കാക്കോത്തിക്കാവിലെ കാക്കോത്തിപ്പെണ്ണിന് താലിയ്ക്കും മാലയ്ക്കും പൊന്നുവയ്ക്കാം, മൂക്കുത്തിക്കല്ലെല്ലാം വേറെ വയ്ക്കാം ഇക്കൊല്ലം മേടത്തിൽ കല്യാണം വേണെങ്കിൽ കയ്യിലെ കല്ലെല്ലാം കൊണ്ടേ പോ ഈ കയ്യിലെ കല്ലെല്ലാം കൊണ്ടേ പോ...
കാക്കോത്തിക്കാവിൽ ഇങ്ങനെ പ്രാർഥിച്ച് കുഞ്ഞുകല്ലുകൾ സമർപ്പിച്ചാൽ കാക്കോത്തി എല്ലാം നടത്തുമെന്നാണു വിശ്വാസം. കുട്ടികളെ ഇഷ്ടമുള്ള, വെളളാരം കല്ലുമാലകളുമായി കാത്തിരിക്കുന്ന കാക്കോത്തി...
പഴങ്കഥയുടെ അപ്പൂപ്പൻ താടികൾ പറന്നു തുടങ്ങിയ കാവിലേക്ക് അച്ഛനുമമ്മയുമില്ലാതെ വളർന്ന മുരളിയെന്ന കുട്ടിയും ചേച്ചിയുടെ മുന്നിൽ നിന്ന് ഒരു നിമിഷം കൊണ്ട് മാഞ്ഞുപോയ വാവാച്ചിയും അവളെ തട്ടിക്കൊണ്ടു പോയ ഉവാച്ചുവും ഉവാച്ചുവിന്റെ കയ്യിൽ നിന്ന് അവളെ രക്ഷിച്ചു കൂടെക്കൂട്ടിയ നാടുതോറും അലഞ്ഞുനടക്കുന്ന സുരാസുവിന്റെ കഥാപാത്രവും എത്തുന്നു.
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ കാണുമ്പോൾ മനസ്സിൽ സങ്കടത്തിന്റെ കുഞ്ഞുവെള്ളാരംകല്ലുകളുടെ ഭാരം തോന്നും. കണ്ണടച്ചു തുറക്കും മുന്നേ കാണാമറയത്തേക്കു പോയ കുഞ്ഞുങ്ങളെ ഒാർമ വരും. മുറുക്കിച്ചുവപ്പിച്ച രേവതിയുടെ കാക്കോത്തിയെ പോലെ അവർ ഈ ലോകത്ത് എവിടെയൊക്കെയോ ഉണ്ടാവുമല്ലേയെന്ന് ഒാർത്തു പോവും. കഥയുടെ കണ്ണാന്തുമ്പികൾ പറന്ന വഴികൾ കമൽ ഒാർത്തു തുടങ്ങി.
ഉണ്ണികളെ ഒരു കഥപറയാം റിലീസ് ചെയ്യുന്നതിനു മുൻപ് സംവിധായകൻ ഫാസിലും നിർമാതാവ് അവുസേപ്പച്ചനും എെന്ന കാണണം എന്നു പറയുന്നു. പാച്ചിക്ക (ഫാസിൽ) മദ്രാസിൽ തന്നെയുണ്ടായിരുന്നു. അന്ന് അശോക് നഗറിൽ അദ്ദേഹത്തിന് ഒാഫിസുണ്ട്. നടൻ സുകുമാരന്റെ വീട് വാടകയ്ക്ക് എടുത്ത് ഒാഫിസ് ആക്കി മാറ്റിയതായിരുന്നു. അദ്ദേഹം മദ്രാസിലെത്തുമ്പോൾ അവിടെയാണു താമസിക്കുക.
ഞാൻ ചെല്ലുമ്പോള്‍ ഫാസിലിന്റെ സഹസംവിധായകരായ സിദ്ദിഖും ലാലുമൊക്കെയുണ്ട്. പാച്ചിക്ക ഒരു കഥയുടെ പേരു പറഞ്ഞു– കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ. പ്രമേയം മധുമുട്ടത്തിന്റെതാണ്. തിരക്കഥ ഫാസിൽ. അദ്ദേഹവും അവുസേപ്പച്ചനും ചേർന്ന് അതു നിർമിക്കുന്നു. ഞാനത് സംവിധാനം ചെയ്യണം. ആരാധനതോന്നിയ സംവിധായകനാണ് ഫാസിൽ. അങ്ങനെയൊരു ഒാഫർ കിട്ടുക അത്ര ചെറിയ കാര്യമല്ല. മറ്റൊരു കഥ കൂടി പറഞ്ഞെങ്കിലും കാക്കോത്തിക്കാവാണ് എനിക്ക് ഇ ഷ്ടമായത്. കവിതപോലെ സുന്ദരമായിരുന്നു അത്.
