സാരിയുടുക്കാതെ എന്തോണം... പക്ഷേ, സാരി ലുക് പൂർണമാകണമെങ്കിൽ മേക്കപ്പിലും ആഭരണങ്ങളിലും ഒക്കെ നല്ലോണം ശ്രദ്ധിക്കണം. ഇവ തിരഞ്ഞു പാഴാക്കാൻ ഇനിയൊട്ടു സമയവുമില്ല.
ബ്യൂട്ടി, ലൈഫ് സ്റ്റൈൽ, മേക്കപ് വ്ലോഗ്സ് കൈകാര്യം ചെയ്യുന്ന ‘യു ആർ ബ്യൂട്ടിഫുൾ’ എന്ന യൂട്യൂബ് ചാനലിലൂടെ താരമായ റിൻസി പോൾ അജോ പറയുന്നു, ഇത്തവണ ഓണം ലുക് എങ്ങനെ പെർഫെക്ട് ആയി ചെയ്യാമെന്ന്. ആറു വർഷമായി ബ്യൂട്ടി വ്ലോഗിങ്ങിൽ സജീവമായ റിൻസി മലയാളിപ്പെണ്ണിന്റെ മനസ്സറിഞ്ഞു പറഞ്ഞുതരുന്നു വ്യത്യസ്തമായ അഞ്ച് ഒാണം ലുക്സ്.
ഓണത്തിനും മോഡേൺ ആകാം
തെല്ലും നാടൻ ലുക്ക് വേണ്ടേ വേണ്ടാ എന്നാഗ്രഹിക്കുന്നവർക്കുള്ളതാണ് ഈ സാരിയും ബ്ലൗസും മേക്കപ്പും. മംഗൽഗിരി പട്ടുസാരിക്കൊപ്പം മിറർ വർക്ക് ഉള്ള സ്ലീവ്‌ലെസ് റെഡിമെയ്ഡ് ബ്ലൗസാണ് അണിഞ്ഞിരിക്കുന്നത്. സാരിയുടെ പല്ലു ഒന്നു ചുരുട്ടിയിട്ടിരിക്കുന്നതും മോഡേൺ ലുക്കിനെ കോംപ്ലിമെന്റ് ചെയ്യുന്നുണ്ട്.
ഡീപ് നെക്ക് ഉള്ള ബ്ലൗസ് ആണെങ്കിലും മാല അണിയാത്തത് ബ്ലൗസിൽ ഹെവി വർക്ക് ഉള്ളതു കൊണ്ടാണ്. അണിഞ്ഞ ആഭരണങ്ങളിലും ലാളിത്യമുണ്ട്; റിങ് ഇയറിങ്സ്, വീതി കുറഞ്ഞ ഒറ്റവള, ഒറ്റ കല്ലുള്ള മോതിരം...
മുടി കെട്ടിയിരിക്കുന്നതു മെസ്സി ഹെയർ ബൺ സ്റ്റൈലിൽ ആണ്. മുഖത്തിന്റെ വശങ്ങളിലേക്കു വീണുകിടക്കുന്ന മുടിയും ഭംഗിയാണ്. മോഡേൺ ലുക്കിനു മുല്ലപ്പൂ വേണ്ട.
മാറ്റ് ഫിനിഷ് മേക്കപ്പിൽ ബ്രൈറ്റ് ലിപ്സ്റ്റിക് അണിയുന്നതോടെ മുഖത്തിനു തിളക്കം കൂടും. കണ്ണിനു മുകളിലും താഴെയും ഒരേ വീതിയിൽ നേർത്തതായാണു കാജൽ എഴുതിയത്. ലിപ്സ്റ്റിക്കിന്റെ നിറത്തിനോടു ചേരുന്ന ഐ ഷാഡോയും ഉണ്ട്.
ബ്ലൗസിൽ ഷർട്ട് ചേർന്നു നിന്നാൽ
ഈ ഓണം ലുക്കിന്റെ പ്രധാന ആകർഷണം കോളറും പഫും ലോങ് സ്ലീവുമുള്ള ബ്ലൗസ് ആണ്. ലിനൻ സാരിക്കും ബ്ലൗസിനും ഒരേ ഓഫ് വൈറ്റ് നിറമാണ്. സാരിയിലും ബ്ലൗസിലുള്ള സ്വീക്കൻസ് വർക്കിനു വ്യത്യസ്ത പാറ്റേൺ ആണെങ്കിലും ഓണവെയിലിന്റെ സ്വർണത്തിളക്കമുണ്ട്.
