ADVERTISEMENT

ആഹാരം ആഘോഷമാകുന്പോൾ ആരോഗ്യത്തെയും കൂടി മാനിച്ചു വേണം ഭക്ഷണപാചകം ചിട്ടപ്പെടുത്താൻ. ഓണനാളുകൾ ഒരുപക്ഷേ ഏറ്റവും രുചികരമായി തയ്യാറാക്കാൻ മലയാളികൾ ഏറ്റവും അധികം ഒരുക്കങ്ങൾ നടത്തുന്നത് ഓണസദ്യ എന്ന സങ്കൽപ്പത്തിലൂന്നി തന്നെയാവും. എങ്ങനെ നല്ലൊരു സദ്യയൊരുക്കാം? എവിടെ നിന്നും നല്ല സദ്യ കിട്ടും?


രുചിക്കൂട്ടുകളുടെ വൈഭവം

ADVERTISEMENT

രുചിക്കൂട്ടുകളുടെ വൈഭവം എത്ര വലുതാണെന്ന് ഓണസദ്യ നമ്മെ കാണിച്ചു തരുന്നു. യാതൊരു കൃത്രിമ രുചിക്കൂട്ടുകളും ചേർക്കാതെ ഏറ്റവും രുചികരമായി തയാറാക്കാവുന്ന വിഭവങ്ങളാണു പ്രകൃതി പാചകം ഒരുക്കി തരുന്നത്.

ആഹാരം കഴിക്കേണ്ടതിന് ഒരു ക്രമമുണ്ടെന്നും ഓരോ വിഭവങ്ങൾക്കും പിന്നിലും ആരോഗ്യത്തിനുതകുന്ന ഒരു ശാസ്ത്രമുണ്ടെന്നും പ്രകൃതി പാചകവിധികൾ നമ്മെ പഠിപ്പിക്കുന്നു. സദ്യ കഴിച്ച് അവശരായി പോകുന്ന സ്ഥിതിയല്ല, മറിച്ച് ആരോഗ്യത്തിന്റെയും ആഹാരത്തിന്റെയും രുചിസമ്മേളനം നമ്മെ കൂടുതൽ ഊർജസ്വലരാക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ADVERTISEMENT

പ്രകൃതി പാചകപുരയിലേക്ക്

പ്രകൃതി പാചകത്തിൽ ഓരോ ഘട്ടവും പ്രധാനപ്പെട്ടതാണ്.

ADVERTISEMENT

∙ പുറത്തുനിന്നും വാങ്ങുന്ന പച്ചക്കറികള്‍/പഴങ്ങള്‍ രണ്ടു മണിക്കൂറെങ്കിലും വെള്ളത്തില്‍ മുക്കിവയ്ക്കണം. അല്‍പം മഞ്ഞള്‍പ്പൊടി, ഉപ്പ്‌, ചിരട്ടക്കരി എന്നിവ വെള്ളത്തില്‍ ആദ്യം കലര്‍ത്തണം. ഒന്നുകൂടെ ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കാം.

• പാചകം ചെയ്യുന്പോള്‍ മാത്രം പച്ചക്കറികള്‍ അരിഞ്ഞെടുക്കുക.

• പാചകത്തിന് മണ്‍പാത്രങ്ങള്‍, കല്‍ച്ചട്ടി, ഓട്ടുപാത്രങ്ങള്‍, വെളുത്തീയം പൂശിയ ചെന്പ്, പിച്ചള പാത്രങ്ങള്‍, കവടി പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കാം.

• കൂടുതല്‍ നേരം വേവിക്കരുത്.

• മസാലക്കൂട്ടുകള്‍, കൃത്രിമ നിറങ്ങള്‍, ചുവന്ന മുളക്‌, മറ്റു രാസപദാര്‍ഥങ്ങള്‍ ഒന്നും പാടില്ല.

• എരിവിന്‌ - പച്ചമുളക്‌, ഇഞ്ചി, കുരുമുളക്‌

• പുളിക്ക്‌ - തക്കാളി, മാങ്ങ, നാരങ്ങ, നെല്ലിക്ക

• മധുരത്തിന്‌ - കരിന്പ്, ശര്‍ക്കര, ചക്കര, തേന്‍.

• കറികള്‍ പാകം ചെയ്യുന്പോള്‍ വെള്ളം ചൂടായശേഷം പച്ചക്കറികള്‍ അതിലേക്ക് ഇടാം. വെള്ളത്തിനൊപ്പം പച്ചക്കറികള്‍ വേവുന്പോള്‍ രുചി നഷ്ടപ്പെടും.

• ഉപ്പ്‌ പാചകം കഴിയാറാവുന്പോള്‍ മാത്രം ചേര്‍ക്കുക.

