ADVERTISEMENT

പ്രമേഹം വരുന്ന  പ്രായം നാൾക്കുനാൾ കുറഞ്ഞു വരുന്നു. പ്രമേഹത്തിന്റെ ഈ ‘പ്രായക്കുറവിന് ’ പിന്നിലെ പ്രധാന വില്ലനെ തിരിച്ചറിയാം.

പ്രായം കുറഞ്ഞു കുറഞ്ഞ്  പ്രമേഹം ചെറുപ്പക്കാരിലേക്കും കുട്ടികളിലേക്കും പടരുകയാണ്. ഒരു സംഭവകഥയിൽ നിന്നു തുടങ്ങാം. കുറച്ചു ദിവസങ്ങൾക്കു മുൻപ്, ഒരമ്മയേയും രണ്ടു മക്കളേയും കാണാനിടയായി. രോഗികളായി എത്തിയതു മക്കളായിരുന്നു. 12 വയസ്സും 14 വയസ്സും പ്രായം. ഒരാൺകുട്ടിയും പെൺകുട്ടിയും. അവരുടെ ബ്ലഡ്  റിസൽറ്റ് കണ്ടപ്പോൾ ഞെട്ടിപ്പോയി. കാരണം, ശരാശരി ബ്ലഡ് ഗ്ലൂക്കോസ് എവൺസി (HbA1c) രണ്ടു പേരുടെയും ഏകദേശം 12 ശതമാനത്തിൽ കൂടുതലായിരുന്നു. കൊളസ്ട്രോൾ 250-ലധികം. വൃക്കകളുമായി ബന്ധപ്പെട്ട ചില വ്യതിയാനങ്ങളുടെ സൂചനകളും ഉണ്ടായിരുന്നു.

ADVERTISEMENT

ഈ കുട്ടികളെ കാണുന്നതിനു മുൻപ് റിസൽറ്റ് മാത്രം കണ്ടപ്പോൾ കരുതിയത് ഈ രണ്ടു പേർക്കും ടൈപ്പ് 1 ഡയബറ്റിസ് ആകുമെന്നാണ്. പക്ഷേ, യഥാർഥത്തിൽ അവർക്ക് ടൈപ്പ് 2 ഡ യബറ്റിസ് ആയിരുന്നു.

കുട്ടികളുടെ ഭക്ഷണശീലങ്ങളെക്കുറിച്ച് അമ്മയോട് ചോദിച്ചപ്പോൾ, അവർക്ക് ഭക്ഷണത്തോടു വലിയ താൽപര്യമാണെന്നും ഭക്ഷണം നിയന്ത്രിക്കാൻ ശ്രമിച്ചാൽ ദേഷ്യപ്പെടുകയും എതിർക്കുകയും ചെയ്യാറുണ്ടെന്നും മനസ്സിലായി. 

ADVERTISEMENT

ഭക്ഷണശീലങ്ങൾ ചെറുപ്പത്തിൽത്തന്നെ ആരോഗ്യകരമായി രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം ഓർമിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണശീലം  കുട്ടികളിൽ കുഞ്ഞുനാളിലെ രൂപപ്പെടുത്താൻ ശ്രമിക്കണം. പ്രായം കൂടുംതോറും അവർക്കു പ്രമേഹം കൂടി വന്നു കഴിഞ്ഞാൽ ഭയങ്കര വിശപ്പായിരിക്കും. അപ്പോൾ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

പ്രമേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു നമുക്കു വർഷങ്ങളായി അറിവുണ്ട്. എന്നാൽ, അമിതവണ്ണത്തിനും അതിലേറെ പ്രാധാന്യം നൽകേണ്ടതുണ്ട്. കാരണം, അമിതവണ്ണം മൂലം ഉ ണ്ടാകാവുന്ന നിരവധി രോഗങ്ങളിൽ ഒന്നു മാത്രമാണു പ്രമേഹം. അമിതവണ്ണം ചിലതരം കാൻസറുകളുടെ സാധ്യത വർധിപ്പിക്കാം. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലൂടെ ഫാറ്റി ലിവർ ഉണ്ടാകാം. ചിലരിലതു ഗുരുതരമായ കരൾരോഗങ്ങളായും ലിവർ സിറോസിസായും മാറാം. അതിനാൽ പ്രമേഹചികിത്സയിലെ പ്രധാനഘടകമാണ് അമിതവണ്ണത്തെ രോഗമായി കണ്ടുനേരിടുക എന്നത്.

