കൈകാലുകളിൽ മരവിപ്പും തരിപ്പും ഉണ്ടോ? ഓർമക്കുറവും ക്ഷീണവും അലട്ടുന്നുണ്ടോ? വിറ്റാമിൻ B12 കുറവായിരിക്കാം കാരണം!
***
നന്നായി ഭക്ഷണം കഴിച്ചിട്ടും ക്ഷീണം മാറുന്നില്ലേ? കാലിന്റെ അടിയിൽ പുകച്ചിൽ, സൂചി കുത്തുന്നതുപോലുള്ള അനുഭവം, നടക്കുമ്പോൾ സന്തുലിതാവസ്ഥ നഷ്ടപ്പെടുക, കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുക തുടങ്ങിയ പ്രശ്നങ്ങളുണ്ടോ?
പലരും നിസ്സാരമായി കാണുന്ന ഇത്തരം ലക്ഷണങ്ങൾ വിറ്റാമിൻ B12 കുറവിന്റെ മുന്നറിയിപ്പുകളാകാം. കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ നാഡീവ്യവസ്ഥയ്ക്ക് സ്ഥിരമായ തകരാറുകൾ സംഭവിക്കാനും സാധ്യതയുണ്ട്.
എന്തുകൊണ്ടാണ് വിറ്റാമിൻ B12 ഇത്ര പ്രധാനപ്പെട്ടത്?
നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു പോഷകഘടകമാണ് വിറ്റാമിൻ B12 അഥവാ കോബാലമിൻ ( Cobalamin).
ചുവന്ന രക്താണുക്കളുടെ ( Red blood cells) നിർമ്മാണത്തിനും തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും നാഡികളുടെ സംരക്ഷണത്തിനും ജനിതകഘടകങ്ങളുടെ നിർമ്മാണത്തിനും ഇത് ആവശ്യമാണ്.
നാഡികളെ പൊതിഞ്ഞുസംരക്ഷിക്കുന്ന മയലിൻ ആവരണത്തിന്റെ ( Myelin sheath) ആരോഗ്യത്തിനും വിറ്റാമിൻ B12 അനിവാര്യമാണ്.
വിറ്റാമിൻ B12 കുറവിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?
* വിട്ടുമാറാത്ത ക്ഷീണവും ബലക്കുറവും.
* കൈകാലുകളിൽ മരവിപ്പ്, തരിപ്പ്, പുകച്ചിൽ.
* ഓർമക്കുറവും ശ്രദ്ധക്കുറവും.
* നടക്കുമ്പോൾ സന്തുലിതാവസ്ഥ നഷ്ടപ്പെടുക.
* തലകറക്കവും ഹൃദയമിടിപ്പ് വർധിക്കുന്നതും.
* ചർമ്മത്തിൽ വിളർച്ച.
* നാവിൽ ചുവപ്പും വേദനയും.
* വിഷാദവും മാനസികാവസ്ഥയിലെ മാറ്റങ്ങളും.
* കാഴ്ചയിലുണ്ടാകുന്ന ചില വ്യതിയാനങ്ങൾ.
രക്തക്കുറവ് ഇല്ലാത്തവരിലും വിറ്റാമിൻ B12 കുറവുമൂലമുള്ള നാഡീരോഗങ്ങൾ ഉണ്ടാകാം എന്നത് പ്രത്യേകം ഓർക്കണം.
ആർക്കാണ് വിറ്റാമിൻ B12 കുറയാനുള്ള സാധ്യത കൂടുതൽ?
* മാംസം, മത്സ്യം, മുട്ട, പാലുൽപ്പന്നങ്ങൾ എന്നിവ കഴിക്കാത്തവർ.
* പ്രായമായവർ.
* ആമാശയത്തിലോ കുടലിലോ ശസ്ത്രക്രിയ നടത്തിയവർ.
* പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ ബാധിക്കുന്ന കുടൽരോഗങ്ങളുള്ളവർ.
* പ്രമേഹത്തിന് മെറ്റ്ഫോർമിൻ ദീർഘകാലം ഉപയോഗിക്കുന്നവർ.
* ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുന്നതിനുള്ള ചില മരുന്നുകൾ ദീർഘകാലം ഉപയോഗിക്കുന്നവർ.
* അമിതമായി മദ്യപിക്കുന്നവർ.
* വിറ്റാമിൻ B12 ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഓട്ടോ ഇമ്മ്യൂൺ (Autoimmune) രോഗമുള്ളവർ.
നല്ല ഭക്ഷണം കഴിച്ചിട്ടും B12 കുറയുന്നതെന്തുകൊണ്ട്?
ഭക്ഷണത്തിൽ വിറ്റാമിൻ B12 ഉണ്ടായാൽ മാത്രം പോരാ; അത് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും വേണം.
ആമാശയത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന പ്രത്യേക പ്രോട്ടീന്റെ ( ഇൻട്രിൻസിക് ഫാക്ടർ / Intrinsic Factor) അഭാവവും കുടലിന്റെ ചില രോഗങ്ങളും ഈ ആഗിരണത്തെ തടസ്സപ്പെടുത്താം.
