ADVERTISEMENT

സൗന്ദര്യലോകത്തും ആയോധനകലകളിലും മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ഐശ്വര്യ ജയചന്ദ്രന്റെ വിശേഷങ്ങൾ

ഓപ്പൺ മാസ്‌റ്റേഴ്സ് ഗെയിംസ് 2026 ൽ മുവായ് തായ് മത്സരവേദി അവസാന ഘട്ട ഏറ്റുമുട്ടലിനായി ഒരുങ്ങിക്കഴിഞ്ഞു. പോരാട്ടം കാണാൻ ശ്വാസമടക്കി കാത്തിരുന്ന കാണികൾക്കു മുന്നിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് വന്ന മലയാളി പെൺകുട്ടിയുടെ പേരാണ്- ഐശ്വര്യ ജയചന്ദ്രൻ!

ADVERTISEMENT

 ഖത്തറിൽ നിന്നുള്ള സഹ്റയാണ് എതിരാളി. ആവേശം നിറഞ്ഞ കിക്കുകൾക്കും പഞ്ചുകൾക്കും സ്വീപ്പുകൾക്കുമൊടുവിൽ ഐശ്വര്യ വിജയകിരീടം ചൂടി. 

‘‘അനിയൻ ജലകിനൊപ്പം കുട്ടിക്കാലത്തു കണ്ടിരുന്ന ഡബ്ല്യുഡബ്ല്യുഎഫ് ആണ് പ്രചോദനം. റസ്‌ലിങ്ങിനേക്കാൾ എനിക്കിഷ്ടം റസ്‌ലർക്കു കിട്ടുന്ന ഇൻട്രോയാണ്. എന്നെങ്കിലും ഒരിക്കൽ മാസ് ഇൻട്രോ ഇട്ട് കാണികൾക്കു മുന്നിലേക്ക് എത്തണം എന്നാഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, എന്നെ നൃത്തത്തിനും അനിയനെ കരാട്ടെയ്ക്കും ചേർക്കാൻ അച്ഛൻ ജയചന്ദ്രനും അമ്മ ലതികയും തീരുമാനിച്ചു.

ADVERTISEMENT

നൃത്തത്തോട് ഇഷ്ടമുള്ളതുകൊണ്ടു ഞാനും സ  മ്മതിച്ചു. എങ്കിലും  ജലക്കിൽ നിന്ന് കിക്കുകളും പഞ്ചുകളും അന്നേ പഠിച്ചെടുത്തു.’’ ഐശ്വര്യ ചിരിയോടെ പറയുന്നു.  

 ‘‘15 വർഷമായി കോൺടാക്ട് സ്പോർട് പരിശീലിക്കുന്നു. കിക്ക് ബോക്സിങ്ങിലായിരുന്നു തുടക്കം. സ്വയരക്ഷയും ഫിറ്റ്നസുമായിരുന്നു ഈ തീരുമാനത്തിനു പിന്നിൽ. ആദ്യ ദിവസങ്ങൾ ഇടികൊണ്ടും ഉരുണ്ടു വീണും ആകെ തളർന്നു. ബോക്സിങ്ങിന് ഗുഡ് ബൈ പറഞ്ഞാലോ എന്നുപോലും ഒരു ഘട്ടത്തിൽ ചിന്തിച്ചു. എന്നാൽ മുന്നോട്ടു പോകുന്തോറും എനിക്ക് ആവേശമായി.

ADVERTISEMENT

കോച്ചിന്റെ നിർദേശപ്രകാരമാണ് മിഡിൽ ഈസ്റ്റിലെ കിക്ക് ബോക്സിങ് അക്കാദമികൾ തമ്മിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്. എതിർവശത്തുണ്ടായിരുന്ന കൊളംബിയൻ പെൺകുട്ടിയിൽനിന്നു കിട്ടിയ ഇടി ഇന്നും ഓർമയുണ്ട്. ‘കാവിലെ പാട്ടു മത്സരത്തിനു കാണാം’ എന്ന ഭാവത്തിൽ വെങ്കല മെഡലുമായി അന്ന് റിങ്ങിൽ നിന്നിറങ്ങി.

പരാജയത്തേക്കാളുപരി വേദനിപ്പിച്ചത് എന്റെ തോൽവി മറ്റുള്ളവർ കണ്ടു എന്നതാണ്. പോരായ്മകൾ വെളിപ്പെട്ടാലും പതറാതെ എതിരാളിയെ നേരിടണമെന്നു  തിരിച്ചറിഞ്ഞതു ആ മത്സരത്തിലാണ്.’’ നിശ്ചയദാർഢ്യത്തോടെ ഐശ്വര്യ പറഞ്ഞു.

aiswarya-6

മുവായ് തായ്‌യോട് കൂട്ടുകൂടിയ കഥ

‘‘അബുദബിയിൽ എത്തിയശേഷമാണ് മുവായ് തായ്‌യെക്കുറിച്ചറിയുന്നത്. തായ്‌ലൻഡിന്റെ പരമ്പരാഗത ആയോധന കലയാണ് എന്നറിഞ്ഞതോടെ ഒരു കൈ നോക്കാമെന്നായി. ശരീരത്തിലെ എട്ടു ഭാഗങ്ങളെ ആയുധമാക്കുന്നതുകൊണ്ട് എട്ട് അവയവങ്ങളുടെ കല എന്നും മുവായ് തായ്‌ അറിയപ്പെടുന്നു.

