ദിവസം രണ്ടു നേരം. അല്ലെങ്കിൽ 24 മണിക്കൂർ ഇടവേളയിൽ ഒരു വട്ടം. എങ്ങാനും മറന്നുപോയാലും അ ഞ്ചോ ആറോ മണിക്കൂറിനുള്ളിൽ എടുത്താലും മതി. ഇൻസുലിന്റെ കാര്യമാണ് പറഞ്ഞുവന്നത്. ഓരോ കാലത്തും കുത്തിവയ്പ്പെടുക്കേണ്ട ദൈർഘ്യം കൂട്ടിക്കൊണ്ട് കൂടുതല് സൗകര്യപ്രദമായ പുതിയ തരം ഇൻസുലിൻ വിപണിയിലെത്തിയിട്ടുണ്ട്. ആ നിരയിലേക്ക് ഒരു സൂപ്പർ സ്റ്റാർ കൂടി വന്നിരിക്കുകയാണ്. ആഴ്ചയിലൊരിക്കൽ മാത്രം എടുത്താൽ മതി എന്ന പ്രത്യേകതയുള്ള പ്രതിവാര ഇൻസുലിൻ ഇൻജക്ഷനായ ഐകോഡെക്.
വർഷം 365 ദിവസവും ഇൻസുലിനെടുക്കുന്നതിന് പകരം 52 തവണ കുത്തിവയ്പ്പെടുത്താൽ മതി എന്നതാണ് ഏറ്റവും വലിയ ആശ്വാസം. പ്രതിവാര ഇൻസുലിൻ ആർക്കൊക്കെ ഉപയോഗിക്കാമെന്നും എന്തൊക്കെ ശ്രദ്ധിക്കണമെന്നും അറിയാം.
പ്രതിവാര ഇൻസുലിൻ ഏതു വിഭാഗത്തിൽ പെടുന്നതാണ് ?
ശരീരത്തിൽ രണ്ടു തരത്തിലാണ് ഇൻസുലിൻ ഉൽപാദിപ്പിക്കപ്പെടുന്നത്, ബേസല് ഇൻസുലിനായും ബോളസ് ഇൻസുലിനായും. നമ്മൾ ഭക്ഷണം കഴിക്കുമ്പോഴും അല്ലാത്തപ്പോഴും അതായത് 24 മണിക്കൂറും നേരിയ അളവിൽ ശരീരത്തിലുള്ളതാണ് ബേസൽ ഇൻസുലിൻ. ഈ ദീർഘനേര ഇൻസുലിനാണ് രാവിലെ ഉറങ്ങിയുണരുമ്പോൾ രക്തത്തിലെ പഞ്ചസാരനില നിയന്ത്രണത്തിൽ നിർത്തുന്നത്. അടുത്തത് ബോളസ് ഇൻസുലിനാണ്. ഭക്ഷണം കഴിക്കുമ്പോൾ ഷുഗർ നില പെട്ടെന്ന് ഉയരും. അതു നിയന്ത്രിക്കുന്നത് ഈ ‘റാപ്പിഡ് ആക്ഷൻ ഇൻസുലിനാ’ണ്.
ശരീരത്തിൽ ഇൻസുലിൻ വേണ്ടത്ര ഉൽപാദിക്കപ്പെടാതിരിക്കുകയോ, പ്രവർത്തനക്ഷമമല്ലാതെയോ വരുമ്പോൾ ഈ പ്രക്രിയകളെ അനുകരിക്കുന്ന തരത്തിലുള്ള ബേസൽ, ബോളസ്, കോംബോ എന്നീ ഇൻസുലിനുകൾ കുത്തിവയ്ക്കേണ്ടിവരും.
ബേസൽ ഇൻസുലിൻ തന്നെ രണ്ടു നേരം കുത്തിവയ്ക്കുന്നതും ഒരു നേരം 24 മണിക്കൂർ കൃത്യതയിൽ കുത്തിവയ്ക്കുന്നതും ദിവസം ഒരു നേരം മാത്രം കുത്തിവയ്ക്കുന്നതും (സമയകൃത്യതയിൽ അഞ്ചോ ആറോ മണിക്കൂർ വ്യത്യാസം വന്നാലും പ്രശ്നമില്ലാത്തവ) ഉണ്ട്. ഇവയുടെ കൂട്ടത്തിലേക്കാണ് ആഴ്ചയിൽ ഒരിക്കൽ മാത്രമെടുക്കേണ്ട ഐകോഡെക് ഇൻസുലിനും എത്തിയിരിക്കുന്നത്.
ബോളസ് ഇൻസുലിൻ ഭക്ഷണം കഴിച്ചശേഷം ഷുഗർനില നിയന്ത്രിക്കാനുള്ളതാണെന്നു പറഞ്ഞല്ലോ. ഇവ ഭ ക്ഷണത്തിന്റെ അരമണിക്കൂർ മുൻപേ അല്ലെങ്കിൽ ഭക്ഷണ ത്തിനു തൊട്ടു മുൻപേ എടുക്കേണ്ട ഇൻസുലിനാണ്.
