ADVERTISEMENT

കൗമാരം മുതൽ ജീവിതത്തിന്റെ ഒാരോഘട്ടത്തിലും നമ്മളെ അലട്ടുക വ്യത്യസ്ത സൗന്ദര്യ പ്രശ്നങ്ങളായിരിക്കും. ഓരോ കാലഘട്ടത്തിലേക്കും കടക്കും മുൻപേ തന്നേ ഈ പ്രശ്നങ്ങൾ അറിയാം. കാരണം, ഇവ അനുസരിച്ചു വേണം ഒാരോ പ്രായത്തിലേയും ദൈനംദിന ചർമ പരിചരണം പ്ലാൻ ചെയ്യാൻ. മുടങ്ങാതെ ദിവസവുമുള്ള പരിചരണവും ചർമപ്രശ്നങ്ങൾ തുടങ്ങുമ്പോൾ തന്നെ തിരിച്ചറിഞ്ഞു വേണ്ട പരിഹാരവും ചെയ്താൽ എന്നും സുന്ദരിയായിരിക്കുക എന്നത് ഒരു ടാസ്ക് ആയി മാറില്ല.  

13 – 19 വയസ്സുവരെ മുഖക്കുരു തന്നെ വില്ലൻ 

ADVERTISEMENT

മ്പാദ്യ പദ്ധതിയിൽ പണം നിക്ഷേപിക്കുന്നതു പോലെയാണു ചർമ സംരക്ഷണത്തിന്റെ കാര്യവും. കൗമാരപ്രായം മുതൽ ചർമസംരക്ഷണത്തിനായി  സമയം മാറ്റി വയ്ക്കണം. അതു കൃത്യമായി തുടരുകയും വേണം. എത്ര നേരത്തെ സ്കിൻ കെയർ തുടങ്ങുന്നുവോചർമത്തിന്റെ ഭാവി അത്രയും സുരക്ഷിതമാണ്.

മോണിങ് സ്കിന്‍ കെയർ

ADVERTISEMENT

ഫെയ്സ് വാഷ്: രാവിലെ ഉണരുമ്പോൾ തന്നെ ചർമ സ്വഭാവത്തിനു യോജിച്ച ഫെയ്സ് വാഷ് ഉപയോഗിച്ചു മുഖം കഴുകി ഈർപ്പം ഒപ്പിമാറ്റുക.

മോയിസ്ചറൈസർ: വരണ്ട ചർമമുള്ള കൗമാരക്കാർക്കു മാത്രം മതി മോയിസ്ചറൈസർ എന്നു കരുതല്ലേ. ഡ്രൈ സ്കിൻ ഉള്ളവർ ഹൈഡ്രേറ്റിങ് മോയിസ്ചറൈസറും എണ്ണമയമുള്ള ചർമക്കാർ നോൺ കൊമഡോജനിക് മോയിസ്ചറൈസറും ഉപയോഗിക്കുക.

ADVERTISEMENT

സൺസ്ക്രീൻ: ജീവിതസായാഹ്നം വരെ ഒപ്പം കൂട്ടേണ്ട സ്കിൻ കെയർ പ്രൊ‍ഡക്റ്റ് ആണ് സൺസക്രീൻ. എസ്പിഎഫ് 30+ ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുക. വീട്ടിൽ നിന്നു പുറത്തു പോകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും മഴയാണെങ്കിലും വെയിലാണെങ്കിലും സൺസ്ക്രീൻ പുരട്ടണം

നൈറ്റ് സ്കിൻ കെയർ

ഫെയ്സ്‌ വാഷ് : കൗമാരകാലത്തെ പ്രശ്നങ്ങളെ വരുതിയിലാക്കാൻ എണ്ണമയവും അഴുക്കും പൊടിയും അകറ്റി ചർമം വൃത്തിയായി സൂക്ഷിക്കുക എന്നതു പ്രധാനമാണ്. രാത്രി കിടക്കും മുൻപ് ഫെയ്സ്‌വാഷ് ഉപയോഗിച്ചു മുഖം കഴുകി ഈർപ്പം  ഒപ്പിക്കളയുക. മേക്കപ് പൂർണമായി നീക്കി മുഖം വൃത്തിയാക്കാതെ ഉറങ്ങുകയേ അരുത്.