ഒരുങ്ങുന്നതിനു മുൻപ് ഓരോ ലുക്കിന്റെയും ഏത് എലമെന്റിലാണു ശ്രദ്ധ നൽകേണ്ടതെന്നു തീരുമാനിക്കണം. ബ്ലൗസ് ആണോ സാരിയാണോ ജ്വല്ലറിയാണോ ഹൈലൈറ്റ് ചെയ്യേണ്ടത് എന്നു തീരുമാനിച്ച് ആ ഘടകത്തിന്റെ ആകർഷകത്വം മങ്ങാത്ത വിധം ബാക്കി കാര്യങ്ങൾ തിരഞ്ഞെടുക്കുന്നതിലാണു മിടുക്ക്.
ഇവിടെ ബ്ലൗസ് ആണു താരം. അതിനനുസരിച്ചു വേണം മേക്കപ്പും ജ്വല്ലറിയും. സിംപിൾ ട്രഡീഷനൽ നെക് പീസും അതിനൊപ്പമുള്ള മാച്ചിങ് ഒറ്റ മുത്തു കമ്മലുമാണ് അണിഞ്ഞിരിക്കുന്നത്. ബ്ലൗസും സാരിയും ട്രഡീഷനൽ അല്ലെങ്കിലും ഓണത്തനിമ കൊണ്ടുവരാനാണു ജ്വല്ലറി ഈ വിധം തിരഞ്ഞെടുത്തത്.
യെല്ലോ ടോണിലുള്ള വാം ടച്ച് മേക്കപ്പും ട്രഡീഷനൽ അഴകു നൽകുന്നതാണ്. ബ്രൗൺ ലിപ്സ്റ്റിക്കും ബ്രോൺസ് ഐ ഷാഡോയും വാം ടോൺ മേക്കപ്പിന്റെ ഭംഗി കൂട്ടും. ഐ ലൈനർ ഉപയോഗിച്ചു സാധാരണ രീതിയിൽ കണ്ണെഴുതിയിരിക്കുന്നു.
മുടി കെട്ടിവയ്ക്കാതെ ബ്രഷ് ചെയ്ത് അഴിച്ചിടുന്നതും മുടി കെട്ടി വയ്ക്കുന്നതും ഈ വേഷത്തിന് ഒരുപോലെ ഇ ണങ്ങും. ഷാംപൂവും കണ്ടീഷനറും ഉപയോഗിച്ചു കഴുകിയ മുടി ബ്ലോ ഡ്രൈ ചെയ്തു ബ്രഷ് ചെയ്തിട്ടാൽ തന്നെ മാസ് ലുക് ആണ്.
ജുംക ഗിരാരെ...
നീലക്കരയുള്ള സെറ്റു സാരിക്കു നീലക്കല്ലു പതിപ്പിച്ച വെള്ളി ജിമിക്കി കമ്മൽ. ‘ജുംക ഗിരാരെ...’ പാട്ടു തരംഗമാകുന്ന ഈ ഓണക്കാലത്തു ജുംകയില്ലാതെ എ ന്തോണം എന്നാണെങ്കിൽ ഈ ലുക് തന്നെ പെർഫക്ട്.
കസവിൻ തിളക്കമില്ലെങ്കിലും ഓണം മൂഡ് നിലനിർത്താൻ കരയുള്ള കൈത്തറി സാരി ധാരാളം. കരയുടെ നിറത്തിനു ചേരുന്ന ജുംക തിരഞ്ഞെടുക്കണം. സാരിയും ബ്ലൗസുമൊക്കെ സിംപിൾ ആയതുകൊണ്ട് ജുംക ഇത്തിരി ‘ഓവർ’ആകുന്നതാണു ഭംഗി. ഇയറിങ്സ് ഹെവി ആകുമ്പോൾ മാല വേണ്ട. അതാണു ബാലൻസ്ഡ് ലുക്കിന്റെ ഒ രു രഹസ്യം. വീതി കുറഞ്ഞ ഒരു ഡസൻ വെള്ളി വളകൾ കൂടി അണിയാം.
