പ്രമേഹം നമ്മുടെ നാഡികളെ നിശബ്ദമായി നശിപ്പിക്കുന്നുണ്ടോ? കാലിലെ ചെറിയൊരു മരവിപ്പു പോലും അവഗണിക്കരുത്!
പ്രമേഹം രക്തത്തിലെ പഞ്ചസാര കൂടുന്ന രോഗം മാത്രമല്ല; നമ്മുടെ തലച്ചോറിനെയും നാഡികളെയും ബാധിച്ച് ജീവിതത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ കഴിയുന്ന രോഗമാണ്!
ഹൃദയാഘാതം, വൃക്കരോഗം, കാഴ്ചനഷ്ടം എന്നിവ പ്രമേഹത്തിന്റെ സങ്കീർണതകളാണെന്ന് പലർക്കും അറിയാം. എന്നാൽ പ്രമേഹം നമ്മുടെ നാഡീവ്യവസ്ഥയെ എത്രത്തോളം അപകടത്തിലാക്കുന്നുവെന്ന് പലരും തിരിച്ചറിയുന്നില്ല.
കാലിലെ ചെറിയൊരു തരിപ്പ്, രാത്രിയിലെ പുകച്ചിൽ, നടക്കുമ്പോഴുള്ള അസ്ഥിരത, ഓർമ്മക്കുറവ്, എഴുന്നേൽക്കുമ്പോഴുള്ള തലകറക്കം — ഇവയെല്ലാം ചിലപ്പോൾ പ്രമേഹം നാഡീവ്യവസ്ഥയെ ബാധിക്കുന്നതിന്റെ സൂചനകളാകാം.
കാലിലെ മരവിപ്പും പുകച്ചിലും- നാഡികൾ നൽകുന്ന മുന്നറിയിപ്പ്!
ദീർഘകാലം രക്തത്തിലെ പഞ്ചസാര ഉയർന്നുനിൽക്കുന്നത് നാഡികളിലെ ഉപാപചയപ്രവർത്തനങ്ങളെയും അവയെ പോഷിപ്പിക്കുന്ന സൂക്ഷ്മരക്തക്കുഴലുകളെയും തകരാറിലാക്കുന്നു. ഇതുമൂലം നാഡികളുടെ സംവേദനശേഷിയും പ്രവർത്തനക്ഷമതയും കുറയുന്ന അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപ്പതി (Diabetic Neuropathy).
സാധാരണയായി കാലിന്റെ വിരലുകളിൽ ആരംഭിച്ച് ക്രമേണ മുകളിലേക്ക് വ്യാപിക്കുന്ന തരിപ്പ്, മരവിപ്പ്, സൂചികുത്തുന്നതുപോലെയുള്ള അനുഭവം, രാത്രിയിൽ വർധിക്കുന്ന പുകച്ചിൽ, വൈദ്യുതാഘാതംപോലെയുള്ള വേദന എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ചിലരിൽ സന്തുലിതാവസ്ഥയും നഷ്ടപ്പെടാം.
എന്നാൽ ഏറ്റവും അപകടകരമായ അവസ്ഥ ചിലപ്പോൾ വേദന അനുഭവപ്പെടാത്തതുതന്നെയാണ്!
സ്പർശം, ചൂട്, വേദന എന്നിവ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുമ്പോൾ കാലിലെ മുറിവുകളോ പൊള്ളലുകളോ രോഗി അറിയണമെന്നില്ല. ഇത് അണുബാധയ്ക്കും ഉണങ്ങാത്ത വ്രണങ്ങൾക്കും ഗുരുതരാവസ്ഥയിൽ കാൽ മുറിച്ചുമാറ്റേണ്ട സാഹചര്യത്തിനും കാരണമാകാം.
അതുകൊണ്ട് പ്രമേഹരോഗികൾ ദിവസവും കാലുകൾ പരിശോധിക്കുകയും വർഷത്തിലൊരിക്കലെങ്കിലും നാഡീസംവേദന പരിശോധിപ്പിക്കുകയും വേണം. വേദനയില്ലാത്തതുകൊണ്ട് നാഡികൾ സുരക്ഷിതമാണെന്ന് കരുതരുത്!
പ്രമേഹവും പക്ഷാഘാതവും- തലച്ചോറിനുള്ള ഭീഷണി!
പ്രമേഹം തലച്ചോറിലേക്കുള്ള രക്തക്കുഴലുകളെയും ബാധിക്കുന്നു. രക്തസമ്മർദവും കൊളസ്ട്രോളും കൂടിയുണ്ടെങ്കിൽ പക്ഷാഘാതസാധ്യത വർധിക്കും.
