ഒരിക്കല്‍ സോക്രട്ടീസിന്റെയടുത്തേക്ക് ഓടിവന്ന ഒരാള്‍ തനിക്കൊരു കാര്യം പറയാനുണ്ടെന്നറിയിച്ചു. സോക്രട്ടീസ് ചോദിച്ചു- ‘പറയാന്‍ പോകുന്ന കാര്യം സത്യമാണോ?’. അത്രയ്ക്ക് ഉറപ്പില്ല - എന്നായിരുന്നു മറുപടി. അപ്പോള്‍ സോക്രട്ടീസ് ചോദിച്ചു ‘അതൊരു നല്ല കാര്യമാണോ?’. ‘അല്ല ’.- അയാള്‍ പറഞ്ഞു.
സോക്രട്ടീസ് വീണ്ടും ചോദിച്ചു ‘ഏതെങ്കിലും തരത്തില്‍ ഗുണമുള്ളതാണോ?’. അപ്പോഴും അയാളുടെ മറുപടി അറിയില്ല എന്നു തന്നെ. അത്തരത്തിലുള്ള ഒരു കാര്യമാണെങ്കില്‍ പിന്നെ പറയേണ്ടതില്ല എന്നു പറഞ്ഞു സോക്രട്ടീസ് അയാളെ ഒഴിവാക്കി എന്നാണു കഥ.
മനുഷ്യര്‍ക്കിടയിലുള്ള വര്‍ത്തമാനം വിശുദ്ധമായിരിക്കാന്‍ സോക്രട്ടീസ് ഉപയോഗിച്ചതായി പറയുന്ന അരിപ്പയായിരുന്നു ഈ മൂന്നു ചോദ്യങ്ങള്‍. ഇത്തരത്തിലൊരു അരിപ്പ നമ്മളും കൂടെക്കൊണ്ടു നടക്കണം. നടപ്പിലും എടുപ്പിലും ഉടുപ്പിലും കാട്ടുന്ന വടിവൊത്ത ജീവിതം നോക്കിയല്ല ചുറ്റുമുള്ളവര്‍ നമ്മെ വിലയിരുത്തുന്നത്. വ്യക്തിത്വത്തെയും സ്വഭാവത്തെയും നിര്‍ണയിക്കുന്നതു നമ്മുടെ സംസാരമാണ്. വർത്തമാനത്തിൽ ഉപയോഗിക്കുന്ന വാക്കുകളുടെ മണികിലുക്കമാണ്.
നാവാണു നമ്മുടെ ശത്രുവും മിത്രവും എന്നു പറയാറുണ്ട്. ബൈബിളിലെ ഒരു വാക്യമുണ്ട്്. അതിങ്ങനെയാണ് - വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍ നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്. ഇക്കാര്യത്തില്‍ ഒരു സംശയത്തിനും അടിസ്ഥാനമില്ല.
വാക്കാണ് സത്യം
നമ്മള്‍ ഉരുവിടുന്ന വാക്കുകളാണു ഹൃദയത്തിന്റെ യഥാര്‍ഥ അവസ്ഥയെ വെളിപ്പെടുത്തുന്നത്. സൗഹൃദം പുഷ്പിക്കുന്ന, സ്‌നേഹം ജ്വലിപ്പിക്കുന്ന, അന്യരെ കരുതുന്ന, കരുണ തുളുന്പുന്ന വാക്കുകള്‍ നിത്യജീവിതത്തില്‍ കണ്ടെത്തുന്പോഴാണു മറ്റുള്ളവര്‍ക്കു മുൻപിൽ ഒരു വിസ്മയ വ്യക്തിത്വമാകാന്‍ നമുക്കു കഴിയുന്നത്.
‘ഞാന്‍ ഒരു അന്ധനാണ്, എന്നെ സഹായിക്കുക’ എന്നൊരു ബോര്‍ഡ് എഴുതി ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന ഒരു ഭിന്നശേഷിക്കാരന്റെ കഥയുണ്ടല്ലോ. അയാള്‍ക്ക് എല്ലാ ദിവസവും തുച്ഛമായ തുകയാണു ലഭിച്ചിരുന്നത്. ഒരു ദിവസം അയാളുടെ ബോര്‍ഡിലെ എഴുത്ത് അതിലെ പോയ ഒരു യുവതി ഇങ്ങനെ മാറ്റിയെഴുതി - ഈ ദിവസം എത്ര സുന്ദരമാണ്. എന്നാല്‍ അതു കാണാന്‍ എനിക്കു കഴിയുന്നില്ല. ബോര്‍ഡിലെ വാക്കുകളിലുണ്ടായ ആ ചെറിയ മാറ്റം അയാളുടെ ജീവിതത്തെ മാറ്റിമറിച്ചു. ആ ബോര്‍ഡ് വായിച്ചവരെല്ലാം അയാളെ അകമഴിഞ്ഞു സഹായിച്ചു.
‘മറുപടിക്കു മുട്ടുന്പോള്‍ കുറുവടി’ എന്നത്, നമ്മുടെ സമൂഹമാധ്യമ മര്യാദയുടെ പുതിയ സമവാക്യമായിരിക്കുന്നു. സഭ്യമേത്, അസഭ്യമേത് എന്നിങ്ങനെയുള്ള അതിര്‍വരന്പുകള്‍ ചോദ്യചിഹ്നമാകുന്നു. വാക്കുകൾ നന്നാക്കാൻ ബോധപൂര്‍വമായ ശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു. ഉത്തരം മുട്ടുന്പോള്‍ കൊഞ്ഞനം കുത്തിയാൽ നമ്മുടെ വ്യക്തിത്വത്തിനെവിടെയാണു പ്രസക്തി? അതിനാല്‍, ‘നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാകണം’ എന്ന മന്ത്രം നിറഞ്ഞതാ
കട്ടെ ജീവിതം.
ജോർജ് പുളിക്കൻ
ഹ്യൂമൻ പൊട്ടൻഷ്യൽ ട്രെയിനർ
പബ്ലിക് എൻഗേജ്മെന്റ് സ്പെഷലിസ്റ്റ്
georgepulickan@gmail.com