ആഴ്ചയിൽ അഞ്ചു ദിവസം, ഒന്നര മണിക്കൂർ വീതം പരിശീലിക്കുന്നുണ്ട്. ബാഗ്സും പഞ്ചിങ്ങും ഷാഡോ ബോക്സും ഒക്കെയാകും നാലു ദിവസം. ഒരു ദിവസം മറ്റംഗങ്ങൾക്കൊപ്പം പ്രാക്ടീസ് ചെയ്യും. മെയ്‌വഴക്കവും ഏകാഗ്രതയും അത്യാവശ്യമായതുകൊണ്ടു പരിശീലനം മുടക്കാറേയില്ല. ജീവിതത്തിൽ കാലിടറാതെ മുന്നോട്ടു നടക്കാൻ ധൈര്യമാകുന്നത് കിക്ക് ബോക്സിങും എംഎംഎയും മുവായ് തായുമാണ്.’’ ആവേശത്തോടെ ഐശ്വര്യ തുടർന്നു.

 ‘‘ആദ്യത്തെ മത്സരത്തിൽ റിങ്ങിൽ കയറിയപ്പോഴേ തലയ്ക്ക് ഇടി കിട്ടി. പൊന്നീച്ച പാറിയില്ലെങ്കിലേ അതിശയമുള്ളൂ. എങ്കിലും വീഴാതെ പിടിച്ചു നിന്നു.

മത്സരത്തിന് മുൻപ് എതിരാളിയെക്കുറിച്ചു മനസ്സിലാക്കുന്ന ശീലം തുടക്കത്തിലുണ്ടായിരുന്നു. എന്നാൽ അതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നു തിരിച്ചറിഞ്ഞതോടെ ഉപേക്ഷിച്ചു. 2026 ഓപ്പൺ മാസ്‌റ്റേഴ്സ് അബുദബിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചാണ് സ്വർണമെഡൽ നേടിയത്.’’ ഐശ്വര്യയുടെ വാക്കുകളിൽ അഭിമാനത്തിളക്കം.

‘‘വിസ്മയ മോഹൻലാൽ മുവായ് തായ് ചെയ്യുന്നതു കാണാൻ വേണ്ടിയാണ് തുടക്കം സിനിമ കണ്ടത്. ആ കുട്ടി  എത്ര പെർഫക്‌ഷനോടെയാണ് ഓരോ ചുവടും വയ്ക്കുന്നതു. ശരിക്കും വിസ്മയിച്ചു.’’ ഐശ്വര്യ നിറഞ്ഞു ചിരിച്ചു.    

അച്ഛൻ ആഗ്രഹിച്ച കിരീടം

തിരുനെൽവേലിയിലെ എൻജിനീയറിങ് പഠന കാലത്താണ് ഐശ്വര്യ ആദ്യമായി റാംപിൽ കയറുന്നത്. മിസ് കന്യാകുമാരി പാജന്റിൽ പങ്കെടുക്കാന്‍ തീരുമാനിച്ചതും ഒടുവിൽ ടൈറ്റിൽ വിന്നർ ആയതുമെല്ലാം ഓർത്തെടുക്കുമ്പോൾ ഐശ്വര്യ ആ പഴയ കൗമാരക്കാരിയായി മാറി.  

‘‘കൂട്ടുകാർക്കൊപ്പം കാട്ടിയ ഒരു തമാശയായിരുന്നു എ ല്ലാത്തിനും തുടക്കം. ഗ്രൂമിങ്ങിനിടെ ‘ഇതു തനിക്കു പറ്റുന്ന പണിയല്ല’ എന്ന ഗ്രൂമറുടെ ശകാരം ഇന്നും കാതിൽ മുഴങ്ങുന്നു. എങ്കിലും കൗമാരത്തിന്റെ എനർജിയല്ലേ? വിട്ടു കൊടുക്കാനാവില്ലല്ലോ.

പേടിയും വിറയലും ചിരിയിൽ ഒളിപ്പിച്ചു ഞാൻ റാംപിൽ കയറി. ‘ഒറ്റവാക്കിൽ ജീവിതത്തെക്കുറിച്ചു പറയൂ’ എന്ന ചോദ്യവും ‘മനോഹരം ’എന്ന മറുപടിക്കു കിട്ടിയ കയ്യടിയും ഇന്നും മനസ്സിലുണ്ട്.’’ ഐശ്വര്യ ചിരിച്ചു.

