ഒരു വലിയ ദുഃഖത്തിലൂടെ കടന്നു പോകവെയാണ് ജാസ്മിന്റെ കണ്ണുകളിലെ വെളിച്ചം മെല്ലെ മങ്ങിയത്. അകക്കണ്ണിന്റെ പ്രകാശത്തിൽ, കാഴ്ചയുള്ളവരുടേതിനേക്കാൾ മനോഹരമായ ജീവിതം ജാസ്മിൻ മെനഞ്ഞെടുത്തപ്പോൾ ആ അതിജീവനം ഏറെ മനോഹരമായി.
മകന്റെ രോഗകാലം
ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് തുടങ്ങനാട് സ്വദേശിയാണു ജാസ്മിൻ. ഭർത്താവ് അജിയും മകൻ അഖിൽ എന്ന അപ്പുവും അടങ്ങുന്ന കുടുംബം. ആറുമാസം പ്രായമുള്ളപ്പോഴാണ് അപ്പുവിനു സെറിബ്രൽ പാൾസി കണ്ടെത്തുന്നത്. തുടർന്നു ചികിത്സകളുടെ കാലമായിരുന്നു. ചികിത്സയ്ക്കായി ഒന്നരവർഷത്തോളം അവർ ചെന്നൈയിൽ താമസിച്ചു.
2001. ചെന്നൈയിൽ ചികിത്സ തേടിയ കാലത്ത് ഒരു ദിവസം ബസിൽ കയറാൻ പോകവെ പെട്ടെന്ന് ഒരു സൈക്കിൾ സൈഡ് മാറി വന്നു. ജാസ്മിൻ അതു കണ്ടില്ല. അജി ശ്രദ്ധിച്ചതു കൊണ്ട് അപകടം ഒഴിവായി. വീണ്ടും അതേ പോലെ ഒരു സംഭവമുണ്ടായി. തന്റെ കണ്ണിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ജാസ്മിൻ ആലോചിച്ചു. ചെന്നൈയിലെ ശങ്കര നേത്രാലയത്തിൽ ഡോക്ടറെ കണ്ടു. ഒട്ടേറെ പരിശോധനകൾ ചെയ്തു. റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന രോഗമാണെന്നു കണ്ടെത്തി. റെറ്റിനയെ ബാധിച്ചു, കാഴ്ചയുടെ പ്രകാശം കെടുത്തുന്ന ഈ രോഗത്തിനു നിലവിൽ മരുന്നു കണ്ടെത്തിയിട്ടില്ല എന്നു ഡോക്ടർ പറഞ്ഞു. ഗവേഷണങ്ങൾ നടക്കുകയാണ്, അഞ്ചു വർഷത്തിനുള്ളിൽ മരുന്നു കണ്ടെത്തുമായിരിക്കുമെന്നും സൂചിപ്പിച്ചു. കാഴ്ചയ്ക്ക് അധികം ബുദ്ധിമുട്ടുണ്ടായില്ല. മറ്റു ചികിത്സകളും ചെയ്തെങ്കിലും കാഴ്ച മെച്ചപ്പെട്ടില്ല. 2008–ൽ വശത്തു നിന്നുള്ള കാഴ്ച കുറഞ്ഞു തുടങ്ങി. അതു നേർക്കാഴ്ചയെയും ബാധിച്ചു. പിന്നീട് എല്ലാ വർഷവും ശങ്കരനേത്രാലയത്തിൽ കണ്ണു പരിശോധിക്കുമായിരുന്നു. 2008–ൽ ജാസ്മിനു തിമിരം ആരംഭിച്ചു. തിമിരശസ്ത്രക്രിയ കഴിഞ്ഞിട്ടും മാറ്റമൊന്നും വന്നില്ല.
സംരംഭകയാകുന്നു
ഒരു ബിസിനസ് ചെയ്യണമെന്നതു വിവാഹത്തിനും മുൻപേ ജാസ്മിന്റെ സ്വപ്നമായിരുന്നു. മകന്റെ രോഗാവസ്ഥയും ജാസ്മിന്റെ കാഴ്ച പരിമിതിയുമൊക്കെ അറിഞ്ഞപ്പോൾ വീട്ടിലിരുന്നു ചെയ്യാവുന്ന ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നതു നല്ലതായിരിക്കുമെന്നു വേളാങ്കണ്ണിയിലെ ഒരു പുരോഹിതൻ പറഞ്ഞു. കുറച്ചു നാളുകൾക്കു ശേഷം ജാസ്മിൻ കുറച്ചു നെയ്യപ്പം വീട്ടിലുണ്ടാക്കി. ഭർത്താവിന്റെ പലചരക്കു കടയിൽ വിൽപനയ്ക്കു വച്ച ആ നെയ്യപ്പത്തിന് ആവശ്യക്കാരേറെ ആയിരുന്നു. ഇതൊരു ബിസിനസ് ആക്കുന്നതിനെക്കുറിച്ച് അവർ ആലോചിച്ചു. സ്വപ്നലക്ഷ്യത്തിലേക്കു ജാസ്മിൻ എത്തിച്ചേർന്നു. വീടിനോടു ചേർന്ന് ‘അപ്പൂസ് വിച്ചാട്ട് ഹോംമെയ്ഡ് ഫൂഡ്സ് ’ എന്ന പേരിൽ ഒരു യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 2009–ൽ അൽഫോൻസാമ്മ വിശുദ്ധ ആയതിനു ശേഷം ആദ്യ തിരുനാളിനോട് അനുബന്ധിച്ചു ഭരണങ്ങാനത്തെ തീർഥാടക കേന്ദ്രത്തിലേക്ക് 1000 കിലോ നെയ്യപ്പത്തിന് ഒാഡർ ലഭിച്ചു. അന്നു മുതൽ അവിടെ നേർച്ചയപ്പം നൽകുന്നതു ജാസ്മിനാണ്. ഇന്ന് 30-ഓളം ഉൽപന്നങ്ങൾ ഈ യൂണിറ്റിൽ ലഭ്യമാണ്.12 സ്ഥിരം ജീവനക്കാരുണ്ട്.
കാഴ്ച കുറയുന്നു
വശത്തുനിന്നുള്ള കാഴ്ച കുറഞ്ഞ കാലത്തു ജാസ്മിൻ നടക്കുമ്പോൾ വാതിലിലൊക്കെ തട്ടുമായിരുന്നു. അടുത്തിരിക്കുന്ന സാധനങ്ങൾ കാണാനാകാതെയും വന്നു. കാഴ്ച 65–70 വയസ്സാകുമ്പോഴേ പൂർണമായും നഷ്ടമാകൂ എന്നു ഡോക്ടർ പറഞ്ഞിരുന്നു. കാഴ്ച കുറയുന്നു എന്നു പറയുമ്പോൾ അടുപ്പമുള്ള പലരും പറഞ്ഞു, ‘മോൻ നടക്കാൻ തുടങ്ങിയിട്ടില്ല, കാഴ്ചയും കൂടി പോയാൽ ജാസ്മിൻ എന്തു ചെയ്യും ?’ എന്ന്. ആ വാക്കുകൾ ജാസ്മിനെ വേദനിപ്പിച്ചു. അതിനുള്ള മറുപടി ജാസ്മിന്റെ ജീവിതമായിരുന്നു.
