ADVERTISEMENT

മാർഗദീപം തെളിഞ്ഞ പാതയിൽ അമ്മയുടെ കൈപിടിച്ചു നടക്കുകയാണ് അവർ. സയൻസും സ്പിരിച്വാലിറ്റിയും ഒരുമിച്ചുള്ള പ്രയാണം അമ്മയിൽ നിന്നാണു തുടങ്ങിയത്. ആദ്യദർശനം മുതൽ ഗുരുവായി മാറിയ ചൈതന്യത്തിന്റെ സാമീപ്യത്തിൽ, വാക്കുകളിൽ പകർന്നു കിട്ടിയ സ്നേഹാമൃതത്തിന്റെ മധുരം പങ്കുവയ്ക്കാൻ അവരിലെഴുപതു പേർ ഒത്തുചേർന്നു. അമ്മത്തണലിൽ അമൃതപുരിയുടെ മുറ്റം നിറഞ്ഞ് വനിതകളുടെ ഹൃദയസംഗമത്തിന് ശാന്തിമന്ത്രങ്ങളുമായി പതിനായിരങ്ങൾ സാക്ഷി...

മാതാ അമൃതാനന്ദമയി ദേവി ചാൻസലറായ അമൃത വിശ്വവിദ്യാപീഠത്തിന്റെ വിവിധ വകുപ്പുകളുടെ മേധാവിത്വം വഹിക്കുന്ന ഏഴു വനിതകൾ. ഉപവിഭാഗങ്ങൾ നയിക്കുന്ന മറ്റ് അറുപത്തിമൂന്നു പേർ. എഴുപതുപേരുടെ അപൂർവസംഗമത്തിന് അരങ്ങൊരുക്കി ‘വനിത’യും.

ADVERTISEMENT

മണലിൽ എഴുതിപ്പഠിച്ച കയ്യക്ഷരങ്ങളിൽ നിന്നു ടാബിൽ ആദ്യാക്ഷരം കുറിക്കുന്ന കാലത്തിലേക്കുള്ള സഞ്ചാരം അതിവേഗത്തിലാണെന്ന് അമ്മ ഓർമിപ്പിക്കുമ്പോൾ ആ വാക്കുകളിൽ 58 വർഷത്തെ ലോകപര്യടനങ്ങളുടെ ഉ ദ്ബോധനമുണ്ട്. സമൂഹത്തെയും പ്രകൃതിയേയും കാത്തുരക്ഷിക്കാനുള്ള കർത്തവ്യബോധത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുണ്ട്. പുതുയുഗത്തിലെ വനിതാശാക്തീകരണത്തിന്റെ പാഠങ്ങൾ അമ്മയിൽ നിന്നു പകർത്തിയെഴുതിയ ഏഴു പേർ ജീവിതയാത്രയിലെ തിരിച്ചറിവുകൾ പങ്കുവയ്ക്കുന്നു.

Amma2
അമൃത വിശ്വവിദ്യാപീഠത്തിന്റെ വിവിധ വകുപ്പുകളുടെ മേധാവിത്വം വഹിക്കുന്ന ഏഴു വനിതകൾ അമ്മയോടൊപ്പം

മണ്ണിന്റെ സ്പന്ദനം നോക്കി മുന്നറിയിപ്പ്

ADVERTISEMENT

(ഡോ.മനീഷ വിനോദിനി രമേഷ്)

എല്ലാവർക്കും സമീപിക്കാവുന്നത്രയും അരികിൽ ചാൻസലർ ഇരിക്കുന്ന യൂണിവേഴ്സിറ്റിയാണ് അമൃത. വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും അമ്മയെ നേരിട്ടു കാണാം, സംസാരിക്കാം. പിഎച്ച്ഡി ഗവേഷണം നടത്തുന്നവർക്ക്, ലോകത്ത് എവിടെ നിന്നുള്ളവരായാലും അവർക്കായി അമ്മ ഏർപ്പെടുത്തിയ സ്കോളർഷിപ്പിൽ ഓരോ വർഷവും 100 വിദ്യാർഥികൾക്ക് 30 ലക്ഷം രൂപ വീതം ലഭിക്കും. അവർക്കു ജോലി ചെയ്തു കൊണ്ട് പിഎച്ച്ഡി ഗവേഷണം നടത്താൻ അവസരം ലഭിക്കുന്നു.

