ആരോഗ്യമുള്ള തലമുടിക്കായി ഷാംപൂവും കണ്ടീഷ്ണറും ഉപയോഗിക്കണം എന്നു കേട്ടപാതി കേൾക്കാത്ത പാതി ഷാപുവിലേക്ക് കണ്ടീഷ്ണർ ഒഴിച്ച് രണ്ടും കൂട്ടിക്കലർത്തി തലയിലേക്കൊറ്റൊരു ഒഴിക്കലാണ്...
രാത്രി മെയ്ക്കപ്പ് മാറ്റാതെ ഉറങ്ങിയെണീറ്റ് ശീലിച്ചിട്ട് മുഖക്കുരു മാറുന്നില്ലല്ലോ എന്ന് അലററോടലറലും...
പെർഫ്യൂം വാങ്ങി അതിലങ്ങ് മുങ്ങിക്കുളിക്കൽ, എന്നിട്ട് കക്ഷത്തിൽ ചൊറിച്ചിലെന്ന് പരാതിയോട് പരാതി...
ഇങ്ങനെ ചെറുതും വലുതുമായ ധാരാളം അബദ്ധങ്ങൾ നമ്മൾ സൗന്ദര്യസംരക്ഷത്തിൽ വരുത്താറുണ്ട്. അവയൊക്കെ മനസിലാക്കി തിരുത്തിയാൽ സൗന്ദര്യസംരക്ഷണം ആരോഗ്യകരമായി ചെയ്യാം.
∙ ഉടുപ്പിട്ട ശേഷം അതിനു മുകളില്ല പകരം പൾസ് പോയിന്റുകളിൽ(ചെവിക്കു പിന്നിൽ കൈത്തണ്ടയിൽ...) പെർഫ്യൂം ഇടാം. കൈയിൽ പെർഫ്യൂം ഇട്ട ശേഷം തമ്മിൽ കൂട്ടിത്തിരുമുന്നതും ഒഴിവാക്കാം.
∙ ചില ദിവസം ഉറക്കമുണർന്നാൽ കണ്ണിനു തടിപ്പു വരാറുണ്ട്. അതു കുറയ്ക്കാൻ ക്രീമോ മറ്റോ ഇട്ട് മസാജ് ചെയ്യുന്നത് കാര്യങ്ങൾ വഷളാക്കാനിടയുണ്ട്. പകരം ടവലിലോ ടിഷ്യുവിലോ ഐസ് എടുത്ത് കണ്ണിനു മീതെ വച്ച് കോൾഡ് കംപ്രഷൻ കൊടുക്കാം.
∙ കുറേ നേരമെടുത്ത് ശക്തിയായി തേച്ചുരച്ച് കുളിക്കുന്നതാണ് ‘നല്ല കുളി’ എന്നാണ് പൊതു ധാരണ. എന്നാൽ ഈ ശക്തമായി തേച്ചുരയ്ക്കൽ ശരീരത്തിലെ സ്വാഭാവിക എണ്ണകളെ ദോഷമായി ബാധിക്കും. 10–15 മിനിറ്റ് നേരം മതി കുളി, മൃദുവായി വേണം ശരീരത്തിലുരസാൻ. കഴിവതും ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് ആരോഗ്യകരം.
∙ മെയ്ക്കപ്പ് മുഴുവനായും മാറ്റാതെ കിടന്നാൽ അവയിലെ കെമിക്കലുകൾ ചർമ സുഷിരത്തെ തടഞ്ഞ് സൗന്ദര്യപ്രശ്നങ്ങൾ സൃഷ്ടക്കും. മെയ്ക്കപ്പ് നീക്കം ചെയ്ത് മുഖം ക്ലെൻസ് ചെയ്യാം. മെയ്ക്കപ്പ് മാറ്റാനുള്ള വൈപ്സ് ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം, അവയിൽ ചിലതിലെ ആൽക്കഹോളിന്റെ അംശം ചർമത്തെ ദോഷകരമായി ബാധിക്കും.
∙ ഫൗണ്ടെഷൻ കൈത്തണ്ടയിലിട്ട് വാങ്ങുന്നതാണ് ഇവിടെ പൊതുവേ കാണുന്ന രീതി. ഇതിൽ നിറവ്യത്യാസം വരാനുള്ള സാധ്യതയുണ്ട്. പകരം താടി എല്ലിനു അരികിലിട്ട് നല്ല പ്രകാശമുള്ളിടത്തു വച്ച് ഇണങ്ങുന്നത് നോക്കി വാങ്ങാം.
∙ സൗന്ദര്യസംരക്ഷണ ലേപനങ്ങൾ എന്തു പുരട്ടിയാലും അത് മുഖത്ത് മാത്രമാക്കാതെ കഴുത്തിലും പുരട്ടുക. കഴുത്തിൽ എളുപ്പം ചുളിവു വരുന്നത് തടാൻ ഇത് സഹായിക്കും.
∙ മുഖക്കുരു ഉള്ളവർ ഇടയ്ക്കിടെ മുഖം കഴുകുന്നത് അത്ര നന്നല്ല. ഇത് മുഖത്തെ കൂടുതൽ എണ്ണമയമുള്ളതാക്കും. ഫെയ്സ് വാഷിട്ട് മുഖം കഴുകുന്നത് രാവിലെയും രാത്രിയും മാത്രം മതിയാകും.
∙ എല്ലാ ദിവസവും സ്ക്രബ് ചെയ്യുന്നത് ചർമത്തെ പരുക്കനാക്കും. ഇത് ആഴ്ച്ചയിലൊരിക്കലൊക്കെ മതി. മുഖത്തിനൊപ്പം ചുണ്ടും സ്ക്രബ് ചെയ്യാൻ മറക്കണ്ട.
∙ കുളി കഴിഞ്ഞ ശേഷം ശക്തമായി ടവൽ കൊണ്ട് മുടിയിലടിച്ച് ഉണക്കുന്നതും മുടി ശക്തമായി തമ്മിലുരസി വലിച്ചു ടവൽ കൊണ്ട് കെട്ടുന്നതും മുടി പൊട്ടാനുള്ള പ്രധാന കാരണമാണ്. പകരം മുടിയുൽ നിന്ന് മൃദുവായി ടവൽ കൊണ്ട് വെള്ളം ഒപ്പിയെടുക്കുകയാണ് വേണ്ടത്.