ADVERTISEMENT

ടേക്ഓഫിൽ പാർവതിയുടെ മകനായി വന്ന്, പിന്നീട് മലയാളികളുടെ പ്രിയങ്കരനായ താരമാണ് എറിക് സക്കറിയ. നടി എസ്തർ അനിലിന്റെ കുഞ്ഞനിയൻ കൂടിയായ എറിക് സോഷ്യൽ മീഡിയയിലും സജീവമാണ്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം വൈറലാകുന്ന എറിക്കിന്റെ സ്‌റ്റൈലൻ ഫോട്ടോസിനു പിന്നിലെ ഫൊട്ടോഗ്രഫർ വേറെയാരുമല്ല, ചേട്ടൻ ഇവാൻ തന്നെ. അത്തരമൊരു ഫോട്ടോ സെഷന്റെ ഇടയിൽ നടന്ന അപകടത്തിന്റെ കഥ ഇവാൻ ഫെയ്സ്ബുക്കിൽ പങ്കു വച്ചിരിക്കുകയാണ്.

കോവിഡ് മൂലം ഷൂട്ടിങ്ങും ക്ലാസും മുടങ്ങിയതിനാൽ വയനാട് കാവുമന്നത്തുള്ള വീട്ടില്‍തന്നെയാണ് എറിക്കും ഇവാനും. തറവാടുവീട്ടിലെ കുളത്തിൽ കുളിയൊക്കെയായി ഹാപ്പിയായി ഇരിക്കുന്ന സമയം. ഇന്നലെ കുളത്തിൽ ചാടാൻ പോയപ്പോള്‍ ക്യാമറ കയ്യിൽ കരുതാനും ഇവാൻ മറന്നില്ല. കുളത്തിനു സമീപം നിന്ന് പല പോസുകളിൽ ഫോട്ടോ എടുത്തതിനു ശേഷം നേരെ കുളത്തിലേക്ക്. ഇവാന്റെ ക്യാമറയിൽ കിടിലൻ പടം പ്രതീക്ഷിച്ച് കുളത്തിൽ ചാടിയ എറിക് ഉടനെ തന്നെ കരയ്ക്കു കയറിയിട്ട് ചേട്ടനോട് പറഞ്ഞു, എന്നെ ഒരു പാമ്പ് കടിച്ചു. വളരെ കൂളായിട്ടാണ് എറിക് കാര്യം അവതരിപ്പിച്ചതെങ്കിലും സംഗതി സീരിയസാണെന്ന് മനസ്സിലാക്കിയ ഇവാൻ അനിയനെയും കൂട്ടി വീട്ടിലേക്ക്. തറവാട്ടിലേക്ക് പോയാൽ പ്രായമായ മുത്തശ്ശനും മുത്തശ്ശിയും പേടിക്കും. അതുകൊണ്ട് വീട്ടിലേക്ക് പോയി അപ്പനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. പത്തു മിനിറ്റിനുള്ളിൽ വീടിനടുത്തുള്ള ആശുപത്രിയിലെത്തി.

eric2
ADVERTISEMENT

പരിശോധിച്ചയുടനെ മനസ്സിലായി, കടിച്ചത് വിഷമില്ലാത്ത നീർക്കോലിയാണെന്ന്. കൂടെയുണ്ടായിരുന്നവരുടെ ടെൻഷൻ മാറിയത് അപ്പോഴാണെങ്കിലും തുടക്കം മുതൽക്കെ എറിക് കൂളായിരുന്നു. ടെൻഷനടിച്ച അപ്പനോട് എറിക്കിന്റെ വക ഡയലോഗ് ഇങ്ങനെ, ‘ഇതൊക്കെ നമ്മൾ കൂളായിട്ട് ഹാൻഡിൽ ചെയ്യണം. വിഷമുള്ള പാമ്പാണെങ്കിലും പേടിക്കരുത്. പേടിച്ചാൽ രക്തസമ്മർദം കൂടി, വിഷം പെട്ടെന്ന് ശരീരത്തിൽ വ്യാപിക്കും. അതുകൊണ്ട് പേടിച്ചു നിൽക്കാതെ വേഗം ആശുപത്രിയിൽ പോയി ചികിൽസ തേടണം.’

തിരികെ വീട്ടിലെത്തിയതിനു ശേഷം കടിയേറ്റ ഭാഗത്തുനിന്ന് പാമ്പിന്റെ പല്ല് കണ്ടെടുത്തതും എറിക് തന്നെ. പാമ്പിന്റെ കടിയേൽക്കേണ്ടി വന്നെങ്കിലും ചേട്ടന്റെ വക കിടിലൻ ഫോട്ടോസ് കിട്ടിയതിന്റെ സന്തോഷത്തിലാണ് എറിക്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾക്കൊപ്പം പാമ്പ് കടിയേറ്റ കാര്യവും വെളിപ്പെടുത്തിയത് ഇവാൻ തന്നെയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT