ADVERTISEMENT

നിങ്ങളുടെ ചർമത്തിനു നല്ല ഒാർമ
ശക്തിയുണ്ട്. ഇന്നു നിങ്ങൾ അതിനെ എങ്ങനെ പരിചരിച്ചു എന്നതിന്റെ ഫലം പത്തോ ഇരുപതോ മുപ്പതോ വർഷങ്ങൾക്കുശേഷം അതു കാണിച്ചുതരും. അതുകൊണ്ടു ചർമത്തോടു ദയവോടും ആദരത്തോടും കൂടി പെരുമാറുക.
– ജന എൽസ്റ്റൺ


ഇന്നത്തെ യുവതലമുറ ഈ സത്യം മുൻപേ മനസ്സിലാക്കി കഴിഞ്ഞു. അതുകൊണ്ടു തന്നെ ചുളിവുകളെ മറയ്ക്കാനുള്ള ആന്റി ഏജിങ് രീതികളല്ല വാർധക്യം സാവധാനത്തിലാക്കാൻ സഹായിക്കുന്ന സ്കിൻ ലോങ്ജവിറ്റിയാണ് (Skin Lonjevity) ഇന്നത്തെ താരം. സ്വയം പുതുക്കി തിളക്കവും ആരോഗ്യവും നഷ്ടമാകാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചർമത്തിന്റെ സ്വാഭാവിക റിപ്പയറിങ് സംവിധാനം മെച്ചമാക്കുകയാണ് ഇതിൽ പ്രധാനം. അങ്ങനെ ഏതു പ്രായത്തിലും ചർമം സുന്ദരവും ആരോഗ്യകരവുമായി സൂക്ഷിക്കാനാകും.

ഇതൊരു ഹോളിസ്റ്റിക് സമീപനമാണ്. അതായതു ചർമത്തിൽ പുരട്ടുന്ന ലേപനങ്ങളും പുറമെ ചെയ്യുന്ന സൗന്ദര്യചികിത്സകളും മാത്രമല്ല പോഷണവും ജീവിതശൈലീ മാറ്റങ്ങളും ഒക്കെ ചേരുന്നതാണു സ്കിൻ ലോങ്ജവിറ്റി.

ADVERTISEMENT

പ്രായമാകുന്നത് ഇങ്ങനെ

ഇരുപതുകളിൽ നമ്മുടെ ചർമം ഏറ്റവും മനോഹരമായിരിക്കും. അതു മൃദുവായിരിക്കും. ഒരു പാടു പോലുമില്ലാതെ തിളക്കവും മിനുസവും ഇലാസ്തികതയും ഉള്ളതായിരിക്കും.  ആരോഗ്യമുള്ള വ്യക്തിയിൽ 28–30 ദിവസം കൂടുമ്പോൾ പഴയ ചർമ
കോശങ്ങൾ മാറി പുതിയതു രൂപപ്പെടും. അതുകൊണ്ടു ചെറുപ്പത്തിൽ പ്രത്യേകിച്ചൊന്നും ചെയ്തില്ലെങ്കിലും ചർമം ഭംഗിയുള്ളതായിരിക്കും. എന്നാൽ പ്രായമാകുന്നതോടെ ഈ പുതുക്കൽ പ്രക്രിയ (cell turnover) മന്ദഗതിയിലാകും. 45 മുതൽ 60 ദിവസം വരെയെടുക്കും പുതിയ ചർമകോശങ്ങൾ രൂപപ്പെടാൻ. ഇതു ചർമത്തെ സംരക്ഷിക്കുന്ന പാളി (skin barrier) ദുർബലമാകാനിടയാക്കും.

ADVERTISEMENT

പ്രിജുവനേഷനിലേക്ക്

വിദേശീയരിൽ ചുളിവുകളാണു
പ്രായമാകലിന്റെ ആദ്യ അടയാളങ്ങൾ. പക്ഷേ, ഇന്ത്യക്കാരിൽ നിറവ്യത്യാസമാണ് (pigmentation) ആദ്യം കാണുക. തവിട്ടു പാടുകളും കണ്ണിനടിയിൽ കറുപ്പും കരിവാളിപ്പും ഒക്കെയായി ചർമത്തിന്റെ തിളക്കം കെടും.
പല ഘട്ടങ്ങളായാണു പ്രായമാകലിന്റെ മാറ്റങ്ങൾ ചർമത്തിൽ തെളിയുക. ആദ്യഘട്ടത്തിൽ, ചിരിക്കുമ്പോൾ മാത്രം കണ്ണുകളുടെ വശങ്ങളിൽ ചുളിവുകൾ (crows feet) പ്രകടമാകും. അടുത്ത ഘട്ടത്തിൽ ചിരിക്കാത്തപ്പോഴും ചുളിവുകളുണ്ടാകും. മൂന്നാംഘട്ടമാകുന്നതോടെ കണ്ണുകളുടെ വശങ്ങളിൽ ചുളിവുകളും നെറ്റിയിൽ വരകളും കണ്ടുതുടങ്ങും. 40–50 കളിലാണു പൊതുവേ ഈ മാറ്റം പ്രകടമാകുക.
പ്രായമാകുമ്പോഴുള്ള മാറ്റങ്ങൾ ചർമത്തിന്റെ ഉപരിതലത്തിൽ മാത്രം ഒതുങ്ങുന്നില്ല.

