ട്രെഡീഷനൽ ലുക്ക് വിടാതെ സ്റ്റൈലാക്കും സ്കർടും ടോപ്പും: ന്യൂ ലുക്കില് അഴകോടെ അണിയാം Stylish Loose Shoulder Top and Skirt: A Modern Traditional Blend
Mail This Article
അമ്പലത്തിൽ ചുറ്റാൻ ട്രെഡീഷനൽ ലുക്കിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടാകും യൂത്തിന്. പക്ഷേ, ന്യൂജെൻ കുട്ടികളുടെ മുന്നിൽ സ്റ്റൈൽ ഒട്ടും കുറയ്ക്കാനും പാടില്ലല്ലോ.
പാവാടയും ബ്ലൗസും തിരയുന്നവരുടെ മനസ്സിലും വ്യത്യസ്തമായൊരു ഡിസൈനും പാറ്റേണും എന്നാകും രഹസ്യമോഹം. ആ മോഹം സഫലമാക്കുന്ന തരത്തിൽ ലുക്കിൽ ഒട്ടും കോംപ്രമൈസ് ചെയ്യാതെ സ്റ്റൈലായി അണിയാൻ ലൂസ് ഷോൾഡർ ടോപ് തയ്ച്ചാലോ.
റിച്ച് കോംബിനേഷൻ നിറങ്ങളിൽ ഏതവസരത്തിനും പാർടിവെയറായി ഈ ടോപ്പും സ്കർട്ടും ഇണങ്ങും. വെയ്സ്റ്റ് പോർഷനിൽ നൽകിയിരിക്കുന്ന ഗാതേഴ്സ് ആണു ടോപ്പിനു ഡിസൈനർ ലുക് നൽകുന്നത്.
അമ്മയുടെ പട്ടുസാരി കൊണ്ടു തയ്ക്കണമെങ്കിൽ കഴുത്തിലും വെയ്സ്റ്റിലും ബോർഡർ കൊണ്ടു ഡിറ്റെയ്‌ലിങ് നൽകാം. പ്ലെയ്ൻ മെറ്റീരിയൽ കൊണ്ടു ഡിസൈനർ ലുക്കിൽ തയ്ക്കാനാഗ്രഹിക്കുന്നവർക്ക് കഴുത്തിലും വെയ്സ്റ്റിലും ലെയ്സോ എംബ്രോയ്ഡറിയോ മുത്തുകളെ ഒക്കെ പിടിപ്പിക്കാം.
ടോപ്പിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്– ഷോൾഡർ, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഇറക്കം (ടോപ് ലെങ്ത്). സ്കർട്ടിനായി ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഇറക്കം (ലെങ്ത്) എന്നിവയും വേണം.
അളവുകൾ മാർക് ചെയ്യാം
ഷോൾഡർ അറ്റാച്ച്മെന്റ് ഇല്ലാത്തതിനാൽ ടോപ്പിന്റെ പിൻഭാഗത്തിനും പിൻഭാഗത്തിനുമുള്ള തുണി ഒറ്റ പീസായി തന്നെ എടുക്കണം. ചെസ്റ്റ് അളവിനൊപ്പം സ്ലീവ് ലെങ്ത് കൂടി കൂട്ടിയ അളവാണു വീതിയായി എടുക്കേണ്ടത്. ക്ലോസ്‍ഡ് ഭാഗത്തു നിന്നാണ് അളവുകൾ മാർക് ചെയ്യേണ്ടത്. കഴുത്തകലം, കഴുത്തിറക്കം (മുൻ, പിൻ), കൈ വണ്ണം, ഇടുപ്പളവ് എന്നിവ മാർക് ചെയ്ത ശേഷം വെട്ടാം.
മുൻഭാഗത്തിനും പിൻഭാഗത്തിനുമുള്ള തുണി നിവർത്തിയിട്ട ശേഷമാണ് മുൻ, പിൻ കഴുത്തുകൾ വെട്ടേണ്ടത്. അടിവശത്തു വേണമെങ്കിൽ ഷേപ് നൽകാം. പാവാടയ്ക്കുള്ള തുണി ഓരോരുത്തരുടെയും ഇഷ്ടാനുസരണം ഫ്ലെയർ ലൂസ് നൽകി വെട്ടാം.
ഈസിയായി തയ്ക്കാം
ടോപ്പിന്റെ മുൻ, പിൻ കഴുത്തുകളും സ്ലീവിന്റെ അടിവശവും (മാർക് ചെയ്ത ഭാഗം) കവർ ചെയ്തു തയ്ക്കണം. ഇനി വെയ്സ്റ്റിൽ ഞൊറിവുകൾ തയ്ക്കണം. ഇതിനു മുകളിലായി നീളൻ പീസ് കൊണ്ടു കവർ ചെയ്ത ശേഷം വശങ്ങൾ അറ്റാച് ചെയ്താൽ ടോപ് റെഡി.
പാവാടയ്ക്കായി ചെറിയ ഞൊറിവുകൾ എടുത്ത ശേഷം വെയ്സ്റ്റിൽ ബാൻഡ് പിടിപ്പിച്ച് ഓപ്പണിങ് നൽകി വശങ്ങൾ അറ്റാച് ചെയ്താൽ സ്കർട് റെഡി.
കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി