ADVERTISEMENT

മറവി പുതിയ കാലത്തിന്റെ വലിയൊരു പ്രശ്നം തന്നെയാണ്. ഒാർമയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളെ ജീവിതശൈലീപ്രശ്നങ്ങളായി തന്നെ എടുക്കേണ്ടതുണ്ട്. അതിന്റെ പ്രധാനകാരണം നമ്മുടെ ഭക്ഷണ–വ്യായാമ രീതികളും തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളുമൊക്കെ ഒാർമയെ നല്ല രീതിയിലും മോശമായുമൊക്കെ സ്വാധീനിക്കാമെന്നതാണ്. ഉറക്കക്കുറവ്, അമിതമായ സ്ക്രീൻ ഉപയോഗം, മാനസിക പിരിമുറുക്കം എന്നിങ്ങനെയുള്ള ഘടകങ്ങൾ ഒാർമയെ പ്രതികൂലമായി ബാധിക്കും. അവ പരിഹരിക്കുന്നതിനൊപ്പം ഒാർമ വർധിപ്പിക്കുന്നതിനുള്ള ചില ടെക്നിക്കുകളും കൂടി ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്.  അത്തരം ചില ടെക്നിക്കുകളെ പരിചയപ്പെടാം.  

∙ കാര്യങ്ങളെ വൈകാരികമായി ബന്ധിപ്പിക്കുക (ഇമോഷനൽ ടാഗിങ്)
പണ്ട് നടന്ന ചില കാര്യങ്ങൾ വള്ളിപുള്ളി വിടാതെ ആഴത്തിൽ പതിഞ്ഞങ്ങു കിടപ്പുണ്ടാകും മനസ്സിൽ. പ്രത്യേകിച്ച് പരിഹാസത്തിന്റെയോ അപമാനത്തിന്റെയോ കയ്പ് കലർന്ന അനുഭവങ്ങൾ... ഒരു സംഭവത്തെ കുറിച്ചുള്ള ഒാർമ തലച്ചോറിൽ രേഖപ്പെടുത്തപ്പെടുമ്പോൾ അതുമായി ബന്ധപ്പെട്ട വൈകാരികാനുഭവവും കൂടിച്ചേർത്താണ് സൂക്ഷിക്കുന്നത്.  ഇങ്ങനെ വൈകാരികാനുഭവങ്ങളുമായി ഇഴുകി കിടക്കുന്ന ഒാർമകൾ മാഞ്ഞുപോവുക പ്രയാസമാണ്. അതുകൊണ്ട് ഒാരോ പ്രവർത്തി ചെയ്യുമ്പോഴും  അതിനെ വൈകാരികമായി ഉൾക്കൊണ്ട് ചെയ്യുക.

∙ സെൽഫ് റഫറൻസിങ്
 അവനവനുമായി ബന്ധപ്പെടുത്തി ഒരു പ്രവർത്തിയോ വിശദാംശമോ ഒാർമയിൽ സൂക്ഷിക്കാൻ ശ്രമിക്കുന്നത് ഒാർത്തെടുക്കാൻ കൂടുതൽ സഹായകമായിരിക്കും. ഉദാഹരണത്തിന്  കടൽനിരപ്പിലെ വെള്ളം തിളയ്ക്കുന്നത്  212 ഡിഗ്രി ഫാരൻഹീറ്റിലാണെന്നു കരുതുക. 212 എന്നത് നിങ്ങളുടെ ഫോൺ നമ്പറിന്റെ അവസാന ഡിജിറ്റ് ആണെങ്കിൽ അവയെ തമ്മിൽ ബന്ധിപ്പിച്ച് ഒാർത്തുവയ്ക്കുക.

∙ സ്േറ്റാറി ടെല്ലിങ്
കഥകൾ ഒാർത്തുവയ്ക്കുവാൻ നമുക്ക് എളുപ്പമാണ്....അതിനു കാരണം, ഒറ്റയൊറ്റയായി കുറേ കാര്യങ്ങൾ ഒാർത്തുവയ്ക്കുന്നതിലും തലച്ചോറിന് എളുപ്പം അവയെ തമ്മിൽ ഒരു ചരടിൽ കോർത്തപോലെ ബന്ധിപ്പിച്ച്  ഒാർത്തുവയ്ക്കുന്നതാണെന്നതാണ്.  ഉദാഹരണത്തിന് ഒരു സൂപ്പർ മാർക്കറ്റിൽ പോയി കുറേ സാധനങ്ങൾ വാങ്ങണമെന്നു കരുതുക. അവയെ തമ്മിൽ ബന്ധിപ്പിച്ച് ഒരു കഥയുണ്ടാക്കി മനസ്സിൽ സൂക്ഷിച്ചാൽ എന്തൊക്കെ സാധനം വേണമെന്നു മറന്നുപോകാതിരിക്കും.