ADVERTISEMENT

അസ്ഥികൾ മുതൽ കൊഴുപ്പു വരെ ഘടനാപരമായ മാറ്റങ്ങൾ വരാം. താടിയെല്ല്, കവിളെല്ല്, കണ്ണിനു ചുറ്റുമുള്ള അസ്ഥികൾ എന്നിവ ചെറുതാകുന്നു. ഇതു കണ്ണു കുഴിയുന്നതിനും താടിയെല്ലിന്റെയും കവിളെല്ലിന്റെയും ആകൃതി നഷ്ടമാകാനും കാരണമാകുന്നു.

യൗവനത്തിൽ മുഖത്തെ കൊഴുപ്പ് തുല്യമായിട്ടാകും ഉണ്ടാവുക. പ്രായമാകുമ്പോൾ ഈ കൊഴുപ്പ് (Fat pads) കുറയുകയും താഴേയ്ക്കു നീങ്ങുകയും ചെയ്യുന്നു. മുഖത്തെ പേശികൾക്കും ബലം കുറയും. ഈ മാറ്റങ്ങൾ, കവിളുകൾ ഒട്ടുന്നതിനും കൺപോളകൾ തൂങ്ങാനും മുഖത്തു വരകൾ
വീഴാനും കാരണമാകുന്നു. ഇതുകാരണം മുഖത്തെപ്പോഴും ക്ഷീണമോ ദേഷ്യമോ വിഷാദമോ ഉള്ളതു പോലെ തോന്നിപ്പിക്കും.

പ്രായത്തിന്റെ ഈ അടയാളങ്ങളെ തടയുകയും ചർമത്തിന്റെ യുവത്വം നിലനിർത്തുകയും ചെയ്യുന്നതിനുള്ള പ്രധാന മാർഗമാണു പ്രിജുവനേഷൻ (പ്രിവന്റ് ഏജിങ് & റിജുവനേഷൻ). 20 കളുടെ അവസാനത്തിലോ മുപ്പതുകളുടെ തുടക്കത്തിലോ പ്രിജുവനേഷൻ ആരംഭിക്കാം. വൈകി തുടങ്ങിയാൽ പൂർണമായ ഫലം കിട്ടില്ലെങ്കിലും പ്രായത്തിന്റേതായ പ്രശ്നങ്ങളെ ഫില്ലറുകളും ബോട്ടോക്സും പോലുള്ള ചികിത്സകൾ വഴി കുറയ്ക്കാനാകും.

കൊളാജൻ ശക്തമാക്കാം

ചർമത്തിനു ദൃഢത നൽകുന്നതു കൊളാജനാണ്. ചർമം വലിഞ്ഞു നിൽക്കാൻ സഹായിക്കുന്നതു ഇലാസ്റ്റിനും. ഇരുപതുകളുടെ മധ്യമാകുന്നതോടെ കൊളാജൻ ഒരു ശതമാനം വീതം നഷ്ടമായിത്തുടങ്ങും. ഇതു ചർമം തൂങ്ങാൻ (sagging) കാരണമാകും. 40 കളിൽ പലരുടെയും മുഖത്തെ ചെറുസുഷിരങ്ങൾ (pores) തെളി‍ഞ്ഞുവരുന്നതിനു കാരണവും കൊളാജൻ നഷ്ടമായി സുഷിരങ്ങൾക്കു ചുറ്റുമുള്ള ചർമം അയയുന്നതാണ്.

