പക്ഷിസ്നേഹികളെ കണ്ണീരിലാഴ്ത്തിയ നൈജിലിന്റെ അചഞ്ചല പ്രണയം... മുറീവയ് ബീച്ചിലെ ഗാനറ്റുകൾ ഓർമിപ്പിക്കും ആ കഥ...
Mail This Article
ന്യൂസീലൻഡിലെ ബ്ലാക്ക് സാൻഡ് സർഫ് ബീച്ചുകളിൽ ഒന്നാണു മുറീവയ്. മുറീവയ് ബീച്ചിലെ പ്രധാന ആകർഷണങ്ങളിലൊന്നാണു ഗാനറ്റ് പക്ഷികളുടെ കോളനികൾ. ബീച്ചിനോടു ചേർന്നുള്ള രണ്ടു വ്യൂ പോയ്ന്റുകളിൽ ഗാനറ്റ് പക്ഷികളുടെ കോളനികൾ അടുത്തു കാണാനാകും.
ആകാശത്തിലെ വ്യോമയോദ്ധാക്കൾ
വളരെ വിശാലമായി ചിറകുകൾ വിരിച്ചു, ബോംബർ വിമാനത്തിന്റെ ചെറിയ പതിപ്പുപോലെ, കുറേയേറെ ഗാനറ്റ് പക്ഷികൾ ഒന്നിച്ചു വെള്ളത്തിലേക്കു കുതിച്ചിറങ്ങി. പത്തു മീറ്ററോളം ആഴത്തിൽ സെക്കന്റുകൾക്കുള്ളിൽ മീൻ പിടിച്ചു വീണ്ടും മുകളിലേക്ക് ഉയർന്നു. മണിക്കൂറിൽ 140 മൈലോളം ആണത്രേ ഈ പക്ഷികളുടെ വേഗത! ഗാനറ്റുകളെ പക്ഷി ലോകത്തിലെ വ്യോമയോദ്ധാക്കൾ എന്നു വിളിക്കുന്നതിൽ തെറ്റില്ല.
ഗാനറ്റുകൾക്ക് ശരാശരി 20 വർഷത്തിലേറെ ആയുസ്സുണ്ടെന്നു കണക്കാക്കുന്നു. നാലാം വയസ്സെത്തുമ്പോൾ പ്രായപൂർത്തിയാകുന്ന ഇവ വർഷത്തിൽ ഒരു മുട്ട മാത്രമാണ് ഇടുന്നത്. പെൺപക്ഷികളാണു കടൽപായലും മറ്റു വസ്തുക്കളും ഉപയോഗിച്ചു പാറക്കൂട്ടങ്ങളിലെ കൂടുകൾ നിർമിക്കുന്നത്.
വേരുകളിലേക്കുള്ള മടക്കയാത്ര
ഗാനറ്റുകളുടെ ദേശാടനം ഏറെ വിസ്മയകരമാണ്. ജന്മദേശം ന്യൂസീലൻഡാണെങ്കിലും, പറക്കാൻ പഠിച്ചശേഷം ഗാനറ്റുകൾ ഓസ്ട്രേലിയയിലേക്കു കുടിയേറും. പ്രായപൂർത്തിയാകുമ്പോൾ, ഏതോ അദൃശ്യശക്തിയുടെ വിളിപോലെ, അവ വീണ്ടും ന്യൂസീലൻഡിലേക്കു മടങ്ങിയെത്തും.
മുറീവയ് ബീച്ചും കേപ്പ് കിഡ്നാപ്പേഴ്സും ഗാനറ്റ് പക്ഷികളുടെ പ്രധാന സങ്കേതങ്ങളാണ്. ഓഗസ്റ്റ് മുതൽ മാർച്ച് വരെയാണ് ഇവയുടെ പ്രജനനകാലം. ആയിരക്കണക്കിനു കിലോമീറ്റർ ദൂരം കടന്നാണ് ഇവ വീണ്ടും സ്വന്തം വേരുകളിലേക്കെത്തുന്നത്, പ്രകൃതിയിലെ അദ്ഭുതങ്ങളിൽ വ്യാഖ്യാനിക്കാൻ കഴിയാത്ത ഒന്നാണത്.
നൈജിലിന്റെ പ്രണയകഥ
ദീർഘകാലം ഒറ്റ ഇണയോടാപ്പമാണു ഗാനറ്റുകൾ ജീവിക്കുക. ബീച്ചിലെ ഗാനറ്റുകളെ കണ്ടപ്പോൾ നൈജിൽ എന്ന ഗാനറ്റിന്റെ കഥയാണ് ഓർമയിലെത്തിയത്. ന്യൂസീലൻഡിന്റെ തലസ്ഥാനമായ വില്ലിങ്ടണിന്റെ അടുത്തുള്ള ചെറിയ ദ്വീപിലേക്കു ഗാനറ്റുകളെ ആകർഷിക്കാൻ വേണ്ടി വന്യജീവിസംരക്ഷകർ അവിടെ കോൺക്രീറ്റ് പ്രതിമകളും ശബ്ദ സ്പീക്കറുകളും സ്ഥാപിച്ചു. എന്നിട്ടും വർഷങ്ങളോളം ഇവിടേക്കു പക്ഷികളൊന്നും എത്തിയില്ല.
ഒടുവിൽ 2013-ൽ, ഒരു ഗാനറ്റ് അവിടെ പറന്നിറങ്ങി.ഒരു കോൺക്രീറ്റ് പ്രതിമയോടൊപ്പം കൂടൊരുക്കി. നൈജിൽ എന്നാണ് ആ പക്ഷിക്കു വന്യജീവിസംരക്ഷകർ പേരിട്ടത്. വർഷങ്ങളോളം ഈ പക്ഷി അവിടെയാണു ജീവിച്ചത്. 2018-ൽ അവിടെത്തന്നെ മരണമടയുകയും ചെയ്തു. നിശ്ചലമായ കൽപ്രതിമയോടുള്ള നൈജിലിന്റെ ഉപാധികളില്ലാത്ത അചഞ്ചല പ്രണയം, പക്ഷിസ്നേഹികളെ കണ്ണീരിലാഴ്ത്തി.