ADVERTISEMENT

കുട്ടികളിലെ അമിതവണ്ണം

കുട്ടിക്കാലത്ത് അമിതവണ്ണം ഉണ്ടാകുമ്പോൾ അതു തിരിച്ചറിയാൻ പലപ്പോഴും മാതാപിതാക്കൾക്കു സാധിക്കുന്നില്ല. അമിതവണ്ണം എന്താണെന്നും അതു കുട്ടിയുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നും പലർക്കും വ്യക്തമായ ധാരണയില്ല. ചുറ്റുമൊന്നു കണ്ണോടിച്ചാൽ  ഭാരക്കൂടുതലുള്ള ധാരാളം കുട്ടികളെ നമുക്കു കാണാം. സമൂഹത്തിൽ അമിതവണ്ണം ഇത്രയധികം വ്യാപകമാകുമ്പോൾ, അതൊരു സാധാരണ അവസ്ഥയാണെന്ന് ആളുകൾ കരുതുന്നതു സ്വാഭാവികമാണ്. അങ്ങനെ അമിതവണ്ണത്തെ ആരോഗ്യപ്രശ്നമായി തിരിച്ചറിയുന്നതിൽ വീഴ്ച സംഭവിക്കുന്നു.

കുട്ടികൾക്കു വളരെ ചെറുപ്പത്തിൽത്തന്നെ വീട്ടിൽ നൽകുന്ന ഭക്ഷണത്തിന്റെ തെറ്റായ തിരഞ്ഞെടുപ്പും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും അമിതവണ്ണത്തിനു കാരണമാകാം. ഇതോടൊപ്പം ശാരീരിക പ്രവർത്തനങ്ങളുടെ കുറവും പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നു. 15 വയസ്സിനോടടുക്കുമ്പോൾ പഠനസംബന്ധമായ സമ്മർദം വർധിക്കും. രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കില്ല; പകൽ സമയത്തും വിശ്രമിക്കാൻ സാധിക്കില്ല. കൗമാരത്തിലേക്കു കടക്കുന്ന വിദ്യാർഥികൾക്ക്  ഐടി  പ്രഫഷനലുകളെപ്പോലെ കടുത്ത മത്സരവും സമ്മർദവും നേരിടേണ്ടിവരുന്നു.  ഈ കടുത്ത മത്സരത്തിനിടയിൽ നമുക്കു നഷ്ടപ്പെടുന്നത്, സത്യത്തിൽ, ആരോഗ്യമാണ്. എല്ലാ തൊഴിൽമേഖലകളിലും ഈ സാഹചര്യം കാണാൻ കഴിയും.

അമിതവണ്ണം: ചികിത്സയും മരുന്നുകളും

പ്രമേഹം പല തരത്തിലുണ്ടെങ്കിലും പ്രമേഹരോഗികളിൽ ഏകദേശം 95 ശതമാനം പേർക്കും ടൈപ്പ് 2 പ്രമേഹമാണ്. അമിതവണ്ണവും വയറിനു ചുറ്റുമുള്ള കൊഴുപ്പിന്റെ വർധനയും ഇൻസുലിന്റെ പ്രവർത്തനക്ഷമത കുറയ്ക്കുകയും ഇൻസുലിൻ പ്രതിരോധത്തിലേക്കു നയിക്കുകയും ചെയ്യും. ഇതാണ് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അ നുസരിച്ച്, 10 വയസ്സു വരെയുള്ള കുട്ടികളിലെ അമിതവണ്ണം ഭക്ഷണക്രമീകരണവും വ്യായാമവും ഉൾപ്പെടെയുള്ള ജീവിതശൈലി മാറ്റങ്ങളിലൂടെ ചികിത്സിക്കാൻ ശ്രമിക്കണം. കഴിയുന്നത്ര മരുന്നുകൾ ഒഴിവാക്കി ഈ മാർഗങ്ങളിലൂടെ ശരീരഭാരം നിയന്ത്രിക്കാനാണു മുൻഗണന നൽകേണ്ടത്. എന്നാൽ, ഇന്ത്യയിലെ ചികിത്സാനിർദേശങ്ങൾ പരിശോധിക്കുമ്പോൾ, സെമാഗ്ലൂട്ടൈഡ് പോലുള്ള ആഴ്ചയിലൊരിക്കൽ നൽകുന്ന ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകൾക്ക് 12 വയസ്സു മുതൽ അംഗീകാരമുണ്ട്.

