ഒരാളെ മാനസികമായി ചൂഷണം ചെയ്യുന്നതും സ്വാധീനിക്കുന്നതുമായ ഒരുതരം മാനസിക തന്ത്രമാണ് (Psychological Manipulation) ഗ്യാസ്ലൈറ്റിങ്. ഈ തന്ത്രത്തിലൂടെ, ഒരാൾ മറ്റൊരാളിൽ സ്വന്തം ഓർമശക്തിയെയും ചിന്തകളെയും വിവേകത്തെയും കുറിച്ചു സംശയങ്ങൾ ഉണ്ടാക്കുന്നു. തങ്ങൾ കാണുന്നതോ കേൾക്കുന്നതോ അനുഭവിക്കുന്നതോ ആയ കാര്യങ്ങൾ തെറ്റാണെന്ന് ഇരയായ വ്യക്തിയെ വിശ്വസിപ്പിക്കാൻ ഗ്യാസ്ലൈറ്റ് ചെയ്യുന്നയാൾ ശ്രമിക്കുന്നു. 1938 ൽ അവതരിപ്പിച്ച, പാട്രിക് ഹാമിൽടൺ സംവിധാനം ചെയ്ത ഗ്യാസ് ലൈറ്റ് എന്ന നാടകത്തിൽ നിന്നാണ് ഗ്യാസ്ലൈറ്റിങ് എന്ന പദം ഉദ്ഭവിച്ചത്.
തിരിച്ചറിയാം
ഗ്യാസ്ലൈറ്റിങ് തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ ഇവയാണ് :
∙ നടന്ന കാര്യങ്ങൾ അല്ലെങ്കിൽ പറഞ്ഞ വാക്കുകൾ ‘ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’ എന്നോ ‘അങ്ങനെ നടന്നിട്ടില്ല’ എന്നോ പറഞ്ഞു നിഷേധിക്കുക. ∙ സ്വന്തം തെറ്റുകൾ മറയ്ക്കാൻ എതിർഭാഗത്തുള്ളയാളെ കുറ്റപ്പെടുത്തുക. ∙ മറ്റൊരാളുടെ
വിഷമങ്ങളെയോ ആശങ്കകളെയോ ‘നീ വെറുതെ ഓവർ ആയി പ്രതികരിക്കുകയാണ്’ എന്നു തള്ളിക്കളയുക.
∙ ഇരയായ വ്യക്തിക്കു സ്വന്തം ഓർമകളിലും തീരുമാനങ്ങളിലും ആത്മവിശ്വാസം നഷ്ടപ്പെടുകയും, അവർ എല്ലാത്തിനും മറ്റുള്ളവരെ മാത്രം ആശ്രയിക്കുന്ന അവസ്ഥയിലാവുകയും ചെയ്യുക.
ഗ്യാസ്ലൈറ്റിങ് പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ഉപയോഗിക്കാറുണ്ട്. വ്യക്തിബന്ധങ്ങളിൽ, ജോലിസ്ഥലത്ത്, അല്ലെങ്കിൽ കുടുംബത്തിൽ സ്വന്തം സ്വാർഥതയ്ക്കോ നിയന്ത്രണം കൈവശപ്പെടുത്താനോ വേണ്ടിയാണ് ആളുകൾ സാധാരണയായി ഗ്യാസ്ലൈറ്റിങ് നടത്താറുള്ളത്. വ്യക്തിബന്ധങ്ങളിൽ എന്ന പോലെ തന്നെ വലിയ ഗ്രൂപ്പുകളിലും, സംഘടനകളിലും, സമൂഹത്തിലും ഗ്യാസ്ലൈറ്റിങ് ശക്തമായി ഉപയോഗിക്കപ്പെടാറുണ്ട്. ഒരു നേതാവോ, ശക്തരായ ഒരു വിഭാഗമോ ഒരു ഗ്രൂപ്പിലെ മുഴുവൻ ആളുകളുടെയും ചിന്തകളെയും യാഥാർഥ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും മാറ്റിയെടുക്കാൻ ഈ തന്ത്രം ഉപയോഗിക്കുന്നു.
