ADVERTISEMENT

അബോധനിദ്രയിൽ നിന്ന് ജെറിൻ മെല്ലെ ഉണർന്നു. കൺമുൻപിൽ പരിചിതമായ മുഖങ്ങളെല്ലാം അപരിചിതമായ നിഴൽരൂപങ്ങൾ മാത്രം. അമ്മയെപ്പോലും തിരിച്ചറിയാനാകാതെ പോയ കഠിനകാലം. ആശുപത്രി കിടക്കയിൽ ബോധാബോധത്തിന്റെ അതിരുകൾ മാഞ്ഞുപോയ നാലുമാസങ്ങളാണു കടന്നു പോയത്. മറവിയും മൗനവും ശൂന്യതയും ജീവിതത്തെ ഇരുളിലാഴ്ത്തിയെങ്കിലും, തിരികെ വരണമെന്ന് ജെറിൻ ആഗ്രഹിച്ചു. അങ്ങനെ ജീവിതത്തിലേക്കു ചെറുചുവടുകൾ വച്ചു. അക്ഷരങ്ങളുടെ കൈകൾ പിടിച്ച് അനുഭവങ്ങളെ കവിതകളായി കുറിച്ചു.

ആ യാത്രയിൽ

ADVERTISEMENT

കോഴഞ്ചേരിക്കടുത്തു പുല്ലാട് ബിജിഭവനിൽ, ബിജി വർഗീസിന്റെയും ജൂബിയുടെയും ഏക മകൻ ജെറിൻ ജോസഫ് എബ്രഹാമിന്റെ ജീവിതത്തെ ഉലച്ചു കളഞ്ഞത് ഒരു അപകടമായിരുന്നു. ബിജി യുകെയിലാണു ജോലി ചെയ്യുന്നത്. അമ്മ ജൂബിയ്ക്കും വല്യമ്മയ്ക്കും ഒപ്പം കഴിയുന്ന ജെറിൻ പഠനത്തിൽ സമർഥനായിരുന്നു. വായനയെ സ്നേഹിക്കുന്ന, കവിത എഴുതുന്ന മിടുക്കൻ കുട്ടി. 2023. മാർച്ച് 6. പ്ലസ് ടു പരീക്ഷയ്ക്ക് ഒരാഴ്ച മാത്രം. പഠനത്തിരക്കിനിടെ റിലാക്സ് ചെയ്യുന്നതിന് ഒരു സിനിമ കാണണമെന്നു തോന്നി. അങ്ങനെ തിയറ്ററിലേക്ക് സ്കൂട്ടറിൽ യാത്ര തിരിച്ചതാണ്. കുമ്പനാട് എത്തിയപ്പോൾ അതിവേഗത്തിൽ വന്ന ഒരു പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ചു. ആ ആഘാതത്തിൽ ജെറിൻ റോഡിലേക്കു തലയടിച്ചു വീണു. ബോധമറ്റു രക്തം വാർന്നുകിടന്ന ജെറിനെ പിന്നാലെ വന്ന കാറിലെ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പക്ഷേ ജെറിന്റെ അവസ്ഥ അതീവഗുരുതരമായിരുന്നു. അവിടെ നിന്നു തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലേക്കു മാറ്റി. മസ്തിഷ്കത്തിൽ രക്തസ്രാവം തുടങ്ങിയിരുന്നു.തോളിലെ ഒടിവു കൂടാതെ ഒട്ടേറെ ഒടിവുകളും പരുക്കുകളും ഉണ്ടായിരുന്നു. അതിവേഗത്തിൽ അശ്രദ്ധമായി വന്ന ആരുടെയോ പിഴവു കൊണ്ട് ജെറിൻ കോമ എന്ന അബോധനിദ്രയിലായി.