പിന്നെയുള്ളത് കോംബോ അല്ലെങ്കിൽ പ്രീമിക്സ് ഇൻസുലിനാണ്. ബേസൽ ഇൻസുലിനും ബോളസ് ഇൻസുലിനും പ്രത്യേക അനുപാതത്തിൽ ചേർത്ത ഇൻസുലിനാണിത്. 25 : 75, 50 : 50, 30 : 70 എന്നിങ്ങനെ പല അനുപാതങ്ങളുണ്ട്.
ഐകോഡെക് ഇൻസുലിന്റെ പ്രവർത്തനം എങ്ങനെ ?
ഇൻസുലിന്റെ സ്ട്രക്ചറിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഇവ ഒരാഴ്ചയിലേക്ക് ഉപയോഗിക്കാൻ കഴിയുന്ന ത രത്തിൽ മാറ്റിയിരിക്കുന്നത്. ഏഴു ദിവസം ശരീരത്തിൽ പ്രവർത്തിക്കാനുള്ള ഇൻസുലിനാണ് കുത്തിവയ്ക്കുന്നത്. അതായത് പതിവായി എടുക്കുന്ന യൂണിറ്റിന്റെ ഏഴു മടങ്ങ്. എങ്കിൽ കൂടി ഇവ രക്തത്തിലേക്കു വളരെ സാവധാനമേ എത്തൂ.
ഉദാഹരണത്തിന് 70 യൂണിറ്റ് കുത്തിയാൽ ഒരു ദിവസം ഏതാണ്ട് 10 യൂണിറ്റ് എന്ന കണക്കിലാകും ഇതു രക്തത്തില് കലരുക. അപ്പോഴും ഒറ്റത്തവണയായല്ല, ദിവസത്തിലുടനീളമായാണ് 10 യൂണിറ്റ് രക്തത്തിലെത്തുക.
ഈ ഇൻസുലിനൊപ്പം മറ്റ് ഇൻസുലിൻ നൽകേണ്ടതുണ്ടോ ?
ബേസൽ ഇൻസുലിൻ മാത്രമെടുക്കുന്നവർക്ക് പ്രതിവാര ഇൻസുലിൻ തന്നെ മതിയാകും. എന്നാൽ ബോളസ് ഇൻസുലിൻ വേണ്ടവർക്ക് ഇതിനൊപ്പം അവ തുടരേണ്ടി വരും. ടൈപ് 1 പ്രമേഹരോഗികളുടെ ശരീരത്തിൽ ഇൻസുലിൻ ഉൽപാദനമേയില്ലാത്തതിനാൽ ഇവർക്ക് ബേസൽ മാത്രം മതിയാകില്ല. ചില ടൈപ് 2 പ്രമേഹരോഗികൾക്കും രണ്ടു തരം ഇൻസുലിനും വേണ്ടിവരാറുണ്ട്. കോംബോ ഇൻസുലിൻ പ്രതിവാര ഇൻസുലിനൊപ്പം നൽകാറില്ല. പ്രമേഹത്തിനായി പതിവായി ഗുളിക കഴിച്ചുകൊണ്ടിരുന്നവർ അതു തുടരാൻ നിർദേശിക്കാറുണ്ട്.
പ്രതിവാര ഇൻസുലിന്റെ ഗുണങ്ങൾ എന്തെല്ലാം ?
വർഷം 365 ദിവസവും ഇൻസുലിനെടുക്കുന്നതിന് പകരം 52 തവണ കുത്തിവയ്പ്പ് നടത്തിയാൽ മതി എന്നതാണ് ഏറ്റവും വലിയ മെച്ചം. ബേസൽ ഇൻസുലിൻ ഒരു ദിവസം ഒരു നേരം എടുക്കുന്നതോടൊപ്പം ബോളസ് ഇൻസുലിൻ രണ്ടും മൂന്നും പ്രാവശ്യം എടുക്കേണ്ടി വരുന്നവരുണ്ട്. അവർക്ക് ദിവസേനയുള്ള ഒരു കുത്തിവയ്പ്പ് കുറയ്ക്കാനാകും.
മരുന്നിന്റെ എണ്ണം കുറയുന്നത് രോഗികൾക്ക് മാനസിക സന്തോഷം നൽകും. എല്ലാ ദിവസവും ഇൻജക്ഷൻ എ ടുക്കുക, ആ ഇൻജക്ഷൻ മറന്നുപോയാലുള്ള ശാരീരികപ്രശ്നങ്ങൾ തുടങ്ങിയവ പല പ്രമേഹരോഗികളും നേരിടുന്നതാണ്. അതിനുപകരം ആഴ്ചയിൽ ഒരിക്കൽ മാത്രം എടുത്താൽ മതിയെങ്കിൽ കൂടുതൽ സൗകര്യപ്രദമാകും. അതും ഒരു ദിവസം രാവിലെയോ രാത്രിയോ ഏതെങ്കിലും ഒരു സമയത്ത് എടുത്താൽ മതി. ചെറിയ യാത്രാവേളയിലും മറ്റും സിറിഞ്ചും പെന്നും കൊണ്ടുപോകേണ്ട ആവശ്യവും ഇല്ല.