ADVERTISEMENT

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ മുന്നറിയിപ്പു നൽകുന്ന ഒരു സാങ്കേതിക പദ്ധതി യൂറോപ്പിൽ നിന്നുള്ള വിദഗ്ധരുടെ സഹകരണത്തോടെ അമൃത സർവകലാശാലയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശത്തു മണ്ണിനടിയിൽ മുന്നൂറോളം സെൻസറുകൾ ഘടിപ്പിച്ചുള്ള പ്രവർത്തനമാണിത്. എഐ സഹായത്തോടെ ലാൻ‍ഡ് സ്ലൈഡ് ഏർലി വാണിങ് സിസ്റ്റം ആദ്യമായി നടപ്പാക്കിയത് അമൃതയാണ്. 2018ൽ ഇന്ത്യൻ സയൻസ് കോൺഗ്രസിൽ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് അവതരിപ്പിച്ചു.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി അമൃത ഓഷ്യൻ നെറ്റ് ഏർപ്പാടാക്കിയത് നിരവധി കുടുംബങ്ങൾക്ക് ആശ്വാസം പകരുന്നു. 60 കിലോമീറ്റർ വരെ കണക്ടിവിറ്റി ലഭിക്കും. എസ്ഒഎസ് കോൾ, സെർവർ ട്രാക്ക് എന്നിവ ഇതിലൂടെ സാധ്യമായി.

ഗ്രാമങ്ങളിൽ വേണം സൈബർ സുരക്ഷ

(ഡോ.കൃഷ്ണശ്രീ അച്യുതൻ)

ഇരുപതു വർഷമായി ഇവിടെയുണ്ട്. ആദ്യമായി അമ്മയെ കണ്ട നിമിഷത്തിൽ തന്നെ ഇനിയുള്ള കാലം അമ്മയോടൊപ്പം ജീവിക്കാമെന്നു തീരുമാനിക്കുകയായിരുന്നു.

പിഎച്ച്ഡി കഴിഞ്ഞ് അമേരിക്കയിൽ ജോലി കിട്ടി. ഉയർന്ന ശമ്പളവും ഉണ്ടായിരുന്നു. അതിലൊന്നും തൃപ്തി തോന്നിയില്ല. 2007ൽ ഇവിടെയെത്തി. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് പ്രോഗ്രാമിലായിരുന്നു തുടക്കം. ഇപ്പോൾ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഡീൻ പദവിക്കൊപ്പം സൈബർ സെക്യൂരിറ്റിയിൽ റിസർച്ച് നടത്തുകയാണ്. ഡിജിറ്റൽ സ്പേസിൽ ചൂഷണം ഇല്ലാതാക്കാനുള്ള നീക്കം ഗ്രാമങ്ങളിൽ നിന്ന് ആരംഭിക്കാനാണ് അമ്മയുടെ നിർദേശം. ഗെയിം ബേസ് ലേണിങ് രീതിയിലാണ് ഇതിന്റെ പ്രവർത്തനം.

ആന്റിബയോട്ടിക്സിന് പകരം മരുന്ന്

(ഡോ. ഗീത കുമാർ)

അമ്മയുടെ അനുഗ്രഹം ആദ്യം കിട്ടിയത് 1990ലാണ്. അമേരിക്കയിൽ വച്ചായിരുന്നു അത്. ഞാൻ യുഎസിലെത്തിയ സമയത്താണ് എന്റെ അച്ഛനുമമ്മയും മുംബൈയിൽ വച്ച് അമ്മയെ കണ്ടത്. ദർശനം ലഭിച്ച ശേഷം സംഭവിച്ച മാറ്റങ്ങൾ അവർ എന്നെ കത്തുകളിലൂടെ അറിയിക്കുമായിരുന്നു. എന്നാൽ, വർഷങ്ങൾക്കു ശേഷമാണ് എനിക്ക് അമ്മയുടെ അരികിലെത്താൻ കഴിഞ്ഞത്. അതിനു ശേഷം പതിനാലാം നാൾ അച്ഛൻ മരിച്ചു. ഈ സമയത്ത് അമ്മ യൂറോപ്പിലായിരുന്നു. അതേദിവസം രാവിലെ അവിടെ നടത്തിയ പ്രഭാഷണത്തിൽ എനിക്കു പ്രിയപ്പെട്ട ഒരു മകൻ യാത്രയാകുന്നതിനെക്കുറിച്ച് അമ്മ പറഞ്ഞിരുന്നു.