മുൻപു ഞാൻ സംവിധാനം ചെയ്ത രണ്ടു സിനിമകളിലും മോഹൻലാലാണു നായകൻ. നെടുമുടിയും തിലകനുമുൾപ്പടെ താരങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാവും പാച്ചിക്ക രണ്ടു കാര്യങ്ങൾ കൂടി പറഞ്ഞു– ‘വലിയ താരങ്ങളില്ലാത്ത സിനിമയാണിത്. നായകൻ എന്നൊരു കോൺസെപ്റ്റ് ഇല്ലാത്ത സിനിമയുമാണ്.’ ഇത്തരം സിനിമകൾക്കു വിജയസാധ്യതയില്ലെന്നു ചിന്തിക്കുന്ന കാലമാണ്. എന്നിട്ടും അതു നിർമിക്കാൻ ധൈര്യം കാണിച്ചു.
നായികയായി പുതിയൊരു കുട്ടിയെ തിരഞ്ഞു തുടങ്ങി. അതിനു വേണ്ടി മദ്രാസിലും ആലപ്പുഴയിലുമായി ഒരുപാടു സ്ക്രീൻ ടെസ്റ്റുകളും ഒാഡിഷനുകളും നടന്നു. പക്ഷേ, ആ കഥാപാത്രത്തിനു യോജിച്ച ആരെയും കിട്ടിയില്ല. ഒടുവിൽ രേവതിയുടെ പേര് ചർച്ചകളിൽ വന്നു. അപ്പോൾ രണ്ടോ മൂന്നോ സിനിമകളിലേ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ മുഖം മലയാളത്തില്‍ അത്ര പരിചിതമായിട്ടുമില്ല.
ഞാനും സിദ്ദിഖും രേവതിയോട് കഥ പറഞ്ഞു. കഴുത്തിൽ കല്ലുമാല,പാറിക്കിടക്കുന്ന മുടി. അളവു തെറ്റിതയ്ച്ച കുപ്പായം. മുറുക്കി ചുവപ്പിച്ച നടക്കുന്നതുകൊണ്ടു തന്നെ പല്ലുകളിൽ കറ പിടിച്ചിട്ടുണ്ട്. ഇങ്ങനെ കാക്കോത്തിയുടെ രൂപം വിശദമായി പറഞ്ഞു. കുറച്ചു േനരം രേവതി ആലോചിച്ചിരുന്നു. എന്നിട്ടു ഫാസിലിനെ ഒന്നു കാണാൻ പറ്റുമോ എന്നും അതിനു മുൻപ് കാക്കോത്തിയുടെ കോസ്റ്റ്യും കാണാൻ പറ്റുമോ എന്നു ചോദിച്ചു. കോസ്റ്റ്യൂം ഡിസൈനറോടു പറഞ്ഞ് ഒരു സ്കർട്ടും ബ്ലൗസും രേവതിയുടെ കയ്യിൽ എത്തിച്ചു.
കാക്കോത്തിയെ കാണുന്നു
ഫാസിലിന്റെ ഒാഫിസിൽ ഞങ്ങൾ രേവതിയെ കാത്തിരിക്കുകയാണ്. പത്തു മണിക്ക് ഒരു കാർ വന്നു നിന്നു. അതിനുള്ളിൽ നിന്ന് നാടോടി പെൺകുട്ടി ഇറങ്ങി ഞങ്ങളുടെ മുന്നിലേക്കു വന്നു. മുറുക്കി ചുവപ്പിച്ച് കല്ലുമാലയിട്ട് മുടിയൊക്കെ പാറിപ്പറത്തി അളവു തെറ്റി തയ്ച്ച കുപ്പായമിട്ട്. അത് രേവതിയായിരുന്നു. കാക്കോത്തിയായി സ്വയം മേക്കപ് ചെയ്താണ് വന്നത്. ഒരു നിമിഷം അതു രേവതിയെന്നു ഞങ്ങൾക്കു മനസ്സിലായില്ല.
പാച്ചിക്ക ഒന്നും മിണ്ടാതെ കുറച്ചു നേരം നോക്കിയിരുന്നു. എന്നിട്ടു ചോദിച്ചു–‘‘സ്വയം ക്യാരക്ടർ ആയല്ലേ...’’ രേവതി ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു– ‘‘ഇതല്ലേ സാറിന്റെ മനസ്സിലെ കാക്കോത്തി. കഥ കേട്ടപ്പോൾ എന്റെ മനസ്സിലേക്കു വന്ന രൂപം ഇങ്ങനെയാണ്. വേണമെങ്കിൽ നമുക്കു മാറ്റാം.’’ പൊട്ടിച്ചിരിയോടെ പാച്ചിക്ക പറഞ്ഞു–‘ഇതാണ്, ഇതു തന്നെയാണു കാക്കോത്തി.’
സാധാരണ ലൊക്കേഷനിൽ വന്നിട്ടല്ലേ കോസ്റ്റ്യുമും മേക്കപ്പും ചെയ്യാറുള്ളത്. എന്നാൽ രേവതി എത്താറുള്ളത് കാക്കോത്തിയായിട്ടാണ്. ഷോട്ട് കഴിഞ്ഞാലും നില ത്തു തന്നെയിരിക്കും. സിനിമയിൽ തെണ്ടക്കാർ എന്നു വിളിക്കുന്ന സംഘത്തിന്റെ ടെന്റിൽ ഷൂട്ടില്ലെങ്കിലും പോയിരിക്കും.