വെല്ലൂരിലേയ്ക്ക്

ജെറിന്റെ അവസ്ഥ ഗുരുതരമാണെന്നും ജീവിതത്തിലേക്കു തിരികെ വരാനുള്ള സാധ്യത പോലും വളരെ കുറവാണെന്നും ഡോക്ടർമാർ ജൂബിയെ അറിയിച്ചു. എത്രയും പെട്ടെന്നു ബിജിയെ അറിയിക്കണം എന്നു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ബിജി നാട്ടിലെത്തി. ഹൃദയം തകർന്ന ആ മാതാപിതാക്കൾ മകന്റെ ജീവനും ജീവിതത്തിനു വേണ്ടി സാധ്യമായതെല്ലാം ചെയ്യാൻ തീരുമാനിച്ചു. അണമുറിയാത്ത കണ്ണീരിനൊപ്പം പ്രാർഥനയുടെ തിരിനാളങ്ങൾ തെളിച്ചു. പുഷ്പഗിരിയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം വിദഗ്ധചികിത്സയ്ക്കായി ജെറിനെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലേക്കു മാറ്റി. ജെറിൻ ഗുരുതരാവസ്ഥ മറികടന്നു ബോധം വീണ്ടെടുക്കുന്നതു വരെ അവിടെ ക്രിട്ടിക്കൽ കെയറിൽ ചികിത്സ തുടർന്നു. ഒാക്സിജൻ മാസ്കും യൂറിൻ ബാഗുമൊക്കെയായി പൂർണമായും കിടക്കയിലമർന്ന കാലം. ജൂബിയുടെയും ബിജിയുടെയും കുടുംബത്തിന്റെയും പ്രാർഥനകൾ ജെറിനു കാവൽ നിന്നു. ചികിത്സ ഫലപ്രദമായി. ‘‘ആ സമയത്ത് ഞങ്ങൾ നന്നായി പ്രാർഥിച്ചു. പിടിച്ചു നിൽക്കാനുള്ള ശക്തി എങ്ങനെ ലഭിച്ചെന്ന് അറിയില്ല. ദൈവത്തിൽ വിശ്വസിച്ചു, ഞങ്ങൾ തളർന്നാൽ അവനെ നോക്കാൻ ആരുമില്ല’’– ജൂബി ഒാർമിക്കുന്നു.

മറവിയുടെ മൂടൽമഞ്ഞ്

ജെറിൻ കോമയിൽ നിന്നുണർന്നു. പക്ഷേ അതു പഴയ ജെറിനായിരുന്നില്ല. ഒാർമകൾ നഷ്ടപ്പെട്ടിരുന്നു. ശബ്ദം ഇല്ല. സംസാരിക്കാൻ അറിയാതെ വാക്കുകൾ പരതിയപ്പോൾ ഭാഷ മറന്നുവെന്ന യാഥാർഥ്യം വെളിപ്പെട്ടു. അമ്മയെപ്പോലും തിരിച്ചറിയാനാകാതെ, ആരെന്നും എന്തെന്നും അറിയാതെ മറവിയുടെ മൂടൽമഞ്ഞിലേക്ക്. എഴുതിയതെല്ലാം മാഞ്ഞുപോയ ഒരു കടലാസു പോലെയായിരുന്നു ആ മനസ്സ്. വെല്ലൂരിലെ റീഹാബിലിറ്റേഷൻ സെന്ററിലായിരുന്നു ജെറിന്റെ തുടർചികിത്സകൾ.

2025ന്റെ ആദ്യഘട്ടത്തിൽ ജെറിന് വീൽ ചെയറിൽ ഇരിക്കാമെന്നായി. ശരീരത്തിന് അത്യാവശ്യം ചലനശേഷി ലഭിച്ചു. ജെറിനു ശ്വാസം നിയന്ത്രിക്കാൻ കഴിയില്ലായിരുന്നു. ആഹാരം കഴിക്കാനും ചവയ്ക്കാനും വിഴുങ്ങാനും അറിയില്ലായിരുന്നു. അങ്ങനെ ജീവിതത്തിലെ അടിസ്ഥാനകാര്യങ്ങളെല്ലാം ഒരു കുഞ്ഞിനെയെന്ന പോലെ ആദ്യം മുതൽ പരിശീലിപ്പിച്ചു. ഒരു ശിശു വളർച്ചയുടെ നാഴികക്കല്ലുകൾ കടന്നുവരുന്നതു പോലെ ജെറിനും ജീവിതത്തിലേക്കു മെല്ലെ പിച്ച വച്ചു. ആരെയും മനസ്സിലാകാത്ത അവസ്ഥയിൽ നിന്നു പതിയെ ഓർമയുടെ ചെറുശകലങ്ങൾ തിരിച്ചുവന്നു. ആദ്യം തിരിച്ചറിഞ്ഞത് അമ്മയുടെ അമ്മയെയായിരുന്നു. പിന്നീട് വല്യമ്മ ജെറിന് അമ്മയെക്കുറിച്ചു പറഞ്ഞുകൊടുത്തു. അങ്ങനെയാണ് ജൂബിയെ തിരിച്ചറിഞ്ഞത്. ഒാർമകൾ തിരികെ വന്നെങ്കിലും ആദ്യകാല അനുഭവങ്ങളിൽ പലതും ജെറിന് വ്യക്തമായി ഓർമയില്ല. വെല്ലൂരിലെ ആശുപത്രിവാസം അഞ്ചുമാസത്തോളം നീണ്ടു. ചികിത്സയ്ക്കൊപ്പം ഫിസിയോതെറപ്പി സ്പീച്ച് തെറപ്പി, ഒക്യുപേഷനൽ തെറപ്പി പോലെ പലതരം തെറപ്പികളും തുടർന്നു.ജെറിന്റെ അവസ്ഥ പ്രകടമായി മെച്ചപ്പെട്ടു തുടങ്ങി. ഫിസിയോതെറപ്പിയിലൂടെ ബലക്ഷയം സംഭവിച്ച പേശികൾ ശക്തി ആർജിച്ചു. അപകടം കഴിഞ്ഞ് ഒരു വർഷത്തിലേറെ കാലം കൊണ്ടാണ് ജെറിന് പതുക്കെ എഴുന്നേറ്റു നിൽക്കാനും നടക്കാനും സാധിച്ചത്. വോക്കറിന്റെ സഹായത്തോടെ ജെറിൻ നടന്നു തുടങ്ങി.

