അഞ്ചു ദിവസത്തെ ഗംഭീരമായ ആഘോഷങ്ങൾക്കു ശേഷമാണു രമേഷും റിതയും വിവാഹിതരായത്. അതിഥികളും ബന്ധുക്കളുമൊക്കെയായി ഈ അഞ്ചു ദിവസവും ആകെ ബഹളമയമായിരുന്നു. ഒടുവിൽ കാത്തിരുന്ന മുഹൂർത്തമെത്തി. ആദ്യരാത്രി! രമേഷിന് എങ്ങനെയെങ്കിലും വീണുകിടന്ന് ഉറങ്ങിയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ആദ്യരാത്രിയല്ലേ, എന്തെങ്കിലുമൊക്കെ നടന്നില്ലെങ്കിൽ നവവധു തന്നെക്കുറിച്ച് എന്തു കരുതുമെന്ന ആശങ്കയും രമേഷിനുണ്ട്. അങ്ങനെ ക്ഷീണിച്ച ശരീരവും മനസ്സുമായാണു രമേഷ് തന്റെ വധുവിനെ കിടപ്പറയിൽ സമീപിച്ചത്. ‘കാര്യങ്ങൾ’ ഒന്നും നടന്നില്ലെന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിനൊപ്പം മറ്റൊന്നു കൂടി സംഭവിച്ചു. രമേഷിന്റെ ആത്മവിശ്വാസം വല്ലാതെയങ്ങു കുറഞ്ഞുംപോയി.
വിവാഹശേഷമുള്ള നാളുകളിൽ കുടുംബത്തോടൊപ്പം തീർഥയാത്രകൾ നടത്തേണ്ടതുണ്ടായിരുന്നു. യാത്രകൾ വീണ്ടും രമേഷിനെ വശംകെടുത്തി. ആകപ്പാടെ ക്ഷീണവും തളർച്ചയും. അതിനിടയിലും രമേഷ് റിതയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒന്നുമങ്ങു ശരിയായില്ല. ആദ്യരാത്രി സംഭവിച്ച പരാജയം ആത്മവിശ്വാസം കുറച്ചതും ഇതിനൊരു കാരണമായിരുന്നു.
‘കാര്യങ്ങൾ നന്നായി നടക്കുന്നില്ലേ?’ എന്നു റിതയോടു കുടുംബത്തിലെ ചില മുതിർന്ന സ്ത്രീകൾ ചോദിച്ചു. ‘ഇല്ല ’ എന്നായിരുന്നു റിതയുടെ മറുപടി! പോരേ പൂരം ! രമേഷിന് എന്തോ കുഴപ്പമുണ്ടെന്നു കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ കരുതി.
രമേഷ് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഇങ്ങനെ ഒന്നിനും കൊള്ളാത്ത ഒരുത്തനുമായുളള ബന്ധം തങ്ങളുടെ കുട്ടിക്കു വേണ്ട എന്നതിലേക്കു റിതയുടെ ബന്ധുക്കളെത്തി. വിവാഹം അസാധുവാക്കൽ ( annulment) എന്ന കാര്യം കേട്ടതോടെയാണു രമേഷ് ഒരു പ്രഫഷനൽ സഹായം ഇക്കാര്യത്തിൽ തേടാൻ ഒരുങ്ങിയത്.
‘താൻ ഒരു പുരുഷനാണെന്നും തന്റെ പുരുഷത്വത്തിന് ഒരു കുഴപ്പവുമില്ലെന്നുമുള്ള സർട്ടിഫിക്കറ്റ് തരണം’ ഡോക്ടർക്കു മുൻപിൽ രമേഷ് തന്റെ ആവശ്യം പറഞ്ഞു. കാര്യമെന്തെന്നായി ഡോക്ടർ. രമേഷ് തന്റെ മനസ്സു തുറന്നു. ‘എനിക്കു വിവാഹത്തിനു മുൻപു സ്ത്രീകളുമായി ഒരുതരത്തിലുള്ള ശാരീരിക ബന്ധവും ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ഒരു സ്ത്രീക്കു മുൻപിൽ ലൈംഗികശേഷിയുള്ളവനാണെന്നു സ്വയം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. വിവാഹം കഴിഞ്ഞു പലവട്ടം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇപ്പോൾ ഭാര്യയുടെ ബന്ധുക്കൾ വിവാഹം അസാധുവാക്കണമെന്ന ആവശ്യവുമായി മുൻപോട്ടു വന്നിരിക്കുകയാണ്.’’ രമേഷ് പറഞ്ഞു.