എല്ലാം മതിയാക്കി ഞാൻ 2004ൽ അമൃതപുരിയിലെത്തി. ബയോ ടെക്നോളജി പ്രഫസർ ആയിട്ടായിരുന്നു ആദ്യ നിയമനം. ഇപ്പോൾ ഫിസിക്കൽ സയൻസസിന്റെ ഡീൻ ആണ്. ആന്റി മൈക്രോബിൽ റെസിസ്റ്റൻസ് എന്നൊരു പ്രൊജക്ടിന്റെ പ്രവർത്തനം തുടരുകയാണ്. ആന്റിബയോട്ടിക്സിന്റെ അമിതോപയോഗം പ്രകൃതിക്കും മനുഷ്യനും ഉണ്ടാക്കുന്ന ദുരന്തങ്ങൾക്കുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമമാണിത്. പകരം മരുന്ന് എന്നു പറയാം.

അതിജീവിതകൾക്കു പുനരധിവാസം

(ഡോ. ഭവാനി റാവു. ആർ)

ഞാൻ ജനിച്ചത് ആന്ധ്രയിലാണ്. ഉപരിപഠനം നടത്തിയത് അമേരിക്കയിൽ. റേഡിയേഷൻ ഓങ്കോളജി ഫിസിക്സിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ ശേഷമാണ് ആശ്രമത്തിൽ എ ത്തിയത്. എന്റെ മാതാപിതാക്കൾക്കു നൈജീരിയയിലായിരുന്നു ജോലി. അവരുടെ നിർദേശപ്രകാരമാണ് അമ്മയെ കാണാൻ വന്നത്. പിന്നീടു തിരികെ പോയില്ല.

ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകളെയും ലൈംഗിക തൊഴിലാളികളെയും പുനരധിവസിപ്പിക്കാനുള്ള ചുമതലയാണ് എന്നെ ഏൽപ്പിച്ചത്. സ്ത്രീശാക്തീകരണം, ലിംഗസമത്വം എന്നീ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമ്മയുടെ നിർദേശം. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്കു യുനെസ്കോ സ്ഥാനം ലഭിച്ചിട്ടുണ്ട്.

നിരവധി ചേരികളിൽ അതു നടപ്പാക്കാൻ സാധിച്ചു. എൻജിഒകളുടെ സഹായത്തോടെയാണു നടപ്പാക്കിയത്.

പട്ടിണിയാണ് അവരെ ഈ തൊഴിലിലേക്കു നയിക്കുന്നത്. അവർക്കു വരുമാനം കണ്ടെത്താൻ വഴി കാണിക്കണമെന്ന് അമ്മ നിർദേശിച്ചു. അതനുസരിച്ച് പ്ലമിങ്(Plumbing), വയറിങ് തൊഴിലുകൾ പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകി. നിരവധി പേർ ഇപ്പോൾ ഈ ജോലി ചെയ്തു ജീവിക്കുന്നു.

സമൂഹത്തിന് ഉപകരിക്കുന്ന ബിസിനസ്

(ഡോ. നവ സുബ്രഹ്മണ്യം)

ഞാൻ മലേഷ്യയിലാണ് ജനിച്ചത്. ഇന്ത്യയിൽ നിന്നുള്ള ഒരു തമിഴ്കുടുംബം എടുത്തു വളർത്തിയ എന്റെ പഠനകാലം ഓസ്ട്രേലിയയിലായിരുന്നു. അഗ്രിക്കൾചറൽ യൂണിവേഴ്സിറ്റിയിൽ ലക്ചററായി ജോലി ചെയ്തിരുന്ന സമയത്താണ് അമ്മയെ കണ്ടത്. അമ്മയുടെ സാന്നിധ്യത്തിൽ കുഞ്ഞിനെപ്പോലെ ഞാൻ കരഞ്ഞു. അമ്മയില്ലാതെ മുന്നോട്ടു പോകാനാവില്ലെന്നു തോന്നിയപ്പോൾ ഇങ്ങോട്ടു പോന്നു. കോവിഡ് ലോക്ഡൗൺ കഴിഞ്ഞ സമയത്താണ് ഇവിടെ എത്തിയത്. ഇപ്പോൾ സ്കൂൾ ഓഫ് ബിസിനസിന്റെ ഡീൻ ആണ്. ഓസ്ട്രേലിയയിൽ അമ്മയുടെ മഠത്തിന്റെ ഡ യറക്ടറായും സേവനമനുഷ്ഠിക്കുന്നു. നമ്മുടെ കുട്ടികളെ സമൂഹത്തിന് യോജിക്കുന്ന ബിസിനസിലേക്ക് എത്തിക്കാനുള്ള ദൗത്യമാണ് അമ്മ എന്നെ ഏൽപ്പിച്ചിട്ടുള്ളത്.