∙ ചങ്കിങ്
ഒാരോ വിവരത്തെയും ചെറിയ ചെറിയ ഭാഗങ്ങളാക്കി വിഭജിച്ച് പഠിച്ചാൽ അത് ഒാർത്തെടുക്കാൻ എളുപ്പമായിരിക്കും. ഉദാഹരണത്തിന് 10 അക്കമുള്ള ഫോൺ നമ്പറിനെ രണ്ടു മൂന്നു ഭാഗങ്ങളായി മുറിച്ച് ഉരുവിട്ടു പഠിച്ചാൽ കൂടുതൽ  ഒാർമയിൽ തങ്ങിനിൽക്കും.  

∙ ഒാർമയുടെ ചെറുഭാണ്ഡങ്ങൾ
കുറച്ചധികം കാര്യങ്ങൾ ഒരുമിച്ച് ഒാർത്തെടുക്കണം എന്നു വയ്ക്കുക. നിങ്ങൾക്ക് ഏറെ പരിചിതമായ ഒരു വഴി മനസ്സിൽ ഒാർക്കുക. ആ വഴിയുടെ ഒാരോരോ തിരിവുകളിലായി ഒാർമകളെ  ഒാരോ ചെറുഭാണ്ഡങ്ങളായി  ഇടുന്നതായി സങ്കൽപിക്കുക. ഒാരോന്നിനെയും  തമ്മിൽ ബന്ധിപ്പിച്ച് വേണം ഒരിടത്തു നിന്ന് അടുത്ത ഭാഗത്തിലേക്കു പോകാൻ.  ഇനി ഒാർത്തെടുക്കേണ്ടി വരുമ്പോൾ ഒാരോരോ തിരിവുകളിലായി ഇട്ടുവച്ച ഭാണ്ഡങ്ങളെ ഒാരോന്നായി പെറുക്കിയെടുത്തു വരിക.

∙ ന്യൂമറിക് പെഗ്ഗിങ്
ഒാർമിക്കാനുള്ള വിവരങ്ങളെ ചിത്രങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിൽ പതിപ്പിക്കുക. ഉദാഹരണത്തിന്  ഒരു ഷോപ്പിങ് ലിസ്റ്റ് ഒാർത്തുവയ്ക്കണമെന്നു കരുതുക.  കാരറ്റ്, പാല്, ബ്രെഡ്, മുട്ട ഇവ ക്രമമായി ഒാർത്തുവയ്ക്കുവാൻ  ഒാരോന്നിന്റെയും നമ്പറിനു ചേരുന്ന താളാത്മകമായ ഒരു വാക്ക് മനസ്സിൽ വയ്ക്കുക. ഒന്നാമത്തേത് അഥവാ വണ്ണിന് ഗൺ, രണ്ടാമത്തേത് അഥവാ ടൂവിന് ഷൂ...ഇനി ഗൺ കൊണ്ട് കുറേ കാരറ്റ് വെടിവച്ചു ചിതറിക്കുന്നത് ഒാർമയിൽ കാണുക. അപ്പോൾ ലിസ്റ്റിൽ നമ്പർ വൺ സ്ഥാനത്തുള്ള കാരറ്റിനെ ഒാർക്കാൻ എളുപ്പമായി.

∙ചിത്രരൂപത്തിൽ ഒാർത്തുവയ്ക്കാം

ADVERTISEMENT

തലച്ചോറിന് ചിത്രങ്ങൾ ഒാർത്തുവയ്ക്കുവാൻ ഇഷ്ടമാണ്. ബുദ്ധിമുട്ടേറിയ വിശദാംശങ്ങൾ പോലും സചിത്രരൂപത്തിൽ ഒാർത്തുവയ്ക്കുന്നത് ഒാർത്തെടുക്കൽ എളുപ്പമാക്കും. ഉദാഹരണത്തിന് ഒരാളുടെ പേര് ഗോപാലകൃഷ്ണൻ ആണെന്ന് ഒാർത്തുവയ്ക്കണം എന്നു കരുതുക. ഒരു തവണ കൂടി അയാളോട് പേരു ചോദിച്ച് അതു മനസ്സിൽ പതിപ്പിക്കുക. ഇനി പീലിചൂടി ഒാടക്കുഴലൂതുന്ന കണ്ണന്റെ രൂപത്തിൽ അയാളെ കാണുക. അടുത്തതവണ അയാളെ കാണുമ്പോൾ ആദ്യം ഈ ചിത്രമാകും മനസ്സിലേക്കെത്തുക. പിന്നാലെ ഗോപാലകൃഷ്ണൻ എന്ന പേരും ഒാർമയിൽ തെളിയും.

∙ മെമ്മറി പാലസ് ടെക്നിക്ക്
നമുക്ക് സുപരിചിതമായ ഒരു സ്ഥലം ഉദാഹരണത്തിന് നമ്മുടെ സ്വന്തം വീട് മനസ്സിൽ കാണുക.  ഒാർത്തുവയ്ക്കേണ്ട ഒാരോരോ കാര്യങ്ങളായി ഒാരോ മുറിയുമായി ബന്ധപ്പെടുത്തി ചിത്രങ്ങളായി കാണുക. ഉദാഹരണത്തിന് ചരിത്രത്തിലെ ഒരു പ്രധാന സംഭവത്തേക്കുറിച്ച് ഒാർക്കണം എന്നു കരുതുക. നമ്മുടെ വീടിനുള്ളിലാണ് ആ സംഭവം നടന്നതെന്നു മനസ്സിൽ കാണുക. സ്വീകരണമുറിയിലെ കസേരയിൽ ഇരുന്നാണ് ആ സുപ്രധാന പ്രഖ്യാപനം നടത്തിയത് എന്നിങ്ങനെ...

∙ നിമോണിക്സ്
ഒന്നിലധികം വാക്കുകളെ മാലപോലെ ക്രമമായി കൊരുത്തുവയ്ക്കുന്ന, ഒാർത്തിരിക്കാൻ രസമുള്ള ഒരു സൂത്രപദമാണ് നിമോണിക്സ്. മഴവില്ലിലെ നിറങ്ങളെ ക്രമമായി ഒാർത്തുവയ്ക്കുവാൻ സഹായിക്കുന്ന വിബ്ജിയോർ അറിയാത്ത ആരും കാണില്ല. അതുപോലെ ,  കണക്കു ചെയ്യുമ്പോൾ ക്രിയകൾ ഉപയോഗിക്കേണ്ടുന്ന ക്രമം ഒാർത്തുവയ്ക്കുവാൻ  പ്ലീസ് എക്സ്ക്യൂസ് മൈ ഡിയർ  ആന്റ് സാലി– Please Excuse My Dear Aunt Sally
(P–പരൻതസിസ് ( ബ്രാക്കറ്റ്), E–എക്സ്പൊണെന്റ്സ്  M-മൾട്ടിപ്ലിക്കേഷൻ (ഗുണനം), –D–ഡിവൈഡ് (ഹരിക്കൽ), A–ആഡ് (കൂട്ടുക) , S–സബ്ട്രാക്റ്റ് (കുറയ്ക്കുക))  എന്ന സൂത്രപദം സഹായിക്കും.

English Summary:

Memory is increasingly affected by modern lifestyle habits, stress, lack of sleep, and excessive screen time. Emotional tagging involves attaching feelings to experiences to make them harder to forget. Self-referencing helps by relating new information directly to personal experiences and details. Storytelling connects individual facts into a cohesive narrative that the brain can easily retain. Chunking breaks down large amounts of information, such as phone numbers, into smaller, manageable parts. Numeric pegging links numbers and items with vivid, rhyming imagery for better recall. Visualizing difficult details as clear pictures significantly enhances long-term memory retention. The memory palace technique uses familiar locations to mentally store and retrieve various facts. Mnemonics use catchy acronyms or phrases to help remember complex sequences and rules.

ADVERTISEMENT