മോയിസ്ചറൈസർ: ചർമത്തിനിണങ്ങുന്ന മോയിസ്ചറൈസർ പുരട്ടുക.

ഏറ്റവും പ്രധാനം

മുഖക്കുരുവാണു കൗമാരക്കാരെ അലട്ടുന്ന പ്രധാന ചർമപ്രശ്നം. എണ്ണമയമുള്ള ചർമക്കാരെ പ്രത്യേകിച്ചും.

ബ്ലാക് ഹെഡ്സ്, വൈറ്റ് ഹെഡ്സ്, ചുവന്നു പഴുക്കുന്ന മുഖക്കുരു ഇവയെല്ലാം അകറ്റിനിർത്താൻ ചർമം വൃത്തിയായി സൂക്ഷിക്കുക. മുഖക്കുരു അമിതമായി വരുന്നുണ്ടെങ്കിൽ അതിനുവേണ്ട മെഡിക്കേറ്റഡ് ക്രീം / ജെൽ ഡോക്ടറുടെ നിർദേശത്തോടെ ഉപയോഗിക്കണം. ചർമത്തിൽ എ ണ്ണമയം കൂടുതലുള്ളവർക്കു സാലിസിലിക് ആസിഡ് അടങ്ങിയ ഫെയ്സ് വാഷ് നല്ലതാണ്.

കൃത്യമായ ഇടവേളയിൽ ഷാംപൂ ഉപയോഗിച്ചു തല ക ഴുകുക. താരനും ശിരോചർമത്തിൽ അടിയുന്ന അഴുക്കും കൃത്യമായി നീക്കിയില്ലെങ്കില്‍ കുരുക്കൾ വരാം.

ഇടയ്ക്കിടെ മുഖത്തു തൊടുന്നതു മുഖക്കുരു കൂട്ടും. കുരുക്കൾ പൊട്ടിക്കാൻ ശ്രമിക്കരുത്.

ഭക്ഷണത്തിൽ ശ്രദ്ധിക്കാൻ

ഒരു തരം ആഹാരവും പൂർണമായി ഒഴിവാക്കാതെ സമീകൃത  ആഹാരശീലം പിന്തുടരണം. എല്ലാ പോഷകവും ശരീരത്തിന് ആവശ്യമാണ്. ഡയറ്റിങ്ങിന്റെ പേരിൽ ആഹാരം കഴിക്കാതിരിക്കരുത്. ഇതു ചർമത്തിന്റെയും മുടിയുടെയും ആരോഗ്യം കെടുത്തും.

ഗൈസീമിക് ഇൻഡക്സ് (രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു പെട്ടെന്നു വർധിപ്പിക്കുന്നവ) ഉള്ള  ഭക്ഷണം അധികമായി കഴിക്കുന്നവരിൽ മുഖക്കുരു കൂടുതലായി വരുന്നതായി പഠനങ്ങൾ. സോഫ്റ്റ് ‍ഡ്രിങ്ക്സ്,  മിൽക് ഷേക്കുകൾ, മധുരപലഹാരം എന്നിവ പരമാവധി കുറയ്ക്കുക.

അമിതമായി ജങ്ക് ഫൂഡ് കഴിക്കുന്നതു ഹോർമോൺ പ്രശ്നങ്ങൾക്കു കാരണമാകാം. ഹോർമോൺ തകരാറു മൂലമുണ്ടാകുന്ന പിസിഒഡി പോലുള്ളവയുടെ ലക്ഷണമായും മുഖക്കുരു വരാം.

സ്കിൻ കെയർ ട്രീറ്റ്മെന്റ്സ്

പലവിധ ബ്യൂട്ടി പ്രൊഡക്ടുകൾ സോഷ്യൽ മീഡിയയിൽ കാണും, സുഹൃത്തുക്കൾ നിർദേശിക്കും. ഇവയെല്ലാം പരീക്ഷിച്ചു ചർമത്തെ അസ്വസ്ഥമാക്കരുത്. ഇളം ചർമമാണ്, അധികം പരീക്ഷണങ്ങൾ ചെയ്യാത്തതാണു നല്ലത്.