*** *** ***
വിവാഹശേഷം ദമ്പതികൾ സ്വാഭാവികമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമെന്നാണു പൊതുവേയുള്ള ധാരണ. എന്നാൽ ഇതു പൂർണമായും ശരിയല്ല. ലൈംഗികചിന്തകളും ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള താൽപര്യവും സ്വാഭാവികമായിത്തന്നെ
ഒരു പ്രായമെത്തിയാൽ വ്യക്തികളിലുണ്ടാകും. പക്ഷേ, മികച്ച രീതിയിൽ ഒരു ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള കഴിവ് അത്ര സ്വാഭാവികമായി എല്ലാവരിലും ഉണ്ടായിക്കൊള്ളണമെന്നില്ല.
ഉത്കണ്ഠ എന്ന പിശാച്
പല കാര്യങ്ങളും മനസ്സിലാക്കിയാൽ മാത്രമേ ഇതു സാധ്യമാകൂ എന്നതാണു യാഥാർഥ്യം. പലപ്പോഴും കൂട്ടുകാരിൽനിന്നും അശ്ലീല വിഡിയോകളിൽനിന്നും മറ്റും കിട്ടുന്ന തെറ്റായ അറിവുകളാകും പലർക്കും ലൈംഗികതയെക്കുറിച്ചുണ്ടാകുക. വലിയ കുഴപ്പമാണ് ഇതു ദാമ്പത്യജീവിതത്തിലുണ്ടാക്കുക. ചിലർക്ക് ആദ്യരാത്രി പോയിട്ട് ആദ്യമാസം പോലും ശരിക്കു ലൈംഗികബന്ധം നടക്കണമെന്നില്ല.
എന്നാൽ ചിലർക്കാകട്ടെ, ആദ്യഘട്ടം കുഴപ്പമില്ലാതെ പോകും. പിന്നീടാണു പ്രശ്നങ്ങൾ തുടങ്ങുക. ലൈംഗികജീവിതത്തിലെ കുഴപ്പങ്ങൾ മാനസികപ്രശ്നങ്ങളിലേക്കു നയിക്കാം. ദമ്പതികൾ തമ്മിലുള്ള കലഹത്തിനുമിടയാക്കും. ക്രമേണ വിവാഹജീവിതം തന്നെ തകരുന്ന അവസ്ഥയും ഉണ്ടായേക്കും.
പുരുഷന്റെ ലൈംഗികാവയവം ഉദ്ധരിക്കുന്നതിനെ ഒട്ടേറെ ഘടകങ്ങൾ സ്വാധീനിക്കും. തന്നെക്കൊണ്ട് ഇതു നന്നായി പൂർത്തീകരിക്കാൻ സാധിക്കുമോ എന്ന ഉത്കണ്ഠ മനസ്സിൽ കേറി കൊളുത്തിയാൽ പിന്നെ കാര്യം കുഴപ്പത്തിലാകാനാണു സാധ്യത! അവർ കിടപ്പറയിൽ പങ്കാളിയ്ക്കടുത്തെത്തുമ്പോൾ ആകെ വെപ്രാളപ്പെടും! ലൈംഗികജീവിതം തന്നെ കെടുത്തിക്കളയുന്ന പിശാചാണ് ഉത്കണ്ഠ.
തന്നിൽനിന്ന് എന്തൊക്കെയോ ഒഴിഞ്ഞുപോകുന്ന, താൻ മറ്റൊരാളിൽ ലയിച്ചു ചേരുന്ന മനോഹരമായ അനുഭവമാണു ലൈംഗികബന്ധം. ലൈംഗികതയ്ക്ക് ഒരുങ്ങുമ്പോൾ പെർഫോമൻസ് മോശമാകുമോ എന്നൊക്കെയുള്ള ചിന്തകൾ (Performance anxiety) കയറിപ്പറ്റിയാൽ കാര്യങ്ങൾ ശരിയായി നടക്കില്ല. ഒന്നുകൂടി വ്യക്തമാക്കിയാൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ തുനിയുന്ന വ്യക്തി തന്നെത്തന്നെ വിശദമായി നിരീക്ഷിക്കുന്ന അവസ്ഥ.
പങ്കാളിയുമായി ലയിച്ചു ചേരുന്ന മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കുന്നതിനു പകരം പലരും സ്വയം നിരീക്ഷിച്ചുകൊണ്ടിരിക്കും. തന്റെ ലൈംഗികാവയവയങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതടക്കം അവർ സൂക്ഷ്മമായി വിലയിരുത്തും. ഫലമോ? ഈ സംശയങ്ങൾക്കിടെ കൃത്യമായ ഉത്തേജനങ്ങൾ ലൈംഗികാവയവങ്ങൾക്ക് ലഭിക്കാതാകും. ലൈംഗികാവയവങ്ങൾ താൻ ഉദ്ദേശിച്ച പോലെ അങ്ങ് ‘വരുന്നില്ല’ എന്നു കാണുമ്പോൾ ലൈംഗികബന്ധത്തിൽ താൻ പരാജയപ്പെടുമോ എന്ന ചിന്ത വന്ന് അലട്ടാൻ തുടങ്ങും. ഇതൊക്കെക്കൂടി ആ മനോഹരനിമിഷങ്ങൾ കുളമാക്കുകയും ചെയ്യും. ഇതിങ്ങനെ ചാക്രികമായി തുടർന്നുകൊണ്ടിരിക്കും.
ക്ഷമ, തുറന്നുള്ള സംസാരം, പരസ്പരം വിശ്വാസമാർജിക്കൽ, തികച്ചും സ്വാഭാവികമായി കാര്യങ്ങളെ അതിന്റെ വഴിക്ക് വിടാനുള്ള മനസ്ഥിതി (ലൈംഗികതയിൽ), തുടങ്ങിയ കാര്യങ്ങൾ മനസ്സിലോർക്കണം.
∙ മെച്ചപ്പെട്ട ലൈംഗികബന്ധത്തിന് ഒരുവ്യക്തിയെ സഹായിക്കുന്ന കാര്യം നിലകൊള്ളുന്നത് ചെവികൾക്കിടയിലാണ്. അല്ലാതെ തുടകൾക്കിടയിലല്ല. അതായത് മനസ്സാണ് ഇതിന് പ്രധാനം എന്നർഥം.
∙ സ്വന്തം ശരീരത്തിന് പങ്കാളിയുടെ സ്പർശനങ്ങളും ഗന്ധങ്ങളും ദൃശ്യവുമൊക്കെ പരിചയമാകാനുള്ള സാവകാശം നൽകണം.
∙ കിടപ്പറയിൽ എങ്ങനെ പെർഫോം ചെയ്യുന്നു എന്ന കാര്യത്തിലാവരുത് ശ്രദ്ധ. ചെറിയ കാര്യമാണെങ്കിൽപ്പോലും അത് ഇരുവർക്കും എന്ത് അനുഭൂതിയാണ് പകരുന്നത് എന്നതിലായിരിക്കണം ഊന്നൽ നൽകേണ്ടത്.
∙ പുരുഷന്മാരുടെ കാര്യത്തിൽ ഉദ്ധാരണം സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണ്. അതിനായി ബലം പിടിക്കരുത്. അതതിന്റെ സമയത്ത് സംഭവിക്കട്ടെ, ക്ഷമയോടെ കാത്തിരിക്കുക.
ഇനി അഥവാ വല്ല കുഴപ്പങ്ങളും ലൈംഗികബന്ധത്തിൽ സംഭവിച്ചു എന്നു തന്നെയിരിക്കട്ടെ, അത് വലിയൊരു പ്രശ്നമാക്കി മാറ്റാതിരിക്കാൻ പങ്കാളികൾ ശ്രദ്ധിക്കണം. തികച്ചും വ്യക്തിപരമായ കാര്യമാണിത്. പരിഹാരത്തിനായി മികച്ച ഒരു ഡോക്ടറുടെ സഹായം തേടാനും മടി കാണിക്കരുത്.