പെട്ടെന്ന് മുഖം കോടുക, കൈകാലുകൾക്ക് ബലക്കുറവ്, സംസാരിക്കാൻ ബുദ്ധിമുട്ട്, കാഴ്ചക്കുറവ്, സന്തുലിതാവസ്ഥ നഷ്ടപ്പെടൽ എന്നിവയുണ്ടായാൽ അടിയന്തരമായി ആശുപത്രിയിലെത്തണം.
പക്ഷാഘാതത്തിൽ നഷ്ടപ്പെടുന്ന ഓരോ മിനിറ്റും തലച്ചോറിലെ വിലപ്പെട്ട നാഡീകോശങ്ങളുടെ നാശത്തിന് കാരണമാകാം!
ഓർമ്മശക്തിയും ചിന്താശേഷിയും കുറയുന്നുണ്ടോ?
ദീർഘകാല പ്രമേഹം തലച്ചോറിലെ സൂക്ഷ്മരക്തക്കുഴലുകളെ തകരാറിലാക്കുകയും നാഡീകോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യാം. ഇൻസുലിൻ പ്രതിരോധം, ദീർഘകാല വീക്കം, രക്തക്കുഴലുകളിലെ മാറ്റങ്ങൾ എന്നിവയും ഇതിൽ പങ്കുവഹിക്കുന്നു.
ഇതുമൂലം ശ്രദ്ധയും ഏകാഗ്രതയും കുറയുക, ഓർമ്മക്കുറവ്, വിവരങ്ങൾ വിശകലനം ചെയ്യാനുള്ള വേഗത കുറയുക, തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം.
പ്രമേഹമുള്ളവരിൽ പ്രായം കൂടുമ്പോൾ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട ബുദ്ധിമാന്ദ്യത്തിനും (Vascular Dementia) അൽഷിമേഴ്‌സ് രോഗത്തിനുമുള്ള സാധ്യത കൂടുതലാണ്.
എന്നാൽ എല്ലാ മറവിയും പ്രമേഹത്തിന്റെ ഫലമല്ല. രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദവും നിയന്ത്രിക്കുന്നതും വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
പ്രമേഹം നിയന്ത്രിക്കുന്നത് ഓർമ്മകളെയും ചിന്താശേഷിയെയും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്!
ഹൃദയമിടിപ്പും ദഹനവും നിയന്ത്രിക്കുന്ന നാഡികളും അപകടത്തിലാകാം!
ഹൃദയമിടിപ്പ്, രക്തസമ്മർദം, ദഹനം, മൂത്രാശയപ്രവർത്തനം എന്നിവ നിയന്ത്രിക്കുന്ന നാഡികളെയും പ്രമേഹം ബാധിക്കാം.
എഴുന്നേൽക്കുമ്പോൾ തലകറക്കം, ദഹനപ്രശ്നങ്ങൾ, മൂത്രാശയപ്രശ്നങ്ങൾ, വിയർപ്പിലെ വ്യത്യാസങ്ങൾ എന്നിവ ഇതിന്റെ ലക്ഷണങ്ങളാകാം.
ചില പ്രമേഹരോഗികളിൽ ഹൃദയാഘാതം ശക്തമായ നെഞ്ചുവേദനയില്ലാതെയും സംഭവിക്കാം! ( Silient Attack)
കണ്ണുകളെയും കൈകളിലെ നാഡികളെയും ബാധിക്കാം!
കണ്ണ് ചലിപ്പിക്കുന്ന നാഡികൾക്ക് തകരാറുണ്ടായാൽ ഇരട്ടക്കാഴ്ചയും കൺപോള താഴുന്നതും ഉണ്ടാകാം. കൈകളിലെ നാഡികൾ അമർന്നുണ്ടാകുന്ന മരവിപ്പും തരിപ്പും ( Carpel tunnel syndrome) പ്രമേഹരോഗികളിൽ കൂടുതലായി കാണപ്പെടുന്നു. പെട്ടെന്നുള്ള കാഴ്ചമാറ്റങ്ങൾ അടിയന്തരമായി പരിശോധിക്കണം.
പഞ്ചസാര അമിതമായി കുറഞ്ഞാലും തലച്ചോറിന് അപകടം!
പ്രത്യേകിച്ച് ഇൻസുലിനും ചില പ്രമേഹമരുന്നുകളും ഉപയോഗിക്കുന്നവരിൽ രക്തത്തിലെ പഞ്ചസാര അപകടകരമായി കുറയാം.
വിയർപ്പ്, വിറയൽ, ആശയക്കുഴപ്പം, ബോധക്ഷയം, അപസ്മാരം എന്നിവ ഉണ്ടാകാം. ഗുരുതരമായ പഞ്ചസാരക്കുറവ് അടിയന്തര ചികിത്സ ആവശ്യമായ അവസ്ഥയാണ്.
പ്രമേഹത്തിൽ നാഡികളെ സംരക്ഷിക്കാൻ എന്തുചെയ്യണം?
