ഇരുപത്തിനാലുകാരിയായ മകളെക്കുറിച്ച് അമ്മയ്ക്കുള്ള സ്ഥിരം പരാതി- “എന്നും രാവിലെ ഞാൻ ലോകത്തിലെ ഏറ്റവും മികച്ച അമ്മയാണ്. പക്ഷേ, വൈകുന്നേരത്തോടെ ഞാൻ അവളുടെ ജീവിതം നശിച്ചതിന്റെ മുഖ്യ കാരണവും. ആ പകലിൽ
വിശേഷിച്ച് ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽപ്പോലും.”
ഒരു ഭർത്താവ് പറയുന്നു: “ഒരു മെസ്സേജിനു മറുപടി കൊടുക്കാൻ ഞാൻ 20 മിനിറ്റു വൈകിയാൽ ഉടനെ അവൾ ആലോചിച്ചു കൂട്ടും, ഞാൻ അവളെ ഒഴിവാക്കാൻ പോവുകയാണ് എന്ന്. എന്നിട്ടു വായിൽ തോന്നിയതൊക്കെ പറയും. രണ്ടു മണിക്കൂർ കഴിഞ്ഞാലാവട്ടെ, കരച്ചിലിന്‍റെയും മാപ്പുപറച്ചിലിന്‍റെയും തിരക്കും.”
ഇപ്പറഞ്ഞ പെരുമാറ്റങ്ങളെ ഡ്രാമ, അഡ്ജസ്റ്റ്‌മെന്‍റ് ഇഷ്യൂ, മുൻശുണ്ഠി, മൂഡ് വേരിയേഷൻ എന്നൊക്കെ വിളിക്കാം. എന്നാല്‍ ഇത്തരം ലക്ഷണങ്ങളുള്ളവരുടെ യഥാര്‍ഥ പ്രശ്നം ബോർഡർലൈൻ പെഴ്സണാലിറ്റി ഡിസോഡർ (ബിപിഡി) എന്ന വ്യക്തിത്വരോഗമാകാം.
ബാധിക്കപ്പെടുന്പോൾ
പ്രധാനപ്പെട്ട നാലു മേഖലകള്‍ - വികാരങ്ങൾ, ബന്ധങ്ങൾ, സ്വന്തം വ്യക്തിത്വത്തെയും സ്വത്വത്തെയും കുറിച്ചുള്ള ബോധം, ആത്മനിയന്ത്രണം - ഈ രോഗാവസ്ഥയിൽ ബാധിക്കപ്പെടുന്നുണ്ട്. അസ്ഥിരതയാണ് പ്രധാന പ്രശ്നം. വ്യക്തി എപ്പോഴും സങ്കടപ്പെട്ടോ ദേഷ്യപ്പെട്ടോ ഇരിക്കില്ല. മറിച്ച്, വൈകാരിക നിലയില്‍ അതിശീഘ്രമുള്ള തീവ്രമായ വ്യതിയാനങ്ങള്‍ ദൃശ്യമാകാം. അതൊന്നു തണുക്കാൻ ഏറെ സമയമെടുക്കുകയും ചെയ്യാം.
പെണ്ണിലും ആണിലും
സമൂഹത്തിൽ ഒന്നു മുതൽ മൂന്നുവരെ ശതമാനം പേരെ ബിപിഡി ബാധിക്കുന്നുണ്ട്. ചികിത്സക്കെത്തുന്നവരില്‍ ബിപിഡി കാണപ്പെടുന്നതു കൂടുതലും സ്ത്രീകളിലാണ്. എന്നാല്‍ പൊതുജനങ്ങള്‍ക്കിടയിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നതു സ്ത്രീപുരുഷന്മാരില്‍ അതിന്‍റെ നിരക്കില്‍ വലിയ അന്തരമില്ല എന്നാണ്. പുരുഷന്മാരിൽ കോപാധിക്യം, അമിത മദ്യപാനം, ലഹരിയുപയോഗം തുടങ്ങിയ ലക്ഷണങ്ങളായിരിക്കാം മുൻപിൽ നിൽക്കുന്നത്. അതിനാൽ ബിപിഡി തിരിച്ചറിയപ്പെടാതെ, ആല്‍ക്കഹോളിസം, വിഷാദരോഗം, ആന്‍റിസോഷ്യൽ പെഴ്സണാലിറ്റി ഡിസോഡർ തുടങ്ങിയ മറ്റു രോഗങ്ങള്‍ നിർണയിക്കപ്പെടാനുള്ള സാധ്യത കൂടുന്നുണ്ട്.