• തേങ്ങയുടെ അരപ്പ്‌ അടുപ്പില്‍ നിന്നും ഭക്ഷണം വാങ്ങിവച്ചശേഷം ചേര്‍ക്കുക.

ചോറിന് ഉണക്കലരി

പ്രകൃതി ഓണസദ്യയില്‍ ചോറിന്‌ ഉണക്കലരി ഉപയോഗിക്കാം. തവിടു കളയാത്ത ഉണക്കലരി ആവശ്യത്തിനു വെള്ളം ചേര്‍ത്തു വറ്റിച്ചെടുക്കുക. ഇതിലേക്ക് (ഒരു നാഴി അരിക്ക്‌ ഒരു മുറി തേങ്ങയുടെ പാല്‍ എന്ന കണക്കിന്‌) വെള്ളം അധികം ചേര്‍ക്കാതെ പിഴിഞ്ഞെടുത്ത തേങ്ങയുടെ പാല്‍ കൂടെ ചേര്‍ത്തു നന്നായി ഇളക്കി എടുക്കാം.

തോരനായി കാരറ്റും കാബേജും അരിഞ്ഞു തയാറാക്കാം. പാത്രത്തില്‍ അൽപം എണ്ണ തടവാം. എരിവിനായി പച്ചമുളകും ഇഞ്ചിയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കാം. വെള്ളം ചേർക്കില്ല. വേവിച്ചതിനുശേഷം തേങ്ങ ചിരകിയതും ഇടാം.

കിച്ചടിയും പച്ചടിയും പ്രകൃതി സദ്യയിൽ ഇടം നേടിയ വിഭവങ്ങളാണ്. പച്ചടി, മോര് ഉപയോഗിച്ചും ഉപയോഗിക്കാതെയും തയാറാക്കാം. തൈര് ഉപയോഗിക്കാറില്ല. പപ്പായ, വെള്ളരിക്ക എന്നിവ ഉപയോഗിച്ച് പച്ചടി ഉണ്ടാക്കാം. ബീറ്റ്റൂട്ട് കൊണ്ടാണ് കിച്ചടി ഉണ്ടാക്കാറ്. ഉള്ളിക്ക് പകരം ഉള്ളിപ്പൂവ് ഉപയോഗിക്കും.

തൊലി നീക്കം ചെയ്ത പരിപ്പ് (Unpolished) ഉപയോഗിച്ചുവേണം പരിപ്പുകറി തയാറാക്കാൻ. ഒപ്പം അരി കൊണ്ട് ഉണ്ടാക്കിയ പപ്പടവും.

മധുരത്തിന് പൈനാപ്പിളോ, നേന്ത്രപ്പഴമോ, മാന്പഴമോ കൊണ്ടു മധുരക്കറി ഉണ്ടാക്കാം. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, ഉള്ളിപ്പൂവ്, ജീരകം, തക്കാളി എന്നിവ ചേർത്ത് വഴറ്റി, ഇതിലേക്ക് മഞ്ഞൾപ്പൊടി ചേർത്തശേഷം ഉപ്പ്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി എന്നിവ കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം അരിഞ്ഞുവച്ച നേന്ത്രപ്പഴവും ആപ്പിളും കൂടെ ചേർത്ത് ആവിയിൽ വേവിക്കുക. വേവ് പാകമാവുന്പോൾ തേങ്ങാപ്പാൽ കൂടെ ചേർത്ത് ഉപയോഗിക്കാം. ഇതാണ് മധുരക്കറി.

ആരോഗ്യകരമായ ഓണസദ്യ രചിക്കാൻ ഇനി തയാറായിക്കൊള്ളൂ.

ഡോ. സന്ധ്യ എം.സി

പട്ടിക്കാട്, തൃശൂർ

English Summary:

Healthy Onam sadhya preparation emphasizes using natural ingredients and traditional cooking methods for a balanced and energizing feast. Instead of artificial flavor enhancers, the focus is on harnessing the inherent tastes of fresh produce, teaching a scientific approach to meal composition that invigorates rather than exhausts. Key practices include soaking vegetables, using earthenware, avoiding overcooking, and incorporating natural sources for spice, sourness, and sweetness. For rice, unpolished varieties are recommended, cooked with coconut milk, and dishes like thoran use steamed carrots and cabbage with minimal oil. Pachadi and kichadi are prepared with curd or buttermilk, using ingredients like papaya, cucumber, beetroot, and shallot flowers. Lentil curry utilizes unpolished lentils, and p Papadum is made from rice. Sweet dishes can feature pineapple, banana, or mango, prepared with natural sweeteners and spices, steamed to perfection and finished with coconut milk for a truly healthy and delicious Onam celebration.

ADVERTISEMENT