12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിൽ 60 കിലോഗ്രാമിൽ കൂടുതൽ ശരീരഭാരമുണ്ടായിരിക്കുകയും ഭക്ഷണക്രമീകരണവും വ്യായാമവും വഴി ആവശ്യമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ, അമിതവണ്ണം ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയോ അതിനുള്ള സാധ്യത നിലനിൽക്കുകയോ ചെയ്താൽ ചികിത്സ ആവശ്യമായി വരാം. അമിതവണ്ണം രോഗാവസ്ഥയാണ്; അതിനു ചികിത്സയും തുടർപരിചരണവും നൽകണം.

ആയുർദൈർഘ്യം കുറയ്ക്കും

ചെറുപ്പത്തിൽത്തന്നെ അമിതവണ്ണവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും ആരംഭിച്ചാൽ, ഭാവിയിൽ സ ങ്കീർണതകൾ വർധിക്കും. ആയുർദൈർഘ്യത്തെപ്പോലും ഇതു ബാധിച്ചേക്കാം. ഇത്തരമൊരു അവസ്ഥ വരാതിരിക്കാൻ കുട്ടികൾക്കു മാതാപിതാക്കൾ മാതൃകയാകണം. അ വർ  സ്വന്തം ആരോഗ്യത്തിനു പ്രാധാന്യം നൽകണം. മാതാപിതാക്കൾ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണം. അവർ വ്യായാമം ചെയ്യുന്നതു കാണുമ്പോൾ കുട്ടികളും അതേ ശീലം പിന്തുടരാൻ സാധ്യതയുണ്ട്.

2509676439

കുട്ടികളെ കളിക്കാൻ അനുവദിക്കണം

പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളുടെ ശരീരഭാരം അവരുടെ പ്രായത്തിനും വളർച്ചയ്ക്കും അനുസൃതമായ വളർച്ചാപട്ടികയേക്കാൾ കൂടുതലാണെങ്കിൽ, അതിനെ  ആരോഗ്യപ്രശ്നമായി മാതാപിതാക്കൾ കാണണം. കുട്ടി നന്നായി വണ്ണംവച്ചിരിക്കുന്നു, മിടുക്കനാണ്, മിടുക്കിയാണ്, സുന്ദരനാണ്, സുന്ദരിയാണ് എന്നിങ്ങനെ കരുതി അമിതവണ്ണത്തെ അവഗണിക്കരുത്.

അമിതമായി ഭക്ഷണം നൽകി കുട്ടികളുടെ ശരീരഭാരം കൂട്ടുന്നതിനു പകരം, അവരെ പുറത്തുപോയി കായികപ്രവർത്തനങ്ങളിൽ ഏർപ്പെടാനും ധാരാളം കളിക്കാനും അ നുവദിക്കണം. കുട്ടികൾക്ക് ഇഷ്ടമുള്ള ചില ഭക്ഷണങ്ങളിൽ കൊഴുപ്പും കാലറിയും കൂടുതലായിരിക്കാം. വളരെ ചെറുപ്പത്തിൽത്തന്നെ ഇത്തരം ഭക്ഷണങ്ങൾ പതിവാക്കിയാൽ, അവയോടുള്ള താൽപര്യം പിന്നീടു വർധിക്കുകയും ഒരു പ്രായം കഴിഞ്ഞാൽ ആ ഭക്ഷണശീലം മാറ്റുന്നതു ബുദ്ധിമുട്ടാകുകയും ചെയ്യാം. ചില ഭക്ഷണങ്ങളോടുള്ള അമിതമായ താൽപര്യം ആശ്രിതത്വത്തിനു സമാനമായ ശീലങ്ങളിലേക്കും നയിച്ചേക്കാം.

