ഒന്നാം ലോകമഹായുദ്ധത്തിനു കാരണമായ കൊലപാതകം നടന്ന നഗരം, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മനുഷ്യരാശി കണ്ട വലിയ പോരാട്ടം അരങ്ങേറിയ നാട്...
Mail This Article
‘‘ഈ പൈപ്പിലെ ജലം കുടിച്ചാൽ നിങ്ങൾ നഗരത്തിലേക്ക് അതിഥിയായി വീണ്ടും വരും .’’ സരയേവോയിലെ ഒട്ടോമൻ കാല വാട്ടർ ഫൗണ്ടനു മുൻപിൽ കണ്ടുമുട്ടിയ വൃദ്ധൻ പറഞ്ഞു. അതിലൊന്നും വിശ്വാസം ഇല്ലെങ്കിലും ഒരു കവിൾ വെള്ളം കുടിച്ച് ഈ നഗരത്തിലേക്ക് ഇനിയും വരുമെന്ന് ഞാൻ ഉറപ്പ് വരുത്തി... അത്രയാണ് സരയേവോയുടെ വശ്യത. ബോസ്നിയയിൽ സരയേവോ നഗരം ഉറക്കത്തിലേക്ക് പോകുന്ന സമയത്താണ് ഞങ്ങൾ, ഞാനും ഭാര്യയും അപ്പാർട്മെന്റിലേക്ക് വന്നു കയറുന്നത്. സരയേവോ, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്ന രാജ്യത്തിന്റെ തലസ്ഥാനം. ക്രോയേഷ്യ, സെർബിയ, മോണ്ടിനെഗ്രോ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. ജനസംഖ്യയിൽ പാതി ഇസ്‌ലാം മതവിശ്വാസികളാണ്, 31 ശതമാനത്തോളം സെർബിയൻ ഓർത്തഡോക്സ് ക്രിസ്ത്യാനികൾ,15 ശതമാനം ക്രോയേഷ്യൻ വംശജരായ റോമൻ കത്തോലിക്കരുമുണ്ട്. മതപരമായും വംശപരമായും വൈവിധ്യത അവകാശപ്പെടാവുന്ന രാജ്യം.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ യുദ്ധത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണ് ബോസ്നിയ ആൻഡ് ഹെർസഗോവിന. 400 വർഷത്തെ ഒട്ടോമൻ ഭരണത്തിന് ശേഷം ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യത്തിനു കീഴിലായിരുന്നു ബോസ്നിയ. പിന്നീട് കമ്യൂണിസ്റ്റ് യുഗോസ്ലാവിയയുടെ ഭാഗമായി. 1990 കളുടെ അവസാനം സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പിന്നാലെ യുഗോസ്ലാവിയയും തകർന്നപ്പോൾ ബോസ്നിയ ആൻഡ് ഹെർസഗോവിന എന്ന രാജ്യം പിറന്നു. എന്നാൽ യുഗോസ്ലാവിയയിലെ പ്രബല ശക്തിയായിരുന്നു സെർബിയക്ക് ഇത് അത്ര പിടിച്ചില്ല . ബോസ്നിയയെക്കൂടി ചേർത്ത് ‘ഗ്രേറ്റർ സെർബിയ’ ലക്ഷ്യമിട്ട അവർ ബോസ്നിയയിലെ സെർബുകളുടെ സഹായത്തോടെ യുദ്ധം അഴിച്ചു വിട്ടു. തൊട്ടടുത്ത രാജ്യമായ ക്രോയേഷ്യയും അതിൽ ചേർന്നു. സെർബിയയും ക്രോയേഷ്യയും ബോസ്നിയയെ പകുത്തെടുക്കാനായിരുന്നു പദ്ധതി. ബോസ്‌നിയാകുകളെ യുദ്ധത്തിൽ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
രണ്ട് ലക്ഷത്തോളം ആളുകൾ ബോസ്നിയയിൽ മാത്രം മരിച്ചു വീണു. 20 ലക്ഷത്തോളം ആളുകൾ പലായനം ചെയ്തു. ഇതൊക്കെ ഓർത്താണ് പിറ്റെ ദിവസം നഗര കാഴ്ചകളിലേക്ക് ഞങ്ങൾ ഇറങ്ങിയത് . ബഷാർഷ്യയും സെബിലിയും മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നഗരമാണ് സരയേവോ.