പക്കാ നാടൻ ലുക്ക് ആണിത്. പ്ലെയ്ൻ നീല ബ്ലൗസിന്റെ കൈമുട്ടു വരെ നീളമുള്ള സ്ലീവിലെ പഫും ട്രഡീഷനൽ ലുക്കിന് ഇണങ്ങും. ലാളിത്യമുള്ള തനിനാടൻ മേക്കപ് ആണു ചെയ്തിരിക്കുന്നത്.
മേക്കപ് അണിഞ്ഞിട്ടുണ്ടെന്നു പോലും തോന്നാത്ത വിധമുള്ള മാറ്റ് ഫിനിഷ് മേക്കപ്. കരയുടെ നീല നിറത്തിനും ചേരുന്നുണ്ടു പീച്ച് നിറത്തിലുള്ള ലിപ്സ്റ്റിക്. കരിമഷി എഴുതിയ കണ്ണും വട്ടപ്പൊട്ടും കൂടിയായപ്പോൾ അടിമുടി മലയാളിച്ചന്തം.
ഹെയർ സ്റ്റൈലിൽ അധികം പരീക്ഷണമൊന്നുമില്ലാത്തതാണു സ്വാഭാവിക ലുക്കിന് ഇണങ്ങുന്നത്. നന്നായി ബ്രഷ് ചെയ്തു മുന്നോട്ടിട്ട ലൂസ് ഹെയർ നാടൻ പെൺകുട്ടികളുടെ മുഖ്യ ആകർഷണമല്ലേ?
വെസ്റ്റേൺ അല്ല, ട്രഡീഷനൽ അല്ല, പിന്നെ?
ഓണം സാരിയുടുക്കുമ്പോൾ പോണി ടെയ്ൽ ഹെയർ സ്റ്റൈൽ ഇണങ്ങുമോ എന്നാണോ ? ചേരുംവിധം ചേർത്താൽ ഫ്യൂഷൻ ലുക്കിൽ സ്റ്റാറാകാം. മിനിമലിസം കൊതിക്കുന്നവർക്ക് ഓണത്തിനൊരുങ്ങാൻ ഈ ലുക്ക് അഴകാണ്. ട്രഡീഷനൽ സാരിക്കൊപ്പം എങ്ങനെ സുന്ദരമായി പോണി ടെയ്‌ല്‍ പരീക്ഷിക്കാമെന്നും അറിയാം.
സാരിയുടെ വിത് ബ്ലൗസ് മെറ്റീരിയലിൽ തുന്നിയ ബ്ലൗസ് ആണിത്. വ്യത്യസ്തമായ പഫ് സ്ലീവ്‌സും നൽകിയിരിക്കുന്നു. സാരിയുടെ പല്ലു ഒറ്റ ലെയറായി വിരിച്ചിടാം.
മിനിമൽ മേക്കപ്പില്‍ ഇ ത്തിരി ആർഭാടം ഡീപ് ഡാ ർക് ലിപ്സ്റ്റിക്കിൽ മാത്രമാണ്. അതുപക്ഷേ, ആഘോഷങ്ങളിൽ തിളങ്ങാൻ കൂടുതൽ സഹായിക്കും.
കണ്‍പോളയുടെ അറ്റത്തു മാത്രം ഐ പെൻസിൽ എഴുതിയിരിക്കുന്നു. കൺപീലിയിൽ മസ്കാര കാര്യമായി തന്നെ അണിയണം. കണ്ണുകൾ കൂടുതൽ വിടർന്നതായി തോന്നാൻ ഇതു സഹായിക്കും. ഇഷ്ടമനുസരിച്ചു പൊട്ട് അണിയുകയോ അണിയാതിരിക്കുകയോ ചെയ്യാം. രണ്ടായാലും ഭംഗി തന്നെ.
മുടി ചരിച്ചു വകഞ്ഞ ശേഷമാണു പോണി ടെയ്ൽ കെട്ടിയിരിക്കുന്നത്. ഓരോരുത്തരുടെയും മുഖത്തിന്റെ ആകൃതിക്ക് ഇണങ്ങുംവിധം മുടി വകഞ്ഞെടുക്കണം. അറ്റത്തു മാത്രം വേവി സ്റ്റൈലുള്ള രീതിയിൽ മുടി സെറ്റ് ചെയ്തശേഷം പോണി ടെയ്ൽ കെട്ടുന്നതാണു ഭംഗി.