വളർന്ന സാഹചര്യം
ഒട്ടേറെ ഘടകങ്ങൾ ഒത്തുചേർന്നാണ് ബിപിഡി സംജാതമാകുന്നത്. ശാരീരിക സവിശേഷതകള്‍ക്കൊപ്പം വളർന്നുവന്ന സാഹചര്യങ്ങള്‍ക്കും ജീവിക്കുന്ന ചുറ്റുപാടുകള്‍ക്കും ഇവിടെ പ്രസക്തിയുണ്ട്. കുട്ടിക്കാലത്തു വികാരങ്ങളെ
നിരന്തരം അവഗണിക്കുകയോ പരിഹസിക്കുകയോ അവയുടെ പേരില്‍ ശിക്ഷിക്കുകയോ ചെയ്യുന്ന കുടുംബാന്തരീക്ഷമുണ്ടാകുന്നതു വികാരങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവിനെ ബാധിക്കുകയും ബിപിഡിയ്ക്കു സാധ്യത കൂട്ടുകയും ചെയ്യാം. ഇത്തരം ചരിത്രമില്ലാത്തവരിലും ബിപിഡി കാണാം.
എങ്ങനെ തിരിച്ചറിയാം?
താഴെ നൽകിയിരിക്കുന്ന ഒൻപതു ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും വ്യക്തിജീവിതത്തെ സാരമായി ബാധിക്കുന്ന രീതിയിൽ നിലനിൽക്കുന്നുണ്ടെങ്കിൽ ബിപിഡി സംശയിക്കാം.
1. ബന്ധങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടാതിരിക്കാനുള്ള കഠിനപ്രയത്നങ്ങൾ: ഇതു ശരിക്കുമുള്ള അവഗണനയെക്കുറിച്ചോ ചുമ്മാ സങ്കൽപിച്ചുകൂട്ടുന്നവയെക്കുറിച്ചോ ആകാം.
2. അതിതീവ്രവും ക്ഷണികവുമായ ബന്ധങ്ങൾ : ഒരാളെപ്പറ്റി ചില സമയത്തു വളരെ നല്ല അഭിപ്രായവും വേറെ നേരത്ത് അവർ ഏറ്റവും മോശക്കാരാണ് എന്ന ചിന്താഗതിയും മാറിമാറി വരിക.
3. തന്നെത്തന്നെക്കുറിച്ചുള്ള തിരിച്ചറിവിന്‍റെ കുറവ് : “ആരാണ് ഞാൻ എന്നതിനെപ്പറ്റി എനിക്കു തന്നെ നിശ്ചയമില്ല” എന്ന ധാരണ നിലനിൽക്കുക. മൂല്യങ്ങളും ലക്ഷ്യങ്ങളും താൽപര്യങ്ങളുമൊക്കെ ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുക.
4. കാര്യമായി ബാധിക്കുന്ന, രണ്ടു മേഖലകളിലെങ്കിലും, എടുത്തുചാട്ടം പ്രകടമാവുക : ഉദാ: മുന്നാലോചനയില്ലാതെ പണം ചെലവാക്കുക, നിയന്ത്രണമില്ലാതെ വണ്ടിയോടിക്കുക, അമിതമായി മദ്യമോ ലഹരിയോ ഉപയോഗിക്കുക, മുൻപിൻ
നോക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുക,
5. സ്വയം ഉപദ്രവിക്കൽ, ആത്മഹത്യയെക്കുറിച്ച് ആവര്‍ത്തിച്ചുള്ള സൂചനകളും ഭീഷണികളും.
6. വൈകാരികനില പൊടുന്നനെ, ഇടയ്ക്കിടെ മാറിമറിയുക : കടുത്ത ദേഷ്യമോ ടെൻഷനോ മണിക്കൂറുകളോളം, ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം വരെ, നിലനിൽക്കുക.
7. സദാ ഒരു ശൂന്യതാബോധം നിലനിൽക്കുക.
8. ഒച്ചവയ്ക്കുക, സാധനങ്ങൾ വലിച്ചെറിയുക, അനന്തരം കടുത്ത കുറ്റബോധം തോന്നുക.
