ADVERTISEMENT

പലവിധത്തിലുള്ള രോഗങ്ങളുടെയും ഹോർമോൺ വ്യതിയാനം പോലുള്ള അവസ്ഥകളുടെയും പ്രതിഫലനം ത്വക്കിൽ പ്രകടമാകുന്നു. അവ സൗന്ദര്യ പ്രശ്നമായാവും ആദ്യം ശ്രദ്ധിക്കപ്പെടുക. അതുകൊണ്ടുതന്നെ ത്വക്കിൽ കാണുന്ന പാടുകൾ വർണവ്യത്യാസം മുതലായവയുടെ കാരണം തിരിച്ചറിഞ്ഞു ചികിത്സ തേടുകയും അതിനുശേഷം മാത്രം ബാഹ്യ പ്രയോഗങ്ങൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണു ശരിയായ രീതി.


കരിവാളിപ്പ് വന്നാൽ

ADVERTISEMENT

കരിവാളിപ്പ് ദേഹത്തിൽ മുഴുവനായും സാമാന്യമായും പ്രാദേശികമായും ഉണ്ടാകും. ആയുർവേദ മതമനുസരിച്ചു ശരീരമാകെ, ചർമത്തിലെ നിറമാറ്റം പല രോഗങ്ങളുടെയും ലക്ഷണമാണ്. രോഗങ്ങളെ ചികിത്സിച്ച ശേഷം സ്വാഭാവിക നിറം വീണ്ടെടുക്കാം. അതിനായി ഔഷധങ്ങൾ ഉള്ളിലും പുറമേയും ഉപയോഗിക്കണം.

∙ പാച്ചോറ്റി, രക്തചന്ദനം, നാൽപ്പാമരം മുതലായ ഔഷധങ്ങൾ ഇട്ട വെള്ളം കൊണ്ടു മുഖം കഴുകുകയും നിറം നൽകുന്ന ലേപനങ്ങൾ പ്രയോഗിക്കുകയും ചെയ്യാം.

ADVERTISEMENT

∙ പാച്ചോറ്റിയും ചന്ദനവും തുല്യ അളവിൽ എടുത്തു പച്ചവെള്ളത്തിൽ അരച്ചു മുഖത്തു പുരട്ടാം.

∙ നാൽപ്പാമര തൊലി തുല്യ അളവിൽ പൊടിച്ചു പച്ചവെള്ളത്തിലോ പനിനീരിലോ ചാലിച്ചു മുഖത്തു പുരട്ടാം. നാൽപ്പാമരം ഇട്ടു വെന്ത വെള്ളം തന്നെ കഴുകാനും ഉപയോഗിക്കാം.

ADVERTISEMENT

∙ കരുവാളിച്ച പാടുകൾക്കു മഞ്ഞൾ, ചണം, പയർ, ഞാവൽ തളിര് ഇവ പാലിലോ തേനിലോ യോജിപ്പിച്ചു ലേപനം ചെയ്യാം.


കരിമംഗല്യം

മുഖത്ത് ഇരുണ്ട നിറത്തിൽ ഉണ്ടാകുന്ന വൈവർണ്യത്തിന് ആയുർവേദത്തിൽ വ്യംഗം എന്നാണു പറയുന്നത്.

അടിസ്ഥാനമായ കാരണങ്ങൾക്കു പ്രതിവിധി ചെയ്യുന്നതിനൊപ്പം ശോധന ചികിത്സയും രക്തശുദ്ധിയും ചെയ്ത ശേഷം രക്തചന്ദനാദി, നാൽപ്പാമരാദി തുടങ്ങിയ ലേപങ്ങളും ഉപയോഗിക്കാം.

∙ നാൽപ്പാമരത്തോൽ, കുറുന്തോട്ടി, ഇരട്ടിമധുരം, മഞ്ഞൾ, അടപതിയൻ കിഴങ്ങ് തുടങ്ങിയ മരുന്നുകൾ പാലിലോ തേനിലോ നെയ്യിലോ പുരട്ടുന്നതു കറുത്ത പാടുകൾ മാറാൻ സഹായകമാണ്.

∙ ചണം പയർ (Masoor Dal) വറുത്ത് തൊലി കളഞ്ഞു നെയ്യും തേനും ചേർത്തു പുരട്ടാം.

∙ നിലപ്പന കിഴങ്ങ് ആട്ടിൻ പാലിൽ അരച്ചു തേൻ ചേർത്തു പുരട്ടുക.


ചുണ്ടിനു കറുപ്പു നിറം

യുക്തമായ ഔഷധങ്ങൾ ചേർത്തുണ്ടാക്കിയ നെയ്യ് സേവിക്കുകയും ചുണ്ടിൽ ഔഷധ ഘൃതം
( രോഗാവസ്ഥയ്ക്കു ഹിതകര അനുസൃതമായ ഔഷധങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന നെയ്യ് ) പുരട്ടുകയും ചെയ്യുന്നതു നല്ലതാണ്.