മുഖക്കുരു നീക്കാനുള്ള ആക്‌നെ ട്രീറ്റ്മെന്റ്, താരനകറ്റാൻ ആന്റി ഡാൻഡ്രഫ് ട്രീറ്റ്മെന്റ് എന്നിവ ആവശ്യമെങ്കില്‍ മാത്രം ഡോക്ടറുടെ നിർദേശത്തോടെ ചെയ്യാം.

പെഡിക്യൂർ, മാനിക്യൂർ, വാക്സിങ് എന്നീ സലോൺ ട്രീറ്റ്മെന്റ്സ് അടിമുടി വൃത്തിയായിരിക്കാൻ സഹായിക്കും. മുഖത്ത് അമിത രോമവളർച്ചയുണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശത്തോടെ പ്രതിവിധി കാണുക.

age-beauty-tips-teen

20– 30 വയസ്സു വരെ സുന്ദരകാലം, പക്ഷേ...

ർമത്തിന്റെ സുന്ദരകാലമാണിതെന്നു പറയും. കോളാജനും ഇലാസ്റ്റിനുമൊക്കെ ചേർന്നു ചർമം ദൃഢമായും തുടിപ്പോടെയുമിരിക്കും. എന്നാൽ 25 വയസ്സിനു ശേ ഷം ഓരോ വർഷം ഒരു ശതമാനം കൊളാജൻ വീതം നഷ്ടപ്പെടും. അതിനാൽ കരുതൽ വേണം.

ഈ പ്രായത്തിൽ ജോലിത്തിരക്കും വീട്ടുമേൽനോട്ടവുമെല്ലാം കാരണം അധികസമയം പുറത്തു ചെലവഴിക്കേണ്ടി വരാം. വായു മലിനീകരണവും പൊടിയും അഴുക്കും സൂര്യപ്രകാശവും ചർമത്തിനു പല പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. കൗമാരത്തിന്റെ തുടർച്ചയെന്നോണം മുഖക്കുരുവും ഈ പ്രായത്തിൽ ശല്യം ചെയ്യാം.

മോണിങ് സ്കിന്‍ കെയർ

ഫെയ്സ് വാഷ് : ചർമത്തെ അലട്ടുന്ന പ്രശ്നങ്ങൾ കൂടി പരിഹരിക്കുന്ന ഫെയ്സ് വാഷ് ഉപയോഗിക്കുക.

മോയിസ്ചറൈസർ : വരണ്ട ചർമക്കാർക്കാണു നേരത്തേ ചുളിവുകൾ വരാനുള്ള സാധ്യത. അതിനാൽ ചർമത്തിന്റെ മൃദുത്വം കാത്തുസൂക്ഷിക്കാനുള്ള വഴികൾ ഇരുപതുകളിൽ തന്നെ തുടങ്ങണം.

സൺസ്ക്രീൻ : സൺടാൻ അകറ്റുക എന്നതു മാത്രമല്ല സ ൺസ്ക്രീനിന്റെ ലക്ഷ്യം. യുവി രശ്മികൾ ഉണ്ടാക്കുന്ന ഫ്രീ റാഡികിൾ ഡാമേജ് ചർമത്തിലെ കൊളാജൻ നശിപ്പിക്കും. ഇതു ചുളിവുകൾ വരാനും ചർമം അയയാനും ഇടയാക്കും.

നൈറ്റ് സ്കിൻ കെയർ

ഫെയ്സ് വാഷ്: മേക്കപ് പൂർണമായി നീക്കം ചെയ്തു മു ഖം നന്നായി വൃത്തിയാക്കണം. രാവിലെ ഉപയോഗിക്കുന്ന ഫെയ്സ് വാഷ് തന്നെ മതി രാത്രിയിലും.

മോയിസ്ചറൈസർ : ചർമസ്വഭാവത്തിനു യോജിച്ച മോയിസ്ചറൈസർ മനസ്സിലാക്കി പതിവായി പുരട്ടുക.