കരളിൽ വർഷങ്ങളോളം ഉപയോഗിക്കാനുള്ള B12 സംഭരിക്കപ്പെടുന്നതിനാൽ കുറവിന്റെ ലക്ഷണങ്ങൾ പ്രകടമാകാൻ ചിലപ്പോൾ വർഷങ്ങൾ എടുത്തേക്കാം.
ഏതൊക്കെ ഭക്ഷണങ്ങളിൽ B12 അടങ്ങിയിട്ടുണ്ട്?
മത്തി, അയല, മറ്റു മത്സ്യങ്ങൾ, മുട്ട, മാംസം, കരൾ, പാൽ, തൈര്, ചീസ് എന്നിവ വിറ്റാമിൻ B12-ന്റെ പ്രധാന ഉറവിടങ്ങളാണ്.
പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ്, ഇലക്കറികൾ എന്നിവ വിറ്റാമിൻ B12-ന്റെ വിശ്വസനീയമായ ഉറവിടങ്ങളല്ല.
പൂർണ സസ്യാഹാരികൾ B12 ചേർത്ത ഭക്ഷണങ്ങളോ ആവശ്യാനുസരണം പോഷകപൂരകങ്ങളോ ഉപയോഗിക്കേണ്ടിവന്നേക്കാം.
പ്രായപൂർത്തിയായ ഒരാൾക്ക് പ്രതിദിനം ഏകദേശം 2.4 മൈക്രോഗ്രാം B12 ആവശ്യമാണ്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഇതിലും അല്പം കൂടുതൽ ആവശ്യമാണ്.
എങ്ങനെയാണ് രോഗനിർണയം നടത്തുന്നത്?
രക്തത്തിലെ വിറ്റാമിൻ B12 അളവും സമ്പൂർണ രക്തപരിശോധനയും ( CBC) പ്രധാനമാണ്.
പൊതുവെ 200 പിക്കോഗ്രാം/മില്ലിലിറ്ററിൽ താഴെയുള്ള B12 അളവ് കുറവിനെ സൂചിപ്പിക്കാം. പരിശോധനാശാലകൾക്കനുസരിച്ച് ഈ പരിധിയിൽ വ്യത്യാസമുണ്ടാകാം.
ബോർഡർലൈൻ ഫലങ്ങളിൽ മെത്തിൽമലോണിക് ആസിഡ് (Methylmalonic Acid) ഹോമോസിസ്റ്റീൻ ( Homocysteine) തുടങ്ങിയ പ്രത്യേക പരിശോധനകൾ ആവശ്യമായി വന്നേക്കാം.
# ഗുളികയാണോ കുത്തിവയ്പ്പാണോ നല്ലത്?
പലരിലും ഉയർന്ന അളവിലുള്ള B12 ഗുളികകൾ ഫലപ്രദമാണ്. ഗുരുതരമായ കുറവ്, നാഡീവ്യവസ്ഥയെ ബാധിക്കുന്ന ലക്ഷണങ്ങൾ, ചില ആഗിരണപ്രശ്നങ്ങൾ എന്നിവയുള്ളവരിൽ കുത്തിവയ്പ്പ് ആവശ്യമായി വന്നേക്കാം.
ചികിത്സയുടെ അളവും കാലാവധിയും രോഗകാരണത്തെ ആശ്രയിച്ചിരിക്കും. ചിലർക്ക് ജീവിതകാലം മുഴുവൻ ചികിത്സ ആവശ്യമായി വരാം.
B12 കുത്തിവയ്പ്പ് എടുത്തിട്ടും ലക്ഷണങ്ങൾ മാറാത്തത് എന്തുകൊണ്ട്?
വിറ്റാമിൻ B12 കുത്തിവയ്പ്പിലൂടെ രക്തത്തിലെ B12 അളവ് വേഗത്തിൽ സാധാരണനിലയിലെത്താം. എന്നാൽ നാഡികളെ സംരക്ഷിക്കുന്ന മയലിൻ ആവരണത്തിന്റെയും നാഡീതന്തുക്കളുടെയും തകരാറുകൾ പരിഹരിക്കപ്പെടാൻ മാസങ്ങൾ വേണ്ടിവന്നേക്കാം. ചിലരിൽ പൂർണമായ രോഗമുക്തിക്ക് ആറുമാസം മുതൽ ഒരു വർഷം വരെയോ അതിലധികമോ സമയമെടുക്കാം.
ദീർഘകാലമായി B12 കുറവുണ്ടെങ്കിൽ നാഡികൾക്ക് സംഭവിച്ച കേടുപാടുകൾ ചിലപ്പോൾ ശാശ്വതമായേക്കാം.
ചികിത്സയ്ക്കുശേഷവും ലക്ഷണങ്ങൾ തുടരുന്നുവെങ്കിൽ പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ, നട്ടെല്ലിലെ നാഡിഞെരുക്കം, മറ്റു പോഷകഘടകങ്ങളുടെ അഭാവം തുടങ്ങിയ കാരണങ്ങളും പരിശോധിക്കണം. ചികിത്സയുടെ അളവും കാലാവധിയും പര്യാപ്തമാണോ എന്നും വിലയിരുത്തണം.
