ADVERTISEMENT

ചാന്ദ്നിയുടെയും ചന്ദ്രന്റെയും വിവാഹം കഴിഞ്ഞിട്ടു മൂന്നു വർഷമായി. സന്തോഷസുന്ദരമായ ദാമ്പത്യമായിരുന്നു അവരുടേത്. പക്ഷേ, ഈയിടെയായി ചന്ദ്രന്റെ സ്വഭാവത്തിലുള്ള മാറ്റം ചാന്ദ്നിയെ ചെറുതായി അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. രാത്രി ഏറെ വൈകി വരെ നീളുന്ന തിരക്ക്. വന്നാൽത്തന്നെ മൊബൈൽ ഫോണും ലാപ്ടോപ്പുമായി സ്വന്തം ലോകത്ത് ഒതുങ്ങിക്കൂടും. ആദ്യമൊക്കെ ജോലിയുടെ തിരക്കാണെന്നു കരുതി ചാന്ദ്നി മിണ്ടാതിരുന്നു. പക്ഷേ, കാര്യങ്ങൾ അത്ര ശരിയായ രീതിയിലല്ല പോകുന്നതെന്നു തോന്നിയ ചാന്ദ്നി ഒരു ഹാക്കറുടെ സഹായത്തോടെ ചന്ദ്രന്റെ ഫോൺ പരിശോധിച്ചു.

അതിലെ പല കാര്യങ്ങളും ചാന്ദ്നിക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറത്തുള്ളവയായിരുന്നു. പല കോൾഗേൾസും ആയി ചന്ദ്രനു ബന്ധമുണ്ടെന്ന കാര്യം ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു. അവരോടുള്ള ചന്ദ്രന്റെ വിഡിയോ ചാറ്റുകളും അശ്ലീല സന്ദേശങ്ങളുമൊക്കെ കാരമുള്ളുകളായി ചാന്ദ്നിയുടെ മനസ്സിലേക്കു തറഞ്ഞുകയറി.

ADVERTISEMENT

ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണു ചാന്ദ്നി വീണ്ടും ഞെട്ടിയത്. കോൾ ഗേൾസിനു നൽകാനായാവണം ചന്ദ്രൻ പലപ്പോഴായി വൻതുകകളാണു പിൻവലിച്ചിരിക്കുന്നത്. ചാന്ദ്നിക്കുള്ളിലെ മുറിവേറ്റ സ്ത്രീമനസ്സു പിടഞ്ഞുകൊണ്ടിരുന്നു.

മനസ്സുകൊണ്ടുപോലും ചന്ദ്രനെ വഞ്ചിക്കാൻ താൻ തയാറല്ലായിരുന്നു. എന്നിട്ടും തന്നോട് ഇങ്ങനെ ചെയ്യാൻ ചന്ദ്രന് എങ്ങനെ തോന്നി?
യുവതിയായ ഭാര്യയെ വീട്ടിലിരുത്തിയിട്ട് അന്യസ്ത്രീകളെ തേടി പോകുന്ന ഒരു ഭർത്താവിനെ തനിക്ക് ഇനിയെന്തിനാണ്? ചാന്ദ്നിയുടെ മനസ്സു
ചുട്ടുനീറിക്കൊണ്ടിരുന്നു.

ADVERTISEMENT

ചന്ദ്രൻ വന്നപ്പോൾ അവൾ എല്ലാം തുറന്നു ചോദിക്കാൻ തന്നെ തീരുമാനിച്ചു. ‘‘ഈ നമ്പറുകൾ ആരുടെതാണ്?’’ ചന്ദ്രൻ വന്നപ്പോൾ ചാന്ദ്നി ഫോണിലെ ചില നമ്പറുകൾ കാണിച്ച് ചോദിച്ചു.

ചന്ദ്രൻ ദേഷ്യപ്പെടുകയാണു ചെയ്തത്.‘‘എന്റെ ഫോൺ എന്റെ അനുവാദമില്ലാതെ നോക്കാൻ നിന്നോടാരു പറഞ്ഞു. എന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കിയത് ഒട്ടും ശരിയായ കാര്യമല്ല.’’ ചന്ദ്രൻ തീർത്തു പറഞ്ഞു.

ADVERTISEMENT

ആ ന്യായം കേട്ടു ചാന്ദ്നിക്ക് അടിമുടി വിറഞ്ഞുകയറി. ‘‘എന്നെ വഞ്ചിച്ചു കണ്ട സ്ത്രീകളുടെ കൂടെ നിങ്ങൾക്കു പോകാം. പക്ഷേ, ഞാൻ ആ ഫോൺ എടുത്തു നോക്കിയതാണിപ്പോ തെറ്റ്. അല്ലേ ?’ ചാന്ദ്നി പൊട്ടിത്തെറിച്ചു. ചന്ദ്രന് ഒരു നിമിഷത്തേക്കു മറുപടിയില്ലായിരുന്നു.