ഇതു കൂടാതെ ചർമപ്രശ്നങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കാനായി ഡോക്ടർ നിർദേശിക്കുന്ന മരുന്ന്, സീറം എ ന്നിവയും റുട്ടീനിന്റെ ഭാഗമായി ഉൾപ്പെടുത്തണം.

ഏറ്റവും പ്രധാനം

ശരീരം വിശ്രമിക്കുന്ന സമയത്താണു ചർമ കോശങ്ങൾ കേടുപാടുകൾ തീർത്തു പുതുജീവൻ നേടുന്നത്. കൊളാജൻ ഉത്പാദനം കൂടുന്നതും ഉറക്കത്തിലാണ്. ഏഴ് - ഒൻപതു മണിക്കൂർ ഉറക്കം യുവത്വത്തിന് ആവശ്യമാണ്. തിരക്കുകൾ മൂലം ഉറക്കം കുറയാതെ ശ്രദ്ധിക്കണം.

വ്യായാമം ശീലമാക്കുന്നതു രക്തയോട്ടം വർധിപ്പിക്കും.  എൻഡോർഫിൻ എന്ന ഹാപ്പി ഹോർമോൺ ശരീരത്തിൽ ഉണ്ടാകുന്നതിലൂടെ മാനസിക സമ്മർദം കുറയും, യുവത്വം തുളമ്പുന്ന ചർമം സ്വന്തമാകും. മുഖക്കുരുവിന്റെ പ്രധാനകാരണങ്ങളിലൊന്നാണു മാനസിക പിരിമുറുക്കം എന്നും ഓർത്തോളൂ.

ഭക്ഷണത്തിൽ ശ്രദ്ധിക്കാൻ

ജലാംശം നിലനിർത്തുക എന്നതു ചർമത്തിന്റെ യുവത്വത്തിനു വളരെ ആവശ്യമാണ്. രാവിലെ അര ലീറ്റർ വെള്ളം കുടിച്ചു ദിവസം തുടങ്ങാം. ഒരു ദിവസം മൊത്തം മൂന്ന് ലീറ്ററെങ്കിലും വെള്ളം കുടിക്കുന്നതു ശീലമാക്കാം.

ചർമത്തിന്റെ ആരോഗ്യം കാക്കുന്ന വൈറ്റമിൻ ഇ, എ, സി എന്നിവ ഉറപ്പാക്കാൻ പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ മതി. ഇതിനൊപ്പം ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണവും (ചെറു മീനുകൾ, ഫ്ലാക്സ് സീഡ്, ചിയ സീഡ്സ്, വാൾനട്ട് എന്നിവ) കഴിക്കുന്നതു ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

സ്കിൻ കെയർ ട്രീറ്റ്മെന്റ്സ്

കോസ്മറ്റിക് ട്രീറ്റ്മെന്റുകൾ 20 വയസ്സിനു ശേഷം ചെയ്യുന്നതാണ് അഭികാമ്യം. 25 കഴിയുമ്പോൾ ചിലർക്കു നെറ്റിയിലും കണ്ണിന്റെ വശങ്ങളിലും നേർത്ത ചുളിവുകൾ വരും. ഇവർക്ക് ബോട്ടോക്സ് ട്രീറ്റ്മെന്റ് ഫലവത്താണ്. മുഖക്കുരുവിനു കെമിക്കൽ പീൽ ട്രീറ്റ്മെന്റ്, പിഗ്‍‌മന്റേഷൻ അകറ്റാനും ചർമത്തിന് ഉണർവു നൽകാനും കാർബൺ ലേസർ എന്നിവ നല്ലതാണ്.

30– 50 വയസ്സു വരെ പുത്തൻ പരിചരണം

മുപ്പത് എത്തുന്നതോടെ ചർമസ്വഭാവവും ചർമത്തെ അലട്ടുന്ന പ്രശ്നങ്ങളും ചർമത്തിന് ഇണങ്ങുന്നതും ഇണങ്ങാത്തതുമൊക്കെ നമ്മൾ മനസ്സിലാക്കിയിട്ടുണ്ടാകാം. ഇനി വേണ്ടത് ഇടമുറിയാത്ത പരിചരണമാണ്.