രക്തത്തിലെ B12 അളവ് സാധാരണനിലയിലെത്തി എന്നതുകൊണ്ടുമാത്രം നാഡികളുടെ ആരോഗ്യം പൂർണമായി വീണ്ടെടുത്തു എന്നർഥമില്ല!
കുട്ടികളിലും B12 കുറവുണ്ടാകുമോ?
തീർച്ചയായും.
പ്രത്യേകിച്ച് B12 കുറവുള്ള അമ്മമാരുടെ മുലപ്പാൽ മാത്രം കുടിക്കുന്ന ശിശുക്കളിൽ ഇതിന് സാധ്യതയുണ്ട്. വളർച്ചാമുരടിപ്പ്, പേശികളുടെ ബലക്കുറവ്, വികാസത്തിലെ കാലതാമസം എന്നിവ ലക്ഷണങ്ങളാകാം. കൃത്യസമയത്തുള്ള ചികിത്സ തലച്ചോറിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
പ്രമേഹരോഗികളിലെ മരവിപ്പ് പ്രമേഹം കൊണ്ടു മാത്രമാണോ?
പ്രമേഹരോഗികളിലെ കൈകാലുകളുടെ മരവിപ്പും പുകച്ചിലും എല്ലായ്പ്പോഴും പ്രമേഹം മൂലമുള്ള നാഡീതകരാറുകൾ കൊണ്ടാകണമെന്നില്ല. ദീർഘകാലം മെറ്റ്ഫോർമിൻ ഉപയോഗിക്കുന്നവരിൽ വിറ്റാമിൻ B12 കുറയാനുള്ള സാധ്യതയുണ്ട്.
അതിനാൽ ഇത്തരം ലക്ഷണങ്ങളുള്ളവർ B12 അളവും പരിശോധിക്കേണ്ടതാണ്. ഡോക്ടറുടെ നിർദേശമില്ലാതെ മെറ്റ്ഫോർമിൻ നിർത്തരുത്.
അമിതമായി B12 കഴിക്കുന്നത് നല്ലതാണോ?
വിറ്റാമിൻ B12 പൊതുവെ സുരക്ഷിതമാണെങ്കിലും ആവശ്യത്തിലധികം കഴിക്കുന്നതുകൊണ്ട് ഓർമശക്തിയോ ഊർജസ്വലതയോ വർധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
B12 കുറവുള്ളപ്പോൾ ഫോളിക് ആസിഡ് മാത്രം കഴിക്കുന്നത് രക്തക്കുറവ് പരിഹരിച്ചേക്കാം; എന്നാൽ നാഡീതകരാറുകൾ തുടരാം.
അതുകൊണ്ട് സ്വയം രോഗനിർണയവും ചികിത്സയും ഒഴിവാക്കുക.
അവഗണിച്ചാൽ എന്തു സംഭവിക്കും?
ഗുരുതരമായ വിറ്റാമിൻ B12 കുറവ് രക്തക്കുറവ്, ഓർമശക്തിയിലെ തകരാറുകൾ, നാഡികളുടെയും സുഷുമ്നാനാഡിയുടെയും കേടുപാടുകൾ, നടക്കാനുള്ള ശേഷി നഷ്ടപ്പെടുക തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ശിശുക്കളിൽ തലച്ചോറിന്റെ വളർച്ചയെയും ബൗദ്ധിക വികാസത്തെയും പ്രതികൂലമായി ബാധിക്കാം.
വിറ്റാമിൻ B12 കുറവ് കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ഫലപ്രദമായി ചികിത്സിക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ്. എന്നാൽ രോഗനിർണയവും ചികിത്സയും വൈകിയാൽ നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന ചില തകരാറുകൾ ശാശ്വതമായേക്കാം.
അളവിൽ വളരെ കുറച്ചുമാത്രം ആവശ്യമുള്ള ഒരു വിറ്റാമിന്റെ അഭാവം ഓർമശക്തിയെയും നടക്കാനുള്ള ശേഷിയെയും ജീവിതനിലവാരത്തെയും സാരമായി ബാധിച്ചേക്കാം!
മരവിപ്പും തരിപ്പും ക്ഷീണവും പ്രായത്തിന്റെ പേരിൽ എഴുതിത്തള്ളരുത്. നേരത്തെയുള്ള രോഗനിർണയവും കൃത്യമായ ചികിത്സയും സ്ഥിരമായ നാഡീതകരാറുകളിൽനിന്ന് സംരക്ഷിച്ചേക്കാം.
ശരീരം നൽകുന്ന മുന്നറിയിപ്പുകൾ തിരിച്ചറിയുക; അവഗണിക്കരുത്. അറിവും സമയോചിതമായ ചികിത്സയുമാണ് ആരോഗ്യസംരക്ഷണത്തിന്റെ അടിസ്ഥാനം!
എഴുത്ത് : Dr. Arun Oommen, Neurosurgeon