ADVERTISEMENT

കൃത്യമല്ലാത്ത മാസമുറ, മുഖം നിറഞ്ഞ മുഖക്കുരു. പലതരം ഡയറ്റുകൾ മാറിമാറി പരീക്ഷിച്ചിട്ടും കുറയാത്ത  ശരീരഭാരം. ലക്ഷണങ്ങൾ പലതുണ്ടെങ്കിലും ഗർഭധാരണത്തിലെ പ്രശ്നങ്ങളെ തുടർന്നു നടത്തുന്ന പരിശോധനയിലാണു മിക്കവരും പിസിഓഎസ് ഉണ്ടെന്നു കണ്ടെത്തുന്നത്. ഇന്ത്യയിലും കേരളത്തിലും നിരവധി യുവതികൾക്കാണ് PCOS അഥവാ Polycystic Ovary Syndrome എന്ന രോഗാവസ്ഥ കണ്ടെത്തുന്നത്.

ഏതാനും വർഷങ്ങളായി ഈ രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് വികസിക്കുന്നതിന്റെ ഫലമായി ഈ രോഗത്തെ PMOS (Polyendocrine Metabolic Ovarian Syndrome) എന്നു വിളിക്കണമെന്നു വിദഗ്ധർ നിർദേശിച്ചത് അടുത്തിടെയാണ്. വെറും പേരുമാറ്റം മാത്രമാണോ ഇത് ? അല്ലേയല്ല. രോഗത്തിന്റെ യഥാർഥ സ്വഭാവം കൂടുതൽ വ്യക്തമായി മനസ്സിലാക്കാനുള്ള ശ്രമമാണിത്.

ADVERTISEMENT

ഇതിലേക്കു നയിച്ച സാഹചര്യങ്ങളും രോഗത്തിന്റെ സ്വഭാവം മാറുമ്പോൾ മുൻകരുതലെടുക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും അറിയാം.

പേരുമാറ്റം എന്തുകൊണ്ട് ?

ADVERTISEMENT

PCOS എന്നാൽ അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകൾ നിറഞ്ഞിരിക്കുന്ന രോഗമാണ് എന്ന ധാരണയാണു മിക്കവർക്കും. എന്നാൽ യഥാർഥത്തിൽ അതു രോഗത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്.

PCOS ഉള്ള എല്ലാ സ്ത്രീകൾക്കും അണ്ഡാശയത്തിൽ സിസ്റ്റുകൾ കാണണമെന്നില്ല. അതേസമയം, അൾട്രാസൗണ്ടിൽ പോളിസിസ്റ്റിക് ഓവറി കാണുന്ന എല്ലാവർക്കും രോഗമുണ്ടാകണമെന്നുമില്ല. അതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച ഗവേഷണങ്ങൾ പറയുന്നത് ഈ രോഗം അണ്ഡാശയത്തിൽ മാത്രം ഒതുങ്ങില്ല എന്നാണ്.

ADVERTISEMENT

ശരീരത്തിലെ ഹോർമോൺ സംവിധാനത്തെയും ഇൻസുലിന്റെ പ്രവർത്തനത്തെയും ശരീരഭാരത്തെയും കരളിനെയും ഹൃദയാരോഗ്യത്തെയും വരെ ബാധിക്കാവുന്ന  അവസ്ഥയാണിത്. അതിനാൽ തന്നെ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (Polycystic Ovary Syn drome) എന്ന പേര് രോഗത്തിന്റെ യഥാർഥ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നില്ലെന്നു വിദഗ്ധർ കരുതുന്നു. ആ സാഹചര്യത്തിലാണു പുതിയ പേരു രൂപം കൊണ്ടത്.

PCOS മാറി PMOS ആകുമ്പോൾ എന്താണു മാറ്റം ?

PMOS എന്ന പുതിയ പേര് ഒരു പ്രധാന പാഠം പഠിപ്പിക്കുന്നു. സ്ത്രീകളുടെ ആരോഗ്യത്തെ അണ്ഡാശയത്തിന്റെ മാത്രം പ്രശ്നമായി കാണുന്ന കാലം കഴിഞ്ഞു. മാസമുറ ക്രമക്കേട്, മുഖക്കുരു, ഭാരം കൂടൽ, ഇൻസുലിൻ റെസിസ്റ്റൻസ്, പ്രമേഹസാധ്യത, ഹൃദയാരോഗ്യം– ഇവയെല്ലാം ഇതിന്റെ ഭാഗങ്ങളാണ്. അതുകൊണ്ടുതന്നെ PMOS നെ അവഗണിക്കാൻ പാടില്ല.

