ADVERTISEMENT

ചെക്സിന് ഇന്നു മാർക്കറ്റിലുള്ള പേര് മദ്രാസ് ചെക്സ് എന്നാണെങ്കിലും ജനനം തമിഴ്നാട്ടിലെ കാരൈക്കുടിയിലാണ്.

ലുങ്കിയിലും ഷർട്ടിലും മാത്രമൊതുങ്ങിയിരുന്ന മദ്രാസ് ചെക്സ് ഓണത്തിന് കുട്ടിയുടുപ്പിലും ബ്ലൗസിലും കുർത്തയിലും കഫ്താനിലും വരെ കളമിട്ടൊരുങ്ങി. ഓണത്തിലുമൊതുങ്ങിയില്ല ചെക്സിന്റെ പുതുചരിത്രം. അടുത്ത വർഷം പോലും മദ്രാസ് ചെക്സ് ട്രെൻഡായി നിൽക്കുമെന്നാണ് പ്രവചനങ്ങൾ. ഒറ്റനോട്ടത്തിൽ പഴയൊരു പരിചയം തോന്നിക്കുന്ന പുതിയ രൂപമാണ് ചെക്സിന് ഇന്നു മാർക്കറ്റിലുള്ളത്. പേര് മദ്രാസ് ചെക്സ് എന്നാണെങ്കിലും ജനനം തമിഴ്നാട്ടിലെ കാരൈക്കുടി എന്ന സ്ഥലത്താണ്. ഇപ്പോൾ വിപണിയിൽ ഏറ്റവും കൂടുതല്‍ ലഭിക്കുന്നതു മീററ്റിൽ നിന്നുള്ള അപരനാണ്. കാണാൻ  സാമ്യമുണ്ടെന്നേയുള്ളൂ. ഗുണത്തിൽ രണ്ടറ്റത്താണു രണ്ടു തുണികളും. 

ADVERTISEMENT

കൊച്ചിയിലെ ബ്രോഡ്‌വേയിലൂടെ വെറുതേയൊന്നു നടക്കാനിറങ്ങിയാൽ തുണിക്കടകളിൽ മദ്രാസ് ചെക്സ് ഡിസ്പ്ലേ നിരന്നു കാണാം. അതേസമയം ബ്രാൻഡഡ് ഉടുപ്പുകളിലും ഡിസൈനർ വെയറിലും മദ്രാസ് ചെക്സിനു സ്ഥാനവുമുണ്ട്. കാഷ്വലിലും ലക്‌ഷ്വറിയിലും റെഡിമെയ്ഡ് സ്ട്രീറ്റ്‌വെയറിലും ഒരുപോലെ ചെക്സ് ഹിറ്റാണ്. 

കേരളത്തിൽ മദ്രാസ് എങ്ങനെ ഇത്ര വലിയ ഹിറ്റായി?

ADVERTISEMENT

ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയല്ലേ നമ്മുടേതും. ഭാരം കുറഞ്ഞ കോട്ടൻ ഡെയ്‌ലി വെയറിലും ഫെസ്റ്റീവ് വെയറിലും ഒരുപോലെ ഉപയോഗിക്കപ്പെടുന്നു. ഓഫ് വൈറ്റിനും ഗോൾഡൻ നിറങ്ങൾക്കുമിടയിൽ മദ്രാസിന്റെ നീലയും പച്ചയും മഞ്ഞയും പോലുള്ള വൈബ്രന്റ് നിറങ്ങ ൾ നല്ല കോൺട്രാസ്റ്റ് നൽകുന്നു.  

400 രൂപ മുതൽ മദ്രാസ് ചെക്സ് സാരികൾ വിപണിയിലുണ്ട്. മിക്സ് ആൻഡ് മാച് ചെയ്യാൻ കാക്കത്തൊള്ളായിരം സാധ്യതകൾ. ഏറെ നിറങ്ങളുള്ളതുകൊണ്ടു തന്നെ പല രീതിയിൽ സ്റ്റൈൽ ചെയ്ത്, പുതിയ ലുക്കുകളിൽ മദ്രാസ് ചെക്സ് അവതരിപ്പിക്കാം. 

ADVERTISEMENT

യഥാർഥ മദ്രാസ് ചെക്സ് എങ്ങനെ തിരിച്ചറിയാം? 