പശ്ചാത്തലം പ്രധാനം
ഗ്യാസ്ലൈറ്റിങ് നടത്തുന്ന വ്യക്തികളുടെ കുടുംബ-സാമൂഹ്യ പശ്ചാത്തലം എല്ലാവരിലും ഒരുപോലെയല്ലെങ്കിലും, മനഃശാസ്ത്ര പഠനങ്ങൾ അനുസരിച്ച് ഇവരിൽ ഭൂരിഭാഗം ആളുകളുടെയും ബാല്യകാല അനുഭവങ്ങളിലും സാമൂഹിക ചുറ്റുപാടുകളിലും ചില സമാനതകൾ കാണാറുണ്ട്. ചെറുപ്പത്തിൽ സ്വന്തം മാതാപിതാക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ കടുത്ത ഗ്യാസ്ലൈറ്റിങ്, വഞ്ചന, അല്ലെങ്കിൽ നുണകൾ നേരിട്ടവരാകാം ഇവർ. കുട്ടിക്കാലത്തു കടുത്ത നിയന്ത്രണങ്ങൾ അനുഭവിക്കുകയോ, അല്ലെങ്കിൽ അവഗണിക്കപ്പെടുകയോ ചെയ്ത പശ്ചാത്തലത്തിൽ നിന്നാകാം ഇവർ വരുന്നത്. ആഗ്രഹങ്ങൾ സാധിക്കാൻ കുട്ടിക്കാലം മുതലേ നുണ പറയുകയോ മറ്റുള്ളവരെ തെറ്റിധരിപ്പിക്കുകയോ ചെയ്യേണ്ടി വന്ന സാഹചര്യം ഇവരിൽ ഈ സ്വഭാവം വളർത്തുന്നു.
മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നാൽ മാത്രം സ്നേഹം നൽകുകയും, അല്ലാത്തപക്ഷം കുറ്റപ്പെടുത്തുകയും ചെയ്യുന്ന കുടുംബങ്ങളിൽ വളരുന്ന കുട്ടികൾ സ്വന്തം തെറ്റുകൾ ഒളിക്കാനും മറ്റുള്ളവരെ കുറ്റപ്പെടുത്താനും ചെറുപ്പത്തിലേ പഠിക്കുന്നു. മാതാപിതാക്കളിൽ ആർക്കെങ്കിലും നാർസിസിസ്റ്റിക് സ്വഭാവവിശേഷങ്ങൾ ഉണ്ടെങ്കിൽ, കുട്ടികളും ആ പെരുമാറ്റരീതികൾ അനുകരിക്കാൻ സാധ്യതയുണ്ട്.
ഉയർന്ന അധികാരവും നിയന്ത്രണവും ചോദ്യം ചെയ്യപ്പെടാത്ത അന്തരീക്ഷങ്ങളിൽ വളരുന്നവർ മറ്റുള്ളവരെ അടിച്ചമർത്താൻ ഗ്യാസ്ലൈറ്റിങ് ഉപകരണമാക്കുന്നു. അരക്ഷിതാവസ്ഥയും അപകർഷതാബോധവും ഗ്യാസ്ലൈറ്റിങ്ങിലേക്കു വഴിതെളിയിക്കും. ആന്റിസോഷ്യൽ പെഴ്സണാലിറ്റി ഉള്ളവരാണു ഗ്യാസ്ലൈറ്റിങ് കൂടുതൽ ഉപയോഗിക്കുന്നതെങ്കിലും നാർസിസിസ്റ്റിക് പെഴ്സണാലിറ്റി ഡിസോഡർ, ബോർഡർലൈൻ പെഴ്സണാലിറ്റി ഡിസോഡർ തുടങ്ങിയ വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളവരും ഇത് ഉപയോഗിക്കുന്നുണ്ട്. വ്യക്തിത്വ വൈകല്യങ്ങൾ ഒന്നും ഇല്ലാത്ത സാധാരണ ആളുകളും സ്വന്തം തെറ്റുകളിൽ നിന്നോ ഉത്തരവാദിത്തങ്ങളിൽ നിന്നോ രക്ഷപ്പെടാൻ പറയുന്ന നുണകളും ന്യായീകരണങ്ങളും ഗ്യാസ്ലൈറ്റിങ്ങായി മാറാറുണ്ട്.
