വീട്ടിൽ തയ്യാറാക്കാം ഹൈഡ്രേറ്റിങ്ങ് ഫേയ്സ് മാസ്കുകൾ: ചൂടിനെ പ്രതിരോധിച്ച് സൗന്ദര്യം കൂട്ടാം DIY Hydrating Masks for Summer Skin
Mail This Article
കഴുത്തിലും മറ്റും ചൂടുക്കുരുക്കൾ, മുഖമൊക്കെ എപ്പോഴും വാടിത്തളർന്നിരിക്കുന്നു... ചൂടുകാലമായാൽ മിക്കയാളുകളേയും ബാധിക്കുന്ന പ്രശ്നങ്ങളാണിതൊക്കെ. ഇത്തരം പ്രശ്നങ്ങളൊക്കെ ശ്രദ്ധിക്കാതെ വച്ചുകൊണ്ടിരുന്നാൽ പരിഹരിക്കാൻ ഒടുക്കം കൈയിൽ നിൽക്കാത്തത്ര ചിലവും തലവേദയാകുന്ന ചികിത്സാ രീതികളും ഒക്കെ വേണ്ടി വന്നേക്കാം.
അതുകൊണ്ട് എത്രയും വേഗം മുൻകരുതലെടുത്താൽ അത്രയും നല്ലത്. ഈ കടുത്ത വേനൽക്കാലത്ത് ചൂടു കുറയ്ക്കാനും ചർമ പ്രശ്നങ്ങൾ അകറ്റാനുമായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഹൈഡ്രേറ്റിങ്ങ് മാസ്കുകളുണ്ട്. അവ പരീക്ഷിക്കാം...
1. ചർമ സംരക്ഷണത്തിന് വെള്ളരിയും കറ്റാർവാഴയും
രണ്ട് ടേബിൾ സ്പൂൺ കറ്റാർ വാഴയുടെ ജെല്ലിയിലേക്ക് അര കഷ്ണം വെള്ളരിക്ക കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് നിർജ്ജലീകരണം തടഞ്ഞ് ചർമം ആരോഗ്യകരമാക്കി വയ്ക്കാൻ സഹായിക്കും. ചൂടു കൊണ്ട് ചർമത്തിനു വരുന്ന ചുവപ്പു കുറയ്ക്കാനും ഈ മാസ്ക് നല്ലതാണ്.
2. മോയസ്ച്യുറൈസിങ്ങിനായി തൈരും തേനും
അധികം പുളിക്കാത്ത രണ്ട് ടേബിൾ സ്പൂൺ തൈരും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും ഇടാം. ചുടുകൊണ്ടുള്ള വിയർപ്പും അഴുക്കും ഒക്കെ ഇടുക്കുകളിൽ നിന്നും മാറ്റി ചർമത്തിന് ആവശ്യത്തിന് ജലാംശം പ്രധാനം ചെയ്യാൻ ഇതു നല്ലതാണ്.
3. ടോൺ മെച്ചപ്പെടാൻ പപ്പായയും നാരങ്ങയും
നന്നായി പഴുത്ത പപ്പായ രണ്ട് ടേബിൾ സ്പൂൺ എടുക്കാം അതിലേക്ക് നാലഞ്ചു തുള്ളി നാരങ്ങാ നീരും ചേർക്കുക. ഇത് രണ്ടും നന്നായി യോജിപ്പിച്ച് മുഖത്തു പുരട്ടാം. ഇത് മൃതകോശങ്ങൾ അകറ്റി, മുഖത്തെ കരുവാളിപ്പു കുറച്ച് ടോൺ മെച്ചപ്പെടുത്തും..
4. എണ്ണമയം കുറയ്ക്കാൻ തക്കാളിയും തേനും
മുഖത്തും കഴുത്തിലും പുരട്ടാനുള്ളത്ര അളവു കണക്കാക്കി നല്ലവണ്ണം പഴുത്ത തക്കാളി നന്നായി ഉടച്ചെടുത്ത് അതിലേക്ക് 4–5 തുള്ളി തേൻ ചേർത്ത് ഇളക്കുക. ഇത് മുഖത്ത് മാസ്ക് ആയിടാം. ചർമത്തിലെ സുക്ഷിരങ്ങൾ, മുഖക്കുരു, എണ്ണമയം, കരുവാളിപ്പ് എന്നിവ കുറയ്ക്കാൻ ഇതു സഹായിക്കും.
5. തണുപ്പിനായി ചന്ദനവും പനിനീരും
ചർമത്തിൽ പുരട്ടാനാവശ്യമായ ചന്ദനപ്പൊടിയെടുക്കാം. അതു നനഞ്ഞ് മുഖത്ത് പുരട്ടാൻ പാകത്തിനുള്ള അളവിൽ പനിനീരും ഇട്ട് ഇളക്കിയെടുത്ത് മാസ്ക് ആക്കാം. ഇത് ചൂടുകൊണ്ടുണ്ടായ ചെറിയ കേടുപാടുകൾ അകറ്റി ചർമത്തിന് തണുപ്പു പകരും.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
– മാസ്കിനുള്ള ചേരുവകളോട് അലർജി ഇല്ലെന്ന് ഉറപ്പാക്കാൻ ചെറിയ അളവിൽ തൊട്ട് പുരട്ടി നോക്കി പാച്ച് ടെസ്റ്റ് ചെയ്തിട്ട് മാത്രം ഇവ മുഖത്ത് പുരട്ടുക.
– മാസ്ക് 15–20 മിനിറ്റ് നേരമെങ്കിലും വച്ചിട്ട് തണുത്ത വെള്ളം കൊണ്ട് മുഖം നന്നായി കഴുകുക.
– മാസ്കിനാവശ്യമുള്ള ചേരുവകൾ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചിട്ട് മാസ്ക് ആക്കിയാൽ ചർമത്തിന് കൂടുതൽ തണുവു കിട്ടും.