ബഷാർഷ്യ എന്ന ചന്ത
ആദ്യം പോയത് നഗരത്തിന്റെ പ്രധാന ചത്വരത്തിലേക്കാണ്. ഒട്ടോമൻ കാലഘട്ടത്തിലെ ചന്ത. ബഷാർഷ്യ എന്നാണ് അതിന്റെ പേര്. ഓട്ടോമൻ ടർക്കിഷ് ഭാഷയിൽ ‘നഗരത്തിന്റെ ചന്ത’ എന്നർഥം. ആദ്യം ശ്രദ്ധിച്ചത് അരിമണികൾ കൊത്തി തിന്നുന്ന പ്രാവുകളെയാണ്. ചെറിയൊരു ചിരിയോടെ പ്രാവുകൾക്ക് അരിമണി എറിഞ്ഞു കൊടുക്കുന്ന ബോസ്നിയൻ വൃദ്ധനെയും. കൗതുകം കണ്ട് അദ്ദേഹം കുറച്ചു അരിമണികൾ എന്റെ കയ്യിൽ തന്നു, അദ്ദേഹം മാറി. ഏതാനും സെക്കൻഡുകൾക്കിപ്പുറം പ്രാവുകൾ എന്റെ കൈകളിലേക്ക് പറന്നു കയറി അരിമണികൾ കൊത്തി തിന്നു. ഈ ചത്വരത്തിലെ പ്രധാന ആകർഷണം ഒട്ടോമൻ കാലത്തു പണിത വുഡൻ ഫൗണ്ടൻ ആണ്, സെബിലി എന്നാണ് ഇതിനെ വിശേഷിപ്പിക്കാറ്. ഒട്ടോമൻ സംസ്കാരത്തിന്റെ ഭാഗമായിരുന്നു ഇത്തരം വാട്ടർ ഫൗണ്ടൻ. സഞ്ചാരികൾക്കും കച്ചവടക്കാർക്കും പ്രദേശവാസിൾക്കും എല്ലാം കുടിവെള്ളം അതിൽ നിന്ന് ലഭിക്കും.
സെബിലിയെ കൗതുകത്തോടെ നോക്കിക്കാണുമ്പോഴാണ് അരിമണികൾ കയ്യിൽ വച്ച് തന്ന വൃദ്ധൻ ബോസ്നിയൻ മുറി ഇംഗ്ലീഷിൽ പറഞ്ഞത് “if you drink water from this, you will come back here in Sarajevo’’ . പിന്നീട് പഴയ നഗരത്തിലെ മുസ്‌ലിം പള്ളിയിലേക്കായിരുന്നു നടന്നത്. ഗാസി ഹുസ്‌റേവ് മോസ്ക്ക്, 16ാം നൂറ്റാണ്ടിൽ പണിത പള്ളി ഒട്ടോമൻ ശില്പചാരുതയിൽ തിളങ്ങി നിൽക്കുന്നു. ഒട്ടേറെ കാപ്പികടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും തെരുവിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. ആ ചെറിയ തെരുവിലെ മതിൽക്കെട്ടിനകത്താണ് ഈ പള്ളി. മനോഹരമായ മിനാരവും താഴികക്കുടവും ഉണ്ടെങ്കിലും എനിക്ക് ഈ പള്ളിയെ പ്രിയപെട്ടതാക്കിയത് പഴയ നഗരത്തിന്റെ ചെറുതെരുവിൽ നിലനിൽക്കുന്നു എന്നതാണ്. 1992 ലെ യുദ്ധകാലത്തു സെർബിയൻ പട്ടാളം മോസ്ക്കിനു നേരെ ആക്രമണം നടത്തി നാശനഷ്ടങ്ങൾ വരുത്തിയെങ്കിലും 1996 ൽ യുദ്ധം അവസാനിച്ച ശേഷം പഴയ രീതിയിൽ പുതുക്കി പണിതു.