എങ്ങനെ കൈകാര്യം ചെയ്യാം ?
∙ നീ ഓവർ ആയി ചിന്തിക്കുകയാണ്’, ‘ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’ എന്നിങ്ങനെയുള്ള സ്ഥിരം വാക്കുകൾ കേൾക്കുന്പോൾ തന്നെ അവർ നിങ്ങളെ ഗ്യാസ്ലൈറ്റ് ചെയ്യുകയാണെന്നു സംശയിക്കാം. തകരാറ് നിങ്ങളുടെ ഓർമയ്ക്കോ ബുദ്ധിക്കോ അല്ല, മറിച്ച് അവരുടെ പെരുമാറ്റത്തിനാണെന്നു മനസ്സിലാക്കുക.
∙ സംഭാഷണങ്ങളുടെയും നടന്ന സംഭവങ്ങളുടെയും തെളിവുകൾ (മെസേജ്, ഇമെയിൽ, വോയ്സ് നോട്സ്) സൂക്ഷിക്കുക. പ്രധാനപ്പെട്ട കാര്യങ്ങൾ നടന്ന ഉടൻ തന്നെ ഡയറിയിലോ ഫോണിലോ തീയതിയും സമയവും സഹിതം കുറിച്ചു വയ്ക്കുക.
∙ അവർ പറയുന്ന നുണകൾക്കു മുൻപിൽ സ്വന്തം ഭാഗം ന്യായീകരിക്കാൻ ശ്രമിക്കരുത്. ‘നിനക്ക് അങ്ങനെ തോന്നാം, പക്ഷെ എന്റെ ഓർമ ഇതാണ്’, ‘നമുക്ക് ഈ വിഷയത്തിൽ രണ്ട് അഭിപ്രായമുണ്ട്’ എന്നു പറഞ്ഞ് തർക്കം അവസാനിപ്പിക്കുക,
∙ വ്യക്തിപരമായ അതിരുകൾ വ്യക്തമാക്കുക. ‘എന്നോടു സംസാരിക്കുമ്പോൾ ശബ്ദമുയർത്തുകയോ അധിക്ഷേപിക്കുകയോ ചെയ്താൽ ഞാൻ ഈ സംഭാഷണം അവസാനിപ്പിക്കും’ എന്നു പറയുകയും അതു നടപ്പിലാക്കുകയും ചെയ്യുക.
∙ ഗ്യാസ്ലൈറ്റ് ചെയ്യുന്നവർ നിങ്ങളെ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്താൻ ശ്രമിക്കും. അതിനാൽ നിങ്ങൾക്കു വിശ്വാസമുള്ള സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും കാര്യങ്ങൾ തുറന്നുപറയുക.
∙ ഇത്തരക്കാരുമായി ഇടപെടേണ്ടി വരുന്പോൾ വളരെ വിരസമായി, ഒരു വൈകാരിക പ്രതികരണവും നൽകാതെ പ്രതികരിക്കുക. ടോക്സിക് ബന്ധമാണെങ്കിൽ, നിങ്ങളുടെ മാനസികാരോഗ്യത്തിനായി ആ വ്യക്തിയിൽ നിന്നു പൂർണമായി അകലം
പാലിക്കുക (No Contact).
ഡോ. സാനി വർഗീസ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ഗവ. മാനസികാരോഗ്യ കേന്ദ്രം
തിരുവനന്തപുരം