ഭിന്നശേഷിക്കാർക്കു പരിശീലനം

(ഡോ. പ്രേമ നെടുങ്ങാടി)

ഡൽഹിയിൽ വച്ചാണ് ആദ്യമായി അമ്മയെ കണ്ടത്. ഞാൻ കരയുന്നതു കണ്ട് എന്തിനാണു കരയുന്നതെന്ന് അമ്മ ചോദിച്ചു. അന്ന് അതിനു മറുപടി പറയാനായില്ല. പിന്നീടൊരു സന്ദർഭത്തിൽ അമേരിക്കയിൽ വച്ച് അമ്മയോടൊപ്പം വരട്ടേ എന്നു ചോദിച്ചു. അമൃതയിൽ എത്തിയിട്ട് ഇപ്പോൾ ഇരുപതു വർഷം തികയുന്നു.

സമൂഹത്തിന് ഉപകാരപ്പെടും വിധം സോഫ്റ്റ്‌വെയറുകൾ എങ്ങനെ ഉപയോഗിക്കാമെന്നുള്ള ഗവേഷണങ്ങളിലാണിപ്പോൾ. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി വിദ്യാഭ്യാസ വകുപ്പുമായി ചേർന്നു പുതിയൊരു പദ്ധതി അമൃതപുരിയുടെ സമീപത്തു തുടങ്ങിയിട്ടുണ്ട്. ടെക്നോളജി, സൈക്കോളജി, കേൾവിക്കുറവുള്ളവർക്കു പഠനസൗകര്യം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. എൻസിഇആർടി, സാമൂഹിക നീതിവകുപ്പ് എന്നിവയുടെ പിന്തുണയോടെയാണു നടപ്പാക്കുക.

Amma
അമൃതപുരിയിൽ ദർശനത്തിനെത്തിയവരോടൊപ്പം മാതാ അമൃതാനന്ദമയി ദേവി

പിസിഒഡി പരിഹാരത്തിന് ഗവേഷണം

(അഞ്ജു ബിസ്ട്)

സൗഖ്യം ഇനിഷ്യേറ്റിവ്സിന്റെ മാനേജിങ് ഡയറക്ടർ പദവിയാണ് ഇപ്പോൾ വഹിക്കുന്നത്. ഇവിടെ എത്തിയിട്ട് 23 വ ർഷം കഴിഞ്ഞു. സെല്ലുലോസ് ഫൈബർ ഉപയോഗിച്ചു സാനിറ്ററി നാപ്കിൻ നിർമിക്കുന്ന പദ്ധതി വിജയകരമായി നടപ്പാക്കി. പരിസ്ഥിതി സൗഹൃദമായ മെനസ്ട്രബിൾ ഉൽപന്നങ്ങളുടെ നിർമാണത്തിൽ ഗ്രാമങ്ങളിലെ സ്ത്രീകളെയാണു പങ്കാളികളാക്കിയത്. എൻജിഒകൾ മുഖേനയാണ് വിതരണം.

ഇന്ത്യയിലെ 25 ശതമാനം പെൺകുട്ടികളും പിസിഒഎസ്, പിസിഒ‍ഡി പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നുണ്ടെന്നാണു സർവേ റിപ്പോർട്ട്. ഐസിഎംആറിലെ വിദഗ്ധരുമായി സഹകരിച്ച് ഈ പ്രശ്നത്തിനു പരിഹാരം ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ് സൗഖ്യം ഫൗണ്ടേഷൻ.

ADVERTISEMENT