‘‘ഞാൻ ഇവിടെ ഉള്ളപ്പോൾ എന്തിനാണ് അന്യസ്ത്രീകളുടെ അടുത്തേക്ക് പോകുന്നത്?’ ചാന്ദ്നി കിതച്ചുകൊണ്ട് ചോദിച്ചു.

ചന്ദ്രന്റെ മുഖം വികാരരഹിതമായിരുന്നു. അയാൾ ചാന്ദ്നിയുള്ള ഭാഗത്തുനിന്നു മറ്റെങ്ങോട്ടോ ഒരു ശൂന്യമായ നോട്ടമയച്ചു. ചന്ദ്രന്റെ നെറ്റിയിലെ ഞരമ്പുകൾ അസാധാരണമായ വിധത്തിൽ പിടയുന്നതു ചാന്ദ്നി കണ്ടു. അത്തരത്തിലൊന്ന് അവളിതുവരെ കണ്ടിട്ടില്ലായിരുന്നു.

ചന്ദ്രൻ ഒരു ദീർഘനിശ്വാസമെടുത്തു. ‘‘നീ കിടപ്പറയിൽ ഒരു ഉണങ്ങിയ മരം മാത്രമാണ്. ഒരു പുരുഷനെ എങ്ങനെ തൃപ്തിപ്പെടുത്തണമെന്നു നിനക്കറിയില്ല. അങ്ങനെയുള്ളപ്പോൾ ചിലപ്പോൾ ഭർത്താവ് മറ്റു വഴി നോക്കിയെന്നിരിക്കും. ഞാനുമൊരു പുരുഷനാണ്...’’ചന്ദ്രൻ നിർദയമായി പറഞ്ഞു.

ചാന്ദ്നി മുഖത്തടിയേറ്റ പോലെ ഒരു നിമിഷം നിന്നു. ‘‘നിങ്ങൾക്ക് എന്നോടിങ്ങനെ സംസാരിക്കാൻ എങ്ങനെ തോന്നി? കിടപ്പറയിൽ നിങ്ങൾ എന്നോട് ഇത്തരത്തിലുള്ള എന്തെങ്കിലും ആഗ്രഹങ്ങൾ സൂചിപ്പിച്ചിട്ടുണ്ടോ? ഇനി ഉണ്ടെങ്കിൽത്തന്നെ ഞാൻ എന്തെങ്കിലും ചെയ്യാതിരുന്നിട്ടുണ്ടോ? എന്നിൽനിന്നു കിട്ടാത്ത എന്താണു പണത്തിനായി ശരീരം വിൽക്കുന്ന സ്ത്രീകളുടെ പക്കൽനിന്നു കിട്ടുന്നത്? നിങ്ങൾക്ക് എന്താണ് ആഗ്രഹമെന്നത് ഒരിക്കൽപ്പോലും എന്നോടു സൂചിപ്പിച്ചിട്ടില്ല.’’ചാന്ദ്നി കിതച്ചു.

‘‘വിവരമുള്ള പെണ്ണിനു ഭർത്താവ് പറയാതെ തന്നെ അയാൾക്കെന്തു വേണമെന്നുള്ള കാര്യം തിരിച്ചറിയാനാകും.’’. -ചന്ദ്രൻ തിരിച്ചടിച്ചു.

ചാന്ദ്നി അവിശ്വസനീയതയോടെ ചന്ദ്രനെ നോക്കിനിന്നു. ഭൂമിയുടെ മറുപുറത്തുള്ളവരോടു പോലും നിമിഷനേരം കൊണ്ടു സംസാരിക്കാൻ കഴിയുന്ന ഇന്നത്തെക്കാലത്ത് ഒരു കിടപ്പറയിൽ ഭർത്താവ് തന്റെ ആഗ്രഹങ്ങൾ ഭാര്യയോടു തുറന്നു പറയാൻ മടിക്കുന്നുവെന്ന കാര്യം അവൾക്ക് ഉൾക്കൊള്ളാവുന്നതിലുമപ്പുറമായിരുന്നു.