മോണിങ് സ്കിന്‍ കെയർ

ഫെയ്സ് വാഷ് : ഇരുപതുകളിൽ ഉപയോഗിച്ച ഫെയ്‌സ്‌വാഷ് ആയിരിക്കില്ല മുപ്പതുകളിൽ വേണ്ടിവരിക. ഇ പ്പോഴത്തെ ചർമപ്രശ്നം മനസ്സിലാക്കി അതുകൂടി പരിഹരിക്കുന്ന ഫെയ്സ്‌വാഷ് ഉപയോഗിക്കുക.

സീറം :  മുപ്പത് വയസ്സു മുതൽ ചർമ സംരക്ഷണത്തിന് സീറം വേണ്ടിവരാം. ചർമപ്രശ്നത്തിന് അനുസരിച്ചുള്ള സീറം തിരഞ്ഞെടുക്കുകയാണു വേണ്ടത്. വൈറ്റമിൻ സി സീറം മിക്കവർക്കും ഇണങ്ങും. പിഗ്‌മന്റേഷൻ അകറ്റുന്ന ചർമത്തിന് ഉന്മേഷം നൽകുന്ന വൈറ്റമിൻ സി കോളാജൻ ഉൽപാദനത്തിനും സഹായിക്കും. ആന്റി ഓക്സിഡന്റ് പ്രത്യേകതകൾ ഉള്ളതിനാൽ ഫ്രീ റാഡിക്കിൾ ഡാമേജ് തടഞ്ഞു ചർമത്തിന്റെ യുവത്വം കാക്കും.

മോയിസ്ചറൈസർ : സീറം പുരട്ടി ഒരു മിനിറ്റിനുശേഷം മോയിസ്ചറൈസർ പുരട്ടാം.

സൺസ്ക്രീൻ : എന്നും സൺസ്ക്രീന്‍ ഉപയോഗിച്ചേ മതിയാകൂ എന്നറിയാമല്ലോ. ചർമസംരക്ഷണത്തിൽ സീറം ഉൾപ്പെടുത്തി തുടങ്ങുമ്പോൾ സൺസ്ക്രീൻ ഒഴിവാക്കുകയേ അരുത് എന്നു കൂടി അറിഞ്ഞോളൂ.

നൈറ്റ് സ്കിൻ കെയർ

ഫെയ്സ്‌വാഷ് : മുഖം വൃത്തിയാക്കുക.

റെറ്റിനോൾ :  പ്രായാധിക്യത്തെ തടയാൻ മിടുക്കുള്ള റെറ്റിനോൾ മുപ്പതു കഴിയുമ്പോൾ മുതൽ ഉപയോഗിച്ചു തുടങ്ങണം. ആദ്യം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കുക. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിൽ ഉപയോഗിക്കുക. ക്രമേണ എല്ലാ ദിവസവും ഉപയോഗിക്കുക.

റെറ്റിനോൾ ചർമത്തിലെ കൊളാജന്റെ ഉൽപാദനം കൂട്ടുന്നതു വഴി പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ അകറ്റും.  ഓപൺ പോർസ്, പിഗ്‌മന്റേഷൻ സ്പോട്സ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നല്ലതാണ്.

അണ്ടര്‍ ഐ ക്രീം : പ്രായമേറുമ്പോൾ കണ്ണിനടിയിലെ കറുപ്പ്, കണ്ണിനു വശങ്ങളിലെ ചുളിവുകൾ എന്നിവ വരും. ഇവയകറ്റാൻ അണ്ടർ ഐ ക്രീം വേണ്ടി വരും.

ലിപ് ബാം :  ചുണ്ടിലെ വരൾച്ച തടയാൻ മോയിസ്ചറൈസിങ് ഗുണമുള്ള ഹൈഡ്രേറ്റിങ് ലിപ് ബാം ഉൾപ്പെടുത്തണം

മോയിസ്ചറൈസർ : മുഖത്തും കൈ കാലുകളിലും മോയിസ്ചറൈസർ പുരട്ടുക.

