വിവാഹശേഷമുള്ള ആദ്യ രണ്ടു മൂന്നാഴ്ചക്കാലത്തെ വിശേഷിപ്പിക്കുന്ന പദമാണു മധുവിധു. നവവിവാഹിതരെ സംബന്ധിച്ച് ഈ നാളുകൾ ലൈംഗികതയെക്കുറിച്ചു വേണ്ടത്ര വ്യക്തതയുള്ള സമയമാകില്ല. ഈ സമയത്തെ തെറ്റിധാരണകളും മുൻവിധികളും ഒക്കെ ദാമ്പത്യത്തിന്റെ തുടക്കം തന്നെ പ്രശ്നകലുഷിതമാക്കാം. ഇതൊഴിവാക്കാൻ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ചോദ്യോത്തര രൂപത്തിൽ...
∙ എന്താണു മധുവിധു ?
വിവാഹശേഷമുള്ള മൂന്നു നാല് ആഴ്ചക്കാലത്തെ വിശേഷിപ്പിക്കുന്ന പേരാണു മധുവിധു. ഒറ്റ വാചകത്തിൽ പറഞ്ഞാൽ വധൂവരന്മാർക്കു ശാരീരികമായും മാനസികമായും അടുത്തിടപഴകാനുള്ള സമയം. ദമ്പതിമാർ മാത്രമായി നടത്തുന്ന ഉല്ലാസയാത്രകളിലൂടെ അവർക്കു മാത്രമായി ചെലവിടാൻ ധാരാളം സമയം ലഭിക്കും. മാനസികവും ശാരീരികവുമായി അടുത്തിടപഴകാനുള്ള മടിയൊക്കെ മാറാൻ ഇതു സഹായിക്കും. കുടുംബാംഗങ്ങളുടെ സാന്നിധ്യമില്ലാത്ത യാത്രകൾ ഇതുകൊണ്ടു തന്നെ പ്രധാനമാണ്.
∙ മധുവിധു കാലത്ത് ഒരിടത്തു തന്നെ നിൽക്കുന്നതാണോ ഉചിതം ?
ഒരിടത്തു തന്നെ കൂടുതൽ സമയം നിൽക്കുന്നതാണു നന്നാവുക. കാരണം ഹണിമൂണിന്റെ മുഖ്യമായ ലക്ഷ്യം ദമ്പതിമാർ പരസ്പരം കണ്ടെത്തുകയാണ്. അല്ലാതെ സ്ഥലങ്ങൾ കാണുകയല്ല. വിവാഹത്തിന്റെ
തിരക്കും ബഹളവുമൊക്കെ കഴിഞ്ഞു മനസ്സിനും ശരീരത്തിനും നല്ല വിശ്രമം ലഭിക്കേണ്ട സമയം കൂടിയാണിത്. ഇങ്ങനെ സമ്മർദങ്ങൾ ഒഴിഞ്ഞുള്ള അവസ്ഥയിൽ മാത്രമേ പരസ്പരം തിരിച്ചറിയാൻ കഴിയൂ.
തിരക്കിട്ടു യാത്ര ചെയ്താൽ അതു ലൈംഗിക ബന്ധത്തെയും ദമ്പതികൾ തമ്മിലുള്ള ഊഷ്മളതയേയുമൊക്കെ പ്രതികൂലമായി ബാധിച്ചേക്കാം.
∙ ഭാര്യയ്ക്കു കിടപ്പറയിൽ ലൈറ്റുകൾ ഓഫ് ചെയ്യണമെന്നു നിർബന്ധമാണ്. എന്തു കൊണ്ടാണിത്?
പൊതുവെ സ്ത്രീകൾക്കു ഭർത്താക്കന്മാർക്കു മുൻപിൽ വച്ചു പകൽ വെളിച്ചത്തിൽ വസ്ത്രം മാറുന്നതു പോലും ബുദ്ധിമുട്ടാണ്. എല്ലാവരുടെയും കാര്യമല്ല പറയുന്നത്. ആവശ്യത്തിനു സമയം പങ്കാളിയ്ക്കു നൽകുക. മനസ്സുകൊണ്ടു നന്നായി പൊരുത്തപ്പെടുന്നതോടെ ഇത്തരം കാര്യങ്ങൾ മാറാം. ക്ഷമയോടെ കാത്തിരിക്കുക മാത്രമാണു പ്രതിവിധി.
∙ വിവാഹം കഴിഞ്ഞു മൂന്നു ദിവസമായി. മൂത്രമൊഴിക്കുമ്പോൾ വല്ലാത്ത എരിച്ചിൽ. ഇടയ്ക്കിടെ മൂത്രമൊഴിക്കാനും തോന്നുന്നു ?
ഇതു മിക്കവർക്കും സാധാരണയായി ഉണ്ടാകുന്ന ഒന്നാണ്. ഹണിമൂൺ സിസ്റ്റൈറ്റിസ് (Honeymoon Cystitis) എന്നാണ് ഈ അവസ്ഥയ്ക്കു പേര്. ഹണിമൂൺ കാലത്താണ് ഇതു സാധാരണ കണ്ടുവരുന്നത് എന്നതിനാലാണ് ഈ പേരു കിട്ടിയത്. വളരെ നേരിയ ഒരു ചർമമാണു മൂത്രം പോകുന്ന വഴിയെയും (Urethra) യോനീനാളത്തെയും വേർതിരിക്കുന്നത്. ആദ്യമായി ബന്ധപ്പെടുന്ന വേളയിൽ ലിംഗം യോനിയുടെ മുകൾഭാഗത്തു സമ്മർദം ചെലുത്തും. സ്ത്രീ ശരീരം തന്റെ ശരീരം ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ഇത്തരം ‘അസാധാരണ’ സമ്മർദത്തെ നേരിടാൻ തയാറായിരിക്കില്ല.