**** ****

പരസ്പരമുള്ള സംസാരം എന്നാൽ വെറും വിവരങ്ങൾ കൈമാറുന്ന ഒരു ചടങ്ങല്ല. മറിച്ച്, സംസാരിക്കുന്നയാളുടെ വൈകാരികതയും ഉദ്ദേശ്യങ്ങളുമൊക്കെ മനസ്സിലാക്കാനുള്ള ഒരവസരം കൂടിയാണ്. ഒരു കാര്യം സംസാരിക്കുമ്പോൾ അതു വ്യക്തമായി മറുവശത്തുള്ളയാൾക്കു മനസ്സിലാകുന്നുണ്ടെന്നു സംസാരിക്കുന്നയാൾ ഉറപ്പുവരുത്തേണ്ടതുണ്ട്. മാത്രമല്ല, കേൾക്കുന്നയാളും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

പറയുന്നയാൾ എന്താണു പറയുന്നതെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും കേൾക്കുന്നയാൾക്ക ധാരണയുണ്ടായിരിക്കണം. അല്ലാത്ത പക്ഷം അതു വെറും വർത്തമാനം പറച്ചിൽ മാത്രമായി ചുരുങ്ങും.

തുറന്നു പറയാം, ഇങ്ങനെ

ദാമ്പത്യബന്ധത്തിൽ ഉറച്ചു നിൽക്കേണ്ട നാലു തൂണുകളുണ്ട്. വിശ്വാസം, പരസ്പരബഹുമാനം, പരസ്പരമുള്ള സംസാരം, അടുപ്പം എന്നിവയാണവ. നിർഭാഗ്യവശാൽ ഈ തൂണുകളെക്കുറിച്ചു മിക്കവർക്കും ധാരണയില്ലെന്നതാണു സത്യം.

പലർക്കും തങ്ങളുടെ ലൈംഗിക താൽപര്യങ്ങൾ തുറന്നു പറയാൻ മടിയായിരിക്കും. ചിലർക്കതു ബുദ്ധിമുട്ടുള്ള കാര്യവുമാണ്. നമ്മുടെ സമൂഹത്തിൽ ലൈംഗികതയെക്കുറിച്ചു തുറന്നു ചർച്ച ചെയ്യുന്നത് ഒരു മോശപ്പെട്ട കാര്യമാണെന്നുള്ള ധാരണ ഇന്നും ചിലരിൽ നിലനിൽക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്.

വീട്ടിൽ അച്ഛനമ്മമാർ പ്രായപൂർത്തിയായ മക്കളോടു ലൈംഗികതയെക്കുറിച്ചു ചർച്ച ചെയ്യുന്ന പതിവു നമ്മുടെ രീതിയനുസരിച്ചു മഹാപാപമായാണു പലയിടങ്ങളിലും കണക്കാക്കുന്നത്. ഫലം, ലൈംഗിക കാര്യങ്ങളോടു താൽപര്യമുണ്ടാകുന്ന കൗമാരപ്രായത്തിൽ കൂട്ടുകാരും പോൺ വിഡിയോകളുമൊക്കെ വഴി ലഭിക്കുന്ന അനാരോഗ്യകരമായ അറിവുമായിട്ടായിരിക്കും കുട്ടികൾ വളരുക. വളർന്ന് ഒരു പങ്കാളിയ്ക്കൊപ്പം ജീവിതം തുടങ്ങുമ്പോൾ എങ്ങനെയാണു ലൈംഗികതയെക്കുറിച്ചു സംസാരിക്കേണ്ടതെന്നോ മാന്യമായി അത് എങ്ങനെ പ്രകടിപ്പിക്കണമെന്നോ അവർക്കു ധാരണയില്ലാതെയാകുന്നു.

ലൈംഗികതയെക്കുറിച്ചു പങ്കാളികൾക്കിടയിലുള്ള സംസാരം എന്നതൊരു കലയാണ്. വാക്കുകൾ കൊണ്ടും ശരീരംകൊണ്ടും സർഗാത്മകമായി മുൻപോട്ടു പോകേണ്ട ഒന്ന്. എങ്കിൽ മാത്രമേ അത് ആസ്വാദ്യകരമാകുകയുള്ളൂ. രണ്ടു വ്യക്തികൾക്കിടയിലുള്ള ശരീരംകൊണ്ടുള്ള മനോഹരമായ സംസാരമാണു ലൈംഗികത എന്നു പറയാം.