ഏറ്റവും പ്രധാനം

പ്രായാധിക്യം ചർമത്തെ തൊടാതിരിക്കാനുള്ള വഴികളിലാണു കൂടുതൽ ശ്രദ്ധ നൽകേണ്ടത്. ചർമത്തിന്റെ പ്രായം കൂട്ടുന്ന പ്രധാന ഘടകമാണു മാനസിക സമ്മർദം. സ്വന്തം ഇഷ്ടങ്ങൾക്കായി സമയം മാറ്റി വച്ചും മെഡിറ്റേഷൻ, വ്യായാമം എന്നിവ  ശീലിച്ചും സമ്മർദത്തെ പടിക്കു പുറത്താക്കുക. നല്ല ജീവിതശൈലി പിന്തുടരുന്നതു പൊതുവായുള്ള ആരോഗ്യം മെച്ചപ്പെടുത്തും. സ്കിൻ കെയർ റുട്ടീനിലൂടെ ചർമത്തെ പരിചരിക്കുക.

ഭക്ഷണത്തിൽ ശ്രദ്ധിക്കാൻ

കാൽസ്യം, വൈറ്റമിൻ ‍ഡി, ബയോട്ടിൻ, മൾട്ടി വൈറ്റമിൻ ഗുളികകൾ ഡോക്ടറുടെ നിർദേശത്തോടെ കഴിക്കുന്നത് ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനു കാവലാണ്. കൊളാജൻ സപ്ലിമെന്റ്സുമുണ്ട്. ആവശ്യമെങ്കിൽ ഇവയും വിദഗ്ധ നിർദേശത്തോടെ കഴിക്കുക.

മധുരത്തിന്റെയും ഉപ്പിന്റെയും ഉപയോഗം കുറച്ചാൽ മുഖത്തിന്റെ പഫിനെസ്സ് മാറുമെന്നു ചില പഠനങ്ങൾ പറയുന്നു. മാത്രമല്ല മധുരത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് ആന്റി എയ്ജിങ്ങിനുള്ള മികച്ച വഴിയുമാണ്.

സ്കിൻ കെയർ ട്രീറ്റ്മെന്റ്സ്

ചർമത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്ന തെറപ്പികൾ വിദഗ്ധരുടെ പക്കൽ നിന്നു ചെയ്തു ചർമം സുന്ദരവും ആരോഗ്യകരവുമാക്കി വയ്ക്കാം. പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ ട്രീറ്റ്മെന്റ് (പിആർപി) ആന്റി എയ്ജിങ്ങിനു വളരെ ഗുണകരമാണ്. ചുളിവുകൾ നീങ്ങും. മുഖക്കുരുവിന്റെ പാടുകൾ അകലും. മുഖത്തിനു തുടിപ്പും യുവത്വവും കിട്ടും.

പ്രായം 50 കഴിഞ്ഞാലും യുവത്വത്തോടെ

അൻപതു കഴിഞ്ഞു, ഇനിയെന്തു ചർമസംരക്ഷണം എന്നു ചിന്തിക്കുന്നവരല്ല ‘ഓൾഡ് ന്യൂ ജനറേഷൻ’.  ഏതു പ്രായത്തിലും സുന്ദരിയായി, സ്മാർട്ടായിരിക്കണമെന്നാണ് അവരുടെ ചിന്ത. അതാണു വേണ്ടതും.

മോണിങ് സ്കിന്‍ കെയർ

ഫെയ്സ് വാഷ് : മുഖം കഴുകി വൃത്തിയാക്കാൻ വരൾച്ചയുണ്ടാക്കാത്ത ഫെയ്സ് വാഷ് തിരഞ്ഞെടുക്കാം.

ഹയലറൂണിക് ആസിഡ് സീറം : ചർമത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഹയലറൂണിക് ആസിഡ് 50 വയസ്സിനു ശേഷം സ്കിൻ റുട്ടീനിൽ ഉൾപ്പെടുത്താം. നനവുള്ള ചർമത്തിലാണ് ഈ സീറം പുരട്ടേണ്ടത്. അതിനുശേഷം ആവശ്യമെങ്കിൽ വൈറ്റമിൻ സി സീറം പുരട്ടാം.

മോയിസ്ചറൈസർ : ചർമത്തിന്റെ മൃദുത്വം കൈവിടാതിരിക്കാൻ മോയിസ്ചറൈസർ പുരട്ടാം.