തീരെ കുറഞ്ഞ വിലയിൽ വിപണിയിൽ ലഭിക്കുന്നത് യഥാർഥ മദ്രാസ് ചെക്സ് കോട്ട ൺ അല്ല. സിന്തറ്റിക് മെറ്റീരിയലുകളിൽ ഒരു വശത്തു മാത്രം ചെക്സ് പ്രിന്റ് ചെയ്തു വരുന്നുണ്ട്. ഇത്തരം തുണികളുടെ മറുവശം വെള്ളയായിരിക്കും. യഥാർഥ മദ്രാസ് ചെക്സ് കോട്ടണിൽ ചെക്സ് പാറ്റേൺ നെയ്തുണ്ടാക്കുന്നതാണ്. 

‘‘കാരൈക്കുടിയിൽ നിന്നുള്ള ചെക്സ് തു ണി ലൈറ്റ് വെയ്റ്റാണ്. കട്ടി കുറവായതുകൊണ്ടു തന്നെ ലൈനിങ് അത്യാവശ്യം. മീററ്റിൽ നിന്നാണ് ഇപ്പോൾ പോപ്പുലറായ മദ്രാസ് ചെക്സ് തുണിയിൽ ഭൂരിഭാഗവും വരുന്നത്. അതിനു കട്ടിയുണ്ട്. ലൈനിങ് ആവശ്യം വരാറില്ല. ഈ രണ്ടു തുണികളും തൊടുമ്പോഴുള്ള ഫീൽ വളരെ വ്യത്യസ്തമാണ്. പരിചയത്തിലൂടെ ഒറ്റനോട്ടത്തിൽത്തന്നെ യഥാർഥ മദ്രാസ് കോട്ടൻ വേർതിരിച്ചറിയാം. കോട്ടൻ  സിൽക്കിലും ബാംഗ്ലൂർ സിൽക്കിലുമെല്ലാം മദ്രാസ് ചെക്സുണ്ട്.’’ കാഞ്ചീപുരത്തിൽ മദ്രാസ് ചെക്സ് നെയ്തെടുത്ത് ട്രെൻഡാക്കിയ  മിലൻ ഡിസൈൻസ് ഉടമ ഷെർളി റെജിമോൻ പറയുന്നു.

ട്രെൻഡിനപ്പുറം നൊസ്റ്റാൾജിയാണോ ചെക്സ്?

മിസ് കേരള 2025 റണ്ണർ അപ്പായ ശ്വേത ജയറാം മദ്രാസ് ചെക്സ് അണിഞ്ഞ അനുഭവം പങ്കുവച്ചു. 

‘‘പണ്ടു കുട്ടിക്കാലത്തു പട്ടുപാവാടയിൽ മദ്രാസ് ചെക്സ് എനിക്കുണ്ടായിരുന്നു. ഓണത്തിന് വീണ്ടും ട്രെൻഡാകുന്നതു കണ്ടാണ് ഒരു പരിപാടിക്ക് പങ്കെടുക്കാൻ മദ്രാസ് ചെക്സ് തുണി തേടിപ്പോയത്. അത്ര പഴക്കമുള്ളൊരു ഡിസൈൻ വീണ്ടും വരുന്നത് നല്ലൊരു ഫീലല്ലേ. മദ്രാസ് ചെക്സിൽ ഹൈനെക് സ്ലീവ്‌ലെസ് ബ്ലൗസ് സുഹൃത്തും ഡിസൈനറുമായ ആൽബിൻ ചെയ്തു തന്നു. പാവാടയും ദുപ്പട്ടയും സിംപിൾ ഐവറിയുമാക്കി. ഹിറ്റായിരുന്നു ആ കോംബോ.’’ 

യഥാർഥത്തിൽ മദ്രാസ് ചെക്സ് വീണ്ടുമെത്തിയത്  ഈ വർഷമല്ല. കഴിഞ്ഞ വർഷത്തെ ഓണത്തിന് കിഡ്സ് വെയറിൽ മദ്രാസ് ചെക്സ് വന്നിരുന്നു. 

Fact Check

∙ നൂറ്റാണ്ടുകൾ പഴക്കമുള്ള കഥയാണ് മദ്രാസ് ചെക്സിന്റേത്. ചൂടും ഈർപ്പവുമേറിയ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന ഭാരം കുറഞ്ഞ കോട്ടൻ  തുണി. പിന്നീട് പ ല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെട്ടു. അമേരിക്കൻ ഫാഷനിൽ വരെ ‘മദ്രാസ്’ ഇടം നേടി.  