ഫാസ്റ്റ് ഫൂഡ് ഉൾപ്പെടെയുള്ള ചില ഭക്ഷണങ്ങളോടുള്ള അമിതമായ താൽപര്യവും നിയന്ത്രണമില്ലാത്ത ഉപഭോഗവും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ രൂപപ്പെടുത്തുന്നതിനു തടസ്സമാകാം. അതിനാൽ ഇത്തരം ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം കുട്ടിക്കാലത്തുതന്നെ പരിമിതപ്പെടുത്താൻ ശ്രമിക്കണം.

ഒരു പ്രായം കഴിഞ്ഞു കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണം പെട്ടെന്നു നിഷേധിക്കുമ്പോൾ അവരുടെ പെരുമാറ്റത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നതായി കാണാം. ഇതു ചില സാഹചര്യങ്ങളിൽ മാനസികസമ്മർദത്തിനും മറ്റു മാനസിക ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം. 

അതിനാൽ ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുമ്പോൾ കുട്ടികളെ കുറ്റപ്പെടുത്തുകയോ പെട്ടെന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാതെ, സ്നേഹപൂർവവും ക്രമാനുഗതവുമായ സമീപനം സ്വീകരിക്കണം. ഓർക്കുക, അമിതവണ്ണവും വയറിനു ചുറ്റുമുള്ള കൊഴുപ്പിന്റെ വർധനയും ഇൻസുലിന്റെ പ്രവർത്തനക്ഷമത കുറയ്ക്കുകയും പ്രമേഹത്തിലേക്കു നയിക്കുകയും ചെയ്യും.

പ്രമേഹം തലച്ചോറിനെയും ബാധിക്കാം

ടൈപ്പ് 1 പ്രമേഹമായാലും ടൈപ്പ് 2 പ്രമേഹമായാലും, വർഷങ്ങളോളം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയർന്നുനിൽക്കുന്നതു വിവിധ അവയവങ്ങളെ ബാധിക്കാം. അതുപോലെതന്നെ തലച്ചോറിന്റെ പ്രവർത്തനത്തെയും ഇതു ബാധിക്കാം. ഓർമശക്തി കുറയുക, ജോലിയിലോ പഠനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, പെരുമാറ്റത്തിൽ മാറ്റങ്ങൾ ഉണ്ടാകുക തുടങ്ങിയ പ്രശ്നങ്ങൾ ചിലരിൽ പ്രത്യക്ഷപ്പെടാം.

കുട്ടികളുടെ ആരോഗ്യത്തിനു മാതാപിതാക്കളും അ ധ്യാപകരും പ്രാധാന്യം നൽകണം. ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കി കുട്ടികളുടെ ഭക്ഷണം വേണ്ടവിധത്തിൽ ക്രമീകരിക്കുകയും അവർ വളർന്നുവരുന്ന സാഹചര്യത്തിൽ സ്നേഹപൂർവം ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വമാണ്. നമ്മൾ കുട്ടികളോട് എപ്പോഴും ‘പഠിക്ക്, പഠിക്ക്, പഠിക്ക്’ എന്നു പറയുന്നതിനു പകരം, അവരുടെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനു തുല്യപ്രാധാന്യം നൽകണം.  

അമിതവണ്ണവും പിസിഒഎസും

പെൺകുട്ടികളിൽ അമിതവണ്ണവുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഒവറി സിൻഡ്രോം (PCOS). ഇത് ആർത്തവക്രമക്കേടുകൾക്കും ചിലരിൽ പിന്നീട് ഗർഭധാരണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം. ഇന്ത്യൻ ജനവിഭാഗങ്ങളിൽ BMI 23 മുതൽത്തന്നെ പ്രമേഹം ഉൾപ്പെടെയുള്ള ഉപാപചയ രോഗങ്ങളുടെ അപകടസാധ്യത വർധിക്കാം.