∙ പശുവിൻപാലിൽ നിന്നെടുത്ത
ശുദ്ധമായ വെണ്ണ ഇടയ്ക്കിടയ്ക്കു പുരട്ടുന്നതും ഇരട്ടിമധുരം തേൻ ചേർത്തു പുരട്ടുന്നതും ചുണ്ടു വരണ്ടുകീറുക, നിറവ്യത്യാസം തുടങ്ങിയവയ്ക്കു ഫലപ്രദമാണ്.

∙ ചുണ്ടുകൾക്കു പാകം (inflammation) സംഭവിച്ചിട്ടുള്ള നിറവ്യത്യാസം ആണെങ്കിൽ പാകത്തെ കുറയ്ക്കുന്നതിനുള്ള ചികിത്സ ചെയ്ത ശേഷം ഇരട്ടിമധുരം, പാച്ചോറ്റിത്തൊലി ഇവ തേനിൽ ചാലിച്ചു പുരട്ടാം.


കൺതടങ്ങളിലെ കറുപ്പ്

കണ്ണുകളിൽ ശീതവീര്യമുള്ള ഔഷധങ്ങൾ കൊണ്ടുള്ള ധാരയും ലേപനവും കണ്ണിന്റെ ആയാസം കുറയ്ക്കാൻ സഹായിക്കും. രക്തചന്ദനം, ചന്ദനം ഇവ വെള്ളരിക്കാനീരിലോ പനിനീരിലോ അരച്ചു ലേപനം ചെയ്യുന്നതും കൺതടങ്ങളിൽ തേൻ
പുരട്ടുന്നതും നല്ലതാണ്.


അമിത രോമവളർച്ച

ഈ അവസ്ഥ പലപ്പോഴും പൂർണമായി മാറുന്നതു പ്രയാസമാണ്, എങ്കിലും ശരിയായ ചികിത്സയിലൂടെ നിയന്ത്രിക്കാനാകുന്നതാണ്. ആയുർവേദചികിത്സാ തത്വമനുസരിച്ചു രോഗങ്ങളുടെ കാരണമായിട്ടുള്ള ദോഷങ്ങൾക്കും ധാതുക്കൾക്കും ഉണ്ടായ ദുഷ്ടിയെ ശോധനശമന ചികിത്സകളിൽ കൂടി സമാവസ്ഥയിൽ എത്തിച്ചതിനുശേഷം മാത്രമേ പുറമേയുള്ള രോമത്തെ കളയാനുള്ള പ്രയോഗങ്ങൾ ചെയ്തിട്ടു കാര്യമുള്ളൂ.

∙ ശംഖചൂർണം, അരി താരം (Yellow Orpiment) ഇവയ്ക്കും ചില ക്ഷാരങ്ങൾക്കും രോമവളർച്ച തടയാൻ സാധിക്കും. വളരെ ശ്രദ്ധയോടെ വേണം ഇവ വിശേഷിച്ചും മുഖത്ത് ഉപയോഗിക്കാൻ.

∙ കസ്തൂരി മഞ്ഞൾ പാലിൽ ചാലിച്ചു മുഖത്ത് ഇടുന്നതു രോമ വളർച്ച തടയാൻ നല്ലതാണ്.


∙പുരികം കൺപീലികൾ കൊഴിയുക :
ആയുർവേദപ്രകാരം ഇന്ദ്രലുപ്തം എന്ന രോഗാവസ്ഥയ്ക്കു യുക്തമായ ശോപന ചികിത്സയ്ക്കു ശേഷം ആ ഭാഗത്തു രക്തം കളഞ്ഞു തീക്ഷ്ണ ഔഷധങ്ങളുടെ ലേപനം ചെയ്യുന്നതു വളരെ ഫലപ്രദമായി കണ്ടുവരുന്നു. അണുബാധ കൊണ്ടാണു രോമം കൊഴിയുന്നതെങ്കിൽഅണുനാശകവും കൃമിഹരവുമായ ചികിത്സ ആന്തരികമായും ബാഹ്യമായും ചെയ്യേണ്ടതുണ്ട്.

∙ ത്രിഫല, വേപ്പ്, ഇവ കൊണ്ടുള്ള കഷായം കൊണ്ടു കഴുകുകയും തുണി മുക്കി തുടയ്ക്കുകയും ഏലാദിചൂർണം, നിംബാദി ചൂർണം ഇവ യുക്തമായ ദ്രവങ്ങളിൽ ചാലിച്ചു പുരട്ടുകയും ചെയ്യാം.

∙ കൺപീലികൾ കൊഴിയുന്നതിനു ത്രിഫല, ഇരട്ടിമധുരം തുടങ്ങിയ ഔഷധങ്ങൾ കൊണ്ടു ധാര ചെയ്യുന്നതു ഫലപ്രദമാണ്. പുരികത്തിൽ മുടിവളരാൻ സഹായിക്കുന്ന തൈലങ്ങളോ ആവണക്കെണ്ണയോ പുരട്ടാം.