∙ മദ്രാസ് കട്ടം എന്നു ഈ തുണിക്കു പേരുണ്ട്. ബ്ലീഡിങ് ആണ് പരമ്പരാഗത മദ്രാസ് ചെക്സിന്റെ സവിശേഷത. അതായത് പ്രകൃതിദത്ത നിറങ്ങളുപയോഗിച്ച് ഹാൻഡ് ഡൈ ചെയ്തെടുക്കുന്ന, നല്ല നിലവാരമുള്ള മദ്രാസ് ചെക്സ് കോട്ടൻ  കഴുകുമ്പോൾ നിറമിളകുമെന്ന് ഗ്യാരന്റി. 

ഓരോ ഉപയോഗത്തിനു ശേഷവും പാറ്റേൺ മാറുന്ന തുണിയെന്ന് മാർക്കറ്റിങ് ക്യാംപെയ്ൻ വരെ ഇതിന്റെ പേരിലുണ്ടായി.  1958 ലായിരുന്നു ഈ സംഭവങ്ങള്‍. അതേ... കഴിഞ്ഞ ഓണത്തിന് ഹിറ്റായ മദ്രാസ് ചെക്‌സ് അത്രയേറെ പഴക്കവും കഥകളുമുള്ള തുണിയാണ്. 

∙ യഥാർഥ മദ്രാസ് ചെക്സ് തുണിയുടെ ഇരുവശത്തും ഒരേ പാറ്റേണായിരിക്കും. 

Minimal Look

ഓവർസൈസ്ഡ് മദ്രാസ് ചെക്സ് ഷർട്ടിനൊപ്പം സ്ട്രെയ്റ്റ് കട്ട് ഡെനിം പിന്നെയൊരു പെയർ സ്നീക്കർ. 

Ethnic Look

മദ്രാസ് ചെക്സ് സാരിയു‍ടെ കൂടെ സോളിഡ് നിറത്തിലെ സ്ലീവ്‌ലെസ് ബ്ലൗസ്. ഒപ്പം സിംപിൾ ആഭരങ്ങളും. ചെക്സ് സ്റ്റേറ്റ്മെന്റായതുകൊണ്ട് മറ്റു ബഹളങ്ങള്‍ അധികം വേണ്ട. മിനിമലാക്കുന്നതാണു നല്ലത്. 

Power Look

സോളിഡ് നിറത്തിലെ ട്രൗസേഴ്സിനൊപ്പം മദ്രാസ് ചെക്സ് ബ്ലേസർ. സോളിഡ് നിറത്തിലെ സാരിക്കൊപ്പവും ഈ ബ്ലേസർ ധരിക്കാം. 

Travel Look

മദ്രാസ് ചെക്സിൽ ലൂസ് കോ–ഓർഡ് സെറ്റ്. അല്ലെങ്കിൽ ഷോർട്സിനൊപ്പം ഓവർസൈസ്ഡ് ചെക്സ് ഷർട്ട്. ഫ്ലിപ് ഫ്ലോപ്പും ടോട്ട് ബാഗും കാഷ്വൽ ലുക്കിനായി അണിയാം. 

വിവരങ്ങൾക്കു കടപ്പാട്: ആൽബിൻ ജേക്കബ്, ഡിസൈനർ, ബൈ ആൽബിൻ, കൊച്ചി

Madras Checks Make a Stylish Return to Modern Fashion:

Madras checks have made a remarkable comeback in the fashion world, transitioning from traditional lungis and shirts to modern children's wear, blouses, kurtas, and designer collections. Originating historically from Karaikudi in Tamil Nadu, these lightweight cotton fabrics are currently dominating markets across Kerala and beyond due to their suitability for warm and humid climates. The versatile material offers a vibrant contrast of colors against traditional festive shades, making it a favorite for casual, luxury, and street wear. Consumers must learn to distinguish between authentic hand-woven Madras checks, which feature patterns visible on both sides, and cheaper synthetic imitations mostly sourced from Meerut. Beyond being a modern trend, the fabric carries a deep sense of nostalgia, reminding many of childhood pattu pavadas and historical global fashion significance. Fashion experts continue to innovate styling approaches, ranging from minimalist ethnic looks to bold power suits and relaxed travel wear.

ADVERTISEMENT