ഒാർമകൾ നൽകിയ സങ്കടം

jerinfamily

വെല്ലൂരിൽ നിന്നു വീട്ടിലേക്കു മടങ്ങിയെങ്കിലും ചികിത്സ അവസാനിച്ചിരുന്നില്ല. പുഷ്പഗിരി മെഡിക്കൽ കോളജിൽ തുടർചികിത്സ ആരംഭിച്ചു. ന്യൂറോ സർജൻ രാജു പോൾ മാഞ്ഞൂരാനെയാണ് ഫോളോഅപ് ചികിത്സയ്ക്കായി കൺസൽറ്റു ചെയ്യുന്നത്. ആറുമാസം കൂടുമ്പോഴാണ് കൺസൽറ്റേഷൻ. ആദ്യകാലങ്ങളിൽ ഫിസിയോതെറപ്പിസ്റ്റ് വീട്ടിലെത്തി തെറപ്പി നൽകിയിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു മാസം മുൻപാണ് വീട്ടിലെത്തിയുള്ള ഫിസിയോതെറപ്പി നിർത്തിയത്. ഇപ്പോൾ നിർദേശിച്ച വ്യായാമങ്ങളും വർക്കൗട്ടുകളും ജെറിൻ വീട്ടിൽ തന്നെ കൃത്യമായി തുടരുന്നു. ഒാർമ തിരികെ ലഭിച്ചപ്പോൾ നിലവിലുള്ള തന്റെ ശാരീരികാവസ്ഥ ജെറിനെ വിഷമിപ്പിച്ചു. ഒാടിക്കളിച്ചു നടന്ന കാലം അകന്നു പോയി എന്ന യാഥാർഥ്യം മനസ്സിൽ വേദനയായി. എണീക്കാനും നടക്കാനും ഒരാളുടെ സഹായം വേണം, മുൻപു ചെയ്തിരുന്ന പല കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നില്ല. മനസ്സു തളർന്നു പോകുന്ന ഘട്ടത്തിൽ ജെറിന്റെ പരിഭവങ്ങളെല്ലാം ജൂബി കേട്ടിരിക്കും. എല്ലാം ശരിയാകുമെന്നു പറഞ്ഞ് ആശ്വസിപ്പിക്കും. അമ്മയുടെ സാന്ത്വനവാക്കുകൾ ജെറിന് ഉൗർജമേകും. വോക്കർ ഉപയോഗിച്ചു നടക്കുന്നതിനൊപ്പം ജെറിൻ സ്‌റ്റിക്കും ഉപയോഗിക്കുന്നുണ്ട്. വീട്ടിൽ വീൽചെയർ ഉപയോഗവും തുടരുന്നു. തനിയെ നടക്കാൻ ജെറിനു കഴിയുമെങ്കിലും സുരക്ഷയ്ക്കായി ഒരാൾ കൂടെ വേണം. കാരണം ജെറിന്റെ വലതുകാലിലെ പേശികൾക്ക് ഇപ്പോഴും അൽപം ബലക്കുറവുണ്ട്. നടക്കുന്നതിനിടെ കാൽ ഉയർത്തി വയ്ക്കുമ്പോൾ ചിലപ്പോൾ ശരിയായി വയ്ക്കാനാകാതെ വരാം. അങ്ങനെ വീഴാനുള്ള സാധ്യതയുണ്ട്. അതു കൊണ്ട് ആരെങ്കിലും എപ്പോഴും ജെറിന്റെ കൂടെയുണ്ടാകുമെന്നു ജൂബി പറയുന്നു. അധികം വൈകാതെ ജെറിൻ പൂർണസൗഖ്യത്തിലേക്ക് എത്തുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

