ADVERTISEMENT

അഗ്രഹാരവീഥിയുടെ മുകളിൽ കുട ചൂടി നിൽക്കുകയാണു മഴക്കാറു മൂടിയ പ്രഭാതം. ആദികേശവപെരുമാൾ ക്ഷേത്രത്തിൽ മന്ത്രങ്ങൾ അർപ്പിച്ചു ദീപാരാധന തുടങ്ങി. തൊഴുകയ്യിൽ മനസ്സു നിറച്ചു ശ്രീകോവിൽ തുറക്കുന്നതു കാത്തുനിൽക്കുകയാണു കാലം. വീടുകളുടെ വാതിലുകൾ ഒന്നൊന്നായി തുറന്നു. തുളസിത്തറയിൽ ദീപം തെളിഞ്ഞു. ഉമ്മറങ്ങളിൽ സ്ത്രീകൾ കോലം വരയ്ക്കുന്ന നേരത്ത് ആകാശദൂതുപോലെ മുഴങ്ങിക്കേൾക്കുന്നതു ശാന്തിമന്ത്രങ്ങളാണ്; ജൈമിനീയ സാമവേദത്തിന്റെ അപൂർവസ്വരങ്ങൾ...

ഈ പ്രദേശത്തിന്റെ സ്ഥലപുരാണം തുടങ്ങുന്നതു കേരളത്തിലല്ല. തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളിക്കു സമീപം ‘അൻപിൽ’ എന്ന ഗ്രാമത്തിലാണ്. ഏകദേശം 500 വർഷങ്ങൾക്കു മുൻപ്, ജൈമിനീയ സാമവേദി തലവകാര ശാഖയിൽപ്പെട്ട തമിഴ് ബ്രാഹ്മണ കുടുംബങ്ങൾ പടിഞ്ഞാറു ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. ചോള ദേശത്തു നിന്നു പുറപ്പെട്ട് അവർ എത്തിച്ചേർന്നതു പാലക്കാടു ദേശത്താണ്, കണ്ണാടിപ്പുഴയോടു ചേർന്നുള്ള കൊടുന്തിരപ്പുള്ളിയിൽ.

onlinemasterpageNew4
ADVERTISEMENT

ഗ്രാമാധിപനായ ദേവന്റെ ചൈതന്യം ആഗമശാസ്ത്രവിധി പ്രകാരം ആവാഹിച്ചാണ് അൻപിൽ നിന്നുള്ളവർ പാലക്കാട്ടെത്തിയത്. ശ്രീദേവിÐഭൂദേവി സമേതനായി ആദികേശവപെരുമാളെ അവർ കൊടുന്തിരപ്പുള്ളിയിൽ പ്രതിഷ്ഠിച്ചു. ആ തിരുനടയിൽ നിന്നുള്ള പ്രാർഥനയിൽ വിശ്വാസികളുടെ ഹൃദയം തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥനു പാദവന്ദനം ചെയ്യുന്നു.

കൽപ്പാത്തി പുഴയുടെ തീരത്തു തമിഴ് ബ്രാഹ്മണർ വ സിക്കുന്ന അഗ്രഹാരം പോലെ മനോഹരമാണ് കൊടുന്തിരപ്പുള്ളി അഗ്രഹാരവും. കൽപ്പാത്തിയിലെ തേർവീഥിയെന്നു തോന്നും വിധം ഭംഗിയുള്ളതാണു കൊടുന്തിരപ്പുള്ളിയിലെ അഗ്രഹാരവീഥി. വർണക്കാഴ്ചകൾ, പെരുമഴക്കാലം, ഭീഷ്മർ, കൺമഷി, പട്ടാളം, സുമതി വളവ് എന്നിങ്ങനെ നിരവധി മലയാള സിനിമകൾക്കു പശ്ചാത്തലമായത് ഈ അഗ്രഹാരമാണ്. രണ്ടു ക്ഷേത്രങ്ങൾ, നൂറ്റാണ്ടു പഴക്കമുള്ള അഗ്രഹാരം, സാമവേദം പഠിപ്പിക്കുന്ന ഗുരുകുല വിദ്യാലയം, അതിമനോഹരമായ നീരാട്ടുകുളം എന്നിവയാണ് കൊടുന്തിരപ്പുള്ളിയുടെ ഐശ്വര്യം.

