രാവും പകലുമില്ലാതെ മഴ ‘ഫുൾ ഡ്യൂട്ടി’യിലാകുമ്പോൾ ജീൻസും പാന്റുമൊക്കെ നനഞ്ഞുകുതിർന്ന് ഓഫിസിലും കോളജിലുമൊക്കെ പകൽ ചെലവിടുന്നത് ഒന്നോർത്തു നോക്കിയേ. അതിനു പരിഹാരമായി കൂടെക്കൂട്ടാവുന്ന ഫാഷനാണു സ്കർട്ടും ടോപ്പും.
നീളൻ പാവാടയും ദാവണിയുമൊക്കെ നേരത്തേ തന്നെ ട്രെൻഡാണെങ്കിലും മഴക്കാലത്തിനു വേണ്ടി സ്പെഷലായി വാഡ്രോബിൽ നിറയ്ക്കാവുന്ന വസ്ത്രങ്ങളുടെ കംഫർട്ടബിൾ ഫാഷൻ ലിസ്റ്റിലേക്കാണു പാവാടയുടെ റീ എൻട്രി. മിക്സ് ആൻഡ് മാച്ച് ചെയ്തു പല ടോപ്പുകൾക്കൊപ്പം വ്യത്യസ്ത ലുക്കിൽ പരീക്ഷിക്കാനായി എലൈൻ സ്കർട് ഡിസൈനാണ് ഇക്കുറി. ഒപ്പം ഓവർലാപ് ഡിസൈനിലുള്ള ക്രോപ് ടോപ്പും.
ഓഫിസിലെ സീരിയസ് ലുക്കിനും കോളജിലെ കൂൾ ഇടനാഴികളിലും ഒരുപോലെ ഇണങ്ങുന്ന ഇൻഡിഗോ– റെഡ് കോംബിനേഷനാണ് സ്കർട്ടിലും ടോപ്പിലും പരീക്ഷിച്ചിരിക്കുന്നത്. പല നിറങ്ങൾ മിക്സ് ആൻഡ് മാച്ച് ചെയ്തും ഒരേ മെറ്റീരിയലിൽ തന്നെയായും ഈ ഡിസൈൻ തുന്നിയെടുക്കാം.
ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ടോപ്പിന്– ഇറക്കം (ടോപ് ലെങ്ത്), ഷോൾഡർ, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, കൈക്കുഴി (ആം ഹോൾ). സ്കർട്ടിനായി ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഇറക്കം (ലെങ്ത്) എന്നിവയും വേണം.
അളവുകൾ മാർക് ചെയ്യാം
ടോപ്പിനുള്ള തുണി മുൻഭാഗത്തിനും പിൻഭാഗത്തിനുമായി വെവ്വേറേ മടക്കിയിട്ടു വെട്ടണം. പിൻഭാഗത്തെ തുണി രണ്ടായി മടക്കിയിട്ട് അളവുകൾ മാർക് ചെയ്തു തയ്യൽ തുമ്പുകൂടി നൽകി വെട്ടാം.
മുൻഭാഗത്തിനുള്ള തുണി ഒരേ മെറ്റീരിയൽ തന്നെയാണെങ്കിൽ രണ്ടായി മടക്കിയിട്ടും, രണ്ടു മെറ്റീരിയലാണെങ്കിൽ രണ്ടു പാളിയായി വിരിച്ചിട്ടും അളവുകൾ മാർക് ചെയ്യണം. (ഓവർലാപ്പിങ് വരുന്നതിനാൽ മുൻഭാഗത്തിനായി രണ്ടു നിറങ്ങളിൽ തുണിയെടുക്കുമ്പോൾ നല്ല വശവും ചീത്ത വശവും പരസ്പരം മാറിപ്പോകാതെ ശ്രദ്ധിക്കണം.)
സ്കർട്ടിനുള്ള തുണി പിന്നിൽ ഇലാസ്റ്റിക് വരുന്ന വിധത്തിലോ, ഇലാസ്റ്റിക് ഇല്ലാതെ സൈഡ് ഓപ്പണിങ് വരുന്ന രീതിയിലോ ഇറക്കവും വെയ്സ്റ്റും (ലൂസ് കൂടിച്ചേർത്ത്) അളവുകൾ മാർക് ചെയ്തു തയ്യൽതുമ്പ് കൂടി നൽകി വെട്ടാം.
ഈസിയായി തയ്ക്കാം
സ്കർട്ടിന്റെ പിൻഭാഗത്ത് ഇലാസ്റ്റിക്കും, മുൻഭാഗത്ത് ബെൽറ്റും (പട്ട) വച്ച ശേഷം സൈഡ് ഓപ്പണിങ് നൽകി വശങ്ങൾ ചേർത്തു തയ്ക്കാം. അടിവശം കൂടി മടക്കിത് തയ്ച്ചാൽ സ്കർട് റെഡി.
ടോപ്പിന്റെ മുൻപാളികളുടെ അരിക് കവർ ചെയ്തു തയ്ച്ച ശേഷം കഴുത്തുഭാഗം ചേർത്തുവച്ചു കവർ ചെയ്തു തയ്ക്കാം. പിൻപാളിയുടെ കഴുത്തും കവർ ചെയ്ത ശേഷം ഷോൾഡറുകൾ അറ്റാച്ച് ചെയ്യാം. കൈക്കുഴി കവർ ചെയ്ത ശേഷം വശങ്ങളും ചേർത്തു തയ്ച്ചാൽ ടോപ്പും റെഡി.
കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി