48 വയസ്സ്. മിക്കപ്പോഴും
രാത്രിയിലെ ഭക്ഷണത്തിനു ശേഷം കടുത്ത നെഞ്ചെരിച്ചിൽ അനുഭവപ്പെടാറുണ്ട്. കുറച്ചു കഴിയുമ്പോൾ താനേ മാറും. എനിക്കു കൊളസ്ട്രോളോ ഹൃദ്രോഗ
പാരമ്പര്യമോ ഇല്ല. രാത്രി ഭക്ഷണം കൂടുതലായി കഴിക്കാറുണ്ട്. അതിന്റെയാണോ? ഇടയ്ക്ക് ഇസിജി
നോക്കിയിരുന്നു. അതിൽ പ്രശ്നമൊന്നും കണ്ടില്ല.
പ്രത്യുഷ്, വയനാട്
നിങ്ങൾക്ക് അനുഭവപ്പെടുന്ന രാത്രിയിലെ നെഞ്ചെരിച്ചിൽ ഹൃദ്രോഗം കൊണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഈ പ്രശ്നം പ്രധാനമായും നിങ്ങളുടെ രാത്രിയിലെ ആഹാരരീതി കൊണ്ടു വരുന്നതാകാനാണു വഴി. രാത്രി അമിത ഭക്ഷണം, പ്രത്യേകിച്ചു കൊഴുപ്പു കൂടിയ ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്ളക്സ് അഥവാ ഗ്യാസ്ട്രോ ഈസോഫാജിയൽ റിഫ്ളക്സ് ഡിസീസ് (GERD) എന്ന അവസ്ഥയ്ക്കു കാരണമാകാം. ആഹാരം കഴിഞ്ഞ് എത്ര സമയത്തിനു ശേഷമാണു നെഞ്ചെരിച്ചിൽ വരുന്നത്, ആഹാരശേഷം എത്ര മണിക്കൂർ കഴിഞ്ഞാണ് ഉറങ്ങുക എന്ന കാര്യങ്ങൾ കൂടി അറിഞ്ഞാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
നിങ്ങൾക്കു വണ്ണം കൂടുതലാണെങ്കിലോ, കുടവയർ ഉണ്ടെങ്കിലോ, നിങ്ങളുടെ ആമാശയത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആസിഡ് അന്നനാളത്തിലേക്കു തിരിച്ചു കയറാനുള്ള സാധ്യത കൂടുതലാണ്. രാത്രി വൈകി കൊഴുപ്പു കൂടുതലുള്ള ആഹാരം കഴിച്ചാലും ഭക്ഷണം കഴിച്ച ഉടനെ കിടന്നാലും ഈ പ്രശ്നം കൂടുതലായി ഉണ്ടാകാം. അമിത മസാലയുള്ള ഭക്ഷണം, കാപ്പി, ചായ, മദ്യം എന്നിവയും ഇതിനു കാരണമാകാം. ഇങ്ങനെ ആമാശയത്തിലെ ദഹനരസം അന്നനാളത്തിന്റെ താഴത്തെ ഭാഗത്തു നീർവീക്കം ഉണ്ടാക്കാം. ഇതിനെ പെപ്റ്റിക് ഈസോഫാജൈറ്റിസ് എന്നു
പറയും. ഇതു നെഞ്ചെരിച്ചിൽ
ഉണ്ടാക്കും.
നിങ്ങൾ കഴിവതും രാത്രിഭക്ഷണം എട്ടു മണിക്കു മുൻപേ കഴിക്കാൻ ശ്രമിക്കുക.രാത്രി, എളുപ്പം ദഹിക്കുന്ന കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുക. ഭക്ഷണശേഷം ഉടനെ കിടക്കാതിരിക്കുക. എന്നിട്ടും ലക്ഷണങ്ങൾ
മാറാതെ നിൽക്കുകയാണെങ്കിലോ
തീവ്രമാവുകയാണെങ്കിലോ ഒരു
ഗ്യാസ്ട്രോഎന്ററോളജിസ്റ്റിനെ
നേരിട്ടു കാണുന്നതാണു നല്ലത്.