9. മറ്റുള്ളവര്‍ സംസാരിക്കുന്നതു തന്നെക്കുറിച്ചാണ്, അവര്‍ തന്നെ ഉപദ്രവിക്കാന്‍ നോക്കുകയാണ് എന്നൊക്കെയുള്ള സംശയങ്ങള്‍.
മനശ്ശാസ്ത്ര ചികിത്സ
സൈക്കോതെറപ്പി (മനശ്ശാസ്ത്ര ചികിത്സ) ഫലപ്രദമാണെന്നു പഠനങ്ങൾ തെളിയിക്കുന്നു. ആത്മഹത്യാ പ്രവണതയും ചിന്തകളും കുറയ്ക്കുന്നതിലും സൈക്കോതെറപ്പി കുറേയൊക്കെ വിജയിക്കുന്നുണ്ട്. മിക്ക പഠനങ്ങളും സ്ത്രീകളിലായിരുന്നു എന്ന പരിമിതിയുണ്ട്.
ഡയലക്ടിക്കൽ ബിഹേവിയർ തെറപ്പി (ഡിബിറ്റി) എന്ന സൈക്കോതെറപ്പിയാണ് ഏറ്റവും ഗവേഷണ വിധേയമായിട്ടുള്ളത്. പ്രായോഗികമായ ഒട്ടേറെ കഴിവുകള്‍ പകർന്നു കൊടുക്കുകയാണ് ഇതിന്റെ രീതി. പ്രധാനമായും നാലു കാര്യങ്ങള്‍ക്കാണ് ഊന്നല്‍ കിട്ടുന്നത്:
1. മൈൻഡ്‌ഫുൾനസ്: ഒരു വികാരം അനുഭവപ്പെടുമ്പോള്‍ അതിന്‍റെ പേരിൽ ഉടനടി എടുത്തുചാടി പ്രവർത്തിക്കാതെ, ‘ഇപ്പോൾ എനിക്കു തോന്നുന്നത് എന്താണ്?’ എന്ന്, സ്വയം കുറ്റപ്പെടുത്താതെ, ശ്രദ്ധിക്കാനും തിരിച്ചറിയാനുമുള്ള പരിശീലനം.
2. മനോവൈഷമ്യങ്ങളെ നേരിടാൻ ക്ഷമത വർധിപ്പിക്കുക: ഒഴിവാക്കി വിടുകയോ ഉടനടി പരിഹരിക്കുകയോ സാധ്യമല്ലാത്ത പ്രശ്ന സാഹചര്യങ്ങളിൽ, ഉള്ളിലുയരുന്ന വൈഷമ്യത്തോടു പൊരുത്തപ്പെടാനും കാര്യങ്ങൾ വഷളാക്കുന്ന പ്രതികരണങ്ങൾ ഒഴിവാക്കാനുമുള്ള പരിശീലനം.
3. വികാരനിയന്ത്രണം: സങ്കടമോ ദേഷ്യമോ ആധിയോ അമിതമാകുമ്പോൾ അതു തിരിച്ചറിയാനും അവ അമിതമാകാതെ കാക്കാനും അവയുടെ തീവ്രത കുറയ്ക്കാനുമുള്ള പരിശീലനം.
∙ മറ്റുള്ളവരോടു ഫലപ്രദമായി ഇടപെടാനുള്ള കഴിവു വർധിപ്പിക്കുക: തനിക്കു വേണ്ട കാര്യങ്ങൾ ബഹുമാനത്തോടെ തന്നെ മറ്റുള്ളവരോട് ആവശ്യപ്പെടാനും, ‘പറ്റില്ല’ എന്നു പറയേണ്ടിടത്തു മറ്റെയാളെ മുഷിപ്പിക്കാതെതന്നെ അതു ചെയ്യാനും ഒക്കെയുള്ള പരിശീലനം.
ഡിബിറ്റിയ്ക്ക് ആറുമാസം മുതൽ ഒരു വർഷം വരെ എടുക്കാം. ഇതിനു പുറമേ, മെന്‍റലൈസേഷൻ-ബേസ്ഡ് തെറപ്പി, ട്രാൻസ്ഫറൻസ്-ഫോക്കസ്ഡ് സൈക്കോതെറപ്പി, സ്കീമ തെറപ്പി തുടങ്ങിയവയും ഉപയോഗിക്കാറുണ്ട്. മരുന്നുകൾ ബിപിഡിയുടെ അടിസ്ഥാന ലക്ഷണങ്ങള്‍ക്കു ഫലപ്രദമല്ല. അമിതകോപം, ഉറക്കക്കുറവ് തുടങ്ങിയ ചില ലക്ഷണങ്ങളെ തല്‍ക്കാലം നിയന്ത്രണവിധേയമാക്കാനും വിഷാദം, ഉത്കണ്ഠ തുടങ്ങിയ സഹരോഗങ്ങള്‍ക്കും മാത്രമാണ് അവ കുറിക്കപ്പെടാറുള്ളത്. ആത്മഹത്യാ പ്രവണത അമിതമാകുന്പോൾ കിടത്തിച്ചികിത്സ ആവശ്യമാകാം.
