ഫാഷനിൽ ഏതു ട്രെൻഡ് വന്നാലും ഔട്ടാകാത്ത ഫാഷനാണു പാന്റും ടോപ്പും. ഏതു കോംബിനേഷനൊപ്പവും പവർഫുൾ ലുക്കു നൽകുന്ന പാന്റിന്റെ ആരാധകരാണ് നമ്മളെല്ലാം. അങ്ങനെ പവർ പാക്ക്ഡ് ആയി പെയർ ചെയ്യാവുന്ന പലാസ്സോ പാന്റ്, ഷർട്, കോട്ട് കോംബിനേഷനാണ് ഇക്കുറി.
ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. പലാസ്സോ പാന്റിനായി– ഇറക്കം, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ക്രോച് ഇറക്കം (വെയ്സ്റ്റ് മുതൽ കാലുകൾ കൂടിച്ചേരുന്ന ഭാഗം വരെയുള്ള അളവ്), ഹിപ് അളവ് (സീറ്റ് റൗണ്ട്), ബോട്ടം അളവ് (ആങ്കിൾ റൗണ്ട്).
കോട്ടിനായി– ഷോൾഡർ, കൈക്കുഴി, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്).
ഒരേ നിറത്തിൽ തുന്നുമ്പോഴും പ്രിന്റിൽ വ്യത്യസ്തതയുള്ള മെറ്റീരിയൽ തിരഞ്ഞെടുത്താൽ കോംബിനേഷൻ വേറേ ലെവലാകും.
അളവുകൾ മാർക് ചെയ്യാം
പാന്റിന്റെ മുൻഭാഗത്തിനും പിൻഭാഗത്തിനുമുള്ള തുണി വെവ്വേറേ മടക്കിയിട്ട് ഇറക്കം, വെയ്സ്റ്റ്, ഹിപ്, ക്രോച് അളവുകൾ മാർക്ക് ചെയ്യണം.
മുൻഭാഗത്തിനുള്ള തുണിയെക്കാൾ രണ്ടിഞ്ച് അധികം വീതി നൽകി വേണം പിൻഭാഗത്തിനുള്ള അളവുകൾ മാർക്ക് ചെയ്യാൻ. ക്രോച് അളവിലും രണ്ടര ഇഞ്ച് മുകളിലേക്കു നൽകി സ്ലോപ് ആയി വെയ്സ്റ്റ് മാർക് ചെയ്യാം. ഫ്ലെയർ അനുസരിച്ചു പാനലുകൾ മാർക് ചെയ്തു തയ്യൽ തുമ്പു കൂടി നൽകി വെട്ടാം.
കോട്ടിന്റെ തുണി വെവ്വേറേ മടക്കിയിട്ട ശേഷം പാറ്റേൺ പ്രകാരം അളവുകൾ മാർക് ചെയ്ത് തയ്യൽതുമ്പു കൂടിയിട്ടു വെട്ടാം.
ഈസിയായി തയ്ക്കാം
പാന്റിന്റെ മുൻഭാഗത്തെ ക്രോച് ഭാഗങ്ങൾ തമ്മിൽ അറ്റാച്ച് ചെയ്യാം. ഇനി ഡാർട്ടുകൾ തയ്ച്ച് പാനലുകൾ അറ്റാച്ച് ചെയ്ത ശേഷം വെയ്സ്റ്റിൽ കവർ ചെയ്തു ബാൻഡ് പിടിപ്പിക്കാം. പിൻഭാഗത്തെ ക്രോച് ഭാഗങ്ങൾ തമ്മിൽ അറ്റാച്ച് ചെയ്ത ശേഷം പാനലുകൾ ജോയിൻ ചെയ്തു വെയ്സ്റ്റ് ഭാഗത്ത് ഇലാസ്റ്റിക്കിനായി ലൂപ് തയ്ച്ചെടുക്കാം.
ഇലാസ്റ്റിക് കോർത്ത് വശങ്ങൾ തയ്ച്ച ശേഷം മുൻപാളിയുടെയും പിൻപാളിയുടെയും വശങ്ങൾ തമ്മിൽ അറ്റാച്ച് ചെയ്യാം. രണ്ടു കാലുകളുടെയും ബോട്ടം വശം മടക്കി തയ്ച്ച ശേഷം കാലുകളുടെ ഉള്ളിലെ അരികുകൾ ചേർത്തു തയ്ച്ച് പാന്റ് ഫിനിഷ് ചെയ്യാം.
കോട്ടിന്റെ മുൻപാളിയും പിൻപാളിയും തമ്മിൽ ഷോൾഡർ അറ്റാച്ച് ചെയ്ത ശേഷം കൈക്കുഴി പൈപ്പിങ് ചെയ്ത് ഫിനിഷ് ചെയ്യണം. ഫ്രണ്ട് ഓപണിങ്, കഴുത്ത് (മുൻ, പിൻ), അടിവശങ്ങൾ എന്നിവ കവർ ചെയ്തു തയ്ക്കണം. വശങ്ങൾ ചേർത്തു തയ്ച്ചാൽ കോട്ട് റെഡി.
കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി