെ പിൻഭാഗത്ത് പെട്ടെന്നുണ്ടാകുന്ന കഠിനമായ, മിന്നൽപോലുള്ള വേദന.

2. കഴുത്തിന്റെ മുകൾഭാഗത്തുനിന്ന് തലയിലേക്ക് പടരുന്ന വേദന.

3. തലയുടെ ഒരു വശത്തോ ഇരുവശങ്ങളിലോ വേദന അനുഭവപ്പെടാം.

4. ഏതാനും നിമിഷങ്ങൾമുതൽ മിനിറ്റുകൾവരെ നീളുന്ന ആവർത്തിച്ചുള്ള വേദന.

5. തലമുടി ചീകുമ്പോഴോ തലയിണയിൽ തലവെക്കുമ്പോഴോ വേദന വർധിക്കുക.

6. തലയുടെ പിൻഭാഗത്ത് സ്പർശിക്കുമ്പോൾ അമിതമായ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക.

ഇത്തരം ലക്ഷണങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ വെറും തലവേദനയെന്ന് കരുതി അവഗണിക്കരുത്! ഓക്സിപിറ്റൽ ന്യൂറാൽജിയ ഉൾപ്പെടെയുള്ള നാഡീവേദനകളുടെ ലക്ഷണങ്ങളാകാം ഇവ. 

ശരിയായ രോഗനിർണയത്തിലൂടെ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ സാധിക്കും!

എന്തുകൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്?

കഴുത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും നാഡാമൂലങ്ങളിൽനിന്ന് ഉത്ഭവിക്കുന്ന ഓക്സിപിറ്റൽ നാഡികൾക്ക് അമർച്ചയോ ക്ഷോഭമോ ഉണ്ടാകുന്നതാണ് പ്രധാന കാരണം.

കഴുത്തിലെ പേശികളുടെ അമിതമായ മുറുക്കം, നാഡികൾക്കുണ്ടാകുന്ന അമർച്ച, കഴുത്തിലെ തേയ്മാനവുമായി ബന്ധപ്പെട്ട സന്ധിമാറ്റങ്ങൾ, പരിക്കുകൾ, അപൂർവമായി മുഴകൾ എന്നിവ ഇതിന് കാരണമാകാം. എന്നാൽ പലരിലും വ്യക്തമായ കാരണം കണ്ടെത്താനാകില്ല.

തലയുടെ പിൻഭാഗത്തുണ്ടാകുന്ന എല്ലാ വേദനകളും ഓക്സിപിറ്റൽ ന്യൂറാൽജിയയല്ല! മൈഗ്രെയ്ൻ, കഴുത്തിലെ സന്ധികളിൽനിന്ന് ഉത്ഭവിക്കുന്ന തലവേദന തുടങ്ങിയവയ്ക്കും സമാനമായ ലക്ഷണങ്ങളുണ്ടാകാം.

അതിനാൽ കൃത്യമായ നാഡീപരിശോധനയിലൂടെ രോഗം തിരിച്ചറിയേണ്ടത് പ്രധാനമാണ്.

രോഗം എങ്ങനെ തിരിച്ചറിയാം?

രോഗലക്ഷണങ്ങളും നാഡീപരിശോധനയുമാണ് രോഗനിർണയത്തിൽ പ്രധാനം.

ആവശ്യമെങ്കിൽ കഴുത്തിന്റെയോ തലച്ചോറിന്റെയോ എം.ആർ.ഐ.( MRI) പരിശോധന നടത്താം. ചിലരിൽ പ്രത്യേക നാഡിയിലേക്ക് മരുന്ന് കുത്തിവെച്ച് വേദന കുറയുന്നുണ്ടോ എന്ന് പരിശോധിക്കുന്നതും രോഗനിർണയത്തിന് സഹായിക്കും.

ചികിത്സയുണ്ടോ?

തീർച്ചയായും!

ശരിയായ രോഗനിർണയത്തിലൂടെ പലരിലും വേദന ഫലപ്രദമായി നിയന്ത്രിക്കാനാകും.

രോഗകാരണവും വേദനയുടെ തീവ്രതയും അനുസരിച്ച് നാഡീവേദന നിയന്ത്രിക്കുന്ന പ്രത്യേക മരുന്നുകൾ, പേശികളുടെ മുറുക്കം കുറയ്ക്കാനുള്ള ചികിത്സ, ഫിസിയോതെറാപ്പി എന്നിവ പ്രയോജനപ്പെടാം.

ആവശ്യമെങ്കിൽ ഓക്സിപിറ്റൽ നാഡിക്ക് ചുറ്റും മരുന്ന് കുത്തിവെക്കുന്ന ചികിത്സ (Occipital Nerve Block) നൽകാം.

ചികിത്സയോടും നിയന്ത്രിക്കാനാകാത്ത ഗുരുതരമായ വേദനയുള്ള തിരഞ്ഞെടുത്ത രോഗികളിൽ നാഡികളെ വൈദ്യുതിയിലൂടെ ഉത്തേജിപ്പിക്കുന്ന ചികിത്സയോ (Nerve Stimulation), നാഡിയിലെ അമർച്ച ഒഴിവാക്കാനുള്ള ശസ്ത്രക്രിയയോ പരിഗണിക്കാം.

ഇത്തരം വേദനയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

1. ദീർഘനേരം തല കുനിച്ച് മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

2. കഴുത്തിന് അമിതമായ ആയാസമുണ്ടാക്കുന്ന ശീലങ്ങൾ നിയന്ത്രിക്കുക.

3. കഴുത്തിൽ ശക്തമായി തിരുമ്മുന്നതും ബലമായി തിരിക്കുന്നതും ഒഴിവാക്കുക.

4. കഴുത്തിന് അനുയോജ്യമായ തലയിണയും ശരിയായ ഇരിപ്പുരീതിയും ശ്രദ്ധിക്കുക.

5. ഡോക്ടറുടെ നിർദേശമില്ലാതെ വേദനസംഹാരികൾ പതിവായി കഴിക്കരുത്.

ഇത്തരം മുൻകരുതലുകൾ ചിലരിൽ വേദനയുടെ തീവ്രത കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ ഇവ രോഗത്തിനുള്ള ചികിത്സയ്ക്ക് പകരമല്ല.

എപ്പോൾ അടിയന്തര ചികിത്സ തേടണം?

പെട്ടെന്ന് ജീവിതത്തിലുണ്ടായതിൽ ഏറ്റവും ശക്തമായ തലവേദന, കൈകാലുകൾക്ക് ബലക്കുറവ്, സംസാരതടസ്സം, പനി, കഴുത്തിന് കടുത്ത മുറുക്കം, കാഴ്ചയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ എന്നിവയുണ്ടെങ്കിൽ ഉടൻ ആശുപത്രിയിലെത്തണം.

ഇവയെ സാധാരണ നാഡീവേദനയായി അവഗണിക്കരുത്.

അവസാനമായി ഒരു കാര്യം!

തലവേദന ഒരു രോഗം മാത്രമല്ല, ചിലപ്പോൾ ശരീരം നൽകുന്ന പ്രധാന മുന്നറിയിപ്പുകൂടിയാണ്!

ആവർത്തിച്ചുണ്ടാകുന്ന അസാധാരണ തലവേദനയെ വേദനസംഹാരികൾകൊണ്ട് മാത്രം നിയന്ത്രിക്കാൻ ശ്രമിക്കരുത്. അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയാണ് പ്രധാനം.

ഓർക്കുക!

എല്ലാ തലവേദനകളും ഒരുപോലെയല്ല. വേദനയുടെ സ്വഭാവം തിരിച്ചറിയുന്നതും അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതുമാണ് ശരിയായ ചികിത്സയുടെ അടിസ്ഥാനം.

വേദന സഹിച്ച് ജീവിക്കേണ്ട ഒന്നല്ല. കൃത്യമായ രോഗനിർണയവും അനുയോജ്യമായ ചികിത്സയും പലരുടെയും ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്തും!

എഴുത്ത്: ഡോ. അരുൺ ഉമ്മൻ, ന്യൂറോ സർജൻ

Understanding Occipital Neuralgia And Sharp Head Pain:

Occipital Neuralgia is a distinct type of nerve pain characterized by sudden, sharp shocks or severe burning sensations in the back of the head and scalp. People suffering from this condition often feel agonizing pain even while simply brushing their hair or resting on a pillow. Many individuals mistakenly dismiss these severe symptoms as ordinary headaches or simple neck muscle strains. However, the root cause involves compression or irritation of the occipital nerves originating in the upper neck region. Accurate medical diagnosis through clinical examination and proper imaging is essential to differentiate it from migraines or other headaches. Effective treatment options range from specialized medications and physical therapy to nerve blocks and targeted medical procedures. Recognizing these warning signs early allows patients to seek appropriate neurological care and significantly improve their daily quality of life.

ADVERTISEMENT