കാഴ്ച കുറഞ്ഞു തുടങ്ങിയ സമയത്ത് ജാസ്മിൻ ആരോടും പറയാതെ കണ്ണുകൾ അടച്ചു പച്ചക്കറികൾ അരിഞ്ഞു ശീലിച്ചു. കപ്പയും മാംസവുമൊക്കെ കത്തി ഉപയോഗിച്ചു കഷണങ്ങളാക്കി. ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ടു തോന്നിയെങ്കിലും ശീലിച്ചപ്പോൾ ചെയ്യാൻ സാധിച്ചു. കണ്ണടച്ചിരുന്നു നെയ്യപ്പത്തിനു മാവു കുഴച്ചു, നെയ്യപ്പം തണുക്കാൻ വയ്ക്കുമ്പോൾ വലുപ്പം തൊട്ടറിഞ്ഞു. ജോലിക്കാർക്കു ശമ്പളം നൽകുന്നതിനു നോട്ടുകളും ക്രമപ്പെടുത്തി വച്ചു. അങ്ങനെ കാഴ്ച മറഞ്ഞാലും മോന്റെ കാര്യങ്ങൾ നോക്കുന്നതിനും ഒട്ടുമിക്ക അടുക്കള ജോലികൾ ചെയ്യുന്നതിനുമുള്ള ആത്മവിശ്വാസം ജാസ്മിൻ നേടിയെടുത്തു. ജാസ്മിനു ചെയ്യാൻ സാധിക്കാത്ത ചില കാര്യങ്ങളുണ്ട്. ദോശയോ അപ്പമോ ചുട്ടെടുക്കാൻ കഴിയില്ല. ചായ തനിയെ ഉണ്ടാക്കാനും ബുദ്ധിമുട്ടാണ്. 2011–ൽ കാഴ്ച പൂർണമായും നഷ്ടപ്പെട്ടപ്പോഴേക്കും ജാസ്മിന്റെ വിരൽത്തുമ്പിൽ ജീവിതതാളം ഭദ്രമായി.
മറ്റൊരു വേദന
ജാസ്മിന്റെ ജീവിതത്തിൽ മറ്റൊരു രോഗാവസ്ഥ കൂടി ഉണ്ടായത് 2005 ലാണ്. മോന് ആഹാരം നൽകുമ്പോൾ പെട്ടെന്നു മുഖത്തിന്റെ വലതുവശത്തായി വലിയ ഇടിമിന്നൽ പോലെ എന്തോ പതിക്കുന്നതായി ജാസ്മിനു തോന്നി. മുഖത്ത് എന്തോ ഒഴുകുന്നതു പോലെ. അതിഭീകരമായ വേദന. ഡെന്റിസ്റ്റിനെ കാണിച്ചു. കുഴപ്പമൊന്നും ഇല്ലെന്നു പറഞ്ഞു, വീണ്ടും അതുപോലെ വേദന ഉണ്ടായി. ന്യൂറോളജിസ്റ്റ് ട്രൈജെമിനൽ ന്യൂറാൽജിയ ആണെന്നു സ്ഥിരീകരിച്ചു. അതു കൂടെക്കൂടെ ഉണ്ടായി. തണുപ്പേറ്റാലോ, മുഖത്തു കാറ്റടിച്ചാലോ വേദന വരുമായിരുന്നു. വലിയൊരു ഭയം ജാസ്മിന്റെ മനസ്സിൽ നിറഞ്ഞകാലമായിരുന്നു അത്. ജോലി ചെയ്യാനാകാതെ വന്നതിനാൽ നെയ്യപ്പ നിർമാണം കുറച്ചുകാലത്തേക്കു നിർത്തിവച്ചു. രണ്ടു വർഷത്തോളം മരുന്നു കഴിച്ച ശേഷമാണു വേദനയ്ക്ക് ആശ്വാസം ലഭിച്ചത്. മകൻ അപ്പൂസിന് 15–16 വയസ്സുവരെ ഒട്ടേറെ ചികിത്സകൾ നടത്തി. ഫിസിയോതെറപ്പി പോലുള്ളവ കുഞ്ഞിനെ ബുദ്ധിമുട്ടിക്കുന്നു എന്നു മനസ്സിലാക്കി ചികിത്സ നിർത്തി. മകന്റെ രോഗാവസ്ഥ ഉൾക്കൊണ്ടു ദൈവത്തിൽ ആശ്രയിച്ചു മുൻപോട്ടു പോകാം എന്നു തീരുമാനിച്ചു.
കാഴ്ച മറഞ്ഞെങ്കിലും ജീവിതത്തിന്റെ ലയഭംഗി നിലനിർത്തിയ തന്റെ കഥ ജാസ്മിൻ വേദികളിലും പങ്കുവയ്ക്കാറുണ്ട്, പ്രചോദനാത്മകമായ ആ വാക്കുകളിലൂടെ കരുത്തു നേടുന്നവർ ഏറെയാണ്.