ഇതിനു നാല് അടിസ്ഥാനശിലകളുണ്ട്. മുഖം കൊണ്ടുള്ള വികാരപ്രകടനം, രണ്ടു
വ്യക്തികൾ തമ്മിലുള്ള ശാരീരികമായ അടുപ്പം, സ്പർശനങ്ങൾ, ശബ്ദങ്ങൾ എന്നിവയാണവ. സമൂഹവും സംസ്കാരവുമനുസരിച്ച് ഇതിലെ
രീതികൾ മാറിക്കൊണ്ടിരിക്കും.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മറ്റൊരു വീട്ടിൽ, മറ്റൊരു സാഹചര്യത്തിൽ ജനിച്ചു വളർന്ന ഒരാളാണു നിങ്ങളുടെ പങ്കാളി. അവരുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും പരിഗണിച്ചു മാത്രമേ, ലൈംഗികത എന്ന ശരീരം കൊണ്ടുള്ള സംഭാഷണം
മുന്നോട്ടുകൊണ്ടുപോകാവൂ.

ആരു തുടങ്ങും ?

ലൈംഗിക ജീവിതം മെച്ചപ്പെടുത്താനുതകുന്ന സംഭാഷണങ്ങൾ എങ്ങനെ വേണം എന്നു നോക്കാം.

1. തുടങ്ങുക, തുടങ്ങാൻ അനുവദിക്കുക
രണ്ടു വ്യക്തികൾ തമ്മിലുള്ള സംഭാഷണം പോലെ ലൈംഗികതയിലും അങ്ങോട്ടുമിങ്ങോട്ടും ഉള്ള വഴി (ടു വേ സ്ട്രീറ്റ്) കെട്ടിപ്പെടുക്കേണ്ടതുണ്ട്. സ്വന്തം ലൈംഗിക താൽപര്യങ്ങളും പങ്കാളിയിൽ നിന്ന് എന്തു പ്രതീക്ഷിക്കുന്നുവെന്നതുമൊക്കെ കൃത്യമായി പങ്കാളിക്കു മനസ്സിലാകണമെങ്കിൽ ഇത് അത്യാവശ്യമാണ്.

ലൈംഗികതയിൽ തുടക്കമിടുന്നതിനും പ്രാധാന്യമുണ്ട്. ഇതു പങ്കാളിയോടുള്ള താൽപര്യത്തെ സൂചിപ്പിക്കുന്നു. അടുപ്പം കാണിക്കാനുള്ള സ്വാതന്ത്ര്യമുള്ള അന്തരീക്ഷം രൂപപ്പെടുത്തുന്നതിലൂടെ പങ്കാളിയുടെ താൽപര്യങ്ങൾക്കു നിങ്ങൾ പ്രാധാന്യം കൊടുക്കുന്നുവെന്ന സന്ദേശം മറ്റേയാൾക്കു ലഭിക്കുന്നു.

2. താൽപര്യങ്ങൾ കൈമാറുക

പങ്കാളികൾ തമ്മിലുള്ള ലൈംഗികതയിൽ ഒരുപാടു കാര്യങ്ങൾക്ക് ഇടമുണ്ട്. വെറും ചുംബനങ്ങൾക്കും കര
ലാളനങ്ങൾക്കും ശേഷം ലിംഗം
യോനിയിൽ പ്രവേശിപ്പിച്ചു സ്ഖലനം സംഭവിക്കുന്നതു തികച്ചും സാധാരണമായ ഒരു ലൈംഗികബന്ധം
മാത്രം. പങ്കാളിയുടെ ഇഷ്ടങ്ങൾ തന്റെ ഇഷ്ടങ്ങളുമായി വച്ചു മാറി പരീക്ഷിക്കുക. ബന്ധപ്പെടുമ്പോൾ പലതരം ശാരീരികനിലകൾ പരീക്ഷിക്കുക, രതിപൂർവലീലകളിൽ പുതിയ കാര്യങ്ങൾ കണ്ടെത്തുക തുടങ്ങിയവയൊക്കെയാകാം.

ആകെ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ പങ്കാളിയുടെ സഹകരണം ഉറപ്പുവരുത്തുക എന്നതാണ്. നിർബന്ധിച്ച് ഒരിക്കലും ചെയ്യിക്കരുത്. അവർ അവരുടെ ലൈംഗിക താൽപര്യങ്ങൾ തുറന്നു പറയുമ്പോൾ കളിയാക്കുകയും അതുവച്ച് അവരുടെ സ്വഭാവത്തെ നിർണയിക്കുകയുമൊന്നും ചെയ്യരുത്.

ആവശ്യത്തിനു സമയമെടുത്തു മാത്രമേ ഈ രീതികളിലേക്ക് എത്താവൂ. അല്ലെങ്കിൽ അതു പങ്കാളികൾക്കിടയിലെ അടുപ്പം കുറയ്ക്കും. കലഹത്തിനുമിടയാക്കും.

