കാപ്പിയും ചായയും കുടിക്കുന്നത് ബിപി കൂടാൻ കാരണമാകുമോ? ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നത് ഉള്ളവർക്ക് ഗുണം ചെയ്യുമോ?– ഇത്തരം സംശയങ്ങൾ ബിപി, കൊളസ്ട്രോൾ രോഗികളിൽ സാധാരണമാണ്. അവയ്ക്കുള്ള ഉത്തരമറിയാം.
കാപ്പി കൂടുതൽ കുടിച്ചാൽ ബിപി വർധിക്കുമെന്നു പറയുന്നതിൽ സത്യമുണ്ട്. എന്നാൽ ഇത് താൽക്കാലികമാണ്. കാപ്പിയിലുള്ള 'കഫീൻ' (Caffeine) ഒരു കേന്ദ്ര നാഡീവ്യൂഹ ഉത്തേജകമാണ് (Central Nervous System Stimulant). ഇതു കഴിക്കുന്പോൾ അഡ്രിനാലിൻ പോലുള്ള ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുകയും, രക്തക്കുഴലുകൾ താൽക്കാലികമായി ചുരുങ്ങുകയും ചെയ്യാം. ഒരു കപ്പ് കാപ്പി കുടിച്ച് 1–3 മണിക്കൂറുകളിൽ രക്തസമ്മർദം താൽക്കാലികമായി ഉയരാം. എന്നാൽ, പതിവായി കാപ്പി കുടിക്കുന്നവരിൽ ശരീരം ഇതിനോടു പൊരുത്ത പ്പെടാറുണ്ട് (Caffeine tolerance). എങ്കിലും, അമിതമായി കാപ്പി കുടിക്കുന്നത് (ദിവസവും 4 കപ്പിൽ കൂടുതൽ) വിട്ടുമാറാത്ത ഉയർന്ന ബിപിക്ക് കാരണമായേക്കാം.
ചായയേക്കാൾ കഫീൻ കാപ്പിയിലാണെങ്കിലും ബിപി രോഗികൾക്കു കാപ്പിയാണു കൂടുതൽ സുരക്ഷിതം! കാരണം കാപ്പിയിൽ കഫീന് പുറമെ 'ക്ലോറോജെനിക് ആസിഡ്' (Chlorogenic acid) എന്ന ശക്തമായ ആന്റിഓക്സിഡന്റ് ഉണ്ട്. ഇതു ദീർഘകാലാടിസ്ഥാനത്തിൽ രക്തക്കുഴലുകളുടെ ആരോഗ്യം കൂട്ടും.
ഇഞ്ചി ഉപയോഗിച്ചാൽ
ബിപി, കൊളസ്ട്രോൾ ഉള്ളവർക്ക് ഇഞ്ചി ഉപയോഗിക്കുന്നതിൽ പ്രത്യേകിച്ചു ഗുണം കൂടുതലുണ്ട്. ഇഞ്ചിക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചില ഔഷധഗുണങ്ങളുണ്ട്.
∙ ബിപി കുറയ്ക്കാൻ: ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന 'ജിഞ്ചറോൾ' (Gingerol) സ്വാഭാവിക കാൽസ്യം ചാനൽ ബ്ലോക്കർ (Calcium channel blocker) ആയി പ്രവർത്തിച്ച് രക്തക്കുഴലുകളെ വികസിപ്പിക്കുകയും ബിപി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
∙ കൊളസ്ട്രോൾ കുറയ്ക്കാൻ: ഇഞ്ചി കരളിന്റെ കൊളസ്ട്രോൾ ഉൽപാദനം നിയന്ത്രിക്കുകയും, ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
എന്നാൽ, ഇതു മരുന്നുകൾക്കു പകരമല്ല; ഭക്ഷണത്തിൽ ഒരു ചെറിയ അളവിൽ ഉൾപ്പെടുത്തുന്നതു നല്ലതാണ്.
ഇഞ്ചി മിതമായ അളവിൽ ഭക്ഷണത്തിലോ ചായയിലോ ഉൾപ്പെടുത്തുന്നത് സുരക്ഷിതമാണ്. എന്നാൽ ബിപിക്കും കൊളസ്ട്രോളിനും ഇതിനകം സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ, കൂടുതൽ അളവിൽ ഇഞ്ചി കഴിക്കുന്നതു മരുന്നുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം.
ഡോ. അനിൽ സലീം
മേധാവി
ഇന്റർവെൻഷൻ കാർഡിയോളജി വിഭാഗം
മെയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്