പങ്കാളിയുടെ കരുതൽ
∙ വികാരങ്ങൾ നിയന്ത്രിക്കാനുള്ള കഴിവു കുറവ് അവരുടെ പെരുമാറ്റങ്ങൾക്ക് ഒരു വിശദീകരണമാകാം. സ്വന്തം സുരക്ഷ ഉറപ്പുവരുത്തിയിട്ടുമാത്രം ആ വ്യക്തിയെ സഹായിക്കാന്‍ ശ്രമിക്കുക.
∙ പ്രതികരിക്കേണ്ടത് അവരുടെ കുറ്റപ്പെടുത്തലുകളോടോ ആരോപണങ്ങളോടോ അല്ല, മറിച്ച് അവയ്ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്ന വികാരങ്ങളോടാണ്. ഉദാഹരണത്തിന്, “ഈയിടെയായി എന്നെ ശ്രദ്ധി ക്കുന്നേയില്ല” എന്നു പരാതിപ്പെ
ട്ടാല്‍, അത് അങ്ങനെയല്ല എന്നു വാദിച്ചു തെളിയിക്കേണ്ടതില്ല. പകരം, “നിനക്കു നല്ല വിഷമമുണ്ട് എന്നെനിക്കു മനസ്സിലാക്കാനാകുന്നുണ്ട്” എന്ന മറുപടിയാവും ഉചിതം. അല്ലാതെ, “അങ്ങനെയല്ല, കഴിഞ്ഞമാസം ഞാൻ ഇങ്ങനെ ചെയ്തില്ലേ?” എന്നു ചോദിക്കാൻ ചെല്ലുന്നതു പ്രശ്നം വഷളാക്കാം.
∙ അതിര്‍വരന്പുകൾ, ശാന്തതയുള്ള വേളകളില്‍ മുൻകൂട്ടി നിശ്ചയിച്ചിടുക; അല്ലാതെ വഴക്കുകൾക്കിടയിൽ അല്ല. “ഇങ്ങനെ ഒച്ചവയ്ക്കുന്ന ഒരാളുമായി ഞാന്‍ ഒരു ചർച്ചയ്ക്കില്ല. ഞാൻ പുറത്തുപോവുകയാണ്. അരമണിക്കൂർ കഴിഞ്ഞ് തിരിച്ചുവരും” എന്നു പറയുകയും അതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യാം.
∙ വഴക്കു നിര്‍ത്തിക്കാൻ വേണ്ടി “ഞാൻ ബന്ധം വിച്ഛേദിച്ചു പോകും” എന്നു ഭീഷണി മുഴക്കരുത്. അത് അവരുടെ ഭീതികളെ പിന്നെയും വഷളാക്കുകയേ ഉള്ളൂ, അതുവഴി പ്രശ്നങ്ങളെയും. വഴക്കുകളുടെ ഇടയ്ക്ക് പ്രാധാന്യമുള്ള തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുക.
∙ ആത്മഹത്യയെയോ സ്വയം ഉപദ്രവിക്കുന്നതിനെയോ കുറിച്ചു പറയുന്നെങ്കിൽ, ഓരോ തവണയും അതു ഗൗരവത്തിൽത്തന്നെ എടുക്കുക. പക്ഷേ പ്രതികരിക്കുന്നതു ഞെട്ടലോടെയല്ല, ശാന്തതയോടെ വേണം. അപകടസാധ്യത കൂടുതലാണ് എന്നു തോന്നുന്നെങ്കിൽ അടിയന്തര സഹായം തേടുക.
∙ സ്വന്തം മാനസികാരോഗ്യം കൂടി ശ്രദ്ധിക്കുക.
ഡോ. ഷാഹുൽ അമീൻ
സൈക്യാട്രിസ്റ്റ്
സെന്റ് തോമസ് ഹോസ്പിറ്റൽ, ചങ്ങനാശേരി