1. പഞ്ചസാര നിയന്ത്രണം: രക്തത്തിലെ പഞ്ചസാര, HbA1c, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ ഡോക്ടർ നിർദേശിക്കുന്ന പരിധിയിൽ നിലനിർത്തുക.
2. കാലുകളുടെ സംരക്ഷണം: ദിവസവും കാലുകൾ പരിശോധിക്കുക. മുറിവുകളും നിറവ്യത്യാസവും ശ്രദ്ധിക്കുക. നഗ്നപാദരായി നടക്കുന്നത് ഒഴിവാക്കുക.പ്രമേഹരോഗിയുടെ കാലിൽ മുറിവ്, ചുവപ്പ്, വീക്കം, പഴുപ്പ് എന്നിവ കണ്ടാൽ അവഗണിക്കരുത്. പ്രത്യേകിച്ച് സ്പർശനശേഷി കുറഞ്ഞവരിൽ വേദനയില്ലാതെയും ഗുരുതരമായ അണുബാധ ഉണ്ടാകാം. ഇത്തരം മാറ്റങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യപരിശോധന നടത്തണം.
3. നാഡീപരിശോധന: വർഷത്തിലൊരിക്കലെങ്കിലും കാലുകളിലെ സ്പർശനശേഷി മോണോഫിലമെന്റ് പരിശോധന (Monofilament Test), വൈബ്രേഷൻ പരിശോധന (Vibration Test) എന്നിവയിലൂടെ വിലയിരുത്തുക. ആവശ്യമെങ്കിൽ നെർവ് കണ്ടക്ഷൻ സ്റ്റഡി (Nerve Conduction Study – NCS) നടത്താം.
4..ആരോഗ്യകരമായ ജീവിതശൈലി: ക്രമമായ വ്യായാമം, സമീകൃതാഹാരം, മതിയായ ഉറക്കം, പുകവലി ഒഴിവാക്കൽ എന്നിവ ശീലമാക്കുക.
5. നേരത്തെയുള്ള ചികിത്സ: തരിപ്പ്, പുകച്ചിൽ, മരവിപ്പ്, പേശിബലക്കുറവ് എന്നിവയുണ്ടെങ്കിൽ വൈദ്യപരിശോധന നടത്തുക. വിറ്റാമിൻ B12 കുറവ് പോലുള്ള മറ്റു കാരണങ്ങളും കണ്ടെത്തണം.
നാഡികൾക്കുണ്ടായ കേടുപാടുകൾ എല്ലായ്പ്പോഴും പൂർണമായി പരിഹരിക്കാനാകണമെന്നില്ല. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും കൂടുതൽ നാശം തടയാൻ സഹായിക്കും.
നാഡികൾ നശിച്ചതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ അവയെ നേരത്തേ സംരക്ഷിക്കുന്നതാണ് പ്രധാനം!
ഈ ലോക പ്രമേഹദിനത്തിൽ ഓർക്കുക!
പ്രമേഹം നിങ്ങളുടെ കാലുകളിലെ സ്പർശനശേഷി കവർന്നെടുക്കുന്നതിന് മുമ്പ് തിരിച്ചറിയുക! ഓർമ്മശക്തിയെയും ചലനശേഷിയെയും ബാധിക്കുന്നതിന് മുമ്പ് നിയന്ത്രിക്കുക!
ഇന്ന് നിയന്ത്രിക്കാത്ത പ്രമേഹം നാളെ നിങ്ങളുടെ സ്പർശനശേഷിയെയും ചലനശേഷിയെയും സ്വതന്ത്രമായി ജീവിക്കാനുള്ള കഴിവിനെയും അപകടത്തിലാക്കിയേക്കാം!
വേദനയില്ലാത്തതുകൊണ്ട് നാഡികൾ സുരക്ഷിതമാണെന്ന് കരുതരുത്. ചിലപ്പോൾ ഏറ്റവും അപകടകരമായ നാഡീനാശം സംഭവിക്കുന്നത് ഒരു മുന്നറിയിപ്പുപോലും അനുഭവപ്പെടാതെയായിരിക്കും!
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് പരിശോധനയിലെ സംഖ്യ കുറയ്ക്കാൻ മാത്രമല്ല; നിങ്ങളുടെ തലച്ചോറിനെയും നാഡികളെയും ആരോഗ്യകരമായ ഭാവിയെയും സംരക്ഷിക്കാനാണ്!
പ്രമേഹം നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നതിന് മുമ്പ് നിങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കൂ! നാഡികളെ സംരക്ഷിക്കൂ; ജീവിതത്തിന്റെ സ്വാതന്ത്ര്യവും ഭാവിയും കാത്തുസൂക്ഷിക്കൂ!
എഴുത്ത് : Dr. Arun Oommen, Neurosurgeon