വലിയ ഫാഷൻ ആലോചനകളില്ലാതെ സ്ത്രീകൾക്ക് പെട്ടന്നു സ്റ്റൈലിഷ് ആകാൻ സഹായിക്കുന്ന ചില മാർഗങ്ങളുണ്ട്.
∙ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ മിക്ക സ്ത്രീകളുടെയും വസ്ത്രശേഖരത്തിൽ മുൻപന്തിയിൽ കാണാറുണ്ട്. കറുപ്പ് വസ്ത്രങ്ങൾ സ്ത്രീകളെ വേഗത്തിൽ സ്റ്റൈലിഷ് ആക്കും.
∙ സൽവാറുകൾ, ലെഹങ്ക എന്നിവ ഏതു പ്രായത്തിലും വ്യത്യസ്ത അവസരങ്ങളിലും സ്ത്രീകൾക്ക് പ്രയോജനപ്പെടും.
∙ ചൂടു കൂടുതലുള്ള നമ്മുടെ നാട്ടിൽ കോട്ടൻ പ്രിന്റ് വസ്ത്രങ്ങൾ ഏറെ നല്ലതാണ്. ഇതു ആരോഗ്യകരം എന്നു മാത്രമല്ല, നിറങ്ങളുടെ റിഫ്ലക്‌ഷൻ കുറയുന്നതിനാൽ ഒരു സ്റ്റാൻഡേർഡ് ലുക്കും കിട്ടും. ക്രോപ് ടോപ്പുകൾ ആയോ കുർത്തകൾ ആയോ മനോഹരമായ പാവാടകൾ ആയിട്ടോ നമുക്കീ കോട്ടൺ പ്രിന്റുകളെ മാറ്റാൻ സാധിക്കും.
∙ വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ ആഭരണങ്ങൾ ഉപയോഗിക്കുന്നതും ഫാഷൻ സ്റ്റൈലിന് ഒരു മുതൽക്കൂട്ടാണ്.
സാരി ഉടുക്കുമ്പോൾ
ഫാഷൻ ഭംഗി ഒരുകാലത്തും നഷ്ടമാകാത്ത വസ്ത്രമാണ് സാരി. സാരി ഉടുക്കുമ്പോൾ ഇനി പറയുന്നവ ശ്രദ്ധിക്കാം
∙ സാരി ഉടുക്കുമ്പോൾ ഫിഷ്കട്ട് അടിപ്പാവാട ഉപയോഗിച്ചാൽ ആകാരഭംഗി മെച്ചപ്പെടും. ഫിഷ്കട്ട് പാവാടയിൽ മുകളിലും താഴെയും ഉള്ളതിനെക്കാൾ നടുക്കുള്ള ഭാഗത്തിനു വീതി കുറവായിരിക്കും
∙ ആഭരണവും പഴ്സും ഉൾപ്പെടെയുള്ള അക്സസറീസും പ്രധാനമാണ്. അവ തിരഞ്ഞെടുക്കുമ്പോൾ ഒന്നിൽ കൂടുതൽ കാര്യങ്ങളിലേക്കു കാഴ്ചക്കാരുടെ ശ്രദ്ധ പോകരുത്. വലിയ ആഭരണങ്ങളും കടും നിറമുള്ള പഴ്സും ഉപയോഗിച്ചാൽ ശ്രദ്ധസാരിയിലേക്കു പോകില്ല. ഫോക്കസ് പോയിന്റ് ഏതാകണം എന്ന് ആദ്യമേ തീരുമാനിച്ച് വസ്ത്രം ധരിക്കണം.
ശരീരവണ്ണവും ഫാഷൻ വസ്ത്രങ്ങളും
നല്ല ഫാഷൻ വസ്ത്രങ്ങൾ ധരിക്കാനാകുന്നില്ലെന്നതാണ് അമിതവണ്ണമുള്ളവരുടെ വിഷമം. എന്നാൽ ശരീരത്തിന്റെ ഷേപ്പ് എന്തായാലും ആകർഷമായ വസ്ത്രധാരണത്തിലൂടെ നൂറു ശതമാനം ഫാഷനബിൾ ആകാം. വസ്ത്രത്തിന്റെ കട്ടിങ് പാറ്റേൺ, തിരഞ്ഞെടുക്കുന്ന നിറം, വസ്ത്രത്തിന്റെ നീളം, കയ്യിറക്കം, കഴുത്തിന്റെ പാറ്റേൺ ഇതെല്ലാം അനുയോജ്യരീതിയിലാക്കുന്നിടത്താണ് വസ്ത്രം യോജിക്കുന്നത്. അങ്ങനെ മാറ്റം വരുത്തിയാൽ വണ്ണം പ്രശ്നമേയല്ല.
വണ്ണം പ്രശ്നമല്ല, ധരിക്കാം ഇവ...
വൈഡ്- ലെഗ് ട്രൗസറുകൾ
സുഖകരമായ വൈഡ് ലെഗ് ട്രൗസറുകൾ ഓഫിസിലും റിസോർട്ടിലും ഒരുപോലെ അണിയാൻ കഴിയുന്ന വിധം സ്ട്രെച്ചബിൾ മെറ്റീരിയലിലാണ് തയാറാക്കുന്നത്.