സൺസ്ക്രീൻ : രാവിലത്തെ സ്കിൻ കെയർ റുട്ടീനിന്റെ അ വസാനപടി സൺസക്രീൻ ആണ്.

നൈറ്റ് സ്കിൻ കെയർ

മുപ്പതുകളിൽ ചെയ്യേണ്ട നൈറ്റ് സ്കിൻ കെയർ റുട്ടീൻ തന്നെയാണ് അൻപതുകളിലും തുടരേണ്ടത്. ഫെയ്സ് വാ ഷ്, റെറ്റിനോൾ, മോയിസ്ചറൈസർ എന്നിവ അതേ ക്രമത്തിൽ ഉപയോഗിക്കുക. ഒപ്പം അണ്ടർ ഐ ക്രീം, ലിപ് ബാം.

ഏറ്റവും പ്രധാനം

പ്രായം കൂടുമ്പോൾ ചർമത്തിലെ സ്വാഭാവിക എണ്ണമയം കുറയും. ആർത്തവിരാമം, ഈസ്ട്രജൻ ഹോർമോണിന്റെ കുറവ് എന്നിവ ചർമത്തിന്റെ വരൾച്ചയ്ക്കു കാരണമാകുന്നുണ്ട്. ദൃ‍ഢത നഷ്ടപ്പെട്ടു ചർമം അയയാനും തുടങ്ങും.  അതുകൊണ്ട് ഈ പ്രായത്തിൽ മോയിസ്ചൈറസേഷനു പ്രാധാന്യം നൽകണം. ജലാംശം നിലനിർത്താൻ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചു വെള്ളം കുടിക്കുക.

ആഴ്ചയിൽ രണ്ടര മണിക്കൂർ കാർഡിയോ വ്യായാമങ്ങളും അര മണിക്കൂർ മസിൽ സ്ട്രെങ്തനിങ് വ്യായാമവും ചെയ്യണം. അത് എങ്ങനെ വേണമെന്നു പ്രായവും ആരോഗ്യസ്ഥിതിയും അനുസരിച്ചു തീരുമാനിക്കണം.

ഭക്ഷണത്തിൽ ശ്രദ്ധിക്കാൻ

ജീവിതശൈലീ രോഗങ്ങൾ ഉണ്ടെങ്കിൽ അതനുസരിച്ചുള്ള ഡയറ്റ് പിന്തുടരുക. മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവ മിതമായി ഉപയോഗിക്കുന്നതോ ഒഴിവാക്കുന്നതോ ചർമത്തിനും ആരോഗ്യത്തിനും നല്ലതാണ്.

സ്കിൻ കെയർ ട്രീറ്റ്മെന്റ്സ്

കണ്ണു കുഴിഞ്ഞത് ആത്മവിശ്വാസത്തെ ബാധിക്കുന്നെങ്കി ൽ ഡെർമൽ ഫില്ലർ വയ്ക്കാം. മുഖത്തെ ചർമം അയഞ്ഞുതൂങ്ങിയെങ്കിൽ ത്രെഡ് ലിഫ്റ്റിലൂടെ ശരിയാക്കാം. ചുളിവുകള്‍ അകലാൻ ബോട്ടോക്സ് ട്രീറ്റ്മെന്റ് ഫലവത്താണ്.

age-appropriate-skincare-tips-beauty

വിവരങ്ങൾക്കു കടപ്പാട് : ഡോ. വീണ മനീഷ്, കൺസൽറ്റന്റ് ‍ഡെർമറ്റോളജിസ്റ്റ് & എസ്തറ്റിക് ഫിസിഷൻ, വിവ ഡെർമ സ്കിൻ ക്ലിനിക്, ഇടപ്പള്ളി. ഇയാന സ്കിൻ കെയർ ക്ലിനിക്, ചക്കരപറമ്പ്.

Unlock Your Best Skin: A Lifelong Skincare Journey:

Achieving radiant skin throughout life requires a proactive and age-appropriate skincare routine. Understanding and addressing common skin concerns at each life stage, from adolescence to maturity, is key to maintaining a healthy and youthful complexion.

ADVERTISEMENT