ടൈപ് 2 പ്രമേഹമുള്ളവരിൽ പ്രതിവാര ഇൻസുലിൻ മറ്റു ബേസൽ ഇൻസുലിനുകളെ അപേക്ഷിച്ച് കൂടുതൽ ഗുണകരമാണെന്നു ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ഹൈപ്പോഗ്ലൈസിമീയ പോലുള്ള പാർശ്വഫലങ്ങൾ വരുമോ ?
ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്നു താഴ്ന്നു പോകുന്ന അവസ്ഥ)യുടെ റിസ്ക് മറ്റു ബേസൽ ഇൻസുലിൻ എടുക്കുന്നവരുടേതു പോലെ തന്നെയേയുള്ളൂ പ്രതിവാര ഇൻസുലിൻ എടുക്കുന്നവർക്കും. സങ്കീർണതകൾ കൂടുതലെന്നോ കുറവെന്നോ പറയാനാകില്ല.
ആഴ്ചയിൽ ഒരു ദിവസം ലോ ഷുഗർ വന്നാൽ ബാക്കി ദിവസങ്ങളിലെല്ലാം ഷുഗർ നില കുറവായിരിക്കുമോ എന്നു പ്രതിവാര ഇൻസുലിൻ എടുക്കുന്നവർക്കു ടെൻഷൻ വരാം. ആ ഭയം വേണ്ട. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞാൽ അൽപം മധുരം കഴിച്ച് അരമണിക്കൂറിനുള്ളി ൽ ഓക്കെയാകാറില്ലേ. അതുപോലെ ഐക്കോഡെക് എ ടുക്കുമ്പോഴും അഥവാ ഷുഗർ നില താഴ്ന്നാൽ അൽപം മധുരം കഴിച്ചാൽ മതി.
ഹൈപ്പോഗ്ലൈസീമിയ വളരെ സൂക്ഷിക്കേണ്ട ഒന്നായതിനാൽ ഇൻസുലിൻ എടുക്കുന്നവർ തുടർച്ചയായി ഗ്ലൂക്കോസ് മോണിറ്ററിങ് ചെയ്യുന്നതാണ് നല്ലത്. പ്രതിവാര ഇൻസുലിനിലേക്കു മാറുമ്പോൾ ആദ്യ മാസങ്ങളിൽ എല്ലാ ആഴ്ചയും ഗ്ലൂക്കോസ് മോണിറ്ററിങ് ആവശ്യമാണ്. ഫാസ്റ്റിങ് ബ്ലഡ് ഷുഗറിന്റെ നില അനുസരിച്ചാണ് ഡോസ് കൂട്ടണോ കുറയ്ക്കണോ എന്നു തീരുമാനിക്കുന്നത്.
ഈ ഇൻസുലിന്റെ വില എത്രയാണ് ?
എത്ര യൂണിറ്റ് ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വില. 700 യൂണിറ്റുള്ള ഇൻസുലിൻ പേനയ്ക്ക് 2600 രൂപ വില വരും. 2100 യൂണിറ്റ് ഉള്ളതിന് 7800 രൂപ. ഒരു യൂണിറ്റിന് 3.75 രൂപ എന്നു കണക്കാക്കാം.
എല്ലാവർക്കും സുരക്ഷിതമാണോ ?
ഇന്ത്യയിൽ ഈ ഇൻസുലിന് അനുമതി ലഭിച്ചത് ഇക്കഴിഞ്ഞ ജൂലൈയിലാണ്.18 വയസ്സു പൂർത്തിയായവർക്കാണ് പ്രതിവാര ഇൻസുലിൻ ഉപയോഗിക്കാൻ നിലവിൽ അനുവാദമുള്ളത്. ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ പ്രതിവാര ഇൻസുലിൻ ഉപയോഗിച്ചു തുടങ്ങാവൂ. ടൈപ് 1, ടൈപ് 2, പാൻക്രിയാറ്റിക് ഡയബറ്റിസ് എന്നിങ്ങനെ പ്രമേഹമലട്ടുന്നവർക്ക് ഇതു നൽകാൻ സാധിക്കും. എന്നാൽ ഗർഭകാല പ്രമേഹത്തിന് ഈ ഇൻസുലിൻ ഉപയോഗിക്കാനാകില്ല. മുലയൂട്ടുന്ന അമ്മമാർക്കും നിർദേശിക്കുന്നില്ല. മാരകമായ വൃക്ക, കരൾ രോഗങ്ങളുള്ളവർക്ക് ഈ ഇൻസുലിൻ ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
Credits: ഡോ. ഗിരീഷ് പി. കൺസൽറ്റന്റ് എൻഡോക്രൈനോളജിസ്റ്റ്, റിനൈ മെഡിസിറ്റി & ഡേ സ്പ്രിങ് മൾട്ടിസ്പെഷ്യാലിറ്റി ക്ലിനിക്, കൊച്ചി