സംസ്‍കാരങ്ങളുടെ സംഗമഭൂമി
സരയേവോ നഗരത്തിലെ പുരാതനമായ kazandiziluk എന്ന ചെറു തെരുവിലേക്കാണ് പിന്നീട് പോയത്. ഉരുളൻ കല്ല് വിരിച്ച ഇടുങ്ങിയ പാതയും ഓരങ്ങളിലെ കടകളും എല്ലാം ചേർന്ന സ്ട്രീറ്റ്. ചുറ്റികകൊണ്ട് ചെമ്പിൽ അടിക്കുന്ന ശബ്ദമാണ് ഈ തെരുവിൽ എങ്ങും! തലമുറകളായി കോപ്പർ ഉല്‍പന്നങ്ങൾ ഉണ്ടാക്കുന്നവരാണ് ഈ തെരുവിലെ ബോസ്നിയകാർ. ഒരുപാട് കോപ്പർ സാമഗ്രികൾ അവിടെ തന്നെ നിർമിച്ചു വിൽക്കാൻ വച്ചിരിക്കുന്നതു കാണാം . കൂടുതലും ബോസ്നിയൻ കാപ്പി വിളമ്പുന്ന തളികയും കപ്പും എല്ലാമാണ്. ഞാനും മേടിച്ചു ഒരു ബോസ്നിയൻ കാപ്പി തളികയും കപ്പും. ബഷാര്‍ഷ്യയിലെ കാഴ്ച കണ്ട് നടക്കുമ്പോൾ അതാ കല്ല് വിരിച്ച പാതയിൽ ഒരു വാക്യം – ‘sarajevo -meeting of cultures .’ അതായത് ‘സരയേവോ – സംസ്‍കാരങ്ങളുടെ സംഗമഭൂമി.’ ഭാര്യ ആശയക്കുഴപ്പത്തിലായി. ‘എന്താണിത് ഉദേശിച്ചത്?’ ഞാൻ പറഞ്ഞു, ഒന്ന് തിരിഞ്ഞു നോക്കു അതിനു ശേഷം മുന്നോട്ട് നോക്കു . പിന്നിൽ പഴയ നഗരമാണ്, പഴയ ശൈലിയിൽ ഉള്ള കെട്ടിടങ്ങളും മുസ്‌ലിം പള്ളികളും എല്ലാമായി തുർക്കിഷ് ഒട്ടോമൻ സ്വഭാവം . എന്നാൽ മുന്നോട്ട് നോക്കുമ്പോൾ അതാ പുതിയ കെട്ടിടങ്ങൾ , പുതിയ കാലഘട്ടത്തിലെ ഷോപ്പുകൾ എല്ലാം. ഒരു തെരുവിൽ നിന്നും മറ്റൊരു തെരുവിലേക്ക് കയറുമ്പോൾ രണ്ടു രാജ്യങ്ങൾക്കിടയിൽ നിൽക്കുന്നതു പോലെ. അതുതന്നെയാണ് അവർ ഉദ്ദേശിച്ച “സംസ്കാരങ്ങളുടെ സംഗമം” !!