 പഠനശേഷം നാട്ടിലെ എഫ്എമ്മിൽ സ്‌റ്റേഷൻ എൻജിനീയറായി ജോലിക്ക് അപേക്ഷിച്ചെങ്കിലും ശബ്ദം ഐശ്വര്യയെ ആർജെയാക്കി.  

multitalented-aiswarya-jayachandran2

 ‘‘ 2019ൽ മിസിസ് കേരള പാജന്റിൽ പങ്കെടുത്തു. ഷോ ടിവിയിൽ ടെലികാസ്റ്റ് ചെയ്യുമ്പോൾ അച്ഛൻ അഭിമാനത്തോടെ കണ്ടിരുന്നു. ആദ്യ പത്തിലെത്തിയെങ്കിലും കിരീടം നഷ്ടമായി. അന്ന് എന്നേക്കാളേറെ വിഷമിച്ചത് അച്ഛനാണ്. ‘സാരമില്ല. അടുത്ത പാജന്റ് നമുക്ക് ഉറപ്പിക്കാം’ എന്ന വാക്കിന്മേൽ ഞാൻ അച്ഛനെ ചേർത്തു പിടിച്ചു. പക്ഷേ, 2020 ഫെബ്രുവരിയിൽ അച്ഛൻ ഞങ്ങളെ വിട്ടു പോയി.

അടുത്ത വർഷം  ഞാന്‍ വീണ്ടും റാംപിലെത്തി. മിസിസ് കേരള ഗ്ലോബൽ, മിസിസ് സൗത്ത് ഇന്ത്യ റണ്ണർ അപ്, മിസിസ് ഇന്ത്യ എന്നീ കിരീടങ്ങൾ നേടി. എന്റെ വിജയം കാണാൻ കാണികൾക്കിടയിൽ അച്ഛനുണ്ടായില്ല. പക്ഷേ,  ആരും കാണാത്ത ശക്തിയായി അച്ഛൻ എന്റെയുള്ളിലുണ്ടായിരുന്നു.  

അബുദബിയിലെ ജോലികൾക്കൊപ്പമാണ് മിസിസ് ഏഷ്യ യുഎഇ 2025 പാജന്റിൽ മത്സരിച്ചത്. മിസിസ് ഏഷ്യ യുഎഇ കിരീടം ചൂടുമ്പോഴും അച്ഛന്റെ അനുഗ്രഹം ഞാനറിഞ്ഞു.’’ അച്ഛന്റെ ഓർമകൾ കണ്ണുനീർത്തുള്ളിയായി ഐശ്വര്യയിൽ നിറഞ്ഞു.

‘‘ബൈക്കുകളേയും യാത്രകളേയും സ്നേഹിക്കാൻ പ ഠിപ്പിച്ചത് അച്ഛനാണ്. മോഡിഫൈ ചെയ്ത ബൈക്കുകളുടെ വലിയ ശേഖരമുണ്ടായിരുന്നു അദ്ദേഹത്തിന്റെ പ ക്കൽ. സ്വന്തം ഹാർലി ബൈക്കിൽ ലേ ലഡാക്ക് യാത്രയ്ക്കുള്ള തയാറെടുപ്പിലാണു ഞാനിപ്പോൾ.

 ഞങ്ങൾ കുടുംബമായി അബുദബിയിലെ റീം ഐലൻഡിലാണ് താമസം. ഭർത്താവ് വിനീത് വിപിൻ ലുലു ഗ്രൂപ് ഡിജിറ്റൽ മാർക്കറ്റിങ് ഹെഡ് ആണ്. മകൻ ആര്യൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. എന്റെ ഇഷ്ടങ്ങൾക്കെല്ലാം പിന്തു   ണ നൽകുന്നത് വിനീതും ആര്യനുമാണ്. സ്നേഹപ്രകടനങ്ങളിലൂടെ ഫർബേബി സിംബയും  അവന്റെ സന്തോഷം അറിയിക്കാറുണ്ട്.’’ പ്രിയപ്പെട്ട നായ്ക്കുട്ടിയെ ചേർത്തു പിടിച്ച് ഐശ്വര്യ പറഞ്ഞു.

multitalented-aiswarya-jayachandran1
The Inspiring Story of Multitalented Aiswarya Jayachandran:

Aiswarya Jayachandran has emerged as a prominent figure by excelling in both martial arts and beauty pageants with remarkable dedication. The talented Malayali athlete recently secured the gold medal in the 57kg category at the Open Masters Games 2026 in Abu Dhabi. Her journey into contact sports began 15 years ago with kickboxing before transitioning to traditional Thai martial art Muay Thai. Beyond her athletic achievements, she is also a successful beauty pageant titleholder, winning crowns such as Mrs Asia UAE 2025. She dedicates her continuous victories to her late father, who always supported her diverse passions and ambitions. Balancing her rigorous training schedules, professional career, and family life in Abu Dhabi, she continues to inspire many. Looking ahead, she is now preparing for an adventurous Harley-Davidson motorcycle trip to Leh-Ladakh.

ADVERTISEMENT