ADVERTISEMENT

 മനോഹരമായ പ്രകൃതിയും ശാന്തതയുമാണോ  വേണ്ടത്? ന്യൂസീലൻഡിലെ മുറീവയ് ബീച്ച് സന്ദർശിച്ചോളൂ. മനസ്സ് ശാന്തമാകാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്.


മുറീവയ് ബീച്ച് (Muriwai Beach)
ന്യൂസീലൻഡിന്റെ പടിഞ്ഞാറൻ തീരത്തുള്ള മനോഹരമായ മുറീവയ് ബീച്ച്, തീരദേശ സൗന്ദര്യത്തിനു പേരുകേട്ടതാണ്. ഓക്‌ലാൻഡിൽ നിന്നു 45 മിനിറ്റോളം കാറിൽ യാത്ര ചെയ്താൽ  ബീച്ചിലെത്താം. 60 കിലോമീറ്ററോളം നീളമുള്ള കോസ്റ്റ് റോഡിലൂടെ വാഹനമോടിക്കുന്നതു തന്നെ പ്രത്യേക അനുഭവമാണ്. ഒരു വശത്തു പാറക്കൂട്ടങ്ങളും മറുവശത്തു കറുത്ത മണലുമണിഞ്ഞ കടൽത്തീരവും ചേർന്നു യാത്ര അതീവ സുന്ദരമാക്കി. വഴിയരികിൽ കാണുന്ന നിരവധി വൈനറികൾ, വൈൻ പ്രേമികൾക്കു ഒഴിച്ചുകൂടാനാവാത്ത ഇടങ്ങളാണ്.

ADVERTISEMENT

ന്യൂസീലൻഡിലെ ഏറ്റവും ആകർഷകമായ ബ്ലാക്ക് സാൻഡ് സർഫ് ബീച്ചുകളിൽ ഒന്നാണു മൂറീവയ്. ഈ ബീച്ചിലെ മണലിന്റെ കറുത്ത നിറം പുരാതന അഗ്നിപർവതങ്ങളിൽ നിന്നുള്ള ഇരുമ്പിന്റെ അംശം ഉള്ളതിനാലാണ്. സർഫിങ്ങാണ് ബീച്ചിലെ പ്രധാന ആകർഷണം. വിദഗ്ധർക്കൊപ്പം, സർഫിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും മുറീവയ് ജനപ്രിയകേന്ദ്രമാണ്. കുതിര സവാരി നടത്താനും സൗകര്യമുണ്ട്.
പാരാഗ്ലൈഡിങ്ങും ഇവിടെ സജീവമാണ്. ആകാശത്തു കടൽപ്പക്ഷികൾക്കൊപ്പം ചിറകുവിരിച്ചു സഞ്ചരിക്കുമ്പോൾ, താഴെ ഭൂമിയിലെ മനുഷ്യരുടെ സംഗീതവും ചലനങ്ങളും കാണുന്നതു മറ്റൊരു ദൃശ്യവിസ്മയമായിത്തോന്നും.

രണ്ടു കിലോമീറ്ററോളം നീളമുള്ള ഈ ബീച്ച് നടന്നു കാണുന്നതു മനസ്സിനെ കുളിർപ്പിക്കും. കറുത്ത മണൽത്തീരത്തു നടക്കുന്നതിനൊപ്പം, ഗാനറ്റ് പക്ഷികളുടെ കോളനികൾ അടുത്തറിയാൻ സർക്കാർ തന്നെ രണ്ട് വ്യൂ പോയ്ന്റുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT

ഗാനറ്റുകളുടെ ലോകം
പടികൾ കയറി കുന്നിൻമുകളിലെ വ്യൂ പോയ്ന്റിലെത്തിയപ്പോൾ, കണ്ണുകൾക്കു മുന്നിൽ ഉത്സവമൊരുങ്ങി. വ്യൂ പോയ്ന്റിനോടു ചേർന്നുള്ള പാറക്കെട്ടുകളിൽ എണ്ണിയാൽ തീരാത്തത്ര ഗാനറ്റ് പക്ഷികൾ. അവയുടെ ചെറിയ കുറുകൽ ശബ്ദങ്ങളും, ഇണയെ ആകർഷിക്കാനുള്ള വിചിത്രവും മനോഹരവുമായ ശരീരചലനങ്ങളും സുന്ദരമാണ്.
തല മുന്നോട്ടു നീട്ടി, മുകളിലേക്കും താഴേക്കും അതിവേഗം ശരീരം ചലിപ്പിക്കുന്ന അവരുടെ പ്രണയനൃത്തം, കീ കൊടുക്കുമ്പോൾ നൃത്തം ചെയ്യുന്ന യന്ത്രപ്പാവകളെ ഓർമിപ്പിച്ചു.

വ്യൂ പോയ്ന്റിൽ നിന്നു താഴേക്കു നോക്കിയാൽ, നീലാകാശത്ത് ഒഴുകുന്ന വെളുത്ത മേഘങ്ങൾ വരച്ച അപൂർവചിത്രങ്ങളും താഴെ കടലിൽ പൊട്ടിച്ചിതറുന്ന തിരമാലകളുടെ വെളുപ്പും നീലയും ചേർന്നു മറ്റൊരു ആകാശം സൃഷ്ടിക്കുന്നതുപോലെ തോന്നി.
ആ കാഴ്ചകളിൽ മതിവരാതെ രണ്ടാമത്തെ വ്യൂ പോയ്ന്റിലേക്കുള്ള യാത്ര ആരംഭിച്ചു. ചെറുവനം കണ്ടുള്ള സഞ്ചാരം പോലെ തോന്നി ആ അനുഭവം. പാറക്കൂട്ടങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞ വഴിയിലൂടെ ഇറങ്ങി കടൽത്തീരത്തിലെത്തിയപ്പോൾ നിറയെ ഗാനറ്റുകളെ കണ്ടു. തൊട്ടരികെ നിന്ന് അവയെ കാണാൻ കഴിഞ്ഞു. അവയ്ക്കു മനുഷ്യരെ ഭയമുണ്ടെന്നു പോലും തോന്നിയില്ല.

MuriwaiGannetNewzealand
ADVERTISEMENT


പാറക്കൂട്ടങ്ങൾ നിറഞ്ഞ ഈ കടൽത്തീരത്തു, ചെറിയ ഗുഹകളും മുനമ്പുകളും കാണാം. പാറകളുടെ ഇടുക്കുകളിലേക്ക് തിരമാലകൾ ആർത്തലച്ചെത്തി വെണ്ണലകൾ ചിതറിച്ചു പിൻവാങ്ങുന്നു. ആ കാഴ്ച  കണ്ടുകൊണ്ട് എത്ര നേരം നിന്നുവെന്നറിയില്ല.

ADVERTISEMENT