കോളജ് ലുക്കിലും ഓഫിസിനും ഒരുപോലെ ഇണങ്ങുന്ന വേഷമാണു ഫ്രോക്ക്. യാത്രകളിൽ കംഫർട് നൽകുന്ന ഈ വേഷത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്, കാഷ്വലാകാനും ഫോർമലാകാനും ചെറിയ മാറ്റങ്ങൾ മാത്രം മതി.
പാറ്റേണിലും സ്ലീവിലും ഏതുതരം പരീക്ഷണവും നടത്താൻ സ്വാതന്ത്ര്യമുള്ള ഫ്രോക്കിന്റെ പിനഫർ മുഖമാണ് ഇക്കുറി. ഇന്നറായി ധരിക്കുന്ന ഹൈ നെക്ക് ഫുൾ സ്ലീവ് ഫിഗർ ഹഗ്ഗിങ് ടീഷർട്ടാണ് പിനഫറിന്റെ ലുക്കിനു വെസ്റ്റേൺ ടച്ച് നൽകുന്നത്.
പിനഫറിന്റെ വെസ്റ്റേൺ ലുക്കിനു പിന്നിൽ മിന്നുന്ന ഒരു താരത്തെ കൂടി പരിചയപ്പെടുത്താം, സാക്ഷാൽ ലുങ്കി. പ്യുവർ കോട്ടൺ ലുങ്കി ഫാബ്രിക്കിലാണ് ഈ ഡ്രസ് ചെയ്തിരിക്കുന്നത്. വ്യത്യസ്ത പാറ്റേണും നിറങ്ങളുമുള്ള ചെക്ക് ലുങ്കി തിരഞ്ഞെടുക്കുമ്പോൾ കോംബിനേഷൻ നിറങ്ങളിലുള്ള ടീ ഷർട് അണിയാൻ മറക്കല്ലേ.
പിനഫർ ഫ്രോക്കിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ടോപ് ഇറക്കം (യോക്), സ്കർട് ഇറക്കം.
അളവുകൾ മാർക് ചെയ്യാം
മുൻഭാഗത്ത് ഓപ്പണിങ്ങും ബട്ടണും നൽകേണ്ടതിനാൽ നടുവിലായി ഒരിഞ്ച് എക്സ്ട്രാ നൽകിയ ശേഷം വേണം അളവുകൾ മാർക് ചെയ്യാൻ. കഴുത്തകലം, കൈക്കുഴി, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ്, ടോപ് ഇറക്കം (യോക്) എന്നിവ മാർക് ചെയ്തു തയ്യൽതുമ്പു കൂടി നൽകി മുറിക്കാം.
പിൻഭാഗത്തിനു വേണ്ടി ഒരിഞ്ച് എക്സ്ട്രാ നൽകാതെ അളവുകൾ മാർക് ചെയ്തു മുറിക്കാം. (മുന്നിലും പിന്നിലും സ്ക്വയർ നെക്കാണ് വന്നിരിക്കുന്നത്. ഏഴ് ഇഞ്ച് എങ്കിലും ഇറക്കം നൽകുമ്പോഴാണ് ഈ ഡ്രസ്സിനു കൂടുതൽ ഭംഗി.)
ബോട്ടം പാർട്ടിൽ മൂന്നിഞ്ചു വീതിയിൽ ബോക്സ് പ്ലീറ്റുകളാണ് നൽകിയത്. എത്ര പ്ലീറ്റ്സ് വേണം എന്നു കണക്കാക്കിയ ശേഷം മാർക് ചെയ്ത് ഇറക്കം അടയാളപ്പെടുത്തി തയ്യൽതുമ്പു കൂടി നൽകി മുറിക്കാം.
ഈസിയായി തയ്ക്കാം
മുൻവശത്തെ ഓപ്പണിങ്ങും കഴുത്തും കവർ ചെയ്തു തയ്ച്ച ശേഷം ഷോൾഡറുകൾ അറ്റാച്ച് ചെയ്യാം. ഇനി കൈക്കുഴിയും കവർ ചെയ്യണം.
ബോട്ടം പീസിൽ പ്ലീറ്റ്സ് എടുത്ത് യോക് പോർഷനുമായി അറ്റാച്ച് ചെയ്യാം. അതിനുശേഷം വശങ്ങൾ ചേർത്തു തയ്ച്ച്, അടിവശം മടക്കി തയ്ക്കാം.
യോക് പോർഷനിൽ മുന്നിൽ ബട്ടണുകൾ കൂടി പിടിപ്പിച്ചാൽ പിനഫർ ഫ്രോക് റെഡി. പിന്നിൽ ആവശ്യമെങ്കിൽ ടൈ ചെയ്യാനായി വള്ളിയും പിടിപ്പിക്കാം.
കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി