മുഖത്തിന്റെ ആകൃതി തീരുമാനിക്കുന്നതിൽ പുരികത്തിന് വലിയ പങ്കുണ്ട്. ത്രെഡ് ചെയ്യുമ്പോൾ വീതിയൽപം കുറഞ്ഞാലോ കൂടിയാലോ മുഖം തന്നെ മാറിയപോലെ തോന്നുന്നത് ഇതുകൊണ്ടാണ്. പുരികം മോടി കൂട്ടി മുഖം സുന്ദരമാക്കാൻ വേണ്ടതെല്ലാം അറിഞ്ഞാലോ...
പുരികക്കൊടിയുടെ സംരക്ഷണം
∙ എല്ലാ ദിവസവും പുരികം ബ്രഷ് ചെയ്യണം. ഇതിനായി ഐ ബ്രോ ബ്രഷ് ഉപയോഗിക്കാം. രക്തയോട്ടം കൂടും, പുരികം നന്നായി വളരും. നിറവും ഭംഗിയും കൂടും.
∙ വീതി കുറഞ്ഞ പുരികക്കൊടികളല്ല, വീതിയുള്ള നാചുറൽ പുരികമാണ് നല്ലത്. വീട്ടിൽ തന്നെ പ്ലക്കർ ഉപയോഗിച്ച് പുരികത്തിന് ആകൃതി നൽകുന്നവർ ഇക്കാര്യം മറക്കരുത്. പാർലറിൽ പോയി ത്രെഡ് ചെയ്യുന്നതാണ് പുരികത്തിന് ആകൃതി നൽകാൻ നല്ല വഴി.
∙ത്രെഡ് ചെയ്തശേഷം കറ്റാർവാഴ ജെൽ പുരട്ടുന്നത് ചുവപ്പും തടിപ്പും മാറാൻ സഹായിക്കും. പതിവായി കറ്റാർവാഴ ജെൽ പുരട്ടിയാൽ പുരികക്കൊടികൾക്ക് തിളക്കവും കിട്ടും.
∙ ചർമത്തിനു മാത്രമല്ല, പുരികത്തിനും സ്ക്രബ് വേണം. അഴുക്കും പൊടിയും അടിഞ്ഞിരുന്ന് കുരുക്കളും മറ്റും വരാതിരിക്കാൻ ആഴ്ചയിൽ ഒരിക്കൽ സ്ക്രബ് പുരട്ടാം. ഒരു ചെറിയ സ്പൂൺ ഒലിവെണ്ണയും പഞ്ചസാരയും ചേർത്ത് പുരികത്തിൽ പുരട്ടി രണ്ടു മിനിറ്റ് മൃദുവായി മസാജ് ചെയ്തു കഴുകാം.
പുരികം നന്നായി വളരാൻ
∙ രാത്രി ഉറങ്ങും മുൻപ് അൽപം ആവണക്കെണ്ണ പുരട്ടിയശേഷം പുരികം ബ്രഷ് ചെയ്യുക.
∙ പുരികം വളരാൻ സഹായിക്കുന്ന സൾഫർ, സെലീനിയം, ബി വൈറ്റമിൻസ് എന്നിവ നിറഞ്ഞ സവാളനീര് പുരികത്തിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം നാരങ്ങാനീരും വെള്ളവും സമം ചേർത്ത വെള്ളത്തിൽ മുക്കിയ പഞ്ഞിക്കഷണം കൊണ്ട് തുടച്ചെടുക്കാം. സവാളയുടെ ഗന്ധം അകറ്റാനാണ് നാരങ്ങാനീരുപയോഗിച്ച് തുടയ്ക്കുന്നത്.
∙ ഒലിവെണ്ണ വിരലിൽ തൊട്ടെടുത്ത് തിരുമ്മി ചൂടാക്കി പുരികത്തിൽ മസാജ് ചെയ്യുന്നത് പുരികത്തിന് കട്ടി നൽകും.
ഐബ്രോ മേക്കപ് സുന്ദരമായി
∙ തലമുടിയേക്കാൾ ഒരു ഷേഡ് കുറഞ്ഞ ഐബ്രോ പെൻസിലുപയോഗിച്ച് പുരികം ഷേഡ് ചെയ്തെടുക്കാം.
∙ ഐ ബ്രോ പെൻസിലുപയോഗിച്ച് അമർത്തി വരയ്ക്കുന്നത് പുരികം കൊഴിഞ്ഞുപോകാനിടയാക്കും. അല്ലെങ്കിൽ ഐ ബ്രോ പൗഡർ തിരഞ്ഞെടുക്കാം. പൗഡറിൽ മുക്കി മെല്ലെ ബ്രഷ് ചെയ്താൽ നാചുറൽ ലുക് സ്വന്തമാക്കാം.
∙ തുടക്കത്തിൽ ബ്രൗണ്‍ നിറം നൽകി കറുപ്പു നിറവുമായി ബ്ലെൻഡ് ചെയ്താണ് പുരികം സുന്ദരമാക്കേണ്ടത്. കട്ടിയിൽ വരച്ചെടുക്കുകയല്ല പകരം കട്ടി തോന്നും വിധം ഷേഡ് ചെയ്തെടുക്കുകയാണ് വേണ്ടത്.
∙ പുരികമെഴുതിയ ശേഷം ചർമത്തിന്റെ നിറത്തിന് ചേരുന്ന ഹൈലൈറ്റർ ഉപയോഗിച്ച് ഐ ബ്രോ ലൈൻ വരയ്ക്കണം. കണ്ണുകൾക്ക് വലുപ്പം തോന്നാനും മുഖത്തിന് ചെറുപ്പം നൽകാനും ഇതിലൂടെ കഴിയും.