onlinemasterpageNew5
ADVERTISEMENT

സാമവേദാന്തികളുടെ ഗുരുകുലം

കൊടുന്തിരപ്പുള്ളി എന്ന പേരിന്റെ പുരാണം ഒരു യാത്രയുമായി ബന്ധമുള്ളതാണ്. ഐതിഹ്യം ഇങ്ങനെ: ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന വയോധിക ബ്രാഹ്മണൻ കയ്യിലൊരു ഓലക്കുടയുമായി യാത്ര ചെയ്യുകയായിരുന്നു. നടന്നു ക്ഷീണിച്ചപ്പോൾ അദ്ദേഹം കുട നിലത്തുവച്ചു. തുടർയാത്രയ്ക്കായി കുട എടുക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. മണ്ണിൽ സ്ഥാപിച്ചതു പോലെ ഉറച്ചു നിന്ന കുടയിൽ അദ്ദേഹം ധർമശാസ്താവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. ആ സ്ഥലത്തു പിന്നീടു ധർമശാസ്താക്ഷേത്രം നിർമിക്കപ്പെട്ടു. ‘കുട ഏന്തി’ എത്തിയ സ്ഥലം പിൽക്കാലത്തു കൊടുന്തിരപ്പുള്ളി ആയി. ഈ കൊടുന്തിരപ്പുള്ളിയിലാണ് അൻപിൽ നിന്നുള്ള തമിഴ്ബ്രാഹ്മണർ വന്നു ചേർന്നത്. അവർക്കു താമസിക്കാനൊരുക്കിയ നിരയായ വീടുകൾ ശ്രേഷ്ഠമായ വാസസ്ഥലം അഥവാ അഗ്രഹാരം എന്നറിയപ്പെട്ടു.

ADVERTISEMENT

കൊടുന്തിരപ്പുള്ളി അഗ്രഹാരത്തിൽ കിഴക്കു ദർശനമായി നിലകൊള്ളുന്ന ധർമശാസ്താവിന്റെ ഐതിഹ്യത്തിന് സാമവേദ മന്ത്രങ്ങളുടെ പശ്ചാത്തലമാണ് അകമ്പടി. പ ണ്ടു സാമവേദത്തിന് ആയിരം ശാഖകളുണ്ടായിരുന്നതായി പറയപ്പെടുന്നു. അവയിൽ ഏറ്റവും അപൂർവമായ ജൈമിനീയ തലവകാര ശാഖയുടെ പാരമ്പര്യം കൊടുന്തിരപ്പുള്ളിക്കാർ ഇപ്പോഴും പിന്തുടരുന്നു.

onlinemasterpageNew6

നാലു വേദങ്ങളിൽ ഋഗ്വേദവും യജുർവേദവും കഴിഞ്ഞു മൂന്നാമതായി നിൽക്കുന്ന സാമവേദത്തിന്റെ പാരായണം മറ്റു വേദോച്ചാരണങ്ങളിൽ നിന്നു വ്യത്യസ്തമാണ്. ഉയർന്ന സ്വരത്തിൽ ആരംഭിച്ച് ക്രമേണ താഴുന്ന രീതിയിലാണ് ആലാപനം. നീണ്ട ഇടവേളകളും ശ്വാസ നിയന്ത്രണവുമാണ് നിഷ്ഠ. അൽപംകൂടി വിശദമായി പറഞ്ഞാൽ സാമവേദോച്ചാരണം സംഗീതാത്മകമാണ്, താളാത്മകമാണ്. ഭാരതീയ സംഗീതശാഖയുടെ സ്പന്ദനമാണിതെന്ന് സംഗീത വിശാരദന്മാരുടെ പക്ഷം.

സമർപ്പണം ചെയ്ത ജീവിതം

‘സംഗീതത്തിന്റെ ആദിമസ്പന്ദനം പിന്തുടരുന്ന ഗ്രാമം’ എ ന്നൊരു വിശേഷണം ഉണ്ടായപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ഗവേഷകരും പണ്ഡിതരും കൊടുന്തിരപ്പുള്ളിയിൽ എത്തി. ഗ്രാമത്തിന്റെ പാരമ്പര്യവും ഐതിഹ്യവും അതിനൊപ്പം ചേർന്നൊഴുകുന്ന സാമവേദത്തിന്റെ ശബ്ദമിശ്രണവും അപൂർവമെന്ന് അവർ മനസ്സിലാക്കി ക്ഷേത്രസാമീപ്യത്തിലുണ്ടായ ത മിഴ് ബ്രാഹ്മണ ചിട്ടയാണ് അതിന്റെ ഹൈലൈറ്റ്.

ആദികേശവപെരുമാൾ ക്ഷേത്രമാണ് അഗ്രഹാരത്തിന്റെ ഹൃദയം. ശ്രീദേവിക്കും ഭൂദേവിക്കും ഒപ്പം നിലകൊള്ളുന്ന മഹാവിഷ്ണുവിനു ഗരുഡഭഗവാനും ആദിഗണപതിയും ഉപദേവതകൾ.

അഗ്രഹാരത്തിന്റെ പടിഞ്ഞാറു ദിക്കിൽ പൂർണാ പുഷ് കലസമേതനായ ധർമശാസ്താവിന്റെ ക്ഷേത്രം. ഏറെ അ കലെയല്ലാതെ ആഞ്ജനേയസ്വാമിയുടെ വിഗ്രഹം. ഈ ക്ഷേത്രങ്ങളിലെ ദൈവികചൈതന്യത്തെ ഉപാസിച്ചും പൂജചെയ്തുമാണ് കൊടുന്തിരപ്പുള്ളി അഗ്രഹാരത്തിലുള്ളവർ ജീവിച്ചിരുന്നത്. അതിനെ ഇവിടത്തുകാരനായ കെ.ജി. രാമമൂർത്തി ലിസ്റ്റ് ചെയ്യുന്നത് ഇങ്ങനെ.