കൊളാജന്റെ കാര്യത്തിൽ പ്രതിരോധമാണു പ്രധാനം. ആദ്യഘട്ടത്തിൽ കൊളാജൻ ഉൽപാദനം ഉത്തേജിപ്പിക്കുന്ന പെപ്റ്റൈഡുകൾ പോലുള്ളവ അടങ്ങിയ സിറങ്ങളും ലേപനങ്ങളും ഉപയോഗിക്കാം. പക്ഷേ, 40 കളൊക്കെ കഴിഞ്ഞാൽ ലേപനങ്ങളും ക്രീമുകളും കൊണ്ടു പ്രത്യേകിച്ചു ഗുണമുണ്ടാകില്ല. ഡോക്ടറുടെ ഉപദേശപ്രകാരം ചർമത്തിന്റെ സ്വാഭാവിക കൊളാജൻ ഉൽപാദനം ഉത്തേജിപ്പിക്കാനുള്ള ചികിത്സകൾ (മൈക്രോ നീഡ്‌ലിങ്, റേഡി  യോഫ്രീക്വൻസി ചികിത്സ, എച്ച്ഐഎഫ്‌യു, കൂൾവേവ്സ്, ലേസർ) വേണ്ടിവരും.
 ഭക്ഷണത്തിൽ പ്രോട്ടീൻ അളവു വർധിപ്പിക്കുന്നതും മാംസസൂപ്പുകൾ (ബോൺ ബ്രോത്) കഴിക്കുന്നതുമൊക്കെ ആദ്യഘട്ടത്തിൽ ഒരു പരിധിവരെ ഗുണകരമാണ്.

സൂര്യപ്രകാശമേറ്റാൽ

ചർമം പ്രായമാകാൻ, 80–90 ശതമാനവും കാരണം സൂര്യപ്രകാശമാണ്. സൺസ്ക്രീൻ ഉപയോഗിക്കുന്നതു സൂര്യപ്രകാശമേറ്റുള്ള ചർമനാശം തടയുകയും മുഖത്തും കഴുത്തിലും ചുളിവുകൾ വരാതെ സംരക്ഷിക്കുകയും ചെയ്യും. സൂര്യപ്രകാശത്തിൽ നിന്നും യുവി രശ്മികൾ മാത്രമല്ല ബ്ലൂ ലൈറ്റ്, ഇൻഫ്രാറെഡ് ലൈറ്റ്, വിസിബിൾ ലൈറ്റ് എന്നിവയൊക്കെ വരുന്നുണ്ട്. കംപ്യൂട്ടർ, മൊബൈൽ പോലുള്ളവയിൽ നിന്നുള്ള ബ്ലൂ ലൈറ്റ്, പാചകം ചെയ്യുമ്പോഴേൽക്കുന്ന ഇൻഫ്രാറെഡ് ലൈറ്റ്, പുറത്തെ പൊടിയിലും പുകയിലുമുള്ള പാർട്ടിക്കുലേറ്റ് മാറ്റർ ഇവയെല്ലാം ചർമപാളിക്കു നാശം വരുത്തും.
ഇവയെല്ലാം തടയുന്ന ഘടകങ്ങൾ ഉള്ള സമ്പൂർണ സംരക്ഷണം നൽകുന്ന സൺസ്ക്രീൻ വേണം വാങ്ങാൻ. അതു മഴ, വെയിൽ, ചൂട് വ്യത്യാസമില്ലാതെ ഉപയോഗിക്കുകയും വേണം.
സൺസ്ക്രീനോടൊപ്പം വൈറ്റമിൻ സി പോലുള്ള ആന്റി ഒാക്സിഡന്റ് കൂടി ഉപയോഗിക്കണം. ഇതു ഫ്രീ റാഡിക്കലുകൾ കൊണ്ടു ചർമത്തിനു വരാവുന്ന ഒാക്സിഡേറ്റീവു നാശം തടയും. മുഖം കഴുകി വൃത്തിയാക്കി നനവു മാറ്റിയ ശേഷം വേണം വൈറ്റമിൻ സി പുരട്ടാൻ.

മോയിസ്ചറൈസർ വേണം

പ്രായമാകുന്നതോടെ ചർമത്തിനു കട്ടി കുറയാം. ജലാംശം നഷ്ടമായി വരണ്ടുപോകാം. ഇതുവഴി നേർത്ത വരകൾ വീഴാം. ഇതു തടയാനായി സെറാമൈഡ്, ഹയലൂറോണിക് ആസിഡ് എന്നിവ അടങ്ങിയ മോയിസ്ചറൈസറുകൾ രാവിലെയും രാത്രിയിലും പുരട്ടാം. എണ്ണമയമുള്ള ചർമത്തിനു ജെൽ രൂപത്തിലുള്ളതാണു നല്ലത്. വരണ്ട ചർമക്കാർക്കു ക്രീം രൂപത്തിലുള്ളത് ഉപയോഗിക്കാം. കോമ്പിനേഷൻ ചർമമാണെങ്കിൽ എണ്ണമയം അധികമുള്ളിടത്ത് ജെൽ മോയിസ്ചറൈസറും അല്ലാത്തിടത്തു ക്രീമും പുരട്ടാം.

രാത്രിയിലെ പരിചരണം

പകൽ സമയത്തു ചർമം സ്വയം സംരക്ഷിക്കുന്നു. പക്ഷേ, രാത്രി കേടുപാടുകൾ തീർക്കാനുള്ളതാണ്. അതുകൊണ്ടു രാത്രി കുറച്ചുകൂടി കട്ടിയുള്ള മോയിസ്ചറൈസർ ഉപയോഗിക്കാം. കണ്ണിനടിയിലും കഴുത്തിലും പോലെ ആദ്യം പ്രശ്നം വരാവുന്ന
ഭാഗങ്ങളിൽ പ്രത്യേകം പുരട്ടാം. റെറ്റിനോയ്ഡ് അടങ്ങിയ നൈറ്റ് ക്രീമുകൾ ചർമകോശങ്ങളുടെ പുതുക്കൽ (cell turnover) വേഗത്തിലാക്കുന്നു. കൊളാജൻ–ഇലാസ്റ്റിൻ ഉൽപാദനം മെച്ചപ്പെടുത്താൻ പെപ്റ്റൈഡ് ക്രീമുകൾ സഹായിക്കും. കണ്ണിനടിയിലെ ചുളിവുകൾ തടയാൻ ഹയലൂറോണിക് ആസിഡ് ഉള്ള അണ്ടർ ഐ ക്രീമുകൾ ഉപയോഗിക്കാം.

ജീവിതശൈലീ – ഭക്ഷണക്രമീകരണവും വ്യായാമവും വഴി ബയോളജിക്കൽ പ്രായം കുറച്ചു നിർത്തുന്നതു സ്കിൻ ലോങ്ജവിറ്റിക്കു ഗുണകരമാണ്.

യുവത്വം നൽകും ചികിത്സകൾ

വളരെ സ്വാഭാവികമായ മാറ്റം നൽകുന്ന റീ ജനറേറ്റീവ് ചികിത്സകളാണ് ഇപ്പോഴത്തെ ട്രെൻഡ്. ഒാരോരുത്തരുടെയും ചർമസ്വഭാവവും പ്രശ്നങ്ങളും അനുസരിച്ചു വ്യക്തിഗതമായി നൽകാം.

∙ സാൽമൺ ഡിഎൻഎ ഉപയോഗിച്ചുള്ള പിഡിആർഎൻ കുത്തിവയ്പുകൾ ചർമത്തിന്റെ ആയുർദൈർഘ്യം കൂട്ടാൻ ഉപയോഗിക്കുന്നു. ചർമകോശങ്ങളുടെ കേടുപാടുകൾ വേഗത്തിൽ പരിഹരിക്കാനും  കൊളാജൻ ഉൽപാദനം  ഉത്തേജിപ്പിക്കാനും  നീർവീക്കം കുറയ്ക്കാനും ഇതു സഹായിക്കും. കണ്ണിനടിയിലെയും കഴുത്തിലെയും ചുളിവുകൾ കുറയ്ക്കാനും നല്ലത്.

∙ കെമിക്കൽ പീലുകൾ മൃതകോശങ്ങളെ നീക്കി പുതു ചർമം നൽകുന്നു.

∙  മൈക്രോനീഡ്‌ലിങ് ചർമത്തിന്റെ സ്വയം സുഖമാകൽ പ്രക്രിയയെ ഉത്തേജിപ്പിച്ചു പ്രതിരോധം ഉറപ്പാക്കുന്നു.

∙ ചുളിവുകളും കുഴികളും മറയ്ക്കാൻ ഫില്ലറുകൾ

∙ അവനവന്റെ രക്തത്തിലെ തന്നെ കോശങ്ങളെ ഉപയോഗിച്ചുള്ള പിആർപി ചികിത്സ,  കൊളാജൻ ഉൽപാദനം കൂട്ടാനുള്ള എക്സോസോം തെറപ്പി, ലേസർ ചികിത്സ, ചുളിവു മാറ്റാൻ ബോട്ടോക്സ് , ഫില്ലർ, ത്രെഡ് ലിഫ്റ്റ് എന്നിവയും ലഭ്യമാണ്.

ചർമത്തിനു കരുതലേകാൻ ഇനിയും വൈകിയിട്ടില്ല. ഇന്നുതന്നെ ചർമസംരക്ഷണം തുടങ്ങൂ...

English Summary:

Skin longevity, not just anti-aging, is the current trend focusing on enhancing the skin's natural repair mechanisms to maintain radiance and health at any age. This holistic approach combines topical treatments with nutrition and lifestyle changes. As we age, the skin's cell turnover slows down, weakening its protective barrier and leading to issues like wrinkles and pigmentation, especially in Indian skin types. Rejuvenation, starting in the late twenties or early thirties, helps prevent and reverse these signs by strengthening collagen and elastin. Sun protection is crucial, as 80-90% of skin aging is due to sun exposure, and using broad-spectrum sunscreens with antioxidants like Vitamin C is essential. Moisturizers containing ceramides and hyaluronic acid help combat dryness and fine lines, while overnight treatments with retinoids and peptides further boost cell renewal and collagen production.

ADVERTISEMENT