പഠനത്തിലേക്ക്

പ്ലസ് ടൂ പരീക്ഷ എഴുതാൻ ജെറിനു കഴിഞ്ഞിരുന്നില്ല. 2025ൽ പ്ലസ് ടൂ പരീക്ഷ എഴുതി. രണ്ടു മാസത്തിനുശേഷം കോഴഞ്ചേരി സെന്റ‌ ് തോമസ് കോളജിൽ ബിഎ ഇംഗ്ലീഷ് പഠനത്തിനു ചേർന്നു. പഠിക്കാൻ ഇംഗ്ലീഷ് തിരഞ്ഞെടുത്തതിനും ജെറിന്റെ ചികിത്സാജീവിതവുമായി ബന്ധമുണ്ട്. ഓർമകൾ നഷ്ടപ്പെട്ട അവസ്ഥയിൽ വെല്ലൂരിൽ നിന്നാണല്ലോ പ്രാഥമിക പാഠങ്ങളെല്ലാം പഠിച്ചു തുടങ്ങിയത്. ABCD, one, two, three.. അങ്ങനെ അടിസ്ഥാനപാഠങ്ങളോരോന്നും വീണ്ടും അവിടെ നിന്നാണു പഠിച്ചെടുത്തത്. ഇംഗ്ലീഷിലൂടെയായിരുന്നു ആശയവിനിമയവും പഠനവുമെല്ലാം. അതുകൊണ്ട് ഇംഗ്ലീഷ് പഠിക്കാനായി തിരഞ്ഞെടുത്തു. പിന്നീടു മലയാളം മനസ്സിലാക്കാനും സംസാരിക്കാനും തുടങ്ങി. കോളജിൽ പഠിപ്പിക്കുന്ന കാര്യങ്ങളെല്ലാം ഓർമിച്ചെടുക്കുന്നതിൽ ജെറിനു ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. എങ്കിലും മികച്ച രീതിയിൽ പഠിക്കുന്നു. പരീക്ഷകളിൽ ഉയർന്ന മാർക്കുകൾ നേടുന്നു. ജൂബിയാണ് കാർ ഡ്രൈവു ചെയ്തു ജെറിനെ കോളജിലെത്തിക്കുകയും തിരികെ കൂട്ടി കൊണ്ടുവരികയും ചെയ്യുന്നത്. കോളജിലെത്തുമ്പോൾ നടക്കുന്നതിനായി സ്‌റ്റിക് ഉപയോഗിക്കും.

കവിതയുടെ ലോകം

ഹൈസ്കൂൾ കാലത്താണ് ജെറിൻ ഇംഗ്ലീഷ് കവിതകൾ എഴുതിത്തുടങ്ങിയത്. പ്ലസ് വൺ – പ്ലസ് ടു സമയത്തും കവിതയെഴുത്തു തുടർന്നു. മാനം കാണാത്ത മയിൽപ്പീലി പോലെ ആരെയും കാണിക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു ആ കവിതകൾ. കോളജിൽ ചേർന്നശേഷവും എഴുത്ത് തുടർന്നു. മുൻപ് എഴുതിയ കവിതകൾക്കൊപ്പം പുതുതായി എഴുതിയവയും കൂടി ചേർത്തതാണ് 29 കവിതകൾ അടങ്ങിയ ‘WHERE I LOST Myself – Marked by a Smile ’ എന്ന കവിതാസമാഹാരം.

‘I was slow to get up

One hand on the stick

And before I could Manage

She said

Hold my hand’ –

Hold My hand എന്ന കവിതയിലെ വരികളാണിത്. തന്നിലെ പ്രസരിപ്പുള്ള കൗമാരക്കാരനെ നഷ്ടമായതിന്റെ സൂക്ഷ്മ വ്യഥകളിൽ നിന്നു കൂടിയാണ് ഈ കവിതകളുടെ പിറവി.

മുറിവിൽ പ്രകാശമായി

ജീവിതത്തെ ഉലച്ചു കളഞ്ഞ ആ അപകടത്തിനുശേഷം തിരികെ വരാനുള്ള കരുത്ത്  മനസ്സിലുണ്ടായിരുന്നുവെന്നാണു ജെറിൻ പറയുന്നത്. “ലൈഫിൽ പെട്ടെന്ന് ഒരു സ്‌റ്റോപ് വന്നാലും അവിടെ ഒന്നും തീരുകയില്ലെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. തിരികെ വരണം, പഠിക്കണം എന്ന് ആഗ്രഹിച്ചിരുന്നു’’.

ജീവിതത്തിലെ മഹത്തായ കാര്യങ്ങളെല്ലാം കരുത്തു കൊണ്ടു മാത്രം നേടിയതെന്നു പറയാനാകില്ല.വർഷങ്ങളോളം പെയ്തുതോർന്ന കണ്ണീരും മനസ്സുലച്ച നോവുകളും അതിലൂടെയുള്ള ഒരാളുടെ സ്വച്ഛന്ദ യാത്രകളും ഉൾച്ചേർന്നതാണത്. പ്രകാശം നമ്മിലേക്കു കടന്നു വരുന്ന ഇടം മുറിവാണ് എന്നു പറയുന്നതു പോലെ. ജെറിന്റെ ജീവിതത്തിലും പ്രകാശം വന്നെത്തി. അതു മുറിവുകളിൽ സൗഖ്യമേകി.

ADVERTISEMENT