വെസ്റ്റേൺ ലുക്കിലുള്ള നാച്ചുറൽ സ്റ്റോൺ ജ്വല്ലറിയാണു കാതിൽ. ലോ ങ് ഇയറിങ് ആയതുകൊണ്ടും മിനിമലിസമാണ് ഈ ലുക്കിന്റെ അടിസ്ഥാനമെന്നതു കൊണ്ടുമാണു മാലയും വളയും അണിയാത്തത്. കൈവിരലിലൊന്നിൽ ഒറ്റക്കല്ലു മോതിരം മാത്രം മതി.
അധികം മേക്കപ് ഇഷ്ടപ്പെടാത്ത എന്നാ ൽ കൂട്ടത്തിൽ വേറിട്ടു നിൽക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ ഓണം ലുക്ക് സ്വീകരിച്ചു കയ്യടി വാങ്ങാം.
ഒറ്റനോട്ടത്തിൽ പറയും ക്ലാസിക്
മഹേശ്വരി സാരി പല നിറത്തിൽ ലഭിക്കുമെങ്കിലും ഓണ മെന്നാൽ ഓഫ് വൈറ്റ് – ഗോൾഡ് കോംബിനേഷനാണല്ലോ. സാരിക്കൊപ്പം ഗോൾഡൻ ബ്ലൗസ്. മുടി നടുവേ വകഞ്ഞു സിംപിളായി കെട്ടി വച്ചു മുല്ലപ്പൂ വച്ചിരിക്കുന്നു. ഇത്രയും മാത്രമാണു ട്രഡീഷനൽ ലുക്കിൽ. മേക്കപ്പിലും ജ്വല്ലറിയിലും ക്ലാസിക് ടച്ച് ആണു നൽകിയിരിക്കുന്നത്. അ തുകൊണ്ടു തന്നെ ഓഫിസ് ഓണാഘോഷങ്ങൾക്കും മറ്റും ഫോർമൽ–എലഗന്റ് ലുക്ക് ആഗ്രഹിക്കുന്നവർക്ക് ഇ തു പരീക്ഷിക്കാം.
ന്യൂഡ്– മാറ്റ് ലുക്ക് മേക്കപ് ആണ് അണിഞ്ഞിരിക്കുന്നതെങ്കിലും മുഖത്തിന് ഉന്മേഷം തെല്ലും കുറഞ്ഞിട്ടില്ല. ഐ മേക്കപ്പും സിംപിളാണ്. കണ്ണിനു മുകളിലും താഴെയും കാജ ൽ ഉണ്ടെങ്കിലും ഇന്നർ കോർണറുകളിൽ കാജൽ വരച്ചിട്ടില്ല. ചുണ്ടിൽ മാറ്റ് ഫിനിഷ് ന്യൂഡ് ലിപ്സ്റ്റിക് ആണ് അണിഞ്ഞിരിക്കുന്നത്.
ക്ലാസിക് ലുക് കിട്ടാൻ മെസ്സി ഹെയർ ബൺ, ലൂസ് ഹെയർ, മുടി പിന്നിക്കെട്ടി വയ്ക്കുക ഇതൊക്കെ പലരും ചെയ്യാറുണ്ട്. പക്ഷേ, അവയേക്കാൾ ഇണങ്ങുക മുടി ചീകിയൊതുക്കി ഹെയർ ബൺ നൽകുകയാണ്. ഈ മുടിക്കെട്ടിനു ചുറ്റും മുല്ലപ്പൂ വയ്ക്കാം.
പേൾ ഇയർ ഡ്രോപ്പും ലൈറ്റ് വെയ്റ്റ് സിംപിൾ ചെയ്നും സ്ട്രാപ് വാച്ചുമാണ് ആഭരണങ്ങൾ. പലരും പൊതുവേ ട്രഡീഷനൽ ലുക്കിനൊപ്പം കൂട്ടാത്ത സ്ട്രാപ് വാച്ച് എത്ര സുന്ദരമായാണ് ഇവിടെ ചേർത്തിരിക്കുന്നത്.