കൃത്യസമയത്തെ രോഗനിർണയം, ശരിയായ വൈദ്യോപദേശം, ആരോഗ്യകരമായ ഭക്ഷണരീതി, സ്ഥിരമായ വ്യായാമം, കൃത്യമായ ഫോളോ അപ്– PMOS ഉള്ള സ്ത്രീകൾക്കു പൂർണ ആരോഗ്യത്തോടെ, ആത്മവിശ്വാസത്തോടെ ജീവിക്കാൻ ഇവയെല്ലാം പ്രധാനമാണ്.

PMOS എന്നതിലെ  പോളിഎൻഡോക്രൈൻ  (Polyendo crine) എന്ന പദം ശരീരത്തിലെ ഹോർമോൺ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു എന്നാണു സൂചിപ്പിക്കുന്നത്. മെറ്റബോളിക് (Metabolic) എന്ന പദം ശരീരത്തിന്റെ ഊർജവിനിയോഗത്തെയും ഇൻസുലിൻ പ്രവർത്തനത്തെയും ബാധിക്കുന്ന രോഗമാണിതെന്ന് ഓർമിപ്പിക്കുന്നു.

Ovarian എന്ന ഭാഗമാണ് അണ്ഡാശയത്തിന്റെ പങ്ക് അംഗീകരിക്കുന്നത്. എന്നാൽ രോഗത്തെ അതിൽ മാത്രം ഒതുക്കരുതെന്ന ഓർമപ്പെടുത്തലുമാണ്. ലളിതമായി പറഞ്ഞാൽ, PMOS ഒരു അണ്ഡാശയ രോഗം മാത്രമല്ല; സ്ത്രീയുടെ ഹോർമോൺ ആരോഗ്യത്തെയും മെറ്റബോളിക് ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്ന അവസ്ഥയാണ്.

ഇൻസുലിൻ റെസിസ്റ്റൻസ് എന്തുകൊണ്ട് ?

PMOS നെ ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥയുമായി ചേർത്തുവച്ചാണു വിശദീകരിക്കേണ്ടത്. നാം കഴിക്കുന്ന ഭക്ഷണത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) ശരീരകോശങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ചിലരിൽ കോശങ്ങൾ ഇൻസുലിനോടു ശരിയായി പ്രതികരിക്കാതെ വരും. ഈ അവസ്ഥയാണ് ഇൻസുലിൻ റെസിസ്റ്റൻസ്.

ഈ സാഹചര്യത്തിൽ ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കും. രക്തത്തിൽ ഇൻസുലിന്റെ അളവ് വർധിക്കുമ്പോൾ അണ്ഡാശയങ്ങൾ കൂടുതൽ ആൻഡ്രജൻ ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങും.

സ്ത്രീകളിൽ ഇങ്ങനെ പുരുഷഹോർമോണുകൾ വർധിക്കുന്നതോടെയാണു മുഖക്കുരു, അമിത രോമവളർച്ച, മാസമുറ ക്രമക്കേട് തുടങ്ങിയ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് PMOS നെ അണ്ഡാശയത്തിന്റെ മാത്രം രോഗമായി കാണാനാകില്ല, ഇതു മെറ്റബോളിസവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നു.

pmoshealtharticlevanithamalayalam1

ശരീരം നൽകുന്ന മുന്നറിയിപ്പുകൾ എന്തെല്ലാം ?

PMOS എല്ലാ സ്ത്രീകളിലും ഒരേ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ചിലർക്കു മാസമുറയിലാകും പ്രശ്നങ്ങൾ, ചിലർക്കു ഭാരം കൂടുതലാകും, മറ്റു ചിലർക്കു ഗർഭധാരണത്തിലെ ബുദ്ധിമുട്ടാകും ലക്ഷണം. ഏറ്റവും സാധാരണമായ ലക്ഷണം ക്രമരഹിതമായ ആർത്തവമാണ്. മാസങ്ങളോളം ആർത്തവം വരാതിരിക്കുകയോ, 35– 40 ദിവസത്തിലധികം ഇടവേളയിൽ മാത്രം ആർത്തവം വരികയോ ചെയ്യുന്നതു ശ്രദ്ധിക്കേണ്ട ലക്ഷണമാണ്.

കൗമാരപ്രായം കഴിഞ്ഞിട്ടും തുടർച്ചയായി മുഖക്കുരു നിലനിൽക്കുന്നതു ശരീരത്തിലെ ആൻഡ്രജൻ ഹോർമോണുകൾ വർധിച്ചതിന്റെ സൂചനയാകാം. മുഖത്തും താടിയിലും നെഞ്ചിലും വയറിലും അസാധാരണ രോമവളർച്ച ഉണ്ടാകുന്നതു മറ്റൊരു പ്രധാന ലക്ഷണമാണ്. ചില സ്ത്രീകൾക്കു തലമുടി കൊഴിയുകയും നെറ്റിയുടെ ഇരുവശങ്ങളിലും മുടി കനം കുറയുകയും ചെയ്യാം. കഴുത്തിലോ കക്ഷങ്ങളിലോ കറുത്ത നിറം കാണപ്പെടുന്നതും ഇൻസുലിൻ റെസിസ്റ്റൻസിന്റെ സൂചനയാകാം.

ഭാരം കൂടുന്നതും PMOS ഉം തമ്മിൽ ബന്ധമുണ്ടോ ?

ഭാരം കൂടിയതു കൊണ്ടാണോ PMOS വരുന്നത്, അതോ PMOS ഉള്ളതു കൊണ്ടാണോ ഭാരം കൂടുന്നത് ? ഈ സംശയം പല രോഗികൾക്കുമുണ്ടാകാം. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിൽ തർക്കമില്ല.

ഇൻസുലിൻ റെസിസ്റ്റൻസ് ശരീരത്തിൽ കൊഴുപ്പ് അടിയാനുള്ള പ്രവണത വർധിപ്പിക്കും. അതേസമയം ഭാരം കൂടുമ്പോൾ ഇൻസുലിൻ റെസിസ്റ്റൻസ് വീണ്ടും വർധിക്കും. അങ്ങനെ ഒരു ‘ദുഷ്‌ചക്ര’മുണ്ടാകുന്നു. അതുകൊണ്ടു കൂടിയാണു ശരീരഭാര നിയന്ത്രണം ചികിത്സയുടെ പ്രധാന ലക്ഷ്യമായി കണക്കാക്കപ്പെടുന്നതും.

ഗർഭധാരണത്തെ ബാധിക്കുമോ ?

PMOS ഉള്ള സ്ത്രീകളിൽ അണ്ഡോത്പാദനം സ്ഥിരമായി നടക്കണമെന്നില്ല. ചില മാസങ്ങളിൽ അണ്ഡം പുറത്തുവരാതെയുമിരിക്കാം. ഇതാണു ഗർഭധാരണ സാധ്യത കുറയാനുള്ള കാരണം. എന്നാൽ, PMOS ഉള്ള സ്ത്രീകൾക്കു ഗർഭം ധരിക്കാൻ കഴിയില്ല എന്ന ധാരണ പൂർണമായും തെറ്റാണ്. ശരിയായ ചികിത്സയും ഭാരനിയന്ത്രണവും, ആവശ്യ മെങ്കിൽ പ്രത്യേക മരുന്നുകളും  ഉപയോഗിച്ചാൽ ഇവർക്കും  ഗർഭധാരണം സാധ്യമാണ്.

ഏതു ഡോക്ടറെ സമീപിക്കണം ?

മാസമുറ ക്രമക്കേടുകളുമായി പലരും ആദ്യം ഗൈനക്കോളജിസ്റ്റിനെ സമീപിക്കാറുണ്ട്. അതിൽ തെറ്റൊന്നുമില്ല. എന്നാൽ അമിതവണ്ണം, പ്രീഡയബറ്റിസ്, പ്രമേഹം, ഇൻസുലിൻ റെസിസ്റ്റൻസ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ  എൻഡോക്രൈനോളജിസ്റ്റിനെ തന്നെ കാണണം.

ഗർഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവർ ഫെർട്ടിലിറ്റി സ്പെഷലിസ്റ്റിന്റെ സഹായവും തേടണം. അതിനാൽ തന്നെ PMOS ചികിത്സ ഒരു ടീം വർക്കാണ്.

pmoshealtharticlevanithamalayalam2

ജീവിതശൈലി മാറ്റം രോഗത്തിന്റെ തീവ്രത കുറയ്ക്കുമോ ?

PMOS ചികിത്സയിൽ ‘അദ്ഭുതമരുന്ന്’ എന്നൊന്നില്ല. ഏറ്റവും ശക്തിയുള്ള മരുന്ന് ജീവിതശൈലി മാറ്റം തന്നെയാണ്. ശരീരഭാരത്തിന്റെ അഞ്ച്– പത്ത് ശതമാനം കുറച്ചാൽ പോലും മാസമുറ ക്രമപ്പെടാനും അണ്ഡോത്പാദനം മെച്ചപ്പെടാനും ഇൻസുലിൻ റെസിസ്റ്റൻസ് കുറയാനും ഇടയാക്കും. ഇതു മരുന്നിനെക്കാൾ ഫലപ്രദമായ മാറ്റമുണ്ടാക്കും.

ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ?

