ADVERTISEMENT

സൗന്ദര്യവർധക വസ്തുക്കളുടെ വിപണിയിൽ വ്യാജന്മാർ പിടിമുറുക്കുന്നതായി ഡ്രഗ് കൺട്രോൾ ബ്യൂറോയുടെ മുന്നറിയിപ്പ്. പ്രമുഖ ബ്രാൻഡുകളുടെ പേരിലും പാക്കിങ്ങിലും വ്യാജ ഫെയർനെസ് ക്രീമുകൾ വിപണിയിൽ വ്യാപകമായതോടെ കൊല്ലം ജില്ലയിലടക്കം ഡ്രഗ് കൺട്രോൾ വകുപ്പ് പരിശോധനകൾ കർശനമാക്കി. 

‘ഓപ്പറേഷൻ സൗന്ദര്യ’യെന്ന പേരിൽ വരും ദിവസങ്ങളിൽ ശക്തമായ പരിശോധനയ്ക്കു തുടക്കമിടുമെന്ന് ഡ്രഗ് കൺട്രോൾ ഉദ്യോഗസ്ഥർ പറ‍ഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാനത്ത് നടത്തിയ പരിശോധനകളിൽ എട്ട് പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ ഫെയർനെസ് ക്രീമുകൾ അതീവ അപകടകരമായ നിലയിൽ കണ്ടെത്തിയെന്ന് ഡ്രഗ് കൺട്രോൾ ബ്യൂറോ തന്നെ വ്യക്തമാക്കുന്നു.

ADVERTISEMENT

അഞ്ചു ദിവസം കൊണ്ട് വെളുക്കാം

മുഖം അഞ്ചു ദിവസം കൊണ്ടു വെളുക്കുമെന്ന് ഇൻസ്റ്റഗ്രാം പോലെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പരസ്യം നൽകി തന്നെ വിപണിയിൽ വ്യാജൻമാർ രംഗത്തു വരുകയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൊല്ലം ജില്ലയിലെ ചില കേന്ദ്രങ്ങളിൽ മുംബൈയിൽ നിന്ന് ഇത്തരം ഉൽപന്നങ്ങൾ എത്തുന്നുണ്ടെന്നുമാണ് കണ്ടെത്തൽ.

ADVERTISEMENT

വ്യാജന്മാർ എത്തുന്ന വഴി

യഥാർഥ ഉൽപന്നങ്ങളുടെ പാക്കിങ്ങും ലേബലും അതേപടി പകർത്തിയാണ് വ്യാജന്മാർ വിപണിയിലെത്തുന്നത്. കാഴ്ചയിൽ ഒറിജിനലും വ്യാജനും തമ്മിൽ തിരിച്ചറിയാൻ സാധിക്കാത്ത വിധമാണ് ഇവയുടെ നിർമാണം. അയൽസംസ്ഥാനങ്ങളിലെ അനധികൃത നിർമാണ കേന്ദ്രങ്ങളിൽ നിന്നാണ് ഇവ പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്. മുംബൈയിലും ചണ്ഡിഗഡിലും തന്നെ മുപ്പതോളം ഫാക്ടറിയിൽ ഇത് ഉണ്ടാക്കി വിപണിയിലെത്തിക്കുന്നുണ്ടെന്നും വിതരണക്കാർ തന്നെ സമ്മതിക്കുന്നു. 

ADVERTISEMENT

പ്രധാന ബ്രാൻഡ് ഉൽപന്നങ്ങൾക്ക് വിലയിൽ 5% ആണ് വിൽപനക്കാർക്ക് കമ്മീഷൻ കിട്ടുന്നതെങ്കിൽ ഇതേ ബ്രാൻഡിന്റെ പേരിൽ മുംബൈയിൽ നിന്ന് വ്യാജൻ എത്തും വിലയുടെ പകുതിയും കമ്മീഷൻ നൽകുന്നതാണ് വാഗ്ദാനം.