യോനീനാളത്തിൽ അനുഭവപ്പെടുന്ന ഈ സമ്മർദം തുടർന്ന്, മൂത്രനാളിയുടെ ഭിത്തിയിലും മൂത്രാശയത്തിലുമൊക്കെ അനുഭവപ്പെടും. ഇതോടെ ഈ ഭാഗങ്ങളിലൊക്കെ അസ്വസ്ഥത അനുഭവപ്പെടും. ഇതുകൊണ്ടാണ് ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകുന്നതും മൂത്രമൊഴിക്കുമ്പോൾ എരിച്ചിലുണ്ടാകുന്നതും.
മൂത്രമൊഴിച്ചു കഴിഞ്ഞാൽ സ്വകാര്യഭാഗങ്ങൾ നന്നായി വൃത്തിയാക്കിയില്ലെങ്കിൽ അണുബാധ വരാനുള്ള സാധ്യത കൂടും. ഇങ്ങനെ സംഭവിച്ചാലും അസ്വസ്ഥതകളുണ്ടാകാം. നന്നായി വെള്ളം കുടിക്കുകയാണ് ഇതിനുള്ള ഒരു പ്രതിവിധി. ലൈംഗിക ബന്ധത്തിനു മുൻപും ശേഷവും പങ്കാളികൾ ഇരുവരും സ്വന്തം ലൈംഗികാവയങ്ങൾ ശുചിയാക്കാനും ശ്രദ്ധിക്കണം. അണുബാധ സംശയിച്ചാൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കുന്നതും പ്രയോജനം ചെയ്യും.
∙ ആഴ്ചകൾക്കു ശേഷമാണു ബന്ധപ്പെടാൻ സാധിച്ചത്. കുഴപ്പമാണോ?
ഒരു കുഴപ്പവുമില്ല. ലൈംഗികതയിൽ ഏർപ്പെടുക എന്നത് ഒരു കലയാണ്. എത്രകാലം കഴിഞ്ഞു ബന്ധപ്പെട്ടു എന്നതിനല്ല, എത്രമാത്രം ആനന്ദം നിങ്ങൾ രണ്ടുപേർക്കും ആ ബന്ധത്തിൽ നിന്നുളവായി എന്നതിലാണ് കാര്യം. അതിനായി അൽപം കാത്തിരുന്നാലും കുഴപ്പമില്ല.
∙ ഇഷ്ടമുള്ള പൊസിഷനുകളിൽ സെക്സ് ചെയ്യാൻ സഹായിക്കുന്ന വ്യായാമമുറകൾ നിർദേശിക്കാമോ?
പങ്കാളികളുടെ ശാരീരികക്ഷമതയനുസരിച്ചിരിക്കും അവർക്കു വിവിധ പൊസിഷനുകളിൽ ബന്ധപ്പെടുന്നതിനുള്ള കഴിവും. എയ്റോബിക്സ് നല്ലൊരു വ്യായാമമുറയാണ്. അരക്കെട്ടിലെയും മറ്റും പേശികൾ ബലപ്പെടുത്താനും അതുവഴി ലൈംഗികജീവിതം മെച്ചപ്പെടുത്താനും ഈ വ്യായാമം കൊണ്ടു സാധിക്കും. ദൃഢതയുള്ള അരക്കെട്ടുണ്ടെങ്കിൽ മാത്രമേ ബന്ധപ്പെടുമ്പോഴുണ്ടാകുന്ന ചലനങ്ങളോട് ആസ്വാദ്യകരമായി പ്രതികരിക്കാൻ കഴിയൂ എന്നു പ്രത്യേകം ഓർക്കുക.
∙ പ്രത്യേക പൊസിഷനിൽ ബന്ധപ്പെട്ടാലേ ആനന്ദം ലഭിക്കൂ എന്നുണ്ടോ ?
പുസ്തകങ്ങളിൽ ഒരു നൂറു പൊസിഷനുകളെങ്കിലും ഉണ്ടാകാം. പക്ഷേ, ഇരുവർക്കും അതു സൗകര്യപ്രദമാകുക എന്നതാണു പ്രധാനം. ബന്ധപ്പെടുന്ന പൊസിഷൻ, ലൈംഗികാനുഭൂതി വർധിപ്പിക്കുന്ന പല ഘടകങ്ങളിൽ ഒന്നു മാത്രമാണ്. ശാരീരികവും മാനസികവുമായ മുന്നൊരുക്കങ്ങളും രതിപൂർവലീലകളുമൊക്കെ ആനന്ദം അധികരിപ്പിക്കും. ബന്ധപ്പെടുന്നതിൽ ഏറ്റവും ആനന്ദം പകരുന്ന ഒരൊറ്റ പൊസിഷൻ ഇല്ല എന്നർഥം.