PMOS നു ദീർഘകാലം പിന്തുടരാൻ കഴിയുന്ന ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഏറ്റവും മികച്ചത്. ഭക്ഷണത്തിൽ ആവശ്യമായ പ്രോട്ടീൻ ഉൾപ്പെടുത്തുന്നതു വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. പച്ചക്കറികൾ, പരിപ്പ് വർഗങ്ങൾ, മീൻ, മുട്ട, മുഴുധാന്യങ്ങൾ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുക. മധുരപാനീയങ്ങൾ, അമിതമായി പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, ഫാസ്റ്റ് ഫൂഡ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം.

എന്തൊക്കെ വ്യായാമം ചെയ്യണം ?

നടത്തം നല്ലതാണ്. പക്ഷേ, അതുമാത്രം മതിയാകില്ല. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ തോതിലുള്ള വ്യായാമവും, ഒപ്പം രണ്ടോ മൂന്നോ ദിവസം മസിലുകൾ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങളും ചെയ്യണം.

സ്ട്രെങ്ത് ട്രെയിനിങ് (Strength training) അഥവാ മസിലുകളുടെ ശക്തി വർധിപ്പിക്കുന്ന വ്യായാമങ്ങൾ ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കുന്നതിൽ വളരെ ഫലപ്രദമാണ്.

PMOS പൂർണമായി മാറുമോ ?

വിവാഹം കഴിക്കുകയോ ഗർഭം ധരിക്കുകയോ ചെയ്ത ശേഷം PMOS നെക്കുറിച്ചു പല സ്ത്രീകളും ചിന്തിക്കാറില്ല. രോഗത്തിന്റെ സ്ഥിതി അവിടെ അവസാനിക്കുന്നില്ല എന്നതാണു യാഥാർഥ്യം.

കാലക്രമേണ ചില സ്ത്രീകളിൽ പ്രമേഹവും ഫാറ്റി ലിവറും ഉയർന്ന രക്തസമ്മർദവും ഹൃദ്രോഗസാധ്യതയും വർധിക്കാം. അതിനാൽ ശരീരഭാരം, അരക്കെട്ടിന്റെ അളവ്, രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുന്നതു പ്രധാനമാണ്.

പരിശോധനകൾ എന്തൊക്കെ ?

അൾട്രാസൗണ്ട് ചെയ്താൽ മാത്രം രോഗം കണ്ടെത്താനാകില്ല. ലക്ഷണങ്ങൾ, ഹോർമോൺ വ്യതിയാനം, അൾട്രാസൗണ്ട് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണു രോഗനിർണയം നടത്തേണ്ടത്.

രക്തപരിശോധന നടത്തുന്നതാണ് ആദ്യഘട്ടം. ഇതിലൂടെ തൈറോയ്ഡ് പരിശോധനകളും പ്രോലാക്ടിൻ പരിശോധനയും ആൻഡ്രജൻ ഹോർമോണുകളുടെ അളവും നോക്കാറുണ്ട്. രക്തത്തിലെ പഞ്ചസാര, HbA1c, കൊളസ്ട്രോൾ എന്നിവയും വിലയിരുത്തണം.

PMOS ഭാവിയിലെ പ്രമേഹസാധ്യതയുടെ മുന്നറിയിപ്പു കൂടിയാണ്. പ്രായം ചെല്ലുംതോറും ഫാറ്റിലിവർ, ഹൃദ്രോഗം പോലുള്ളവയും വരാൻ സാധ്യതയുണ്ട്. അതിനാൽ കൃത്യമായ ഇടവേളകളിൽ രക്തപരിശോധന  നടത്താൻ മറക്കരുത്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. കാർത്തിക് വിജയകുമാർ, എൻഡോക്രൈനോളജിസ്റ്റ്, എസ്‌പി മെഡിഫോർട്ട് ഹോസ്പിറ്റൽ, തിരുവനന്തപുരം.
 

Long-term Health Risks Associated with PMOS:

Polycystic Ovary Syndrome, now scientifically referred to as Polyendocrine Metabolic Ovarian Syndrome, is no longer considered merely an ovarian condition but a complex health issue affecting metabolism and hormone levels. The condition involves symptoms such as irregular menstrual cycles, stubborn weight gain, acne, and abnormal hair growth linked to insulin resistance. Women experiencing these health challenges should not view the diagnosis as an isolated reproductive problem requiring only gynecological care. Effective management of this metabolic syndrome relies heavily on sustainable lifestyle modifications, including balanced diets and regular strength training exercises. Early diagnosis and continuous medical monitoring are crucial to prevent long-term health risks like type 2 diabetes and heart disease. Comprehensive medical support often requires a multidisciplinary approach involving endocrinologists, gynecologists, and fertility specialists. Understanding the true scope of this condition empowers women to take proactive control of their overall well-being and long-term health.

ADVERTISEMENT