പുതിയ തെരുവിലൂടെ നടക്കുമ്പോൾ അതിസുന്ദരമായ ക്രിസ്ത്യൻ പള്ളി. സേക്രഡ് ഹാർട്ട് കത്തീഡ്രൽ, ബോസ്നിയയിലെ ഏറ്റവും വല്യ ക്രിസ്ത്യൻ പള്ളിയാണിത് . 1884 ൽ ആസ്ട്രോ ഹംഗേറിയൻ ഭരണകാലത്തു പണിതുടങ്ങി മൂന്നു വർഷംകൊണ്ട് പണി തീർത്തത് . യുദ്ധകാലത്തെ ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായ ഭാഗങ്ങൾ പിന്നീട് പഴയ നിയോഗോഥിക്ക് ശൈലിയിൽ പുനർനിർമിക്കുകയിരുന്നു . പള്ളിക്കു മുന്നിലായി സ്റ്റീലിൽ തീർത്ത ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പ്രതിമ കാണാം . യുദ്ധം അവസാനിച്ച് രണ്ട് വർഷം കഴിഞ്ഞു സമാധാനം പുനഃസ്ഥാപിക്കേണ്ട സന്ദേശവുമായി മാർപാപ്പ സരയേവോ നഗരവും ഈ പള്ളിയും സന്ദർശിച്ചിരുന്നു . അതിന്റെ ഓർമക്കായി ആണ് ഈ പ്രതിമ .
ലോകയുദ്ധത്തിന്റെ തുടക്ക സ്ഥാനം
പ്രധാന റോഡിലേക്കാണ് പിന്നീട് ഞങ്ങൾ നടന്നു കയറിയത്. ബസുകളും കാറുകളും ട്രാമുകളും വലിയ തിരക്കില്ലാത്ത നീങ്ങുന്നു. യൂറോപ്പിലെ തന്നെ ആദ്യത്തെ ട്രാം സർവീസ് ആണ് ഇവിടെ ഉള്ളത് എന്നറിഞ്ഞപ്പോൾ തെല്ലൊരു അദ്ഭുതം! അരികെ കനാൽ പോലെ ഒഴുകുന്ന മിലിയാക നദിയും , നദിയോരത്തെ ബോസ്നിയൻ കെട്ടിടങ്ങളും എല്ലാമായി മറ്റൊരു ലോകം. ആസ്ട്രോ ഹംഗേറിയൻ ഭരണകാലത്തു ഓസ്ട്രിയയിലെ വിയന്ന നഗരത്തിൽ ഓടുന്നതിനു മുൻപ് പരീക്ഷണാർഥം സരയേവോയിൽ ആയിരുന്നു ട്രാം ഓടിച്ചത്. അന്ന് പക്ഷേ, കുതിരകൾ വലിക്കുന്ന ട്രാം ആയിരുന്നു, 1885 ആയിരുന്നു വർഷം എന്ന് ഓർക്കണം! ഞങ്ങളും ട്രാമിൽ ചാടി കയറി ചരിത്ര സ്‌മൃതികളിൽ മിലിയാക നദിയെ നോക്കി കുറച്ചു ദൂരം . ട്രാം ഒരു സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഞാൻ പെട്ടന്ന് ഇറങ്ങി . “ഇതാണ് അടുത്ത കാഴ്ച “എന്ന് ഭാര്യയോട് പറഞ്ഞു . ഒരു സാദാ പാലം കണ്ടിട്ടാണോ ഇവനിത്ര ആവേശം എന്ന് അവൾ ചിന്തിച്ചിരിക്കെ ഞാൻ പറഞ്ഞു ‘ഒട്ടോമൻ കാലഘട്ടത്തിൽ അന്നത്തെ ക്രിസ്ത്യാനികൾ താമസിച്ചിരുന്നത് ഈ പാലത്തിനു സമീപമായിരുന്നു അത് കൊണ്ടാണ് ഈ പാലത്തെ “ലാറ്റിൻ ബ്രിജ് “ എന്ന് വിളിക്കുന്നത് . “ഒന്നാം ലോകമഹായുദ്ധം നടക്കാൻ കാരണമായത് ദേ ഇവിടെ ,ഈ പരിസരത്തു ഉണ്ടായ ഒരു കൊലപാതകമാണ്”. ബോസ്നിയ ആൻഡ് ഹെർസഗോവിന ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യം ഭരിക്കുന്ന കാലം, വിദേശാധിപത്യത്തിനെതിരായി നിരവധി സംഘടനകൾ ഇവിടെ രൂപം കൊണ്ടിരുന്നു. അതിൽ കുറച്ചു ചെറുപ്പക്കാർ ആസ്ട്രോ ഹംഗേറിയൻ ആർച് ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനന്റിനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ഫ്രാൻസ് ഫെർഡിനൻഡും അദ്ദേഹത്തിന്റെ പത്നിയും സരയേവോ സന്ദർശിക്കാൻ വരുന്ന ദിവസം അവർ കൊലപാതകത്തിനായി തിരഞ്ഞെടുത്തു. ആർച് ഡ്യൂക്ക് തുറന്ന കാറിൽ സഞ്ചരിക്കുമ്പോൾ വഴി തെറ്റി എന്ന് മനസിലാക്കിയ ഡ്രൈവർ കാർ നിർത്തി തിരിക്കാൻ ഒരുങ്ങുമ്പോൾ എൻജിൻ ഓഫായി. തൊട്ടടുത്ത് തന്റെ ഇരയെ കിട്ടിയ സന്തോഷത്തിൽ ഗാവ്രിലോ പ്രിൻസിപ്പ് എന്ന സെർബ് ബോസ്നിയൻ യുവാവ്. അദ്ദേഹം കയ്യിൽ കരുതിയ തോക്കെടുത്ത് പോയിന്റ് ബ്ലാങ്കിൽ ആർച് ഡ്യുകിനെയും പത്നിയെയും വകവരുത്തി . 1914 ജൂൺ 28 നായിരുന്നു ഇത് നടന്നത് . ഈ കൊലപാതകത്തിൽ സെർബിയയ്ക്കുള്ള പങ്ക് ആരോപിച്ചു ആസ്ട്രോ ഹംഗറി 1914 ജൂലൈ 28 ന് സെർബിയക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളും അവരവരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുന്നിട്ടു ഇറങ്ങിയതോടെ അത് ലോകയുദ്ധമായി മാറി. ഗാവ്രിലോ പ്രിൻസിപ്പ് വെടിയുതിർത്ത സ്ഥലത്തു അദ്ദേഹത്തിന്റെ കാൽപാദം വച്ച സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്.
വെറും 30 വർഷം മുൻപാണ് വലിയൊരു യുദ്ധം ഈ നാട് കണ്ടത് . പട്ടിണിയും ,വേണ്ടപ്പെട്ടവരുടെ വിയോഗവും എല്ലാം തളർത്തി എങ്കിലും തിരിച്ചു വരാൻ കാണിച്ച ആ നിശ്ചയദാർഢ്യം ആരെയും അദ്ഭുതപ്പെടുത്തും . യുദ്ധത്തിൽ പങ്കെടുത്തവരും മരണപ്പെട്ടവരുടെ ബന്ധുക്കളും ഈ തെരുവുകളിൽ പലതവണ കണ്ടുമുട്ടികാണാം , എന്തായിരിക്കാം അവരുടെ മനസിലൂടെ കടന്നു പോയത് എന്ന് ഓർത്തു. ബോസ്നിയൻ സുഹൃത്തിനോട് ഈ ഒരു കാര്യം ചോദിച്ചിരുന്നു . അദ്ദേഹം ഇങ്ങനെ പറഞ്ഞു “എല്ലാം കഴിഞ്ഞു ഇനിയും അതിന്റെ പിറകെ പകരം വീട്ടാനായി ഇറങ്ങിയാൽ ഭാവി തലമുറയും യുദ്ധത്തിൽ ജീവിക്കേണ്ടി വരും.’’ നീതി വേണോ സമാധാനം വേണോ എന്ന ചോദ്യത്തിന് ബോസ്നിയ തിരഞ്ഞെടുത്തത് സമാധാനം ആയിരിക്കണം. എന്നും ഈ സമാധാനം നിലനിൽക്കട്ടെ ..