‘‘പ്രഭാതപൂജയിലാണു തുടക്കം. അതു സന്ധ്യാദീപാരാധന വരെ നീളുന്നു. സുന്ദരകാണ്ഡപാരായണം മുതൽ ശാസ്താപ്രീതി വരെ ചൊല്ലണം. ഓരോ ആചാരങ്ങളും ഗ്രാമത്തിന്റെ ആത്മാവിനെ നിലനിർത്തിപ്പോരുന്നു’’

കെഎസ്ആർടിസി അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി വിരമിച്ചയാളാണു രാമമൂർത്തി.‘‘ഞങ്ങളുടെ അഗ്രഹാരം ഇതുപോലെ ഇനി എത്രകാലം ഉണ്ടാകുമെന്നു പറയാനാവില്ല. ചെറുപ്പക്കാരൊക്കെ ജോലി തേടി മറ്റു നഗരങ്ങളിലേക്കു പോയി. ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും ഇവിടെ ജോലി കിട്ടാനില്ലാത്തതിനാലാണ് അവർക്കു നാടു വിടേണ്ടി വരുന്നത്’’

onlinemasterpageNew7

രാമമൂർത്തി ഇതു പറയുമ്പോൾ കൊടുന്തിരപ്പുള്ളിയുടെ സമൃദ്ധമായ പൂർവകാലം മുന്നിലുണ്ട്. 1970നു മുൻപു വരെ ഇവിടെയുള്ള ഓരോ കുടുംബത്തിനും സ്വന്തമായി കൃഷിയും പശുക്കളും ഉണ്ടായിരുന്നു.

‘ഭൂപരിഷ്കരണത്തിനു ശേഷം കൃഷിയിൽ നിന്നു വരുമാനം ഇല്ലാതായി. ചെറുപ്പക്കാർ തൊഴിലിനു വേണ്ടി മറ്റു നഗരങ്ങളിൽ അഭയം തേടി. 250 കുടുംബങ്ങളാണ് ഇവിടെ അവശേഷിക്കുന്നത്. അറുപതു വയസ്സു കഴിഞ്ഞവർ മാത്രമേ അഗ്രഹാരങ്ങളിലുള്ളൂ. മക്കൾ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമൊക്കെയാണ്’’ അടഞ്ഞു കിടക്കുന്ന വീടുകളിലൊന്നിന്റെ മുന്നിൽ നിന്ന് രാമമൂർത്തി ആശങ്ക പങ്കുവച്ചു.

മായാതിരിക്കട്ടെ സർവവും

കൽപ്പാത്തിക്കു രഥോത്സവം പോലെ വിശേഷപ്പെട്ടതാണു കൊടുന്തിരപ്പുള്ളിക്കു നവരാത്രി ആഘോഷം. പത്തു നാൾ നീളുന്ന ആഘോഷത്തിന്റെ ചുമതല ഇവിടുത്തെ കുടും ബങ്ങൾ ഏറ്റെടുക്കും. ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങളിലാണു മഹോത്സവം. പഞ്ചവാദ്യം, നാമസങ്കീർത്തനം, കീ ർത്തനാലാപനം എന്നിവയുടെ പ്രതിധ്വനിയിൽ ഈ വീഥികൾ സംഗീതസാഗരമാകും.

onlinemasterpageNew2

ഉത്സവ ദിവസങ്ങളിൽ പലഭാഗത്തു നിന്ന് അതിഥികൾ അഗ്രഹാരത്തിലെത്തും. തമിഴ് ബ്രാഹ്മണപ്പെരുമയിൽ വിഭവങ്ങളൊരുക്കിയാണ് അവരെ വരവേൽക്കുക. ലഡ്ഡു, നെയ്യപ്പം, അരിമുറുക്ക്, അട, അതിരസം, പായസം, അ‍ഞ്ചുതരം കറികൾ വിളമ്പുന്ന വെള്ളയരി സാദം എന്നിങ്ങനെ നീളുന്ന വിഭവങ്ങളുടെ പട്ടിക. അഗ്രഹാരങ്ങളിലെ പാചകപ്പെരുമയും അവിടെയുള്ള പാട്ടിമാരുടെ (മുത്തശ്ശി) കൈപ്പുണ്യവും ലോകപ്രശസ്തമാണ്.

ഈ ഗ്രാമത്തിന്റെ ചരിത്രം പുസ്തകങ്ങളിലല്ല അവിടുത്തെ മനുഷ്യരിലാണ് ജീവിക്കുന്നതെന്നു രാമമൂർത്തി പറഞ്ഞു. സൂര്യാസ്തമയത്തിൽ അഗ്രഹാര തെരുവിലൂടെ നടന്നാൽ മൂർത്തി പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകും.

ADVERTISEMENT