ശരീരപ്രകൃതി മെലിഞ്ഞതാണെന്ന് തോന്നിയാലും അരക്കെട്ടിന്റെ ചുറ്റളവു കൂടുകയോ അരക്കെട്ടിന്റെ ചുറ്റളവും ഉയരവും തമ്മിലുള്ള അനുപാതം (Waist-to-Height Ratio) വർധിക്കുകയോ ചെയ്താൽ വയറിനുചുറ്റുമുള്ള കൊഴുപ്പുമായി ബന്ധപ്പെട്ട ആ രോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതകൾ ഉണ്ടാകാം. 

അതിനാൽ BMI മാത്രം നോക്കുന്നതിനു പകരം, അരക്കെട്ടിന്റെ ചുറ്റളവിനും അതിന്റെ അനുപാതത്തിനും പ്രാധാന്യം നൽകണം.

പ്രമേഹ പരിശോധന എപ്പോൾ?

പണ്ടു പ്രമേഹം സാധാരണയായി കണ്ടുവന്നിരുന്നത് ശരാശരി 50 വയസ്സിനോടടുത്തായിരുന്നു. എന്നാൽ, ഇ പ്പോൾ പ്രമേഹം  പ്രത്യക്ഷപ്പെടുന്ന പ്രായം ക്രമേണ കുറഞ്ഞുവരികയാണ്. ഏകദേശം ഇരുപത്തിയഞ്ചിനോടടുത്തു പ്രമേഹം കണ്ടെത്തുന്ന സാഹചര്യം ഇന്നു കണ്ടുവരുന്നു. പ്രമേഹത്തിനുള്ള സ്ക്രീനിങ് പരിശോധനകൾ 40/50 വയസ്സിൽ മാത്രം ആരംഭിക്കാതെ, 25 വയസ്സു മുതൽ തുടങ്ങണം. അല്ലാത്തപക്ഷം, പലരിലും പ്രമേഹം കണ്ടെത്താതെ പോകാനുള്ള സാധ്യതയുണ്ട്.

പ്രമേഹം ആരംഭിച്ച് ശരാശരി എട്ടു വർഷങ്ങൾക്കുശേഷമായിരിക്കാം ചിലരിൽ രോഗം തിരിച്ചറിയപ്പെടുന്നത്. പ്രായം കുറഞ്ഞവരുടെ കാര്യത്തിൽ ഇത്രയും വർഷം രോഗനിർണയം വൈകിയാൽ പ്രമേഹസങ്കീർണതകൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യത വർധിക്കും. പ്രമേഹം ആരംഭിക്കുന്ന പ്രായം കുറയുന്നതിനനുസരിച്ച്, രോഗവുമായി കൂടുതൽ വർഷങ്ങൾ ജീവിക്കേണ്ടിവരുന്നു.

Credits: ഡോ. ജ്യോതിദേവ് കേശവദേവ്,  ചെയർമാൻ, ജ്യോതിദേവ്സ് ഡയബറ്റിസ് ആൻഡ് റിസർച്ച് സെന്റർ. തിരുവനന്തപുരം 

Rising Diabetes Rates Among Youth and Children:

Diabetes is increasingly affecting younger populations, including children and teenagers, due to poor dietary habits and rising obesity rates. Recent clinical observations reveal young patients developing severe type 2 diabetes alongside high cholesterol and early kidney strain. Childhood obesity is frequently overlooked by parents who mistake physical weight gain for normal health or attractiveness. Unhealthy fast food consumption combined with a lack of physical activity and high academic stress significantly degrades adolescent well-being. Furthermore, abdominal fat reduces insulin sensitivity, creating pathways for metabolic disorders like polycystic ovary syndrome in girls. Early screening from the age of twenty-five is now recommended to prevent long-term complications and reduced life expectancy. Parents and educators must therefore prioritize balanced lifestyles, proper nutrition, and active outdoor play over purely academic pressure.

ADVERTISEMENT