കോളജ് ലുക്കിലും ഓഫിസിനും ഒരുപോലെ ഇണങ്ങുന്ന വേഷമാണു മിഡിയും ഷർട്ടും. അതിനു വീതിയുള്ള കോളറും പഫ് സ്ലീവും കൂടിയായാലോ. ഇടക്കാലത്തു ട്രെൻഡായ എൺപതുകളിലെ റെട്രോ ലുക്കിലേക്ക് നേരിട്ടെത്താൻ ഈ ഫാഷൻ ക്ലാസിക് കോംബിനേഷനെ കൂട്ടുപിടിച്ചാൽ മതിയെന്നേ.
റെട്രോ ശൈലിയിൽ ചെയ്ത ഇൻഡോ വെസ്റ്റേൺ മിഡിയും ടോപ്പുമാണ് ഇക്കുറി. കോളറും പഫ് സ്ലീവും ചേർന്ന് ലുക്ക് പഴഞ്ചനാക്കുമെന്ന പേടിയില്ലാതെ തന്നെ കോംബിനേഷനാക്കാവുന്ന പ്രിന്റഡ്– സോളിഡ് നിറങ്ങളിലാണ് ഈ മിഡിയും ഷർട്ടും തയ്ച്ചിരിക്കുന്നത്.
കടുംനീല നിറത്തിലുള്ള ഷർട്ടിനായി കോട്ടൺ മുണ്ടും പ്രിന്റഡ് മിഡിക്കായി ബെഡ് ഷീറ്റുമാണ് ഉപയോഗിച്ചതെന്ന സീക്രട് ചേരുവയുമുണ്ട്. പ്രിന്റഡ് മെറ്റീരിയൽ കൊണ്ടു സ്ലീവിലും ഷർട് ഓപ്പണിങ്ങിലും നൽകിയിരിക്കുന്ന ഡീറ്റെയ്ലിങ്ങാണ് ഈ ലുക്കിലെ ഹൈലൈറ്റ്. അതുകൊണ്ടു തന്നെ വ്യത്യസ്ത പാറ്റേണും നിറങ്ങളുമുള്ള കോംബിനേഷൻ തിരഞ്ഞെടുക്കാൻ മറക്കല്ലേ.
ഷർട്ടിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഇറക്കം, ഷോൾഡർ, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്). സ്കർട്ടിനായി ഇറക്കം, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഫ്ലെയർ ലൂസ് എന്നിവയും വേണം.
അളവുകൾ മാർക് ചെയ്യാം
ഷർട്ടിന്റെ മുൻഭാഗത്ത് ഓപ്പണിങ്ങും ബട്ടണും നൽകേണ്ടതിനാൽ നടുവിലായി ഒരിഞ്ച് എക്സ്ട്രാ നൽകിയ ശേഷം വേണം അളവുകൾ മാർക് ചെയ്യാൻ. ഇറക്കം, ഷോൾഡർ, കഴുത്തിറക്കം, കഴുത്തകലം, നെഞ്ചളവ്, കൈക്കുഴി, ഇടുപ്പളവ് എന്നിവ മാർക് ചെയ്തു തയ്യൽതുമ്പു കൂടി നൽകി മുറിക്കാം.
പിൻഭാഗത്തിനു വേണ്ടി എക്സ്ട്രാ നൽകാതെ അളവുകൾ മാർക് ചെയ്തും പഫ് സ്ലീവിനും കോളറിനും പാറ്റേൺ പ്രകാരവും മുറിക്കാം.
എലൈൻ സ്കർട്ടിനായി പാറ്റേൺ പ്രകാരം അളവുകൾ മാർക്ക് ചെയ്തു മുറിക്കാം. മുകളിൽ ബെൽറ്റ് വിത് ഇലാസ്റ്റിക് ഓപണിങ് ആണ് നൽകിയിരിക്കുന്നത്. സകർട്ടിനുള്ള തുണിയിൽ നിന്ന് ഓപണിങ്ങിലേക്കും സ്ലീവിന്റെ അടിവശത്തേക്കും വേണ്ട പീസുകളും മുറിക്കാം.
ഈസിയായി തയ്ക്കാം
മുൻവശത്തെ ഓപ്പണിങ് കവർ ചെയ്തു തയ്ച്ചശേഷം ഷോൾഡറുകൾ അറ്റാച്ച് ചെയ്ത് കോളർ പിടിപ്പിച്ച് സ്ലീവ് അറ്റാച്ച് ചെയ്യാം. വശങ്ങൾ ചേർത്തു തയ്ച്ച് അടിവശം മടക്കിയാൽ ഷർട് റെഡി.
സ്കർട്ടിന്റെ മുൻഭാഗത്ത് ഡാർട് നൽകി ബെൽറ്റ് പിടിപ്പിക്കണം. പിൻഭാഗത്ത് ഇലാസ്റ്റിക് അറ്റാച്ച് ചെയ്ത് വശങ്ങൾ ചേർത്തു തയ്ക്കാം. അടിവശം കൂടി മടക്കി തയ്ച്ചാൽ സ്കർട്ടും റെഡി.
കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി