ADVERTISEMENT

ആഹാരം, ഉറക്കം എന്നിവയോടൊപ്പം ആരോഗ്യമുള്ള ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നായിട്ടാണു ലൈംഗികതയെ ആയുർവേദം കരുതുന്നത്. സന്താനോൽപാദനത്തിനു സഹായിക്കുന്നതും ലൈംഗിക ഉത്തേജനം സാധ്യമാവാത്തവർക്ക് അതു സാധ്യമാക്കുന്നതും ശരീരത്തിനും അതുവഴി വ്യക്തിക്കും ഓജസ്സും തേജസ്സും നൽകുന്നതുമായ ചികിത്സാക്രമമാണു വാജീകരണ ചികിത്സ. ആയുർവേദത്തിന്റെ എട്ട് അംഗങ്ങളിൽ ഒന്നാണിത്.

വാജീകരണ തന്ത്രത്തിലെ ചികിത്സാ സന്പ്രദായങ്ങളും ഔഷധങ്ങളും മനുഷ്യരെ ‘വാജി’ (കുതിര) കളാ‌ക്കി മാറ്റുന്നു. ലൈംഗിക രോഗങ്ങളില്‍ രോഗാവസ്ഥയ്ക്കനുസരിച്ചു ശീലിക്കേണ്ട ഔഷധ– ആഹാര– വിഹാരങ്ങൾ പ്രത്യേകമായി പറയുന്നു. ശരീരധാതുക്കളുടെ പോഷണത്തിലൂടെ ലൈംഗികശക്തി കൂട്ടാനും ശുക്ലധാതുക്കളുടെ വർധനവിനുമാണ് അടിസ്ഥാനപരമായി വാജീകരണ ചികിത്സ  ചെയ്യുന്നത്. ഇവിടെ ഉപയോഗിക്കുന്ന മരുന്നുകൾ നാഡീ–ഹോർമോൺ–പ്രതിരോധ സംവിധാനങ്ങളെ ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സജ്ജമാക്കുന്നു. വാജീകരണ ചികിത്സയ്ക്കു മുൻപായി പഞ്ചകർമ ചികിത്സ അഥവാ ശരീരശോധനം, (ശുദ്ധീകരണം) ചെയ്യുന്നു. വമം, വിരേചനം, നസ്യം, സ്നേഹ വസ്തി, കഷായ വസ്തി എന്നിവയാണു പഞ്ചകർമങ്ങൾ. വാജീകരണ ഔഷധങ്ങൾ മികച്ച രീതിയിൽ ശരീരത്തിൽ പ്രവർത്തിക്കാൻ പഞ്ചകർമ ചികിത്സ സഹായിക്കുന്നു.

ADVERTISEMENT

ഓരോ മനുഷ്യരും വ്യത്യസ്തരാണ്. ഇവരിൽ വാതപ്രകൃതിക്കാർ ലൈംഗിക ബന്ധത്തിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവരായിരിക്കും. ഇവർക്കു മാനസികമായ ഉദ്ദീപനം ശാരീരിക സ്പർശം പോലെ തന്നെ പ്രധാനമാണ്. പിത്ത പ്രകൃതികളാവട്ടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നവരും അതേപോലെ തന്നെ മറ്റുള്ളവരുടെ, വിശേഷിച്ചു തന്റെ പങ്കാളിയുടെ ശ്രദ്ധയും കരുതലും എപ്പോഴും ആഗ്രഹിക്കുന്നവരുമായിരിക്കും. കഫപ്രകൃതികൾ പൊതുവെ ശാന്തശീലരും ദീർഘകാല ബന്ധങ്ങൾ സൂക്ഷിക്കുന്നവരും ബന്ധങ്ങൾ അവസാനിപ്പിക്കാൻ പ്രയാസമുള്ളവരുമായിരിക്കും. രണ്ടുദോഷങ്ങള്‍ ചേർന്ന പ്രകൃതിക്കാർക്ക് ഇവയുടെ സമ്മിശ്ര സ്വഭാവങ്ങൾ കാണപ്പെടുന്നു.

പ്രശ്നങ്ങൾക്ക് പരിഹാരം

ADVERTISEMENT

ലൈംഗികപ്രശ്നങ്ങൾക്കും ആയുർവേദം ഫലപ്രദമായ പരിഹാരങ്ങൾ നിർദേശിക്കുന്നുണ്ട്. ഉദ്ധാരണവുമായി ബന്ധപ്പെട്ട നാഡീ–ഞരന്പുകളെ ഉത്തേജിപ്പിക്കുക എന്നതാണു പരിഹാരം. ഓരോരുത്തർക്കും ചേരുന്ന ചികിത്സകൾ ഡോക്ടർമാർ നിർദേശിക്കും. പൊതുവായി ചെയ്യാവുന്ന ചില മാർഗങ്ങൾ ഇവയാണ്  

ഉദ്ധാരണത്തിന്

ADVERTISEMENT

∙ മൂന്നു ഭാഗം നെല്ലിക്കയും രണ്ടു ഭാഗം താന്നിക്കയും ഒരു ഭാഗം കടുക്കയും പൊടിച്ചു ചേർത്ത മിശ്രിതം അഞ്ചു ഗ്രാം വീതം ദിവസവും രാത്രി ആഹാരത്തിനുശേഷം തേനിൽ ചാലിച്ചു കഴിക്കാം. തിളപ്പിച്ച വെള്ളത്തിലിട്ടു കഴിക്കുകയും ചെയ്യാം. തുടർച്ചയായ 45 ദിവസം ഇതു കഴിക്കണമെന്നാണു നിർദേശിച്ചിട്ടുള്ളത്.

∙ പുരുഷന്മാരിലെ ലൈംഗിക ബലഹീനത മാറ്റാനായി അധികം മൂത്തു പോകാത്ത വെണ്ടയ്ക്ക നന്നായി കഴുകി വൃത്തിയാക്കിയെടുത്ത് അഞ്ചു മുതൽ പത്തെണ്ണം വരെ വെറുംവയറ്റിൽ കഴിക്കാം.

∙ ഒരു ടീസ്പൂൺ ഉണക്ക നെല്ലിക്ക പൊടിച്ചത്, ഒരു ടീസ്പൂൺ കൽക്കണ്ടം, ഒരു ടീസ്പൂൺ തേൻ എന്നിവയെല്ലാം യോജിപ്പിച്ചു രാത്രി കിടക്കുന്നതിനു മുൻപായി കഴിക്കുന്നതു ബലം വർധിപ്പിക്കാൻ ഉത്തമമാണ്.

∙ ലിംഗത്തിന്റെ തളർച്ചക്കും ശീഘ്രസ്ഖലനത്തിനും തവിഴാമ സമൂലം അരച്ച് ഉള്ളം കാലിനടിയിൽ പുരട്ടി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ശീഘ്രസ്ഖലനം തടയാം.

∙ ശുക്ലത്തിന്റെ അളവു കുറഞ്ഞു പോകുന്നവർക്ക് അശ്വഗന്ധ ചൂർണം ഒരു ടീസ്പൂൺ ഒരു ഗ്ലാസ് ചെറുചൂടുപാലിൽ ചേർത്തു രാത്രി കുടിക്കാം.

∙ ത്രിഫലപ്പൊടി അ‍ഞ്ചു ഗ്രാം രാത്രി കിടക്കാൻ നേരത്തു ചെറുചൂടു പാലിൽ ചേർത്തു കുടിച്ചാൽ ശീഘ്രസ്ഖലനം പരിഹരിക്കാം

∙ രാമച്ചം, ‍ചന്ദനം എന്നിവ തേനിൽ അരച്ചു സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിനു മുൻപേ കഴിക്കുന്നതും ശീഘ്രസ്ഖലനത്തിനുള്ള ചികിത്സയാണ്.

രാത്രി അറിയാതെ ശുക്ലം പോകുന്നതിന്

∙ കുറുന്തോട്ടി സമൂലം വെള്ളം തളിച്ച് ഇടിച്ചു പിഴിഞ്ഞ നീര് 10 മി.ലീ.രാവിലെ വെറുംവയറ്റിൽ കഴിക്കുക.

∙ കുങ്കുമപ്പൂവ് പശുവിൻ നെയ്യിൽ ചേർത്തു രാത്രി കഴിക്കുക.

∙ അഭയാമൃത രസായനം രണ്ടു ടീസ്പൂൺ രാത്രി കിടക്കാൻ നേരത്തു കഴിക്കുക.

സ്ത്രീകൾക്ക് പ്രയോഗിക്കാം

ചില ഔഷധ പ്രയോഗങ്ങൾ സ്ത്രീകളുടെ ലൈംഗിക ആരോഗ്യത്തിനു ഗുണകരമാണ്.

∙ നെല്ലിക്കാനീര് ഓരോ ടീസ്പൂൺ വീതം രാവിലെയും രാത്രിയും ഭക്ഷണത്തിനു മുൻപു സേവിക്കുന്നതു സ്ത്രീകൾക്ക് ഉത്തമമാണ്.

∙ ആർത്തവവിരാമ സമയത്തെ ഉപദ്രവങ്ങൾക്ക് അശോകാരിഷ്ടവും ദശമൂലാരിഷ്ടവും 30 മി. ലീ. വീതം ചേർത്തു കാലത്തും വൈകിട്ടും ഭക്ഷണശേഷം സേവിക്കുക.

∙ ത്രിഫലപ്പൊടി ഒരു ടീസ്പൂൺ രാത്രി ഉറങ്ങാൻ നേരത്തു കഴിക്കുക.

∙ സുകുമാരം, ധന്വന്തരം, കല്യാണകം തുടങ്ങിയ വിവിധതരം ഔഷധപ്രയോഗങ്ങൾ വൈദ്യനിർദേശപ്രകാരം കഴിക്കുന്നതു നല്ല ഫലം നൽകും.

ചില ഒറ്റമൂലികൾ

നായ്ക്കുരണപരിപ്പ്, ഉഴുന്ന്, പാൽമുതുക്ക്, വയൽച്ചുള്ളി, അരി, ഞെരിഞ്ഞിൽ, ബാർലി, കടുക്കത്തോട്, അമുക്കുരം, വയന്പ്, ജാതിപത്ര, വിഴാ ലരി തുടങ്ങിയ ഒറ്റമൂലികൾ ഡോക്ടറുടെ നിർദേശപ്രകാരം ലൈംഗിക ആരോഗ്യത്തിന് ഉപയോഗിക്കാം. രോഗാവസ്ഥയ്ക്ക് അനുസരിച്ചു പ്രയോഗരീതികൾ വ്യത്യാസപ്പെടും.

ശക്തി കൂട്ടും ഭക്ഷണം

നട്സ് (അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, നിലക്കടല)

നട്സിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ രക്തക്കുഴലുകളെ കൂടുതൽ പ്രവർത്തനക്ഷമമാക്കും. രക്തം ലൈംഗിക അവയവങ്ങളിലേക്കു പ്രവഹിക്കുവാൻ സഹായിക്കും.

മത്തൻകുരു

മത്തൻകുരുവിൽ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു.

അവക്കാഡോ

വൈറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ ധാരാളമുണ്ട്. ഇതു ലൈംഗിക ശക്തിക്ക് ഉത്തമമാണ്.

തണ്ണിമത്തൻ

തണ്ണിമത്തനിലെ വിട്രുലിൻ അമിനോ ആസിഡിനെയും ആർജിനിനേയും ഉൽപാദിപ്പിക്കുന്നതിനു സഹായിക്കുന്നു. ഇവ രക്തധമനികളുടെ ആരോഗ്യം വർധിപ്പിച്ചു രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു.

വാഴപ്പഴം

പേശികളുടെ സങ്കോചവികാസത്തിനു സഹായിക്കുന്നതു വഴി ലൈംഗിക ആരോഗ്യ പ്രദാനം ചെയ്യുന്നു. ഇതിലെ ബ്രോമിൻ എന്ന സംയുക്തം ടെസ്‌റ്റോസ്റ്റിറോൺ ഉൽപാദനത്തെ ത്വരിതപ്പെടുത്തുന്നു.

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ ഹൃദയത്തിന്റെയും രക്തധമനികളുടെയും ആരോഗ്യത്തിന് ഉത്തമമാണ്. ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തയോട്ടം സുഗമമാക്കാൻ ഇതു സഹായിക്കും.

ഞവരയുടെ ചോറ്

കാമോദ്ദീപകം. നെയ്യ്, പഞ്ചസാര, പാൽ, തേൻ ഇവ ഒപ്പം കഴിക്കുക.

ഇരട്ടി മധുരം

കാമാസക്തി ജനിപ്പിക്കുന്നു. നെയ്യും തേനും പാലുമായി ചേർത്ത ചൂർണം.

പന്നി–കോഴി മാംസം

ശുക്ലം വർധിപ്പിക്കുന്നു. പന്നി/ കോഴിയുടെ സൂപ്പ് നെയ്യ്, തൈര് എന്നിവ ചേർത്ത് ഉപയോഗിക്കുക.

ഡോ. ബി. ഹരികുമാർ

മെഡിക്കൽ സൂപ്രണ്ട്

എൻ എസ് എസ് ആയുർവേദ ഹോസ്പിറ്റൽ

വള്ളംകുളം, തിരുവല്ല

English Summary:

Vajikarana therapy, an integral part of Ayurveda, aims to enhance sexual health and vitality, comparable to essential aspects like food and sleep. This ancient practice offers treatments and remedies to boost libido, improve reproductive health, and rejuvenate the body, addressing issues such as erectile dysfunction and premature ejaculation. Ayurvedic principles recognize individual constitutional differences, tailoring treatments based on Vata, Pitta, and Kapha doshas. The therapy often involves a preparatory Panchakarma purification process followed by specific herbal formulations, dietary recommendations, and lifestyle adjustments. Natural ingredients like gooseberry, ashwagandha, and triphala are commonly used, alongside specific foods such as nuts, pumpkin seeds, avocado, and watermelon to promote blood circulation and hormonal balance. For women, remedies address menopausal discomfort and overall reproductive well-being. The article highlights that while these treatments are effective, they should be undertaken with proper Ayurvedic medical guidance for optimal results.

ADVERTISEMENT