പന്തളത്തിനടുത്തു വെൺമണിയിലുള്ള ചാമക്കാവാണു കാക്കോത്തിക്കാവാക്കി മാറ്റിയത്. പുഴയുടെ തീരത്തായിരുന്നു കാവ്. റോഡിറങ്ങി കുറച്ചു നടക്കണം. എ ന്നാലേ കാവിലെത്താനാവൂ. പോവുന്ന വഴിയിൽ നിറയെ പഴമുള്ള മരമുണ്ട്. അതിൽ നിറയെ കുരങ്ങുകളും. അടുത്തുള്ള ക്ഷേത്രത്തിൽ നിന്നു കിട്ടുന്ന പ്രസാദം നാട്ടുകാർ കുരങ്ങുകൾക്കു കൊടുക്കും. മനുഷ്യരോടു അടുപ്പമുണ്ടെങ്കിലും ഉപദ്രവിക്കുമോ എന്നു പേടിതോന്നും.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രേവതിയും കുരങ്ങുകളും വലിയ സൗഹൃദമായി. അവയ്ക്കു ഭക്ഷണം കൊടുക്കാൻ തുടങ്ങി. കുറച്ചു കൂടി കഴിഞ്ഞപ്പോൾ കുരങ്ങന്മാരുടെ അടുത്തിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. ആ ദിവസങ്ങളിൽ രേവതി ശരിക്കും കാക്കോത്തിയായിരുന്നെന്ന് എനിക്കു തോന്നിയിട്ടുണ്ട്.
രേവതി തന്നെ കഥാപാത്രത്തിന് ശബ്ദം കൊടുക്കട്ടെ എന്നു തീരുമാനിച്ചു. അതുവരെ മലയാളത്തിൽ രേവതി ഡബ് ചെയ്തിട്ടില്ല. മലയാളം ശരിക്ക് അറിയാെതയുള്ള ഉച്ചാരണം മനോഹരമായി. ‘കല്ലുകൊത്താനുണ്ടോ കല്ല്... കാലൻ മത്തായിയുണ്ടോ കാലൻ മത്തായി’ എന്ന ഡയലോഗ് ഒക്കെ വലിയ ഹിറ്റായി.
ഒരാഴ്ച കഴിഞ്ഞ് ഹിറ്റ്
റിലീസ് ചെയ്ത സമയത്തു തിയറ്ററിൽ പ്രതീക്ഷിച്ച തിരക്കുണ്ടായില്ല. വലിയ താരങ്ങളില്ലെന്നതും അവാർഡ് സിനിമ പോലെ ചെറിയൊരു വിഭാഗത്തിനു മാത്രം ഇഷ്ടപ്പെടുന്ന ടൈപ്പ് ആണെന്നുമൊക്കെയുള്ള തോന്നലായിരുന്നു അതിനു കാരണം. പക്ഷേ, സിനിമ ബി ക്ലാസ് തിയറ്ററിലേക്ക് എത്തിയപ്പോഴേക്കും ഹൗസ്ഫുൾ ആയി. അതോടെ വലിയ വിജയമായി.
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾക്കു ശേ ഷം ഉള്ളടക്കത്തിൽ അമല ചെയ്ത കഥാപാത്രത്തിലേക്കു രേവതിയെ ക്ഷണിച്ചിരുന്നു. കഥ കേട്ടപ്പോൾ രേഷ്മ എന്ന കഥാപാത്രത്തെ രേവതിക്ക് ഇഷ്ടവുമായി. അപ്പോഴേക്കും കിലുക്കം ഷൂട്ട് തുടങ്ങാൻ പോവുകയായിരുന്നു. കിലുക്കത്തിന്റെ ഫസ്റ്റ് ഹാഫിലെ രേവതിയുടെ നന്ദിനി തമ്പുരാട്ടി മാനസിക പ്രശ്നമുള്ള ഒരാളെ പോലെ അഭിനയിക്കുന്നുണ്ടല്ലോ. രണ്ടിലും മോഹൻലാലായിരുന്നു നായകൻ. കഥാപാത്രങ്ങൾക്കു തമ്മിൽ സാമ്യം തോന്നിയാലോ എന്നു സംശയം തോന്നി. പിന്നീട് വർഷങ്ങൾക്കു ശേഷമാണ് ഗ്രാമഫോണില്‍ അഭിനയിച്ചത്.
പിൽക്കാലത്തു നായകന്മാരെ പോലെ തന്നെ പ്രാധാന്യമുള്ള നായികമാരുടെ സിനിമകളും ഞാൻ സംവിധാനം ചെയ്തിട്ടുണ്ട്. എങ്കിലും ഇന്നും അതിലേറ്റവും പ്രധാനപ്പെട്ടതായി കാക്കോത്തിക്കാവിലെ അപ്പുപ്പൻ താടികൾ നിൽക്കുന്നു.