മുഖക്കുരു മാറ്റാം

മുഖക്കുരു പൂർണമായും മാറ്റാൻ പ്രയാസമാണെങ്കിലും ചികിത്സ കൊണ്ടു ലക്ഷണങ്ങൾ വളരെ വേഗം സുഖപ്പെടുത്താം. അടിസ്ഥാന കാരണങ്ങൾ നിയന്ത്രിച്ചു കഴിഞ്ഞാൽ പുറമേയുള്ള പ്രയോഗങ്ങൾ ചെയ്യാം. മുഖക്കുരുവിന്റെ അവസ്ഥയ്ക്ക് അനുസരിച്ചു പാകത്തെയും വീക്കത്തെയും കുറയ്ക്കുന്നതും കൃമിഹരവുമായ ഗുണങ്ങൾ ഉള്ള ഔഷധങ്ങൾ (ഉദാ: നാൽപ്പാമരം, ത്രിഫല, ആര്യവേപ്പ്) ചേർത്തു തിളപ്പിച്ച കഷായങ്ങൾ കൊണ്ടു കഴുകുകയും മൃദുവായി തുടച്ചെടുക്കുകയും ചെയ്യണം. വീക്കവും പഴുപ്പും കുറഞ്ഞു കഴിഞ്ഞാൽ യുക്തമായ ലേപനങ്ങൾ ഉപയോഗിക്കാം.

∙ മഞ്ചട്ടി, പാച്ചോറ്റി, രക്തചന്ദനം തുടങ്ങിയ ഔഷധങ്ങൾ യുക്തമായ ദ്രവ്യങ്ങളിൽ ചാലിച്ചു പേസ്റ്റു രൂപത്തിൽ ആക്കി മുഖത്തു പുരട്ടാം. മുഖത്തു ലേപനങ്ങൾ ഇടുമ്പോൾ ഉണങ്ങി പോകാതെ ശ്രദ്ധിക്കണം. ഉണങ്ങിക്കഴിഞ്ഞാൽ ചുളിവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

∙ പാച്ചോറ്റിത്തൊലി, കൊത്തമ്പാലരി , വയന്പ് ഇവ ശുദ്ധജലത്തിൽ അരച്ചു പുരട്ടാം.

∙ പേരാലിന്റെ തളിരിലകൾ വെള്ളം തളിച്ച് അരച്ചു കുഴമ്പാക്കി ലേപനം ചെയ്യാം.

∙ ത്രിഫല, ഇരട്ടിമധുരം, നറുനീണ്ടിക്കിഴങ്ങ്– ഇവ പേസ്റ്റാക്കി പുരട്ടാം.

∙ വേപ്പിലയും മഞ്ഞളും ചേർത്തരച്ചു പുരട്ടാം.

മുഖക്കുരുവിന്റെ പാടുകൾ മാറുന്നതിനു നാൽപ്പാമരാദി, ഏലാദി തുടങ്ങിയ എണ്ണകൾ ഉപയോഗിക്കാം.

മേൽ വിവരിച്ച മിക്ക പ്രശ്നങ്ങൾക്കും പല കാരണങ്ങളും പ്രേരകഘടകങ്ങളും ഉണ്ട്. അവയെ മനസ്സിലാക്കി പ്രതിവിധി കണ്ടതിനു ശേഷം മാത്രം ചെയ്യാവുന്ന ചില ഔഷധപ്രയോഗങ്ങൾ ആണ് ഇവിടെ പരാമർശിച്ചിട്ടുള്ളത്. ഇതു പോലും പലരിലും വ്യത്യസ്തമായ പ്രതികരണം ഉണ്ടാക്കാറുണ്ട്. ചില ഔഷധങ്ങളോടു വ്യക്തിഗത അലർജിയും ഉണ്ടാകാം. ആയതിനാൽ വ്യക്തിയുെടയും രോഗാവസ്ഥയുടെയും ഉപയോഗിക്കുന്ന ദ്രവ്യത്തിന്റെയും അവസ്ഥയും പ്രകൃതിയും അറിഞ്ഞു മാത്രമേ ഏത് ഔഷധവും പ്രയോഗിക്കാൻ പാടുള്ളൂ. ഓരോന്നിനും ഹിതമായ ആഹാരവിഹാരങ്ങൾ ശീലിക്കുകയും അഹിതമായവ ഒഴിവാക്കുകയും ചെയ്യണം.

തയാറാക്കിയത്

ഡോ. ജയശ്രീ എം. എൻ.

പ്രഫസർ
അഗദതന്ത്ര വിഭാഗം

ഗവ. ആയുർവേദ കോളജ്, കണ്ണൂർ

English Summary:

Skin problems often manifest as a reflection of various diseases and hormonal imbalances, initially appearing as cosmetic concerns. Therefore, understanding the root cause of skin issues like pigmentation and discoloration before resorting to external treatments is the correct approach.

ADVERTISEMENT