തുറന്നു പറയാം

3. പറയാതെ അറിയാമെന്നു കരുതരുതേ

ഒന്നിച്ചു കഴിയാൻ തുടങ്ങിയിട്ടു വർഷങ്ങളായതല്ലേ, എന്റെ താൽപര്യങ്ങൾ മറ്റെയാൾക്കു മനസ്സിലാക്കാൻ പറ്റും എന്ന ധാരണയൊന്നും ആർക്കും വേണ്ട. തുറന്നുള്ള സംസാരത്തിലൂടെ മാത്രമേ ഇക്കാര്യം മറ്റെയാൾക്കു മനസ്സിലാകുകയുള്ളൂ.

തുറന്നു പറഞ്ഞശേഷം ഉടൻ തന്നെ അതുപോലെ സംഭവിക്കുമെന്നും കരുതേണ്ട. ‘റോൾ പ്ലേ’ പോലെയുള്ള കാര്യങ്ങൾ പരീക്ഷിക്കാം. ഇതിനൊക്കെ പങ്കാളിയുടെ പൂർണ സഹകരണം ആവശ്യമാണ്. പലവട്ടം പരാജയപ്പെട്ടു മാത്രമെ ചിലപ്പോൾ നിങ്ങൾ ഇക്കാര്യത്തിൽ വിജയിക്കുകയുള്ളൂ എന്ന കാര്യം ഓർക്കണം.

4. ബുദ്ധിമുട്ടുകൾ തുറന്നു പറയാൻ പഠിക്കുക

പ്രശ്നങ്ങളും പ്രയാസങ്ങളുമില്ലാത്ത ബന്ധങ്ങളില്ലല്ലോ. ഇതു തുറന്നു പറയുകയും പരിഹരിക്കുകയും ചെയ്യുന്നതിലൂടെയാണു ബന്ധങ്ങൾ മുന്നോട്ടു പോകുന്നത്. ലൈംഗികതയിലും ഇതു ബാധകമാണ്. പ്രശ്നങ്ങൾ തുറന്നു പറയുക. അത് അനുഭാവപൂർവം പരിഹരിക്കുക. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള സമയം കണ്ടെത്തുക.

5. ലൈംഗികത ആയുധമാക്കരുത്

പങ്കാളികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിൽ മേൽക്കൈ നേടാനായി ലൈംഗികത ഒരു ആയുധമായി ഉപയോഗിക്കാതിരിക്കുക. ഒന്നിച്ചു കഴിഞ്ഞ മനോഹരമായ സന്ദർഭങ്ങളെ ഓർത്തെടുക്കുന്നതിനു പകരം പരാജയപ്പെട്ടുപോയ ബന്ധങ്ങളെക്കുറിച്ച് ഓർത്തിരിക്കുന്നത് ഒഴിവാക്കണം. ഏറ്റവും പ്രധാനം പരസ്പരമുള്ള കുറ്റപ്പെടുത്തലുകളിൽനിന്നു മാറി നിൽക്കുക എന്നതാണ്.

6. കീപ് ഇറ്റ് സിംപിൾ ആൻഡ് സ്ട്രെയ്റ്റ് (KISS)

പരസ്പരമുള്ള സംഭാഷണവും ലൈംഗികതയും പരസ്പര ബന്ധത്തിന്റെ ഊഷ്മളത നിലനിർത്തുന്ന രണ്ടുഘടകങ്ങളാണ്. ഇവ പരസ്പരം മനസ്സിലാക്കും വിധം ലളിതമായിരിക്കാൻ ശ്രദ്ധിക്കുക.

ഈ ആറു കാര്യങ്ങൾ ശ്രദ്ധിച്ചാൽലൈംഗികജീവിതം സുന്ദരമാക്കാം.

േഡാ. ഡി. നാരായണ റെഡ്ഡി, സെക്സോളജിസ്റ്റ്  
(വേൾഡ് അസോസിയേഷൻ  ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )
ദേഗാ ഇൻസ്റ്റിറ്റ്യൂട്ട്,, ചെന്നൈ.

English Summary:

Sexual communication is a delicate art that forms the perfect blend of both verbal and non-verbal interaction. Sex is sometimes referred to as the most intimate form of interpersonal non-verbal communication. The four important components of non-verbal sexual communication are: facial expression, interpersonal distance, touching and sounds. All of these non-verbal behaviours differ from culture to culture. It is important to realize that the message you think you are sending may mean something else to your partner from a different home and culture.

ADVERTISEMENT