മിഡികൾ
ബോൾഡായ ഫ്ലോറലുകളിലോ ജ്യാമിതീയ പാറ്റേണുകളിലോ പ്രിന്റ് ചെയ്ത മിഡികൾ ട്രെൻഡിനൊപ്പമെന്ന ഫീൽ നൽകും. അതിനൊപ്പം സോളിഡ് നിറങ്ങളിലുള്ള ആഭരണങ്ങൾ കൂടിയണിഞ്ഞാൽ മൊത്തത്തിൽ ഒരാഡംബര വൈബ് സെറ്റ് ആയി.
ബ്ലേസറിനൊപ്പം
പുതിയ കാലത്ത് സ്റ്റേറ്റ്മെന്റ് ലെയറിങ് പീസാണ് ബ്ലേസർ. കറുപ്പ്, നേവി ബ്ലൂ നിറങ്ങളിൽ കുടുങ്ങിക്കിടക്കാതെ ഡീപ് എമറാൾഡ്, ബർഗണ്ടി, പേസ്റ്റൽ നിറങ്ങൾ എന്നിവ ധൈര്യമായി പരീക്ഷിക്കാം. ബോഡിഷേപ്പിനെ നിർവചിക്കാനും സ്ട്രീംലൈൻ ചെയ്യാനും ഈ ഔട്ട്ഫിറ്റ് സഹായിക്കും.
കഫ്താൻ
സുഖവും സ്റ്റൈലും ഒന്നിച്ച് വേണമെന്ന ശാഠ്യമുള്ളവർക്ക് കഫ്താനുകൾ ധൈര്യമായി തിരഞ്ഞെടുക്കാം. ബോൾഡ് പ്രിന്റുകളും സമ്പന്നമായ എംബ്രോയിഡറിയും ഉള്ളതിനാൽ കാഷ്വൽ വെയറായും ഫെസ്റ്റിവൽ വെയറായും ഉപയോഗിക്കാമെന്ന സൗകര്യവുമുണ്ട്. കഫ്താൻ പ്ലസ് സൈസുകാരുടെ വാഡ്രോബിലെ നിധി തന്നെയാണ്.
ഡെനിം
ഡെനിം ജീൻസുകളില്‍ പ്ലസ്- സൈസ് ഫ്രണ്ട്‌ലി ബ്രാൻഡുകൾ ഇപ്പോൾ ലഭ്യമാണ്. കാലുകൾക്ക് കൂടുതൽ നീളം തോന്നാൻ ഈ ഔട്ട്ഫിറ്റ് സഹായിക്കും. സ്ട്രെയ്റ്റ്, ബൂട്ട്കട്ട് ജീൻസുകൾ എന്നിവയാണ് നല്ലത്. ക്രിസ്പി വൈറ്റ് ഷർട്ടിനും സ്നീക്കറിനുമൊപ്പം ഇവ സ്റ്റൈൽ ചെയ്താൽ കാഷ്വൽ അവസരങ്ങളിലണിയാനുള്ള മികച്ച ഔട്ട്ഫിറ്റായി.
ജംപ്സ്യൂട്ട്
പ്ലസ് സൈസുള്ളവർക്ക് ഏറ്റവും ലളിതമായി തിരഞ്ഞെടുക്കാവുന്ന ഔട്ട്ഫിറ്റുകളിലൊന്നാണ് ജംപ്സ്യൂട്ട്. ധരിക്കാൻ എളുപ്പമുള്ള ഈ വസ്ത്രം അവർഗ്ലാസ് ബോഡിഷേപ്പുള്ളവർക്ക് നന്നായിണങ്ങും. ഫ്രണ്ട് വ്രാപ്, ടൈ വെയ്സ്റ്റ്, വൈഡ് ലെഗ് പോലെയുള്ള ജംപ്സ്യൂട്ടുകൾ തിരഞ്ഞെടുക്കാം. ബോൾഡ് മോണോക്രോമുകളും ജംപ്സ്യൂട്ടുകളും ട്രെൻഡിങ് ആയതിനാൽ സുഖവും ഫാഷൻ സ്റ്റേറ്റ്മെന്റും ഒരുപോലെ നൽകും.
ലിനൻ ഷർട്ടുകൾ
വേനൽക്കാലത്തിന് ഏറെയിണങ്ങുന്ന ലിനൻ ഷർട്ടുകൾ കണ്ണുമടച്ച് തിരഞ്ഞെടുക്കാം. വെറുതേ നടക്കാൻ പോകുമ്പോഴോ, വിനോദയാത്രകൾ പോകുമ്പോഴോ ഒരുപോലെയണിയാൻ സാധിക്കുന്ന വസ്ത്രമാണിത്. ഒരു ബെൽറ്റ് ഉപയോഗിച്ചു പോലും ഇതിന്റെ ലുക്ക് മാറ്റാമെന്ന മെച്ചമുണ്ട്. സ്ലീവ്സ് മടക്കി വച്ചും, കോളർ ഉയർത്തിയുമൊക്കെ വ്യത്യസ്ത രീതിയിലണിയാനും സാധിക്കും.