നികുതി വെട്ടിച്ചും രേഖകളില്ലാതെയും കടത്തിക്കൊണ്ടുവരുന്ന ഇത്തരം ക്രീമുകൾ വൻ ലാഭം വാഗ്ദാനം ചെയ്താണ് ചെറുകിട ഫാൻസി സ്റ്റോറുകളിലും സൗന്ദര്യവർധക കടകളിലും എത്തിക്കുന്നത്. ഇതിനുപുറമെ, യാതൊരു പരിശോധനയുമില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ വിപണന സൈറ്റുകൾ വഴിയും സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾ വഴിയും ഉപഭോക്താക്കളിലേക്ക് ഇവ നേരിട്ടെത്തുന്നുണ്ട്.

ജാഗ്രത വേണം

അംഗീകൃത ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രം സൗന്ദര്യവർധക വസ്തുക്കൾ വാങ്ങണമെന്ന് ഡ്രഗ് കൺട്രോൾ വകുപ്പ് നിർദേശിക്കുന്നു. ഉൽപന്നങ്ങൾ വാങ്ങുമ്പോൾ കൃത്യമായ ബിൽ ചോദിച്ചു വാങ്ങുകയും പാക്കിങ്ങിലെ ബാച്ച് നമ്പർ, നിർമാണ തീയതി, നിർമാതാക്കളുടെ വിലാസം എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും വേണം

ആരോഗ്യത്തിന് ഗുരുതര ഭീഷണി

വേഗത്തിൽ നിറം ലഭിക്കുന്നതിനായി ഇത്തരം വ്യാജ ക്രീമുകളിൽ അനുവദനീയമായതിലും അനേകം മടങ്ങ് അപകടകരമായ രാസവസ്തുക്കളാണ് ചേർക്കുന്നത്. മെർക്കുറി (രസം), സ്റ്റിറോയ്ഡുകൾ, ഹൈഡ്രോക്വിനോൺ തുടങ്ങിയ മാരക വിഷാംശങ്ങളാണ് ലാബുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

ചർമ രോഗങ്ങൾ: തുടക്കത്തിൽ നിറം വർധിക്കുന്നതായി തോന്നുമെങ്കിലും തുടർച്ചയായ ഉപയോഗം ചർമത്തിന്റെ സ്വാഭാവിക സംരക്ഷണ കവചത്തെ നശിപ്പിക്കുന്നു. ചർമം നേർത്തതാകുക, കടുത്ത ചൊറിച്ചിൽ, ചുവന്നു തടിക്കൽ, അലർജി, വെയിലേറ്റാൽ കറുത്ത പാടുകൾ വീഴുക എന്നിവയാണ് പ്രധാന പാർശ്വഫലങ്ങൾ.

ആന്തരികാവയവങ്ങളെ ബാധിക്കുന്നു: ക്രീമുകളിലെ മെർക്കുറി ചർമത്തിലൂടെ രക്തത്തിൽ കലരുന്നത് വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. നാഡീവ്യൂഹത്തിനും കരളിനും തകരാറുകൾ സംഭവിക്കാൻ ഇത് കാരണമാകും.

ഹോർമോൺ വ്യതിയാനങ്ങളും കാൻസറും: സ്റ്റിറോയ്ഡുകളുടെ അനിയന്ത്രിതമായ സാന്നിധ്യം ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ തെറ്റിക്കുകയും ദീർഘകാല ഉപയോഗം ചർമത്തിലെ കാൻസറിലേക്ക് വരെ നയിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Health Risks of Fake Fairness Creams: From Skin Damage to Organ Failure:

Fake cosmetics are flooding the market, prompting strict warnings and impending crackdowns from the Drug Control Bureau. Authorities have launched Operation Soundarya to inspect and seize dangerous counterfeit fairness creams across districts like Kollam. Investigations over the past six months revealed that at least eight major brands are being extensively duplicated. These counterfeit products are frequently marketed online with deceptive promises of rapid skin whitening within days. Unscrupulous suppliers smuggle these unauthorized items primarily from illegal manufacturing units located in other states. Retailers are lured into selling these fakes due to massive profit margins compared to genuine products. Consumers are strongly advised to purchase beauty items only from authorized stores while verifying essential manufacturing details.

ADVERTISEMENT