Monday 26 April 2021 11:29 AM IST

അധികം ഭക്ഷണം കഴിക്കാറില്ല, നടത്തം മുടങ്ങിയപ്പോൾ 70 കിലോയിലെത്തി! മേക്കോവർ ചിത്രത്തിന് പിന്നിൽ: നിഷ പറയുന്നു

V.G. Nakul

Sub- Editor

nisha

മലയാളി കുടുംബപ്രേക്ഷകരുടെ ‘നീലു’വാണ് നിഷ സാരംഗ്. ‘ഉപ്പും മുളകും’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയില്‍, ബാലുവിന്റെ ഭാര്യയും അഞ്ച് മക്കളുടെ അമ്മയുമായി നിഷയുടെ പ്രകടനം അത്രയേറെ സ്വാഭാവികമായിരുന്നു. ‘ഉപ്പും മുളകി’ലെ നീലു നിഷയ്ക്ക് വലിയ ജനപ്രീതിയും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമുൾപ്പടെ കൂടുതൽ അവസരങ്ങളും നേടിക്കൊടുത്തു.

ഇപ്പോഴിതാ, ഷൂട്ടിങ് തിരക്കുകൾക്കിടെ കിട്ടിയ ഇടവേളയിൽ ഒരു ചെറിയ മേക്കോവറിനായുള്ള ശ്രമത്തിലാണ് മലയാളത്തിന്റെ പ്രിയതാരം. കഴിഞ്ഞ ദിവസം നിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

‘‘കുറേ ദിവസം അടുപ്പിച്ച് വീട്ടിൽ നിൽക്കുമ്പോൾ സ്വാഭാവികമായി ഒരു മാറ്റം വരുമല്ലോ. ഒപ്പം പുതിയ ഒരു കഥാപാത്രത്തിനു വേണ്ടിയുള്ള ശാരീരികമായ തയാറെടുപ്പുകള്‍ കൂടിയായപ്പോൾ ഗെറ്റപ്പില്‍ ചെറിയൊരു വ്യത്യാസം. അത്രേയുള്ളൂ’’.– നിഷ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

വ്യായാമം പ്രധാനം

‌‌മോളാണ് ആ ചിത്രങ്ങള്‍ എടുത്തത്. ഞാൻ വേണ്ട എന്നു പറഞ്ഞിട്ടും അവൾ നിർബന്ധിച്ച് പോസ്റ്റ് ചെയ്യിപ്പിച്ചതാണ്. വണ്ണം കുറച്ച് കുറയ്ക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നു. ഇടയ്ക്ക് ബോഡി വെയിറ്റ് അൽപ്പം കൂടി. അതൊന്നു നിയന്ത്രിക്കാനാണ് ശ്രമം. മേക്കപ്പ് ചെയ്യാതിരിക്കുന്നതിന്റെ മാറ്റം സ്കിന്നിനുമുണ്ടാകും.

യോഗയാണ് പ്രധാനമായും ചെയ്യുന്നത്. വലിയ പരിപാടിയൊന്നുമല്ല. പണ്ടേ ശീലിച്ചത് ഇപ്പോഴും തുടരുന്നു. മുൻപ് ദിവസം 5 കിലോമീറ്റർ നടക്കുമായിരുന്നു. ഷൂട്ടിന്റെ തിരക്കിൽ അതു മുടങ്ങി. ഇപ്പോള്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ നടക്കും. ഭക്ഷണത്തിലും ചെറിയ നിയന്ത്രണങ്ങളുണ്ട്. ഞാൻ പൊതുവേ അധികം ഭക്ഷണം കഴിക്കുന്ന ആളല്ല. ഒത്തിരിയൊന്നുമില്ലെങ്കിലും ഇതിനോടകം 4 കിലോ കുറഞ്ഞു. കുറച്ചു കൂടി കുറയ്ക്കണം. ഷൂട്ടിങ് തിരക്കിനിടെ ഇത്തരം കാര്യങ്ങൾ കാര്യമായി ശ്രദ്ധിക്കാനാകില്ല. വീട്ടിൽ നിൽക്കുമ്പോഴേ സമയമുണ്ടാകൂ. നേരത്തെ ഞാൻ 70 കിലോ വരെയെത്തിയിട്ടുണ്ട്.

ചെറിയ ഇടവേള

വീട്ടിൽ നിൽക്കുമ്പോള്‍ എപ്പോഴും എന്തെങ്കിലും ജോലികളിലായിരിക്കും. വെറുതെ ഇരിക്കാൻ എനിക്കു താൽപര്യമില്ല. അതിന്റെതായ മാറ്റവുമുണ്ട്. ഷൂട്ടിന് പോകുമ്പോൾ വണ്ണം കൂടും. വീട്ടിലിരിക്കുമ്പോൾ കുറയും അങ്ങനെയൊരു രീതിയാണ് എപ്പോഴും.

കോവിഡിന്റെ പ്രശ്നങ്ങള്‍ കൂടുന്നതോടെ തൽക്കാലം ഷൂട്ടിങ് തിരക്കുകൾക്ക് അവധി നൽകിയിരിക്കുകയാണ്. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ അവസാനിച്ചാൽ വീണ്ടും സജീവമാകും.

കൈനിറയോ അവസരങ്ങളുമായി അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കുന്ന നിഷയുടെ ‘കസ്കസ്’ യൂ ട്യൂബ് ചാനലിൽ വരുന്ന ‘പപ്പനും പത്മിനി’യും എന്ന വെബ് സീരിസ് ഹിറ്റാണ്. ‘മേപ്പടിയാൻ’, ‘പ്രകാശൻ പരക്കട്ടെ’ എന്നിവയാണ് പ്രധാന ചിത്രങ്ങൾ.